ന്യൂദല്‍ഹി: ബദരീനാഥ് ക്ഷേത്രത്തിലെ മേല്‍ശാന്തി മലയാളിയായ കേശവന് നമ്പൂതിരി(38)യെ പീഡനക്കേസില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ ദുരൂഹതയെന്ന് ആക്ഷേപം. ക്ഷേത്ര പൗരോഹത്യത്തിലെ മലയാളി സാന്നിധ്യം ഇല്ലാതാക്കുന്നതിനായി കാലങ്ങളായി നടക്കുന്ന നീക്കങ്ങളുടെ ഭാഗമാണ് കേസെന്നാണ് കേശവന് നമ്പൂതിരിയുടെ കുടുംബാംഗങ്ങളുടെ പരാതി.
റാവല്ജിയെന്നറിയപ്പെടുന്ന പ്രധാന മേല്‍ശാന്തി പയ്യന്നൂര്‍ സ്വദേശിയായ കേശവന് നമ്പൂതിരിയെ ദല്‍ഹിയിലെ മെഹ്റോളിയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബദരീനാഥിലെ പ്രധാനപ്പെട്ട സരോവര്‍ ഹോട്ടലുടമയുടെ മകളാണ് പരാതിക്കാരി. തിങ്കളാഴ്ച അര്‍ദ്ധരാത്രിക്കുശേഷം കേശവന് നമ്പൂതിരിയുടെ മുറിയില്‍ കടന്നപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ തന്നെ അറസ്റ്റുണ്ടായെന്നതാണ് സംഭവത്തിനു പിന്നിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.
ജീവിതത്തിലൊരിക്കല്‍ പോലും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ തറപ്പിച്ചു പറയുന്ന മേല്‍ശാന്തിയില്‍ നിന്നും മദ്യത്തിന്റേയും സിഗരറ്റിന്റേയും ഗന്ധമുണ്ടായിരുന്നെന്ന മൊഴിയും പെണ്കുട്ടിയുടേതായിട്ടുണ്ട്. വസന്തപഞ്ചമിയായ ചൊവ്വാഴ്ച ഡെറാഡൂണിലെ ക്ഷേത്രത്തിലെത്തേണ്ടതുണ്ടെന്ന് തിങ്കഴ്ച വൈകിട്ട് ഫോണില്‍ വിളിച്ചപ്പോഴും കേശവന് നമ്പൂതിരി പറഞ്ഞതായാണ് പയ്യന്നൂരിലെ ഇല്ലത്തു നിന്നും ബന്ധുക്കള്‍ നല്കുന്ന വിവരം. പീഡനക്കേസില്‍ വകുപ്പുകള്‍ ചുമത്തി സാകേത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്ത കേശവന് നമ്പൂതിരിയെ ക്ഷേത്രമേല്‍ശാന്തി സ്ഥാനത്തുനിന്നും സസ്പെന്റ് ചെയ്തെന്ന് ക്ഷേത്രട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, നേപ്പാളിലെ പശുപതി നാഥ ക്ഷേത്രത്തില്‍ നിന്നുള്‍പ്പെടെ ഇത്തരത്തില്‍ പീഡനക്കേസുകളിലൂടെ മലയാളി പുരോഹിതന്മാരെ ഒഴിവാക്കാന്‍ വടക്കേന്ത്യന്‍ ലോബി ശ്രമിച്ചിട്ടുണ്ടെന്നാണ് കേശവന് നമ്പൂതിരിയുടെ കുടുംബത്തിന്റെ ആരോപണം. ശങ്കരാചാര്യരുടെ കാലം മുതല്‍ ബദരീനാഥ് ക്ഷേത്രത്തിലെ പൂജാവിധികള്‍ കേരളീയവിധിപ്രകാരമാണ് നടന്നുവരുന്നത്. കേരളത്തില്‍ നിന്നുള്ള പൂജാരിമാരാണ് നൂറ്റാണ്ടുകളായി ബദരീനാഥിലെ മേല്‍ശാന്തിമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: