ജെന്റം സര്‍വീസിന് പ്രത്യേക കോര്പ്പറേഷന്: തര്‍ക്കം മുറുകുന്നു
കോഴിക്കോട്: കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ ലോ ഫ്ളോര്‍ ബസ്സുകള്‍ ലഭ്യമാകാനിരിക്കെ സംസ്ഥാനത്ത് അതിന്റെ സര്‍വീസ് നടത്തിപ്പിനെക്കുറിച്ച് തര്‍ക്കം മുറുകി.
തദ്ദേശസ്വയംഭരണവകുപ്പിന് കീഴില്‍ പ്രത്യേക കോര്പ്പറേഷന് രൂപീകരിച്ച് ലോ ഫ്ളോര്‍ (ജെന്റം) സര്‍വീസ് നടത്തണമെന്ന ആവശ്യമാണ് തര്ക്കത്തിനിടയാക്കുന്നത്.
നഗരവികസനവകുപ്പ് മന്ത്രി മഞ്ഞളാംകുഴിഅലിയുടെ താല്‍പ്പര്യപ്രകാരമാണത്രെ ഈ അഭിപ്രായം ഉണ്ടായത്. എന്നാല്‍ കെഎസ്ആര്‍ടിസിയിലെ പ്രമുഖ തൊഴിലാളി യൂണിയനുകള്‍ ഈ ആവശ്യത്തെ ശക്തമായി എതിര്‍ക്കുകയാണ്. ഇപ്പോള്‍ കെഎസ്ആര്‍ടിസിക്ക് കീഴില്‍ നടക്കുന്ന ഈ സര്‍വീസുകള്‍ തുടര്‍ന്നും അതേസമയം പ്രത്യേക കോര്പ്പറേഷന് രൂപീകരിക്കാതെ കെഎസ്ആര്‍ടിസിക്ക് നിയമപരമായി ഈ സര്‍വീസ് നടത്താനാകില്ലെന്ന വാദം മറുപക്ഷം ഉയര്‍ത്തിക്കാട്ടുന്നു.
കേന്ദ്രസര്‍ക്കാറിന്റെ ജെന്റം പദ്ധതിയുടെ ഭാഗമായാണ് ലോ ഫ്ളോര്‍ ബസ്സുകള്‍ സൗജന്യമായി കേരളത്തിന് ലഭിക്കുന്നത്. പ്രത്യേക കോര്പ്പറേഷന് രൂപീകരിച്ച് അതിന് കീഴിലായിരിക്കണം ജെന്റം സര്‍വീസ് എന്നതാണ് കേന്ദ്ര നിബന്ധന. ഇതിനായി പ്രത്യേക വര്‍ക്ക്ഷോപ്പ്, പാര്‍ക്കിംഗ്സൗകര്യം, ജീവനക്കാര്‍, അടിസ്ഥാന സൗകര്യം എന്നിവയെല്ലാം വേണം. ബംഗ്ലുരു, മുംബൈ തുടങ്ങിയിടങ്ങളിലെല്ലാം ഇത്തരം സര്‍വ്വീസുകള്‍ക്കായി പ്രത്യേക കോര്‍പ്പറേഷനുകളുണ്ട്. സംസ്ഥാനത്ത് നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് ജെന്റത്തിനായി പ്രത്യേക സംവിധാനം ഒരുക്കാനാകില്ലെന്ന വാദമാണ് ഉന്നയിക്കപ്പെടുന്നത്. കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാരും ഇതേ നിലപാടിലാണ്.
സംസ്ഥാനത്ത് നിലവില്‍ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി 170 ജന്റം സര്‍വീസുകളുണ്ട്. നാല് മാസത്തിനകം മുന്നൂറ് ബസ്സുകള്‍കൂടി കേരളത്തിന് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതോടെ 620 ബസ്സുകള്‍ ഇവിടെയുണ്ടാകും. മറ്റേതെങ്കിലും വകുപ്പിന് കീഴില്‍ പ്രത്യേക കോര്പ്പറേഷന് രൂപീകരിച്ചാല്‍ നഷ്ടം തീര്‍ച്ചയായും കെഎസ്ആര്ടിസിക്കാകും. അതിന്റെ ദേശസാല്‍കൃത റൂട്ടാകും ജെന്റത്തിനും. ബസ്സ്റ്റാന്റും നല്‍കേണ്ടിവരും. മറ്റൊരു ‘കമ്പനി/കോര്‍പ്പറേഷ’ന് കീഴിലുള്ള ബസ് ഇപ്രകാരം കെഎസ്ആര്‍ടിസിയുടെ സൗകര്യം ഉപയോഗിച്ച് നേട്ടമുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് തൊഴില്‍ സംഘടനകള്‍ക്കുള്ളത്. പ്രത്യേക കോര്പ്പറേഷന് വേണമെന്ന കേന്ദ്ര നിബന്ധന സാങ്കേതികമാണെന്നും അതിന് പരിഹാരം കാണല്‍ എളുപ്പമാണെന്നും ഇവര്‍ പറയുന്നു. മാത്രമല്ല തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ പ്രത്യേക കോര്പ്പറേഷന് രൂപീകരിക്കാനുള്ള നീക്കം അഴിമതിക്ക് കളമൊരുക്കാനാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജെന്റം സര്‍വീസ് നടത്തിപ്പ് സംബന്ധിച്ച് വകുപ്പ്മന്ത്രി തലത്തില്‍ ഔദ്യോഗികമായി കഴിഞ്ഞദിവസം ചര്‍ച്ച നടന്നെങ്കിലും തര്‍ക്കം പരിഹരിക്കപ്പെട്ടിട്ടില്ല. അധികം വൈകാതെ വീണ്ടും ചര്‍ച്ചയുണ്ടാകും.
ജെന്റം സര്‍വീസുകള്‍ തൃശൂര്‍, കോഴിക്കോട് ജില്ലകളിലേക്കും വ്യാപിക്കാനാണ് നീക്കം. ഇവിടങ്ങളില്‍ നൂറ് വീതം ബസ്സുകള്‍ ഓടിക്കും.
എം.കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: