കോണ്‍ഗ്രസ് ബിജെപിയേതര കക്ഷികളുടെ കൂട്ടായ്മ തട്ടിക്കൂട്ടി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വട്ടംകൂട്ടല് നടന്നുവരികയാണല്ലൊ. ഇതുവരെ 14 കക്ഷികള്‍ ആ കൂട്ടായ്മയുടെ ചര്‍ച്ചകളില്‍ പങ്കെടുത്തുവെന്നാ ണറിയുന്നത്. 1998-2004 കാലത്തെ എന്‍ഡിഎയില്‍ ഘടകകക്ഷികളായിരുന്ന പല പ്രമുഖരും അതില്‍ പങ്കുചേരുന്നുണ്ട്. അവരുടെ നീക്കം വാസ്തവത്തില്‍ ബിജെപി വിരുദ്ധമാണ് എന്നതിന് സംശയമില്ല. മഴവില്ലിന്റെ ഏഴഴകിന്റെ ഇരട്ടി അഴകുമായാണ് കൂട്ടായ്മ ആരംഭിച്ചത്. പ്രധാനമന്ത്രിയാവാന്‍ തയ്യാറുള്ളവര്‍ ഒന്നിലേറെപ്പേര്‍ അക്കൂട്ടത്തിലുണ്ട്. താനും ജയലളിതയും ദേവെഗൗഡയും നിതീഷ്കുമാറും പടനായകനും മുലായംസിംഗ് യാദവുമൊക്കെ കുപ്പായത്തിന്റെ അളവെടുക്കാന്‍ തുന്നല്‍ക്കാരനെ സമീപിച്ചു കഴിഞ്ഞുവെന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്. ആരാണ് ഈ കൂട്ടായ്മയുടെ കരടകന്‍ എന്നതില്‍ സംശയം വേണ്ട. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും അതുപറയാതെ പറയുന്നുമുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ സ്വന്തമായി രണ്ടക്കം വരുന്നത്ര അംഗങ്ങളെ ജയിപ്പിച്ചുകൊണ്ടുവരാന്‍ നന്നെ കഷണിക്കുമെന്നുറപ്പുള്ളതിനാല് ഇപ്രകാരം കരടകനയം തുടര്‍ന്നേ പറ്റൂ. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് അപ്രതീക്ഷിത നേട്ടമുണ്ടാവുകയും കോണ്‍ഗ്രസ് പിന്തുണയോടെ ഭരണത്തില്‍ വരാന്‍ സാധിക്കുകയും ചെയ്തപ്പോള്‍ പ്രകാശ് കാരാട്ട് നടത്തിയ ഐതിഹാസികമായ അഭിപ്രായപ്രകടനം എട്ടുകാലി മമ്മൂഞ്ഞിന്റെ “അത് ഞമ്മളാണ്” എന്ന പ്രഖ്യാപനത്തിന് സമയമായിരുന്നല്ലൊ. ആം ആദ്മി പാര്‍ട്ടിയുടെ പരിപാടികള്‍ സിപിഎമ്മിന്റെതുമായി സാദൃശ്യമുള്ളവയാണെന്ന് പറയാന്‍ കാരാടനു മാത്രമേ കഴിയൂ.
മതേതരത്വ മുഖംമൂടി ധരിച്ച കക്ഷികള്ക്കൊക്കെ അയിത്തമുള്ളത് ബിജെപിയോടാണല്ലൊ. ബിജെപിയെ അകറ്റി നിര്‍ത്താന്‍ അവര്‍ക്ക് കോണ്‍ഗ്രസുമായി എത്ര നാണംകെട്ട സഖ്യമുണ്ടാക്കാനും മടിയില്ല. രാഷ്ട്രീയമായ അയിത്തം മൂലം അവര്‍ രാജ്യത്തെ അഴിമതിയിലൂടെ രാജ്യത്തിന്റെ വിഭവങ്ങള്‍ കണ്ടമാനം കവര്‍ച്ച ചെയ്യാന്‍ ബഹുരാഷ്ട്ര ഭീമന്മാര്ക്കും മുതലാളിത്ത പാശ്ചാത്യകോയ്മകള്ക്കും വാതില്‍ തുറന്നുകൊടുത്ത കോണ്‍ഗ്രസിനെത്തന്നെ തയ്യാറാക്കുകയാണ്.
രാഷ്ട്രീയമായ അയിത്തം നമ്മുടെ ശാപമായിമാറിയിരിക്കുന്നു. ഈ അയിത്തം വലിച്ചെറിഞ്ഞ് രാജ്യത്തിന്റെയും ജനങ്ങളുടെയും പൊതുനന്മയെ മുന്‍നിര്‍ത്തി സഹകരിക്കുന്ന മനോഭാവം എല്ലാ കക്ഷികള്ക്കുമുണ്ടാവേണ്ടതാണ്. ഈ വഴിക്ക് ഒട്ടേറെ ഭാവാത്മകമായ നീക്കങ്ങള്‍ നടത്തിയ മഹാനുഭാവന്മാര് നമുക്കുണ്ടായിരുന്നു. സകല രാഷ്ട്രീയഛായയിലുള്ള പ്രഗത്ഭരേയും ആദ്യമന്ത്രിസഭയില്‍ എടുക്കണമെന്ന മഹാത്മാഗാന്ധിയുടെ ഉപദേശം തല്‍ക്കാലത്തേക്കെങ്കിലും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അംഗീകരിച്ചതിന്റെ ഫലമായി ഡോ.ജോണ്‍ മത്തായി, ഡോ.ശ്യാമപ്രസാദ് മുഖര്‍ജി, ചിന്താമണ്‍ ദേശ്മുഖ് തുടങ്ങി കോണ്‍ഗ്രസിനു പുറത്തുള്ളവരെയും ഉള്‍ക്കൊള്ളാനായി. നെഹ്റുവിന്റെ നയസമീപനങ്ങളുമായി പൊരുത്തപ്പെടാനാവാതെ അവര്‍ പുറത്തുപോയി എന്നത് വേറെ കാര്യം. പത്തുപ്രാവശ്യം വെള്ളം കുടിച്ച് രണ്ടുമണിക്കൂര്‍ കൊണ്ട് ബജറ്റ് അവതരിപ്പിക്കുന്ന ധനകാര്യമന്ത്രിമാരാണല്ലൊ ഇന്ന്. ഡോ.ജോണ്‍ മത്തായി ആദ്യം ബജറ്റവതരിപ്പിച്ചത് ഒരു കടലാസിന്റെയും സഹായമില്ലാതെ വെറുംവായിലെ ആയിരുന്നു. ചുരുക്കെഴുത്തുകാരാണ് അതിന്റെ പട്ടികകളും വിശദമായ ലിഖിത രൂപവും തയ്യാറാക്കിയത്.
ഭാരതത്തിന്റെ വ്യവസായ വികസനത്തിന്റെ അടിസ്ഥാനമിട്ടത് കേന്ദ്രവ്യവസായ മന്ത്രിയായിരിക്കെ ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയായിരുന്നു. കാലാന്തരത്തില്‍ തികച്ചും സ്വാശ്രിതമായ വ്യവസായ ശൃംഖലയുണ്ടാക്കാന്‍ അദ്ദേഹം യത്നിച്ചു. നെഹ്റുവുമായുണ്ടായിരുന്ന നയപരമായ ഭിന്നത (കിഴക്കന്‍ ബംഗാളിലെ ഹൈന്ദവരുടെ ഭദ്രത ഉറപ്പുവരുത്തുന്നതു സംബന്ധിച്ചാമൂലം മുഖര്‍ജി മന്ത്രിസഭയില്‍നിന്ന് രാജിവെച്ച് ഭാരതീയ ജനസംഘത്തിന് രൂപം നല്കി. അതിന്റെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹത്തിന് ലഭിച്ചത് പണ്ഡിത് ദീനദയാല്‍ ഉപാധ്യായ എന്ന ഋഷിതുല്യനായ മനീഷിയെ ആയിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനായിരുന്ന അദ്ദേഹത്തെ അന്നത്തെ സംഘചാലക് ശ്രീ ഗുരുജി ഗോള്‍വല്‍ക്കര്‍ മുഖര്‍ജിക്കു നല്‍കുകയായിരുന്നു.
അഗാധപണ്ഡിതനും ദീര്ഘദൃഷ്ടിയുള്ളവനുമായ അദ്ദേഹം തന്റെ സഹായികളായി തിരഞ്ഞെടുത്ത യുവപ്രതിഭകള്‍ പിന്നീട് രാജ്യത്തെ നയിച്ച നായകരായി വളര്‍ന്നു. സ്വതന്ത്രഭാരതത്തില്‍ ഒരു നൂതനമായ രാജ്യനീതി സംസ്കാരം വളര്‍ന്നുവരണമെന്ന് ദീനദയാല്‍ജി അഭിലഷിച്ചു. പാശ്ചാത്യനാടുകളില്നിന്നു കടംകൊണ്ട രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ മായികജാലങ്ങളില് നിന്നും തികച്ചും വിമുക്തമായ, ഭാരതീയ പൈതൃകത്തിനനുസൃതമായ, “ബഹുജനഹിതായ, ബഹുജനസുഖായ” എന്ന തത്വത്തിന്റെ ആവിഷ്ക്കരണമായൊരു പ്രത്യയശാസ്ത്രത്തിന് ദീനദയാല്‍ജി ആവിഷ്ക്കരണം നടത്തി. മാനവസമുദായത്തെ മുഴുവന്‍ ഒന്നായിക്കാണുന്ന, ഏകാത്മകമായി ചിന്തിക്കുന്ന ഒരു ദര്‍ശനമായിരുന്നു അത്. ഏകാത്മ മാനവദര്‍ശനം സ്വാമി വിവേകാനന്ദനും മഹര്‍ഷി അരവിന്ദനും മഹാത്മാഗാന്ധിയുമൊക്കെ ഭാരതത്തിന്റെ തനതായ പരിതസ്ഥിതികളെ സഹസ്രാബ്ദങ്ങളായി തുടര്‍ന്നുവന്ന ജീവിതപ്രവാഹത്തിന്റെ ഒരു ഘട്ടമായി കരുതിയാണ് തങ്ങളുടെ പ്രതിപാദനങ്ങള്‍ നടത്തിയത്. പ്രാചീനവും അര്‍വാചീനവും സമകാലീനവുമായ വ്യവസ്ഥകളെ കൂലങ്കഷമായി പഠിച്ചു വിലയിരുത്തിയാണ് ദീനദയാല്‍ജി തന്റെ സിദ്ധാന്തം അവതരിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിലുള്ള നയലക്ഷ്യരൂപീകരണത്തിലൂടെ ഭാരതത്തിന്റെ രാഷ്ട്രീയ സംവിധാനത്തിനും സാമ്പത്തിക പുനര്‍നിര്‍മാണത്തിനും സാംസ്കാരിക, വിദ്യാഭ്യാസ വികസനത്തിനും വഴിയൊരുക്കാമെന്നദ്ദേഹം ആഗ്രഹിച്ചു. തന്റെ നൂതനമായ ആശയങ്ങളെ ഭാരതീയ ജനസംഘത്തിന്റെ ഭാരതീയ പ്രതിനിധിസഭയില്‍ അവതരിപ്പിച്ചു വിശദമായ ചര്‍ച്ചകള്‍ക്കുശേഷം അംഗീകരിപ്പിച്ചെടുത്തു. അതിന്റെ പ്രാരൂപം (കരട്)രാജ്യത്തെമ്പാടുമുള്ള പ്രമുഖ വ്യക്തികള്‍ക്ക് അവരുടെ കൊടിയുടെ നിറം പരിഗണിക്കാതെ അയച്ചുകൊടുത്തു അഭിപ്രായങ്ങള്‍ ആരാഞ്ഞു. ഡോ.റാം മനോഹര്‍ ലോഹിയയെപ്പോലുള്ള പ്രമുഖര്‍ ദീനദയാല്‍ജിയുമായി സഹകരിച്ചു. ഭാരതവിഭജനം തെറ്റായിരുന്നുവെന്നും പാക്കിസ്ഥാനും ഭാരതവും ചേര്‍ന്ന് ഒരു കോണ്‍ഫെഡറേഷന്‍ രൂപീകരിക്കണമെന്നും അവരിരുവരും ചേര്‍ന്നു പ്രസ്താവനയിറക്കി.
രാഷ്ട്രീയ ഭിന്നതകള്‍ പരസ്പ്പര സഹകരണത്തിന് തടസ്സമാവരുതെന്നുറച്ചു വിശ്വസിച്ച ആളായിരുന്നു ദീനദയാല്‍ജി. കോണ്‍ഗ്രസിന്റെ ഏകാധിപത്യ പ്രവണതയും പ്രതിപക്ഷത്തോടുള്ള അവഗണനയും ചെറുക്കാന്‍ സഹകരണം കൂടിയേ കഴിയൂ എന്നദ്ദേഹം വിശ്വസിച്ചു.
അതിന് ലഭിച്ച ആദ്യാവസരം അദ്ദേഹം പ്രയോജനപ്പെടുത്തിയത് രസകരമാണ്. മുതലെടുക്കുക, ചൂഷണം ചെയ്യുക എന്ന പ്രയോഗങ്ങള്‍ അദ്ദേഹത്തിനിഷ്ടമായിരുന്നില്ല. 1958 ലെ ദല്‍ഹി നഗരസഭാ തെരഞ്ഞെടുപ്പില്‍ ജനസംഘത്തെ അകറ്റിനിര്‍ത്താനായി കോണ്‍ഗ്രസും അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സഹകരിച്ചു കമ്മ്യൂണിസ്റ്റുകാരിയായ അരുണാ ആസഫ് അലിയെ മേയറാക്കി. എന്നാല്‍ അടുത്തവര്‍ഷം കേരളത്തിലെ ഇഎംഎസ് മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടതിനാല്‍ ആ സഖ്യം പൊളിഞ്ഞു. കമ്മ്യൂണിസ്റ്റുകള്‍ ജനസംഘവുമായി തന്ത്രപരമായ ധാരണയില്‍ ഏര്‍പ്പെട്ട്, ആദ്യവര്‍ഷം അരുണ ആസഫ് അലിയെയും അടുത്തവര്‍ഷം കേദാര്‍നാഥ് സാഹ്നിയെയും മേയറാക്കാന്‍ തീരുമാനിച്ചു. ദൈനദിന ഭരണകാര്യങ്ങളുടെ 70 ശതമാനവും പ്രത്യയശാസ്ത്രബാധ്യതകളില്ലാത്ത കാര്യങ്ങളാകയാല്‍ ജനോപകാരപ്രദമായി പ്രവര്‍ത്തിക്കാന്‍ ഏതു കക്ഷിക്കും സഹകരിക്കാവുന്നതാണെന്ന് ദീനദയാല്‍ജിയുടെ നിലപാടായിരുന്നു ഇതു സാധ്യമാക്കിയത്. അതുമൂലം കമ്മ്യൂണിസ്റ്റ് ചെങ്കൊടിയുടെ ചുവപ്പുനിറം കുറഞ്ഞതായി പരാതിയുണ്ടായില്ല.
എന്നാല്‍ പിന്നീടുള്ള കാലത്ത് ജനസംഘത്തെ ഏതുവിധത്തിലും തകര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പ്രവര്‍ത്തിച്ചത്. മാത്രമല്ല ആസൂത്രിതമായ കോണ്‍ഗ്രസില്‍ നുഴഞ്ഞുകയറി അതിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ നടന്നു. ഒരു ഡസനോളം യുവ കമ്മ്യൂണിസ്റ്റുകള്‍ (മോഹന്‍ കുമാര മംഗലം, ചരണ്‍ജിത്ത്) യാദവ്, മോഹന്‍ ധാരിയ, കെ.ആര്.ഗണേശ് തുടങ്ങിയവര്‍) കയറിക്കൂടി അവിടെ പുതുരക്തം നിറച്ചു. 1967 ലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് വന്തിരിച്ചടിയുണ്ടാക്കി. ഉത്തരഭാരതത്തില്‍ എല്ലായിടത്തും അവര്‍ ന്യൂനപക്ഷമായി. ദല്‍ഹിയില്‍ ജനസംഘം കേവലഭൂരിപക്ഷം നേടി. ദീനദയാല്‍ജിയുടെ നയതന്ത്രപരമായ രാജനീതിയുടെ ഫലമായി സംയുക്ത വിധായക ദള്‍ സമ്പ്രദായം നിലവില്‍ വന്നു. കോണ്‍ഗ്രസേതര കക്ഷികള്‍ ഒന്നുചേര്‍ന്ന് ജനസംഘവും സിപിഐയും ഒരുമിച്ചു മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചു. പ്രശ്നങ്ങള്‍ ഉണ്ടായ അവസരങ്ങളില്‍ ദീനദയാല്‍ജി നയപരമായി അവ പരിഹരിച്ചു. ബീഹാറില്‍ അത്തരം ചില ഏകോപന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പോകുംവഴിക്ക് മുഗള്‍ സെരായി സ്റ്റേഷനു മസീപം 1968 ഫെബ്രുവരി 11-ാം തീയതി അദ്ദേഹം ഏതോ അജ്ഞാതഘാതകനാല് വധിക്കപ്പെട്ടു. അതോടെ രാഷ്ട്രീയ സഹകരണത്തിന്റെ ഫലപ്രദമായ അദ്ധ്യായം അവസാനിച്ചു.
1967 അവസാന നാളുകളില്‍ കോഴിക്കോട്ടു ചേര്‍ന്ന ജനസംഘം 14-ാം വാര്‍ഷിക സമ്മേളനത്തില്‍ ദീനദയാല്‍ജി നടത്തിയ അധ്യക്ഷ പ്രസംഗം ഭാരതത്തിന്റെ ഉജ്ജ്വലമായ ഭാവി കെട്ടിപ്പടുക്കാനുള്ള ആഹ്വാനമായിരുന്നു. കോണ്‍ഗ്രസ് യുഗം അവസാനിച്ച്, പുതിയ സത്യയുഗത്തിലേക്കുള്ള സംക്രമണ കാലമാണത് എന്നും സംക്രമണകാലത്തിന് അനുയോജ്യമായ നയതന്ത്രങ്ങള്‍ ആവിഷ്ക്കരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ദീനദയാല്‍ജിയുടെ ഉറ്റ സഹപ്രവര്‍ത്തകരായ അടല്‍ബിഹാരി വാജ്പേയിക്ക് എല്‍.കെ.അദ്വാനിയും ഭൈരണ്‍ സിംഗ് ഷെക്കാവത്തും കുശഭാവു ഠാക്കറേയും പോലുള്ള എണ്ണമറ്റവര്‍ ഒത്തുപിടിച്ച് അദ്ദേഹത്തിന്റെ പ്രവചനം സാക്ഷാത്കരിച്ചു. പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിന്റെയും കാലാവസ്ഥയുടേയും കുളിര്‍കാറ്റ് ഭാരതത്തില്‍ വീശിയടിച്ചു. പക്ഷേ അതില്‍ അസഹിഷ്ണുക്കളായ കുടിലശക്തികള്‍ അട്ടിമറിച്ച് സംക്രമണകാലത്തെ നീട്ടിക്കൊണ്ടുപോയി.
വീണ്ടും തെരഞ്ഞെടുപ്പിന്റെ പടിവാതില്ക്കല് രാജ്യം എത്തിനില്ക്കുമ്പോള് 46 വര്‍ഷം മുമ്പ് നമ്മെ നയിക്കാന്‍ ദീനദയാല്‍ജി ഉണ്ടായിരുന്നുവെന്ന കാര്യം ഓര്‍ക്കുകയാണ്. അയിത്തത്തിന്റെ പ്രവാചകന്മാര് അരങ്ങു തകര്‍ക്കുന്നു. എട്ടുകാലി മമ്മൂഞ്ഞുമാര്‍ക്കും കുറവില്ല. ദീനദയാല്‍ജി ദീര്‍ഘവീക്ഷണത്തോടെ പ്രതിപാദിച്ച കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹത്തിന്റെ ബലിദാനം നമുക്ക് ശക്തി തരട്ടെ.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: