ന്യൂദല്‍ഹി: താത്കാലിക നേട്ടങ്ങള്‍മാത്രം ലക്ഷ്യമിടുന്ന മൂന്നാം മുന്നണി പരാജിതരുടെ കൂട്ടമാണെന്ന് ബിജെപി. ഇത്തരമൊരു സഖ്യത്തിനുള്ള ശ്രമങ്ങള്‍ക്ക് പിന്നിലെ പ്രധാന ചരടുവലിക്കാരായ ഐക്യജനതാദളും സമാജ്വാദി പാര്‍ട്ടിയും സ്വത്വ പ്രതിസന്ധിയിലാണെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
മൂന്നാം മുന്നണിയെന്ന ആശയത്തിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നത് ആരാണ്? എന്താണ് അതിന്റെ മനസിലിരിപ്പ്. മൂന്നാം മുന്നണി നീക്കത്തിന്റെ മുന്‍നിരക്കാരായ ജെഡിയുവും എസ്പിയും സ്വന്തം വ്യക്തിത്വം എവിടെയെന്നറിയാതെ തപ്പിത്തടയുന്നു. ബീഹാറില്‍ ബിജെപി സഖ്യംവിട്ട ജെഡിയുവിനെ വരുന്ന തെരഞ്ഞെടുപ്പില്‍ പരാജയം തുറിച്ചു നോക്കുകയാണ്. ഒന്നാം, രണ്ടാം യുപിഎ സര്‍ക്കാരുകളെ അധികാരത്തില്‍ നിലനിര്‍ത്തിയതിന്റെ ഉത്തരവാദിത്വം സമാജ്വാദി പാര്‍ട്ടിക്കാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരായ അഴിമതിക്കേസുകള്‍ ദുര്ബലപ്പെടുത്തിയതിനുള്ള പ്രത്യുപകാരമായാണ് എസ്പി യുപിഎയെ നിര്‍ലോപം പിന്തുണച്ചത്. കോണ്‍ഗ്രസ് ഇതര വേദിയില്‍ നിന്നുകൊണ്ട് സ്വന്തം രാഷ്ട്രീയ വ്യക്തിത്വം ഉയര്‍ത്തിക്കാട്ടാന്‍ എസ്പി ഏറെ പ്രയാസപ്പെടും, ജെയ്റ്റ്ലി പറഞ്ഞു.
മൂന്നാം മുന്നണിയില്‍ വൈരുദ്ധ്യങ്ങളും ഏറെ. തൃണമൂല്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഒന്നിച്ചുപോകില്ല. എസ്പിയും ബിഎസ്പിയും വിഭിന്ന ധ്രുവങ്ങളില്‍ നില്ക്കും. എഐഎഡിംകെയും ഡിഎംകെയും തമ്മിലും ഇണങ്ങില്ല. അതുപോലെതന്നെ ജെഡിയു ആര്‍ജെഡി ബന്ധവും. ഒരിക്കലും പരിഹരിക്കാനാവാത്ത രാഷ്ട്രീയ അഭിപ്രായഭിന്നതകളുടെ തീരാ തലവേദനയാകും അവര്‍ മുന്നണിക്കു സമ്മാനിക്കുക. ആശയപരമായ ഐക്യവും സ്ഥിരത നല്കുന്ന അധികാര കേന്ദ്രവും സഖ്യത്തിനില്ല.
കോണ്‍ഗ്രസ് നേതൃത്വത്തിലെ യുപിഎ ഭരണത്തില്‍ ജനങ്ങള്‍ക്കുള്ള നിരാശാബോധം സുവ്യക്തമായിക്കഴിഞ്ഞു. സാമ്പത്തികരംഗത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ഐക്യവും നിശ്ചയദാര്‍ഢ്യവും ഭരണസ്ഥിരതയും അനിവാര്യം. അവയുടെയെല്ലാം വിപരീത വശങ്ങളെയാണ് മൂന്നാം മുന്നണി പ്രതിനിധീകരിക്കുന്നതെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: