Categories: Varadyam

വൈഷ്ണവ ഭക്തിയുടെ നിറകുടം തുറന്ന മധ്വാചാര്യര്‍

Published by

മധ്വാചാര്യരുടെ സമാധിദിനം മാധ്വനവമിയായി ആചരിച്ച്‌ വരുന്നു, ഈ വര്‍ഷം മാധ്വനവമി ഫെബ്രുവരി എട്ടിനാണ്‌. എല്‍.ആര്‍.പോറ്റി എഴുതുന്നു…

മായാവാദങ്ങള്‍ മിഥ്യാവാദങ്ങളാണെന്നും, ഈ ലോകം മായയല്ല യഥാര്‍ത്ഥമാണെന്നും യുക്തിസഹമായി ഭാരതീയ ജനതയെ ബോദ്ധ്യപ്പെടുത്തിയമഹാനായ ആത്മീയഗുരുവാണ്‌ മധ്വാചാര്യര്‍, മധ്വാചാര്യരുടെ ദ്വൈതസിദ്ധാന്തം ഭാരതത്തിലെ ഒരു വലിയവിഭാഗം ജനങ്ങളെ ആകര്‍ഷിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച്‌ കര്‍ണ്ണാടകയില്‍, ഈ തത്ത്വ സംഹിതയ്‌ക്ക്‌, ആഴത്തില്‍ വേരോട്ടം നടത്തുവാന്‍ കഴിഞ്ഞു.

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ മാറി പാറകളുടെയും ചെറുകുന്നുകളുടെയും ഇടയ്‌ക്ക്‌ സ്ഥിതിചെയ്യുന്ന അതിമനോഹരമായ ഒരു ഗ്രാമമാണ്‌ പജക്കെ. തീരെ അറിയപ്പെടാതിരുന്ന ഈ ഗ്രാമമാണ്‌ മധ്വാചാര്യര്‍ ജനിച്ചത്‌. ഇപ്പോള്‍ മധ്വാചാര്യരുടെ ജന്മഗൃഹം ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറിയിരിക്കുന്നു. പജക്കെ ക്ഷേത്രം എന്നാണ്‌ ഈ ഗൃഹം അറിയപ്പെടുന്നത്‌. എ.ഡി 1238 ലെ വിജയദശമി ദിവസമാണ്‌ മധ്വാചാര്യര്‍ ശ്രീനാദില്ലായ നാരായണ ഭട്ടിന്റെയും വേദവതിയുടെയും മകനായി ഭൂജാതനായത്‌. വാസുദേവന്‍ എന്ന പേരാണ്‌ ഇദ്ദേഹത്തിന്‌ അച്ഛനമ്മമാര്‍ നല്‍കിയിരുന്നത്‌.

അസാധാരണ ബുദ്ധിവൈഭവമുള്ള ഒരു കുട്ടിയായിരുന്നു വാസുദേവന്‍. പത്തുവയസു തികയും മുമ്പേ വേദങ്ങളും ഉപനിഷത്തുകളും ഹൃദിസ്ഥമാക്കി. പതിനൊന്നു വയസ്സില്‍ തന്നെ സന്യാസിയായി ഏകാന്തജീവിതം നയിക്കാനാണ്‌ വാസുദേവന്‍ തീരുമാനിച്ചത്‌. എ.ഡി. 1249 ല്‍ അച്യുതപ്രേക്ഷതീര്‍ത്ഥ എന്ന സന്യാസിയില്‍ നിന്നാണ്‌ വാസുദേവന്‍ സന്യാസം സ്വീകരിച്ചത്‌. പൂര്‍ണ്ണപ്രജ്ഞ എന്ന നാമധേയം നല്‍കി അദ്ദേഹത്തെ ഗുരു ആദരിച്ചു. സന്യാസം സ്വീകരിച്ച്‌ അധികം വൈകാതെ തന്നെ അദ്ദേഹത്തിന്‌ തന്റെ പാണ്ഡിത്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. ഗുരു പഠിപ്പിച്ച അദ്വൈത തത്വങ്ങളില്‍ പൂര്‍ണ്ണപ്രജ്ഞക്ക്‌ തൃപ്തി വന്നില്ല. വേദാന്തത്തിന്റെ അന്തരാര്‍ത്ഥങ്ങളെ വിപുലമായി വ്യാഖ്യാനിക്കാന്‍ പൂര്‍ണ്ണ പ്രജ്ഞ ശ്രമിച്ചു യുക്തിയുക്തങ്ങളായ വ്യാഖ്യാനങ്ങളാല്‍ അദ്വൈതതത്വങ്ങളെ അദ്ദേഹം ഖണ്ഡിച്ചു. നിരവധി പണ്ഡിതന്മാര്‍ അദ്ദേഹത്തോടു മത്സരിച്ചു പരാജയപ്പെട്ടു. പൂര്‍ണ്ണപ്രജ്ഞയുടെ ഈ വളര്‍ച്ചയില്‍ സന്തുഷ്ടനായ ഗുരു. അദ്ദേഹത്തെ വേദാന്ത ചക്രവര്‍ത്തിയായി വാഴിച്ചു. അനന്തതീര്‍ത്ഥ എന്ന ബഹുമതിയും നല്‍കി തന്റെ മഠാധിപനായി അവരോധിച്ചു.

വേദവ്യാസഭഗവാനെ ഗുരുവായി സ്വയം അംഗീകരിച്ച്‌ വേദാന്തവുമായി ബന്ധമുള്ള മധ്വാചാര്യര്‍ എന്ന പേര്‌ സ്വീകരിച്ചു. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ അദ്ദേഹം സഞ്ചരിച്ച്‌ പ്രഭാഷണങ്ങള്‍ നടത്തി ജനങ്ങളെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കുവാനുള്ള മാര്‍ഗ്ഗം തേടുവാന്‍ ഉപദേശിച്ചു. തിരുവനന്തപുരത്തുവച്ചു മധ്വാചാര്യര്‍ ശൃംഗേരി മഠാധിപതി വിദ്യാശങ്കരനെ കണ്ടു. അവര്‍ ആശയപരമായി ഏറ്റുമുട്ടി. വിയോജിപ്പോടെ പിരിയുകയും ചെയ്തു. പിന്നീട്‌ രാമേശ്വരത്ത്‌ അവര്‍ വീണ്ടും കണ്ടുമുട്ടി. നാലുമാസത്തോളം ഒന്നിച്ചു കഴിഞ്ഞു. പാണ്ഡ്യ-ചോള രാജ്യങ്ങളില്‍ക്കൂടി യാത്ര ചെയ്ത്‌ ഉഡുപ്പിയിലേക്ക്‌ മധ്വാചാര്യര്‍ മടങ്ങിയെത്തി.

തുടര്‍ന്ന്‌ ഉപനിഷത്തുക്കള്‍ക്കു ഭാഷ്യങ്ങള്‍ തയാറാക്കി. ധാരാളം ഭക്തിഗാനങ്ങളും രചിച്ചു. ഇക്കാലത്താണ്‌ മധ്വാചാര്യര്‍ ഉഡുപ്പിയില്‍ ശ്രീകൃഷ്ണ വിഗ്രഹ പ്രതിഷ്ഠ നടത്തിയത്‌. പണ്ട്‌ അര്‍ജ്ജുനന്‍ പൂജിച്ചിരുന്നു എന്ന്‌ കരുതപ്പെടുന്ന ശ്രീകൃഷ്ണ വിഗ്രഹം ഗോപീചന്ദനത്താല്‍ മൂടപ്പെട്ട്‌ ഒരു തോണിയില്‍ സമുദ്രതീരത്ത്‌ എത്തിയ വിവരം അറിഞ്ഞ മധ്വാചാര്യര്‍ അത്‌ വാങ്ങി, ഉഡുപ്പിയില്‍ പ്രതിഷ്ഠിച്ചുവത്രെ. തന്റെ മൂന്നാം ഭാരതപര്യടനം ബംഗാള്‍, കാശ്മീര്‍, ആസ്സാം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടായിരുന്നു ഗോവയില്‍ ഗൗഡസാരസ്വത ബ്രാഹ്മണര്‍ അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ച്‌ വൈഷ്ണവരായി.

മധ്വാചാര്യര്‍ വേദത്തിലേയും വേദസാഹിത്യത്തിലേയും ഒരു ഗവേഷകനായി തുടര്‍ന്നു. കര്‍ണ്ണാടക സംഗീതത്തിന്‌ ഒരു പ്രത്യേക ഭാവം നല്‍കി. ധാരാളം ഗാനങ്ങള്‍ രചിച്ചു. തന്റെ സംഗീത വൈഭവം ഭാഗവത ആട്ട, ദശാവദാരദ ആട്ട തുടങ്ങിയ നാടോടി കലാരൂപങ്ങള്‍ വഴിയും സാമാന്യജനങ്ങളില്‍ തന്റെ തത്വങ്ങളെ പ്രചരിപ്പിക്കുവാന്‍ അദ്ദേഹത്തിനായി. എതിരാളികളെപ്പോലും വശീകരിച്ചുകൊണ്ട്‌ മധുരമധുരമായി പ്രഭാഷണം നടത്തിയിരുന്നതിനാല്‍ പണ്ഡിതര്‍ അദ്ദേഹത്തെ മധുഭാഷിയെന്ന്‌ വിളിച്ചു.

അറുപതാം വയസിലും യാഥാസ്ഥിതിക വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും മധ്വാചാര്യര്‍ എതിര്‍പ്പ്‌ നേരിട്ടുകൊണ്ടിരുന്നു. പുണ്ടരികപുരി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു അദ്വൈത സന്യാസി ഉഡുപ്പിയില്‍ ഒരു ചര്‍ച്ചയ്‌ക്ക്‌ ക്ഷണിച്ചു. ഒടുവില്‍ പരാജയം ബോധ്യപ്പെട്ട്‌ മടങ്ങി. കുംബ്ലേയിലെ തുളു രാജാവ്‌ ജയസിംഹ, മധ്വാചാര്യരെ തന്റെ സദസിലേക്ക്‌ ക്ഷണിച്ചുവരുത്തി ആദരിച്ചിരുന്നു. മധ്വാചാര്യരുമായി പതിനഞ്ചു ദിവസം നീണ്ടു നിന്ന സംവാദത്തില്‍ ഏര്‍പ്പെട്ട രാജസദസിലെ പണ്ഡിതനായ പെജത്തായത്രിവിക്രമ, മധ്വാചാര്യരുടെ ശിഷ്യത്വം നേടു. പിന്നീട്‌ ത്രിവിക്രമയുടെ ആഗ്രഹം മാനിച്ച്‌ ബ്രഹ്മസൂത്രത്തിന്റെ വ്യാഖ്യാനവും ന്യായവിവരണ എന്ന കൃതിയും തയ്യാറാക്കി.

ആകെ 37 ഗ്രന്ഥങ്ങള്‍ മധ്വാചാര്യര്‍ രചിച്ചിട്ടുണ്ട്‌. ഇതില്‍ ഗീതാഭാഷ്യവും വളോപനിഷത്ത്‌ ഭാഷ്യങ്ങളുമാണ്‌ പ്രസിദ്ധം.ഋക്മന്ത്രങ്ങള്‍ക്ക്‌ ഭാഷ്യമെഴുതിയ ഒരേയൊരു ആചാര്യനാണദ്ദേഹം. ഭഗവദ്ഗീതയും ഭാരതതാല്‍പര്യ നിര്‍ണ്ണയവും, തന്ത്രസാരം, ദ്വാദശസ്തോത്രം തുടങ്ങിയവയും മറ്റു കൃതികളാണ്‌. മധ്വാചാര്യരുടെ 37 ഗ്രന്ഥങ്ങളേയും ചേര്‍ത്ത്‌ സര്‍വ്വമൂലഗ്രന്ഥം എന്നു വിളിക്കുന്നു.

പല ജന്മങ്ങളിലായി നിര്‍വ്വഹിക്കേണ്ട സത്കര്‍മ്മങ്ങളെല്ലാം ഒറ്റജന്മം കൊണ്ട്‌ ചെയ്ത ശേഷം എ.ഡി 1317 -ല്‍ എഴുപത്തൊമ്പതാം വയസില്‍ അദ്ദേഹം ഈ ലോകത്തോട്‌ വിട പറഞ്ഞു. എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ സ്വര്‍ഗ്ഗാരോഹണ ദിവസം മാധ്വനവമിയായി ആഘോഷിക്കപ്പെടുന്നു. മധ്വാചാര്യര്‍ സ്ഥാപിച്ച അഷ്ടമഠങ്ങള്‍, പളിമാര്‍, അദമാര്‍, കൃഷ്ണാപൂര്‍, പുത്തിഗെ, ശിരൂര്‍, സോദി, കണിയൂര്‍, പെജവാര്‍ എന്നിവയാണ്‌ ശ്രീകൃഷ്ണ വിഗ്രഹപൂജ മാത്രമല്ല, ദ്വൈതസിദ്ധാന്തത്തിന്റെ പ്രചാരണവും ഈ മഠാധിപരുടെ കര്‍ത്തവ്യമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ശ്രീ മധ്വാചാര്യരുടെ ചിന്താസരണിയെ തത്വവാദം എന്നും ദ്വൈതമതം എന്നും വിളിക്കുന്നു. പരമാത്മാവും (ദൈവവും) ജീവാത്മാവും (ജീവനും) തമ്മിലുള്ള വ്യത്യാസത്തെ അടിവരയിട്ട്‌ പ്രഖ്യാപിക്കുന്ന തത്വസിംഹിതയാണ്‌ ദ്വൈതസിദ്ധാന്തം.

മധ്വാചര്യരുടെ തത്വശാസ്ത്രം, പരമോന്നത സത്യ(ദൈവം)വും അനശ്വരങ്ങളായ ആത്മീയസത്തകളും (ജീവന്‍) തമ്മിലുള്ള വ്യത്യാസവും, ജീവനും അവയുടെ വളര്‍ച്ചയ്‌ക്കാവശ്യമായ ഭൗതിക വസ്തുക്കളും തമ്മിലുള്ള വ്യത്യാസവും തിരിച്ചറിയുന്ന ഒന്നാണ്‌. മാധ്വതത്വശാസ്ത്രത്തില്‍ ഇത്തരത്തിലുള്ള അഞ്ച്‌ വ്യത്യാസങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നു. (1) ദൈവവും ജീവനും ഒന്നല്ല (ബ്രഹ്മ-ജീവഭേദം) (2) ദൈവവും പദാര്‍ത്ഥവും ഒന്നല്ല (ബ്രഹ്മ-ജഗത്ഭേദം) (3) ഒരു ജീവനും മറ്റൊരു ജീവനും ഒന്നല്ല (ജീവ-ജീവഭേദം) (4) ജീവനും പദാര്‍ത്ഥവും ഒന്നല്ല (ജീവ-ജഗത്ഭേദം) (5) ഒരു തരത്തിലുള്ള പദാര്‍ത്ഥവും മറ്റൊന്നും ഒന്നല്ല (ജഗത്‌-തത്ഭാഗഭേദം). ജീവാത്മാവും പരമാത്മാവും ഭിന്നമാണ്‌.

ശ്രീ ശങ്കരാചാര്യരുടെ തത്വങ്ങള്‍ മായയെ ആശ്രയിച്ചു നിലകൊള്ളുന്നു. മായാവാദങ്ങള്‍ മിഥ്യാവാദങ്ങളാണ്‌. എന്നാല്‍ ഈ ലോകം യഥാര്‍ത്ഥമാണ്‌. ഇതാണ്‌ മധ്വാചാര്യരുടെ അഭിപ്രായം. മായാവാദങ്ങളെ യുക്തിസഹമായി ഖണ്ഡിച്ചുകൊണ്ട്‌ മധ്വാചാര്യര്‍ രചിച്ച ഗ്രന്ഥമാണ്‌ മായാവാദ ഖണ്ഡനം.

ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തത്തോടുളള തന്റെ വിയോജിപ്പ്‌ ശക്തമായിത്തന്നെ മധ്വാചാര്യര്‍ പ്രകടിപ്പിച്ചു. അദ്വൈത സിദ്ധാന്തത്തിന്റെ വക്താവായിരുന്നിട്ടുകൂടി മധ്വാചാര്യരുടെ ഗുരു തന്റെ ശിഷ്യന്റെ ആശയങ്ങള്‍ക്ക്‌ എതിരു നിന്നില്ല. എന്നാല്‍ തന്റെ വാദഗതികളെ ഖണ്ഡിച്ചുകൊണ്ട്‌ മധ്വാചാര്യര്‍ ചോദിച്ചു മനുഷ്യനെങ്ങനെ ദൈവമാകാന്‍ പറ്റും? ഇരുട്ടിനെങ്ങനെ പ്രകാശവുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയും? അറിവില്ലായ്മയും അറിവും വേറിട്ടുനില്‍ക്കുകയല്ലേ ഉള്ളു.

മനുഷ്യന്റെ കര്‍മ്മവും ചിന്തയും പ്രേമവുമാണ്‌ സുഖസമ്പാദനത്തിനുള്ളവഴികള്‍. ഇവയെ പഠിപ്പിക്കുന്ന തത്വശാസ്ത്രമാണ്‌ മതം, സത്യം, നിത്യം, ജ്ഞാനം, എന്നിവയുടെ കേന്ദ്രമാണ്‌ വേദാന്തം, ഇത്‌ സര്‍വശാസ്ത്രങ്ങളും പുരാണങ്ങളും വേദതത്വങ്ങളും ഉള്‍ക്കൊള്ളുന്നു. മതവും വേദാന്തവും വായുതുല്യങ്ങളാണ്‌.

ഭാരതത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനശക്തിയുള്ള ദൈവശാസ്ത്ര പണ്ഡിതരില്‍ ഒരാളാണ്‌ മധ്വാചാര്യര്‍. കര്‍ണ്ണാടകയിലെ വൈഷ്ണവഭക്തി പ്രസ്ഥാനത്തിലെ പ്രധാനികളായ പുരന്തരദാസും കനകദാസും ദ്വൈതസിദ്ധാന്തത്തിന്റെ ശക്തരായ അനുയായികളായിരുന്നു. രാഘവേന്ദ്രസ്വാമികള്‍ ഈ സിദ്ധാന്തത്തിന്റെ പ്രചാരകരില്‍ നേതൃനിരക്കാരിലൊരാളാണ്‌.

ശ്രീ മധ്വാചാര്യര്‍ യാഥാര്‍ത്ഥ്യബോധത്തോടുകൂടിയുള്ള തത്വശാസ്ത്രത്തിന്റെ ഉടമയാണ്‌. ഭക്തിപ്രസ്ഥാനത്തിന്റെ പ്രമുഖനായ മാര്‍ഗ്ഗദര്‍ശകനും. ശ്രീ മധ്വാചാര്യര്‍ വായു ഭഗവാന്റെ (മുഖ്യപ്രാണന്‍) അവതാരമാണെന്നും, ഭഗവാന്‍ നാരായണന്റെ നിര്‍ദ്ദേശമനുസരിച്ച്‌ ശാസ്ത്രങ്ങളെ ശരിയാംവണ്ണം വ്യാഖ്യാനിച്ച്‌ ജനങ്ങളെ മോക്ഷപ്രാപ്തിക്ക്‌ പ്രാപ്തരാക്കുക എന്ന ധര്‍മ്മ പരിപാലനത്തിനായി അവതരിച്ചതാണെന്നും വിശ്വസിച്ചുപോരുന്നു.

കേരളത്തിലെ തുളുബ്രാഹ്മണര്‍ ഒന്നടങ്കം മധ്വാചാര്യരുടെ സിദ്ധാന്തത്തെ പിന്‍തുടരുന്നവരാണ്‌. എല്ലാ വര്‍ഷവും മധ്വാചാര്യരുടെ സമാധിദിനം മാധ്വനവമി എന്ന പേരില്‍ ക്ഷേത്രങ്ങളില്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തി ആചരിച്ച്‌ വരുന്നു. ഈ വര്‍ഷത്തെ മാധ്വനവമി ഫെബ്രുവരി എട്ടിനാണ്‌ ആഘോഷിക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by