പത്തനംതിട്ട : മാനുഷിക മൂല്യങ്ങളെ കാല്പനിക ഭാവുകത്വത്തിന്റെ അസാധാരണമായ വികാരങ്ങളോടെ മലയാളിക്ക് സമ്മാനിച്ച പ്രശസ്ത കവയത്രി സുഗതകുമാരിയുടെ 80-ാം പിറന്നാള്‍ ജന്മദേശമായ ആറന്മുളയില് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് ആഘോഷിച്ചു. സുഗതകുമാരിയുടെ ജന്മഗൃഹമായ വാഴുവേലില്‍ തറവാട്ടിലെ കാവിനു മുമ്പില്‍ ഒത്തുകൂടിയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കവിത ചൊല്ലിയും പാട്ടുപാടിയും പ്രാര്ത്ഥനാഗീതമാലപിച്ചും തിരുവാറന്മുളയപ്പന്റെ പാല്പായസം വിതരണം ചെയ്തും മലയാളത്തിന്റെ അമ്മയ്ക്ക് ആയുര്ആരോഗ്യസൗഖ്യം നേര്‍ന്നു. തറവാട്ടിലെ സര്‍പ്പക്കാവിനു മുമ്പില്‍ നിറപറയും നിലവിളക്കും തെളിയിച്ച് ആറന്മുള പാര്‍ത്ഥസാരഥി എന്‍എസ്എസ് വനിതാസമാജം പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ പ്രാര്ത്ഥനാസ്തുതികളും സ്തോത്രങ്ങളും ആലപിച്ചതോടെ ആഘോഷങ്ങള്‍ക്കു തുടക്കമായി.
ആറന്മുള ഗവ. ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ കവിതയും ദേശഭക്തിഗാനവും ആലപിച്ചാണ് സുഗതകുമാരിക്ക് ജന്മദിന ആശംസകള്‍ അര്‍പ്പിച്ചത്. സുഗതകുമാരിയുടെ പ്രശസ്തമായ ‘കൃഷ്ണാ നീ എന്നെ അറിയില്ല’ എന്ന കവിത ഏലൂര്‍ ബിജു സോപാന സംഗീതമായി വേദിക്കു മുമ്പില്‍ അവതരിപ്പിച്ചു.
സുഗതകുമാരിയുടെ കവിതകളെയും ഭാവങ്ങളെയും കുറിച്ച് വിവിധ പ്രബന്ധങ്ങള്‍ പിറന്നാള്‍ വേദിയില്‍ സമര്‍പ്പിച്ചു. കണ്ണനെ കനവ് കണ്ട് ജീവിച്ച്, മലയാളിക്ക് കവിതയിലൂടെയും പോരാട്ടത്തിലൂടെയും ദിശാബോധം നല്കിയ വ്യക്തിത്വമാണ് സുഗതകുമാരിയുടേത് എന്ന് ജന്മദിന അനുഗ്രഹാശംസകള്‍ നേര്‍ന്ന തിരുവല്ല ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി ഗോലോകാനന്ദ മഹാരാജ് അഭിപ്രായപ്പെട്ടു.
സുഗതകുമാരിയുടെ കാവ്യഭാഷയെക്കുറിച്ചുള്ള ഡോ. ജോസ് പാറേക്കാട്ടില്‍ പ്രബന്ധം അവതരിപ്പിച്ചു നിരൂപകന് പി. ശ്രീകുമാര്‍ , യുവ കവി ഒ.എസ്.ഉണ്ണികൃഷ്ണന് എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കേരളത്തില്‍ നടന്നു വരുന്ന പ്രകൃതിചൂഷണത്തിനെതിരെ സെയിലന്റ്വാലി അടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കിയ സുഗതകുമാരിയുടെ ജനകീയ മുന്നേറ്റങ്ങള്‍ 80-ാം വയസ്സില്‍ ജന്മദേശമായ ആറന്മുളയില് എത്തിനില്‍ക്കുന്നതായി ‘സുഗതകുമാരിയുടെ പോരാട്ടങ്ങള്‍’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച ഡോ. തോമസ് പി. തോമസ് അഭിപ്രായപ്പെട്ടു.
സുഗതകുമാരിയുടെ 80-ാം വയസ്സിന്റെ ഓര്‍മ്മയ്ക്കായി വൃക്ഷതൈയ്കള് തറവാട്ടു മുറ്റത്ത് സ്വാമി ഗോലോകാനന്ദ നട്ടു. പി.ഇന്ദുചൂഡന്, കെ.അനന്തഗോപന്‍, പീലിപ്പോസ് തോമസ്, ആര്.അജയകുമാര്‍, കെ.കെ.റോയിസണ്‍, എ.പത്മകുമാര്‍, ഗോപിനാഥപിള്ള, റ്റി.രഘുനാഥ് തുടങ്ങിയ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ സുഗതകുമാരിക്ക് ആശംസകള്‍ നേര്‍ന്ന് തറവാട്ടു മുറ്റത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: