കീഴാനെല്ലൂര്‍ പരമേശ്വരന് നമ്പൂതിരി എന്ന വേദപണ്ഡിതന് അന്തരിച്ചിട്ട് ഒരു വര്‍ഷമാകുന്നു ഫെബ്രുവരി ഒമ്പതിന് പ്രഭാകര്‍ ഉണ്ണി എഴുതുന്നു.
വേദസത്യങ്ങളറിഞ്ഞ് സമൂഹത്തില്‍ തന്റെ പിന്ഗാമികള്ക്കും പ്രത്യേകിച്ച് മലയാളികള്‍ക്ക് മലയാളത്തില്‍ യജുര്‍വേദം സമര്‍പ്പിച്ചത് കീഴാനെല്ലൂര്‍ പരമേശ്വരന് നമ്പൂതിരിയാണ്. പക്ഷേ, വിദ്യയുടെ മറുകര കണ്ടവര്‍ക്കു മാത്രം സാധ്യമായിരുന്ന ഈ മഹാവൃത്തിക്ക് അക്കാലത്തെ പതിവു വഴികളും സൗകര്യങ്ങളും ഉണ്ടായിരുന്നില്ല കീഴാനെല്ലൂരിനെന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ ഈ രംഗത്തെ സേവനം കൂടുതല്‍ മഹത്തരമാകുന്നത്.
ഒറ്റപ്പാലം പാലപ്പുറം ദേശത്ത് കീഴാനെയ്യൂര് ഇല്ലത്ത് നാരായണന് നമ്പൂതിരിയുടെയും നങ്ങേലി അന്തര്‍ജനത്തിന്റെയും അവസാനത്തെ മകനായി 1920-ല്‍ അദ്ദേഹം ജനിച്ചു. വിദ്യാഭ്യാസം നേടുകയായിരുന്നു അദ്ദേഹത്തിന്റെ ആത്യന്തിക ലക്ഷ്യം. അതിനു വീടുപേക്ഷിച്ചു നാടു വിടേണ്ടിവന്നുവെന്നു പറഞ്ഞാല്‍ അത് ഇക്കാലത്ത് അതിശയോക്തിയായി തോന്നും. ഇല്ലം ഭാഗം വെച്ചപ്പോള്‍ കിട്ടിയ വീതമായ 50 രൂപയും കൊണ്ട് അദ്ദേഹം മുംബൈയിലെത്തി.
ഭാരതം മുഴുവന്‍ ക്ഷാമത്തിന്റെ പിടിയിലായിരുന്ന കാലമാണതെന്ന് അറിയണം. പരമേശ്വരന്റെ കുടുംബത്തെ ക്ഷാമം ആവുന്നത്ര പ്രതികൂലമായി ബാധിച്ചിരുന്നു. മുംബൈയിലെത്തിയ വിദ്യാമോഹിയെ സ്വീകരിച്ചത ഒരു മാര്‍വാഡിയുടെ ഹോട്ടലിലെ സപ്ലെയറുടെ ജോലിയായിരുന്നു. പക്ഷേ, പഠിക്കുകയെന്ന ലക്ഷ്യം മാറിയില്ല. തീവ്രമായ ഇച്ഛയാണ് യഥാര്‍ത്ഥ വഴികാട്ടിയെന്നു പറയേണ്ടതില്ലല്ലോ. ഒറ്റപ്പാലം സ്വദേശി ഭാസ്കരന് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി. അങ്ങനെ നാട്ടുകാര്‍ അന്യനാട്ടില്‍ പരിചയപ്പെട്ടു. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഭാസ്കരന് വേഷം മാറി ബ്രിട്ടീഷ് പോലീസിനെ കബളിപ്പിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. പരമേശ്വരന് തന്റെ വിദ്യാഭിലാഷം അറിയിച്ചു. അങ്ങനെ ഭാസ്കരന് കൊടുത്ത കത്തുമായി പരമേശ്വരന് നമ്പൂതിരി ലാഹോറിലെ ഗുരുദത്ത് ഭവന് വിദ്യാലയത്തിലെത്തി.
മൂന്നുവര്‍ഷം കൊണ്ട് അടിസ്ഥാന വേദപഠനം നടത്തി. ആത്മാനന്ദ സ്വാമികളുടെ പ്രിയശിഷ്യനായി. ഗുരുനാഥന്മാരുടെ അനുഗ്രഹം വാങ്ങി കാല്‍നടയായി കൈലാസം, മാനസ സരോവരം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കാബൂളിലും പോയി മടങ്ങിയെത്തി. തുടര്‍ന്നും വേദപഠനം. വടക്കന്‍ ഭാരതത്തില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ കുതന്ത്രത്തില്‍ പെട്ട് വര്‍ഗ്ഗീയലഹളകള്‍ ചോരയൊഴുക്കിയ കാലം. ഗുരുക്കന്മാര്ക്കൊപ്പം പരമേശ്വരന് നമ്പൂതിരിയും സ്വാതന്ത്ര്യ സമര പരിപാടികളില്‍ പങ്കുചേര്‍ന്നു. ഭാരതം വിഭജിക്കപ്പെട്ടപ്പോള്‍ നമ്പൂതിരിയും ഗുരുക്കന്മാരും പാക്കിസ്ഥാന് പ്രദേശത്ത് അകപ്പെട്ടുപോയി. ഭാരത സര്‍ക്കാരിനോട് അപേക്ഷിച്ച്, പാക്കിസ്ഥാന് അനുമതിയോടെ ഭാരത ഗവണ്മെന്റിനോട് അപേക്ഷിച്ച് ഭാരതത്തിലേക്ക് തിരിച്ച് കറാച്ചി തുറമുഖത്തെത്തി കപ്പല്‍ വഴി മുംബൈയിലെത്തി. സ്വാതന്ത്ര്യസമരത്തിനിടയില്‍ ലാഹോറില്‍ നിന്നും കൈവശം വെക്കാവുന്ന ഏതാനും ഗ്രന്ഥങ്ങളും ഏറ്റി, കാല്‍നടയായിട്ടായിരുന്നു കുറേയെല്ലാം യാത്ര. ഭാരതത്തിലെത്തുവാന് യാതന അനുഭവിച്ച നിരവധി പേരുടെ കൂട്ടത്തില്‍ പരമേശ്വരന് നമ്പൂതിരിയും ഏറെ അനുഭവിച്ചു.
നാടുവിട്ട് വേദപഠനവും നിര്‍വഹിച്ച് ഭാരതസ്വാതന്ത്ര്യത്തിനുവേണ്ടി സമരവും ചെയ്ത് വടക്കന്‍ ഭാരതത്തില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ഏറെക്കാലം ഒളിപ്പോരാളിയായി പ്രവര്‍ത്തിക്കുകയും ചെയ്തു പരമേശ്വരന് നമ്പൂതിരിയെന്ന് ഏറെ ജനങ്ങള്‍ക്കറിയില്ല. മുംബൈയില്‍ നിന്നും നാട്ടിലെത്തി തൃശ്ശൂര്‍ ബ്രഹ്മസ്വം മഠത്തില്‍ മൂന്നുവേദങ്ങളുടെ അദ്ധ്യാപനം നടത്തി. വേദധ്വനി എന്ന പ്രസിദ്ധീകരണം തുടങ്ങി. വേദപ്രഭാഷണ പരമ്പര ആരംഭിച്ചു. തിരുനാവായ മഠത്തിലെ ഇദ്ദേഹത്തിന്റെ സേവനം പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്.
ആര്യസമാജ് ഗുരുകുല വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കേരളത്തിലെ രണ്ടുപേരില്‍ കീഴാനെല്ലൂര്‍ പരമേശ്വരന് നമ്പൂതിരിയും ആചാര്യ നരേന്ദ്രഭൂഷനും അറിയപ്പെടുന്നവരായിരുന്നു.
പില്ക്കാലത്ത് നാട്ടില്‍ ഒറ്റപ്പാലത്ത് എന്‍എസ്എസ് ഹൈസ്കൂള്‍ അദ്ധ്യാപകനായി ജോലി നേടി, വിവാഹിതനായി. സാവിത്രി, നാരായണന്, ഗൗരി എന്നിവര്‍ മക്കള്‍. പാതായക്കര സ്കൂളിലും അദ്ധ്യാപക ജോലിചെയ്തു. നാട്ടില്‍ വേദ പാഠ്യേതാക്കള്ക്ക് സംശയനിവാരകനായും വേദം പഠിപ്പിച്ചും വേദം പരിഭാഷപ്പെടുത്തിയും പഠിച്ചത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പങ്കുവെച്ചു. പെരിന്തല്‍മണ്ണ പാതായ്ക്കരയില്‍ മക്കളും പേരക്കിടാങ്ങളുമൊത്ത് കഴിയുമ്പോളാണ് ജീവിത സായന്തനത്തില്‍ അദ്ദേഹത്തിന് മഹര്‍ഷി ദയാനന്ദ പുരസ്കാരം ലഭിക്കുന്നത്. 2013 ജനുവരി 30 ന് മഹര്‍ഷി ദയാനന്ദ പുരസ്കാരം ഏറ്റുവാങ്ങുവാന്‍ തയ്യാറെപ്പുകള്‍ നടത്തിക്കൊണ്ടിരിക്കെ, ജനുവരി 24 ന് വേദമഹാപണ്ഡിതന് കീഴാനെല്ലൂര്‍ പരമേശ്വരന് നമ്പൂതിരി അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: