തിരുവനന്തപുരം: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിക്ക് തലസ്ഥാനത്ത് വന്‍ സുരക്ഷാ സന്നാഹം. ശംഖുമുഖത്ത് ഒരുക്കിയ വേദിയിലേക്കെത്തുന്ന എല്ലാ വഴികളും സുരക്ഷാ ചുമതലയുള്ള സംഘത്തിന്റെ നിരീക്ഷണത്തിലായിക്കഴിഞ്ഞു. ഗുജറാത്തില്‍ നിന്നുമുള്ള സ്പെഷ്യല്‍ പോലീസും എന്എസ്ജിയും സംയുക്തമായി രൂപീകരിച്ച 40 പേരടങ്ങുന്ന സംഘത്തിനാണ് നരേന്ദ്രമോദിയുടെ ശംഖുമുഖത്തെ പൂര്‍ണ്ണ സുരക്ഷാ ചുമതല.
ഇതില്‍ സംസ്ഥാന പോലീസിന് പ്രത്യേകിച്ച് റോളൊന്നുമില്ലെങ്കിലും തലസ്ഥാനത്തെ എല്ലാ ചെറു റോഡുകളിലും പ്രത്യേക നിരീക്ഷണം നടത്തുന്നതിനു വേണ്ടിയുള്ള പ്രത്യേക നിര്‍ദേശം സിറ്റി പോലീസ് കമ്മിഷണര്‍ നല്‍കിക്കഴിഞ്ഞു. നരേന്ദ്രമോദി തലസ്ഥാനത്തെത്തുന്നതു മുതല്‍ പോകുന്നതു വരെ സിറ്റിക്കുള്ളിലേക്കു വരുന്നതും പോകുന്നതുമായ എല്ലാ വാഹനങ്ങളും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോദിക്ക് തീവ്രവാദ ഭീഷണിയുള്ളതിനാല്‍ കര്‍ശന സുരക്ഷ ഒരുക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശവുമുണ്ട്. നഗരത്തിലേക്കു കടക്കുന്ന പ്രധാന റോഡുകളില്‍ ഇന്നലെ മുതല്‍ പരിശോധന ആരംഭിച്ചു കഴിഞ്ഞു. നാളെ വൈകിട്ടോടെയാണ് നരേന്ദ്രമോദി എത്തുക. വിമാനത്താവളത്തില്‍ നിന്നും നേരിട്ട് ശംഖുമുഖം കടപ്പുറത്തു പോകുന്നതു കൊണ്ട് സംസ്ഥാന പോലീസിന് അധികം തലവേദനയില്ല. കൊച്ചിയില്‍ നടക്കുന്ന ചടങ്ങു കഴിഞ്ഞാല്‍ മോദി നേരിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. ഇതോടെ അദ്ദേഹത്തിന്റെ സുരക്ഷാ ചുമതല നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡും ഗുജറാത്ത് പോലീസും ഏറ്റെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: