ന്യൂദല്‍ഹി: രാജ്യസഭാ പ്രതിപക്ഷ നേതാവും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അരുണ്‍ ജെയ്റ്റിലിയുടെ വീടിനു നേരെ ആംആദ്മി പാര്‍ട്ടി സമരം. ആപ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി കോടികള്‍ കോഴ വാഗ്ദാനം ചെയ്തെന്ന് ആരോപണമുന്നയിച്ചതിനു പിന്നാലെയാണ് സമരവുമായി ആപ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. എന്നാല്‍ സംഭവമറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ കൂട്ടമായെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പോലീസ് എത്തി പിന്നീട് ആംആദ്മി പാര്‍ട്ടിക്കാരെ പിരിച്ചുവിട്ടു. ആംആദ്മി പാര്‍ട്ടി നേതാക്കന്മാര് ജനവികാരത്തെ ചൂഷണം ചെയ്യുന്നവരും പച്ചക്കള്ളം പ്രചരിപ്പിക്കുന്ന നുണയന്മാരുമാണെന്ന് അരുണ്‍ ജെയ്റ്റ്ലി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. യാതൊരു തെളിവുമില്ലാതെ ആരോപണങ്ങള്‍ മാത്രമുന്നയിച്ച് മാധ്യമശ്രദ്ധ നേടുന്ന നുണയന്മാരുടെ പാര്‍ട്ടിയായി ആംആദ്മി പാര്‍ട്ടി നേതൃത്വം മാറുകയാണ്. ദല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി കോഴ നല്കാനൊരുങ്ങിയെന്ന് ആരോപണമുന്നയിച്ച നേതാവിന് തെളിവിന്റെ ഒരു അംശം പോലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കാന്‍ സാധിച്ചില്ല.
മദന്ലാലെന്ന ആംആദ്മി പാര്‍ട്ടി എംഎല്‍എയാണ് ബിജെപിക്കാര്‍ ദല്‍ഹി സര്‍ക്കാരിനെ വീഴ്ത്താന്‍ 20 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഡിസംബര്‍ 7ന് അരുണ്‍ ജെയ്റ്റ്ലി എന്നയാള്‍ തന്നെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെന്നും മദന്‍ലാല്‍ പറയുന്നു. എന്നാല്‍ ഡിസംബര്‍ 7ന് ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നിരുന്നില്ല. മദന്‍ലാല്‍ ജയിച്ച് എംഎല്എയുമായിരുന്നില്ല. അതിനു മുമ്പുതന്നെ ആംആദ്മി എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം പരിഹാസ്യമായി മാറിയിരിക്കുകയാണ്. ജയ്റ്റ്ലി വിളിച്ചതിന്റെ ഫോണ്‍ രേഖകളും ആംആദ്മിക്കാര്‍ ഹാജരാക്കിയിട്ടില്ല. രണ്ടാഴ്ച മുമ്പ് ഗുജറാത്തില്‍ നിന്നുള്ള ആളുകള്‍ വന്ന് പണം വാഗ്ദാനം ചെയ്തെന്നും മദന്‍ലാല്‍ ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ ആരാണെന്നോ വന്നവരുടെ പേരുകളോ മദന്ലാലിനറിയില്ല. ഇത്തരത്തില്‍ യാതൊരു തെളിവുകളുമില്ലാത്ത പച്ചക്കളം മാധ്യമങ്ങളുടെ സഹായത്തോടെ പ്രചരിപ്പിക്കുകയെന്ന ഹീനതന്ത്രമാണ് ആംആദ്മി പാര്‍ട്ടി നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: