ന്യൂദല്‍ഹി: ബോളിവുഡ് ഇതിഹാസവും പെപ്സിക്കോയുടെ മുന്‍ അംബാസഡറുമായ അമിതാഭ് ബച്ചന് പെപ്സിയുടെ പരസ്യത്തില്‍ ഇനി അഭിനയിക്കില്ല. ഒരു കൊച്ചു പെണ്‍കുട്ടിയുടെ ചോദ്യമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ബച്ചനെ പ്രേരിപ്പിച്ചത്. സോഫ്റ്റ് ഡ്രിങ്ക് വിഷമാണെന്ന തിരിച്ചറിവാണ് പിന്മാറ്റത്തിനു കാരണമായി ബച്ചന് പറയുന്നത്.
ബച്ചന് 2002 മുതല്‍ 2005 വരെ പെപ്സിയുടെ ബ്രാന്‍ഡ് അംബാസഡറായിരുന്നു. കൂടാതെ പെപ്സിയുടെ നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ചയില്‍ ജയ്പൂരിലെ ഒരു സ്കൂളില്‍ നടന്ന പൊതുപരിപാടിയില്‍ ഒരു പെണ്‍കുട്ടി തന്നോട് ഒരു ചോദ്യം ചോദിച്ചിരുന്നു. പെപ്സി വിഷമാണെന്ന് ടീച്ചര്‍ പറഞ്ഞുവെന്നും പിന്നെ അങ്ങ് എന്തിനാണ് പെപ്സിയുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതെന്നുമുള്ള ചോദ്യം കേട്ട് താന്‍ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിപ്പോയെന്ന് ബച്ചന് പറഞ്ഞു. ഈ ചോദ്യം തന്നെ ഒരുപാട് ചിന്തിപ്പിച്ചു. വൈകിയാണെങ്കിലും ഉചിതമായ തീരുമാനത്തില്‍ താന്‍ എത്തിച്ചേര്‍ന്നു. ബച്ചന് തുടര്‍ന്നു.
ഗുജറാത്ത് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറായ അദ്ദേഹം അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിന്റെ പരിപാടിക്കിടെയാണ് യ തീരുമാനം ലോകത്തെ അറിയിച്ചത്. 2002 ല്‍ പെപ്സി കമ്പനിയുമായി കരാര്‍ ഒപ്പുവയ്ക്കുന്നതിന് മുമ്പ് ബച്ചന് മിറിന്റ ലെമണിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു. ബച്ചന് ജീവിച്ചിരിക്കുന്ന ഇതിഹാസമാണെന്നും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ തങ്ങളുടെ കമ്പനിയിലെ പ്രവര്‍ത്തകരെ വിഷമിപ്പിക്കുന്നതാണെന്നും ഈ തീരുമാനം പ്രതീക്ഷിച്ചതല്ലെന്നും പെപ്സിക്കോ കമ്പനി വക്താവ് പ്രതികരിച്ചു.
ജനങ്ങള്‍ക്ക് ഹാനികരമായ ഉല്‍പ്പന്നങ്ങളുടെ പ്രചരണങ്ങളില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് തന്റെ മകനോടും മരുമകളോടും ബച്ചന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അഭിഷേക് ബച്ചനും ഐശ്വര്യറായിയും പ്രതികരിച്ചിട്ടില്ല. മാഗി ന്യൂഡില്‍സ്, കല്യാണ്‍ ജ്വല്ലേഴ്സ്, പാര്‍ലെ ഗോള്‍ഡ്സ്റ്റാര്‍ കുക്കീസ്, ബിനാനി സിമന്റ് എന്നിവയുടെ ബ്രാന്‍ഡ് അംബാസഡറാണ് ബച്ചന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: