ന്യൂദല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കടല്‍ക്കൊലക്കേസിലെ നടപടികള്‍ വൈകിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. പ്രതികള്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമനടപടികള്‍ സംബന്ധിച്ച് അടുത്ത തിങ്കളാഴ്ച്ചയ്ക്കകം തീരുമാനം വ്യക്തമാക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തിന് അന്ത്യശാസനം നല്കി.
ആഭ്യന്തര, നിയമ, വിദേശകാര്യ മന്ത്രാലയങ്ങള്‍ ഫെബ്രുവരി 10നകം പ്രശ്നത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ച് കോടതിയെ അറിയിക്കണമെന്നാണ് ജസ്റ്റിസ് ബി.എസ് ചൗഹാന് അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഭീകരവിരുദ്ധ നിയമമായ സുവ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ചുമത്തുന്നതു സംബന്ധിച്ച ആശയക്കുഴപ്പമാണ് കോടതിയില്‍ ശരിയായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കാത്തതിനു കാരണം.
സുവ സംബന്ധിച്ച് ഇനിയും സമയം നീട്ടി നല്‍കാനാവില്ലെന്ന് കോടതി അറിയിച്ചിട്ടുണ്ട്. അതേസമയം, സുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഏകദേശ തീരുമാനം കൈക്കൊണ്ടു കഴിഞ്ഞതായും ഉടന്‍ തന്നെ നിലപാട് അറിയിക്കുമെന്നും കേസില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതി അറിയിച്ചു.
എന്നാല്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനാവിഷയമായിട്ട് 13 മാസങ്ങള്‍ പിന്നിട്ടെന്നും കേസ് നടത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിന് താത്പര്യമില്ലെന്നും ഇറ്റാലിയന്‍ നാവികര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ രോഹത്ഗി കോടതിയില്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി നാവികരെ സ്വദേശമായ ഇറ്റലിയിലേക്ക് മടങ്ങാന്‍ കോടതി അനുവദിക്കണമെന്നും മുകുള്‍ വാദിച്ചു.
കടല്‍ക്കൊല കേസില്‍ സുവ ചുമത്തുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചത് ഇറ്റലിയുടെ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. വധശിക്ഷ ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള സുവ നിയമം പ്രതികള്‍ക്കെതിരെ ചുമത്തിയാല്‍ തങ്ങളുടെ നാവികര്‍ ശിക്ഷിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും നാവികരെ രാജ്യത്തേക്ക് തിരികെയെത്തിക്കാന്‍ സാധിക്കാത്ത സ്ഥിതി വിശേഷമുണ്ടാകുമെന്നും ഇറ്റലിക്ക് ബോധ്യമുണ്ട്. അതിനാല്‍ത്തന്നെ യൂറോപ്യന്‍ യൂണിയനെ ഉള്‍പ്പെടെ പ്രശ്നത്തില്‍ ഇടപെടുത്തി നാവികരെ രക്ഷിച്ചെടുക്കുന്നതിനുള്ള സമ്മര്‍ദ്ദങ്ങള്‍ ഇന്ത്യയ്ക്കു മേല്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ ശക്തമാക്കിയിരിക്കുകയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: