കോട്ടയം: കനത്ത പ്രതിഷേധങ്ങള്‍ക്കിടെ അഖിലേന്ത്യാ മെത്രാന് സമ്മേളനം പാലായില്‍ ഇന്നാരംഭിക്കും.കത്തോലിക്കാ ബിഷപ്പുമാരുടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സംഗമമാണിത്. ദളിത് ക്രൈസ്തവരും കത്തോലിക്കാ അല്മായ അസംബ്ലിയും ക്നാനായ കത്തോലിക്കാ നവീകരണസമിതിയും അടക്കമുള്ള സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
കേരളത്തിലെ എയിഡഡ്, അണ്‍എയിഡഡ് വിദ്യാഭ്യാസ ക്രൈസ്തവ സ്ഥാപനങ്ങളിലെ 70 ശതമാനത്തിലധികം സ്ഥാപനങ്ങള്‍ നടത്തുന്ന കത്തോലിക്ക സഭ ഇത്തരം സ്ഥാപനങ്ങളില്‍ ഉദ്യോഗത്തിലോ വിദ്യാഭ്യാസത്തിലോ ദളിത് ക്രൈസ്തവര്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ദളിത് ക്രൈസ്തവര്‍ ഇന്ന് സമ്മേളനവേദിയിലേക്ക് മാര്‍ച്ച് നടത്തുന്നത്.
സമ്മേളനത്തിന് നസ്രാണിസഭയിലെ ഭൂരിപക്ഷം അല്മായരുടെയും അംഗീകാരമില്ലെന്നാണ് കത്തോലിക്കാ അല്മായ അസംബ്ലി ഭാരവാഹികള്‍ പറയുന്നത്. ക്രിസ്തീയ തത്വങ്ങള്‍ക്കും പ്രബോധനങ്ങള്‍ക്കും അപ്പോസ്തലപ്രവര്ത്തനങ്ങള്ക്കും സഭയുടെ പൈതൃകത്തിനും പാരമ്പര്യത്തിനും ദേശീയതയ്ക്കും ഇന്ത്യന്‍ ഭരണഘടനയ്ക്കും വിരുദ്ധമാണ് കാനന്‍ നിയമങ്ങള്‍. ഇന്ത്യയുടെ പരമാധികാരത്തിനുമേല്‍ വിദേശാധിപത്യം കൊണ്ടുവരുന്ന ഈ നിയമങ്ങളും പള്ളിയോഗ നടപടിക്രമങ്ങളും രൂപതാ നിയമങ്ങളും നിരോധിക്കണം. കത്തോലിക്ക അല്മായ അസംബ്ലി ആവശ്യപ്പെടുന്നു. ഈ ആവശ്യമുന്നയിച്ച് മെത്രാന് സമ്മേളനത്തിന് ബദലായി നവീകൃതസഭ പുതുസഹസ്രാബ്ദത്തില്‍ എന്ന ലക്ഷ്യത്തോടെ 8, 9 തീയതികളില്‍ കൊച്ചിയില്‍ കത്തോലിക്കാ അല്മായ അസംബ്ലി വിളിച്ചുചേര്‍ക്കുമെന്നും കണ്‍വീനര്‍മാരായ കെ.ജെ.ജോസ് കണ്ടത്തില്‍, ജോര്‍ജ് ജോസഫ് പാലാ, സി.വി.സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു.
ലോകത്ത് കത്തോലിക്കാ രൂപതകളിലൊന്നും കാണാത്ത ജാതി വേര്‍തിരിവ് കാണിക്കുന്ന കോട്ടയം രൂപതയ്ക്കെതിരായ പ്രതിഷേധവുമായാണ് ക്നാനായ കത്തോലിക്കാ നവീകരണ സമിതി സമ്മേളനവേദിയിലേക്ക് പ്രതിഷേധ പ്രാര്‍ത്ഥനയുമായി എത്തുന്നത്. ഏഴിന് വൈകിട്ട് 3ന് പാലാ കുരിശുപള്ളിക്കവലയില്‍ നിന്നുമാണ് ഇവരുടെ പ്രാര്‍ത്ഥനാ റാലി ആരംഭിക്കുന്നത്. കോട്ടയം രൂപതയില്‍പ്പെട്ട അംഗങ്ങള്‍ മറ്റു രൂപതകളില്‍ നിന്നും വിവാഹ ബന്ധത്തിലേര്‍പ്പെട്ടാല്‍ അവരെ രൂപതയില്‍ നിന്നും പള്ളിയില്‍ നിന്നും പുറത്താക്കുന്നതിനെതിരെയാണ് റാലി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: