കൊച്ചി : എഫ്എസിടിക്കു പിന്നാലെ രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡും കടുത്ത പ്രതിസന്ധിയിലേക്ക്. 806 കോടി രൂപ ലാഭമുണ്ടാക്കിയ കമ്പനിയാണ് ഇപ്പോള്‍ കടുത്തപ്രതിസന്ധി നേരിടുന്നതെന്നതാണ് വിചിത്രം. സ്ഥാപനത്തിന്റെ രക്ഷക്ക് മുന്‍സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ പിന്തുടരാഞ്ഞതാണ് ഈ ദുസ്ഥിതിക്കു കാരണമെന്നു വിലയിരുത്തപ്പെടുന്നു.
വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് വകുപ്പുമന്ത്രിയായിരുന്ന സുരേഷ് പ്രഭു എച്ച്ഒസിയെ കെആര്‍എല്ലില്‍ ലയിപ്പിക്കുന്നതിനുള്ള സാധ്യത ആരാഞ്ഞു. ഇതു സംബന്ധിച്ച പഠനത്തിന് എം.പി.മുലായം സിംഗ് ചെയര്‍മാനായി പാര്‍ലമെന്റ് സമിതിയെ നിയമിച്ചു. സമിതിയുടെ എച്ച്ഒസിയെ കെആര്‍എല്ലില്‍ ലയിപ്പിക്കാന്‍ ശുപാര്‍ശചെയ്യുന്ന റിപ്പോര്‍ട്ടും നല്കി. എന്നാല്‍ തുടര്‍ന്നു വന്ന കോണ്‍ഗ്രസിന്റെ യുപിഎ സര്‍ക്കാര്‍ ശുപാര്‍ശ അവഗണിക്കുകയായിരുന്നു. നിലവില്‍ കമ്പനിയുടെ 58ശതമാനം ഷെയറും കേന്ദ്രസര്‍ക്കാരിന്റെ കൈവശമാണുള്ളത്.
1987ല്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ ഒരു വര്‍ഷം ഒഴിച്ച് 2011-12 സാമ്പത്തികവര്‍ഷം വരെ കമ്പനി ലാഭത്തിലായിരുന്നുവെന്നാണു രേഖകള്‍. 2012 മാര്‍ച്ചില്‍ യുപ.എ സര്‍ക്കാര്‍ ഫിനോളിന്റെയും അസറ്റോണിന്റേയും ഇറക്കുമതി തീരുവ (ആന്റി ഡമ്പിങ് ഡ്യൂട്ടി) എടുത്തുകളഞ്ഞതാണ് ഫിനോള്‍ പ്രധാന ഉത്പന്നവും അസറ്റോണ്‍ ഉപോത്പന്നവും ആയ എച്ച്ഒസിയെ കടുത്ത പ്രതിസന്ധിയിലേക്കു തള്ളിവിട്ടത്. തൊട്ടടുത്തവര്‍ഷം കമ്പനി നഷ്ടത്തിലേക്ക് കുതിച്ചു. അമ്പലമുകള്‍ പ്ലാന്റില്മാത്രം 2012-13ലെ നഷ്ടം 37 കോടിരൂപയും 2013-14ല്‍ ഇതുവരെയുള്ള നഷ്ടം 35കോടി രൂപയുമാണ്. ഡിസംബര്‍ 11-ാം തീയതിമുതല്‍ പ്രവര്‍ത്തനമൂലധനം തീര്ന്നവെന്ന കാരണം പറഞ്ഞ് പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തിയിരിക്കുകയാണ്. ഹൈഡ്രജന്‍ പെറോക്സൈഡ് പ്ലാന്റ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.
സര്‍ക്കാരിന്റെ അനാസ്ഥയും അവഗണനയുമാണ് എച്ച്ഒസിയുടെ ഇന്നത്തെ സ്ഥിതിക്കു കാരണമെന്ന് സേവ് എച്ച്ഒസി ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ.എസ്.പ്രകാശന് ജന്മഭൂമിയോടു പറഞ്ഞു. 60കോടി രൂപ അടിയന്തിര സഹായവും, ഇറക്കുമതി തീരുവ പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് വകുപ്പുമന്ത്രിക്കും വാണിജ്യകാര്യമന്ത്രിക്കും കമ്പനി മാനേജ്മെന്റ് മെമ്മോറാണ്ടം നല്‍കിയിട്ടും യാതൊരു ഫലവും കണ്ടില്ല. സേവ് എച്ച്ഒസി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്ത്വത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നര്‍കിയിരുന്നു.
ഇതിനു പുറമേയാണ് ജീവനക്കാരുടെ പ്രശ്നങ്ങള്‍. കമ്പനിയുടെ അമ്പലമുകള്‍ യൂണിറ്റിലെ ജീവനക്കാരുടെ പിഎഫ് തുക അടയ്ക്കുന്നില്ല. കഴിഞ്ഞ മാസം നിരാഹാരവും അറസ്റ്റുവരിക്കലും ഒക്കെ കഴിഞ്ഞതിനു ശേഷമാണ് ശംബളം ലഭിച്ചത്. ഈ സാഹചര്യത്തില്‍ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകാനാണു ജീവനക്കാരുടെ പരിപാടി. ഇതിന്റെ തുടക്കമായി ഇന്നലെ സേവ് എച്ച്ഒസി ആക്ഷന്‍ കൗണ്‍സില്‍ 24 മണിക്കൂര്‍ കൂട്ടധര്‍ണ്ണയും നടത്തിയിരുന്നു.
പോഷകാഹാരപദ്ധതിയുള്പ്പെടെ സൗകര്യങ്ങള്‍ നിര്‍ത്തലാക്കി. ക്ഷാമബത്ത മരവിപ്പിച്ചതു കൂടാതെ വാര്‍ഷിക ശംബള വര്‍ദ്ധനയും പ്രൊമോഷനും നിര്‍ത്തലാക്കി. റിട്ടയര്ചെയ്തവര്ക്ക്ആനുകൂല്യങ്ങള് ഇതുവരെ നല്‍കിയിട്ടില്ല. ഈ മാസം 15ന് എറണാകുളത്തു ചേരുന്ന കേരളത്തിലെ കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളുടെ സംസ്ഥാനകണ്‍വന്‍ഷന്‍ ഭാവി സമരപ്രക്ഷോഭങ്ങള്‍ക്ക് അന്തിമരൂപം നല്‍കുമെന്നും ആക്ഷന്‍കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു.
കെ.എം.കനകലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: