വിശ്വാസത്തിന്റെ തറക്കല്ലില്‍ കെട്ടിപ്പൊക്കുന്ന പള്ളികളില്‍ സഭാതര്‍ക്കത്തിന്റെ ചോര വീഴുമ്പോള്‍ അള്‍ത്താര വിട്ടിറങ്ങുന്ന ദൈവത്തെ ആരുകണ്ടു. ജന്മഭൂമിയുടെ ഫ്രാന്‍സിസ് പൗലോസും ജെ. സേവ്യറും എഴുതുന്നു. സഭാ വക്താക്കളുടെ പ്രതികരണങ്ങളോടെ…
ത്രോസെ നീ പാറയാകുന്നു. നിന്റെ മേല്‍ എന്റെ സഭയെ പണിയും യേശു ശിഷ്യനായ പത്രോസിനോട് പറഞ്ഞു.
ശിഷ്യന്മാര് സഭ സ്ഥാപിക്കുന്നതിന് പല നാടുകളിലും സഞ്ചരിച്ചു. അക്കൂട്ടത്തില്‍ ശിഷ്യനായ തോമാശ്ലീഹ ഇന്ത്യയിലെത്തി. സുവിശേഷം പ്രസംഗിച്ചു. തോമാശ്ലീഹയില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ചവര്‍ നസ്രാണികള്‍ ആയി.
ശിഷ്യനായ പത്രോസ് ഗുരുവിന്റെ ആഗ്രഹനിര്വ്വഹണ ദൗത്യവുമായി അന്ത്യോഖ്യയിലെത്തി സഭ സ്ഥാപിച്ചു . അങ്ങനെ അന്ത്യോഖ്യ കേന്ദ്രീകരിച്ച് കിഴക്കൊക്കെയുടേയും ആത്മീയകേന്ദ്രം ക്രിസ്തുവിനു ശേഷം 52 ല്‍ സ്ഥാപിതമായി. ഇതാണ് അന്തോഖ്യ ഓര്‍ത്തഡോക്സ് യാക്കോബായ സഭയുടെ തുടക്കം. സിറിയ ആസ്ഥാനമായ സഭയുടെ അധികാര പരിധിയില്‍ പേര്‍ഷ്യ, യൂറോപ്പ്, ഇന്ത്യ എന്നിവയായിരുന്നു. ഈ രീതി തന്നെയാണ് കത്തോലിക്ക സഭയും പിന്തുടര്ന്നു വന്നത്. 17ാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ ക്രൈസ്തവ സഭ അന്ത്യോഖ്യന്‍ സഭയുമായി ആത്മീയ സൗഹൃദം സ്ഥാപിക്കുകയായിരുന്നു എന്ന് ഓര്‍ത്തഡോക്സ് കാരും, ഈ ബന്ധം നാലാം നൂറ്റാണ്ട് മുതല്‍ ഉണ്ടായിരുന്നെന്ന് പാത്രിയര്‍ക്കിസ് വിഭാഗവും വാദിക്കുന്നു. കുനംകുരിശ് സത്യത്തിന് ശേഷമാണ് ഇത്തരമൊരു നടപടി.
ഇതോടെ പുരോഹിതന്മാരുടെ വസ്ത്രധാരണവും, പ്രാര്ത്ഥനാരീതികളും ഏകീകരിക്കപ്പെട്ടു. എന്നാല്‍ അതിനേക്കാള്‍ വേഗത്തില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തു. 1890 ല്‍ നടന്ന മുളംതുരുത്തി സുന്നഹദോസോടെ അന്മേനികള്ക്ക് സഭയുടെ അധികാരത്തില്‍ പങ്കാളിത്തം ലഭിച്ചു. അതോടെ സഭയുടെ കാര്യങ്ങള്‍ നിശ്ചയിക്കുന്നത്, മാനേജിംഗ് സമതിയായിത്തീര്ന്നു. അന്ത്യോഖ്യ പാത്രിയര്‍ക്കീസ് സഭയുടെ പരമോന്നത ആത്മീയ പിതാവായി മാറി. സഭ വികസിച്ചതോടെ സാമ്പത്തിക ഉന്നതിയും ഉണ്ടായി. തുടര്‍ന്ന് ചില സാമ്പത്തിക പ്രശ്നങ്ങള്‍ തലപൊക്കി. ഇങ്ങനെ ഉയര്‍ന്ന് വന്നതാണ് വട്ടിപ്പണകേസ്. പാത്രിയര്‍ക്കീസ് സഭയില്‍ ബ്രിട്ടീഷ് മിഷണറിമാരുടെ ഇടപെടലിനെ തുടര്‍ന്ന് സഭയില്‍ നവീകരണം ഉണ്ടാവുകയും സഭ മാര്‍ത്തോമ സഭയെന്നും-സിറിയന്‍ സഭയെന്നും വിഭജിക്കപ്പെടുകയും ചെയ്തു.
1910 മുതല്‍ തന്നെ സഭയില്‍ അധികാര തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. ലൗകിക കാര്യങ്ങളിലുള്ള ഇടപെടലുകളാണ് സിറിയന്‍ പാത്രിയര്‍ക്കീസിന്റെ അധികാരത്തിനെതിരെ വിമര്‍ശനമുയരാന്‍ കാരണമായത്. 1934 ല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എത്തിയ എലിയാസ് മാര്‍ ഇഗ്നാത്തിയോസ് ത്രിതീയന്‍ ബാവ മഞ്ഞനിക്കരയില്‍ കാലം ചെയ്തു. അധികാര അവകാശങ്ങള്‍ തീരുമാനിക്കാനായി സഭക്ക് സ്വന്തമായ ഭരണ ഘടന വേണമെന്ന ഭാരത ഘടകത്തിന്റെ ആശയം അംഗീകരിക്കുകയും 1934 ല്‍ സ്വന്തമായൊരു ഭരണഘടന നിലവില്‍ വരികയും ചെയ്തു. എന്നാല്‍ ഈ ഭരണഘടന രജിസ്ട്രേഡ് രേഖയായിരുന്നില്ലെന്നാണ് പാത്രിയര്‍ക്കീസ് പക്ഷം. ഈ സഭ ഇന്ത്യയിലെ മലങ്കര സഭയെന്ന പേരില്‍ അറിയപ്പെടുകയും സാമ്പത്തിക ആത്മീയ അധികാരങ്ങള്‍ പാത്രിയര്‍ക്കീസിനാല്‍ നിയമിതനായ മെത്രാപോലീത്ത ട്രസ്റ്റി അഥവ കാതോലിക്ക ബാവയില്‍ അര്പ്പിതമാവുകയുമുണ്ടായി. ഇദ്ദേഹം മഫ്രീയാന എന്നപേരില്‍ അറിയപ്പെട്ടു. അധികാര തര്‍ക്കങ്ങള്‍ വീണ്ടും രൂക്ഷമായതോടെ സുപ്രീം കോടതി ഇടപെടുകയും എഴുതപ്പെട്ട ഭരണഘടനയനുസരിച്ച് പ്രശ്നങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ 12 വര്‍ഷം മാത്രമാണ് ഈ സമാധാനം നിലനിന്നത്.
ഇപ്പോള്‍ സഭയിലുളള തര്‍ക്കങ്ങള്‍ 1970 ല്‍ ആരംഭിച്ചതാണ്. പാത്രിയര്‍ക്കീസിന്റെ അധികാരങ്ങളെ സംബന്ധിച്ച തര്‍ക്കമാണത്. ആത്മീയമായ കാര്യങ്ങളിലല്ല തര്‍ക്കങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ പീന്നിട് അവ വളരുകയും ആത്മീയ അവകാശങ്ങളില്‍ എത്തിച്ചേരുകയുമായിരുന്നു.
പാത്രിയര്‍ക്കീസിന്റെ കല്‍പ്പനകള്‍ ശിരസ്സാവഹിക്കുന്നതിന് ഭാരതത്തിലെ കാതോലിക്ക ബാവ തയ്യാറാകാതെ വരികയും അന്മേനികളിലും പട്ടക്കാരിലും പാത്രിയര്‍ക്കീസിന് സ്വാധീനം ഉണ്ടാവുകയും ചെയ്തതോടെ ഇരു കൂട്ടരും തമ്മില്‍ പോരടിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പാത്രിയര്‍ക്കീസ് ബാവ ഭാരതത്തിലെ കാതോലിക്കബാവയോട് ആലോചിക്കാതെ മൂന്ന് പുതിയ മെത്രാന്മാരെ വാഴിച്ച് ഇന്ത്യയിലേക്ക് വിട്ടു. ഇത് സഭാതര്‍ക്കം പുതിയ വഴിത്തിരുവിലെത്തിച്ചു.
പുതിയതായി വാഴിച്ച മെത്രാന്മാരും അവരെ പിന്തുണക്കുന്ന അന്മേനികളും പ്രത്യേക വിശ്വാസ സമൂഹമായി നിലകൊണ്ട് അവര്‍ക്കാണ് അധികാരമെന്ന് വാദിച്ചതോടെ പ്രശ്നം കോടതിയിലെത്തി. തുടര്‍ന്ന് 1995 ല്‍ സുപ്രീം കോടതി 1970 ലെ സ്ഥിതിയിലേക്ക് സഭ മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടു.
സുറിയാനിക്രിസ്ത്യാനി അസോസിയേഷന് വിളിച്ച് ചേര്‍ത്ത് (സഭയുടെ പള്ളികളുടെ പ്രതിനിധികളുടെ യോഗം) ആ യോഗം തിരഞ്ഞെടുക്കുന്ന മാനേജിംഗ് കമ്മറ്റി നിലവിലുള്ള ഭദ്രാസനങ്ങള്‍ മെത്രാന്മാര്ക്കായി വീതിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടു. 2002 ല്‍ വിളിച്ച് ചേര്‍ത്ത പ്രസ്തുത യോഗത്തില്‍ ചീഫ് ജസ്റ്റിസ് മളീമഠ് നിരീക്ഷകനായി പങ്കെടുത്തു. എന്നാല്‍ തീരുമാനം പൂര്‍ണ്ണമായും നടപ്പാക്കാനായില്ല. സിറിയന്‍ പാത്രിയാര്‍ക്കീസിനെ അനുകൂലിക്കുന്നവര്‍ യോഗം ചേര്‍ന്ന് പുതിയ സമതിക്ക് രൂപം നല്കി. ഇത് ഭിന്നിക്കലിന് ആക്കം കൂട്ടി.
ഭിന്നിച്ച സഭകള്‍ അവരുടെ ന്യായ വാദങ്ങള്‍ നിരത്തി പള്ളി പിടിച്ചെടുക്കാന്‍ ആരംഭിച്ചു. അംഗസഖ്യയുള്ളതും സമ്പത്തുള്ളതുമായ പള്ളികള്‍ പിടിച്ചടുക്കാനാണ് ഇരുവരും ശ്രദ്ധിച്ചത്.
കോടതി വിധി ലംഘിച്ച് ആലുവ തൃക്കുന്നത്തു സെമിനാരി പള്ളിയില്‍ പൂട്ടുപൊളിച്ച് അകത്തു കയറി പാതിരയ്ക്ക് യാക്കോബായ വിഭാഗം കുര്‍ബ്ബാന അര്‍പ്പിച്ചത് കാലങ്ങളായി നിലനില്‍ക്കുന്ന സഭാ തര്‍ക്കത്തിന് സംഘര്‍ഷത്തിന്റെ പുതിയ അന്തരീക്ഷം ഉണ്ടാക്കി. നാലുപതിറ്റാണ്ടായി പൂട്ടിക്കിടക്കുന്ന തൃക്കുന്നത്തു സെമിനാരി പള്ളിയില്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്ക ബാവയും സംഘവും ഗേറ്റുപൊളിച്ചകത്തു കയറി നടത്തിയ കുര്‍ബാനയെ തുടര്‍ന്ന് മെത്രാന് കക്ഷിയെന്നും ബാവാ കക്ഷി എന്നും അറിയപ്പെടുന്ന ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങളുടെ പള്ളിത്തര്‍ക്ക മത്സരങ്ങള്‍ പരസ്പ്പരം പോര്‍വിളികളുടെ വിളനിലമാവുകയാണ്. യാക്കോബായ വിഭാഗം ബിന്‍ലാദന്റെ പിന്‍ഗാമികളാണെന്ന് ആരോപിച്ച് ഓര്‍ത്തഡോക്സ് സഭാവിശ്വാസികള്‍ എറണാകുളം കളക്ട്രേറ്റ് മാര്‍ച്ചു നടത്തി.
ആലുവ തൃക്കുന്നത്തേതു മാത്രമല്ല തര്ക്കപ്പള്ളി. അങ്കമാലിയിലും കോതമംഗലത്തും കോലഞ്ചേരിയിലുമൊക്കെയായി തര്‍ക്കങ്ങളുടെ കറുത്ത ധൂപമുയരുന്ന പള്ളികള്‍ സംസ്ഥാനത്ത് വേറെയുമുണ്ട്. വിദേശാധിപത്യത്തിന്റെ മുക്കാലിയില്‍ സഭയെക്കെട്ടിയിടില്ലെന്നും സഭ ഇന്ത്യന്‍ പാരമ്പര്യം പിന്തുടരുമെന്നും ഓര്‍ത്തഡോക്സ് സഭ. തര്‍ക്ക മത്സരങ്ങളുടെ കളിക്കമ്പങ്ങള്ക്ക് പിന്നില്‍ കടല്‍ത്തിര എണ്ണാനാവാത്തപോലെ മുട്ടിനു മുട്ടിന് കാരണങ്ങള്‍ കാലാകാലങ്ങളില്‍ കുമിയുന്നുണ്ട്. 1934 ലെ ഭരണഘടനയാണ് എല്ലാമെന്ന് മെത്രാന് കക്ഷി പറയുമ്പോള്‍ അതിനും മുന്‍പേ ചര്ച്ചയുണ്ടായിരുന്നുവെന്ന യുക്തിയുമായി ബാവാ കക്ഷി.
കുറെക്കാലമായി പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ജനുവരി പ്രശ്ന മാസമാണ്. ഇത്തവണയും ജനുവരി അവസാനം മുതലാണ് പ്രശ്നം കൂടുതല്‍ വഷളായത്. സര്‍ക്കാരുകള്‍ ഇടപെട്ടിട്ടും സുപ്രീംകോടതി വിധിയുണ്ടായിട്ടുപോലും തര്‍ക്കം മലവെള്ളംപോലെ കുമിയുന്നു. മാറിവരുന്ന സര്‍ക്കാരുകള്‍ ഇടപെട്ടാലും നിക്ഷ്പക്ഷത ചോരുന്നു. സര്‍ക്കാര്‍ ഒരു വിഭാഗത്തിന്റെ കൂടെ എന്ന് മറുവിഭാഗം പറയും. ഒടുക്കം കളക്ടര്‍മാരുടെ ശിരസ്സിനു മുകളില്‍ തര്‍ക്കം ഡെമോക്ലീസിന്റെ വാളാക്കി സര്‍ക്കാര്‍ കൈമലര്‍ത്തും. കെ.ആര്.ബീന എറണാകുളം കളക്ടറായിരുന്ന കാലത്ത് രണ്ടുവര്‍ഷം പ്രശ്നങ്ങളില്ലായിരുന്നു. അതിനു മുമ്പും പിമ്പും തഥൈവ.
പാതിരക്ക് ഒളിച്ച് വന്നു പൂട്ട്പൊളിച്ച് അകത്ത് കടന്ന് കുര്‍ബാന അര്‍പ്പിച്ച് നേടേണ്ടതാണോ ദൈവാനുഭവം. തങ്ങളുടേതെന്ന അവകാശത്തില്‍ ഒരു വിഭാഗത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തെ പിടിച്ച് നിര്‍ത്തി സ്വന്തമാക്കുന്നതാണോ ദൈവഹിതം. പണവും ഭൂസ്വത്തും അധികാരവും കൂടിക്കുഴഞ്ഞ് ഉണ്ടായ പിടിച്ചടക്കല്‍ കൊതിയാണോ തര്‍ക്കത്തിനു പിന്നില്‍. പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട് ഒത്തിരി ചോദ്യങ്ങള്‍ സ്വാഭാവികമായും ഉയരുന്നുണ്ട് പൊതു സമൂഹത്തില്‍.
തര്ക്കമുണ്ടാക്കിയാണോ ദൈവാരാധാനയും വിശ്വാസവും നിലനിര്‍ത്തുക പള്ളികള്‍ അങ്കത്തട്ടാകുമ്പോള് ദൈവ നഷ്ടമുണ്ടാകില്ലെ അള്‍ത്താരകള്‍ക്ക്. കോടതിയേയും സര്‍ക്കാരിനേയും കൊണ്ട് നിലനിര്‍ത്തേണ്ടതാണോ ദൈവവിശ്വാസവും ആരാധനയും. ആരാണ് യഥാര്‍ത്ഥത്തില്‍ തര്ക്കകളി നടത്തുന്നത്. വിശ്വാസികളോ. അവരെ നയിക്കുന്ന വൈദിക ശ്രേഷ്ഠരോ. അല്ലെങ്കില്‍ ഇടം വലമുള്ള ആടുകളുടെ ചോരകുടിക്കുന്ന പഴം കഥയിലെ കുറുക്കനോ. ആകുറുക്കന്‍ രാഷ്ട്രീയക്കാരനാണെങ്കില്‍ സൂക്ഷിക്കണം. ആരായാലും കരുതിയിരിക്കണം. ദൈവത്തിന്റെ പേരില്‍ മനുഷ്യന്റെ ചോര വീഴരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: