ഒഞ്ചിയത്ത് സംഭവിച്ചത് നാട്ടില്‍ മുഴുക്കെ സംഭവിക്കുമെന്ന് കരുതി കഥയും ഉപകഥയും രചിച്ച് നാട്ടുകാരുടെ ചോരച്ചൂട് കൂട്ടിയ മധ്യമവിശാരദന്മാര് ഒരു കാര്യം മനസ്സിലാക്കണം. പാര്‍ട്ടിക്ക് ആരും അന്യരല്ല. ഇന്നത്തെ ശത്രു നാളത്തെ യജമാനന്, മറ്റന്നാളത്തെ ചക്രവര്‍ത്തി എന്ന നിലപാടാണ്. അത് അറിഞ്ഞുകൂടാത്ത പീക്കിരിപ്പിള്ളേരാണ് ക്യാമറക്കോലും കടലാസ് പാഡുമായി അക്ഷരക്കസര്ത്തും ദൃശ്യക്കസര്ത്തുമായി നടക്കുന്നത്. ചില സമയത്ത് ചിലയാളുകള്‍ക്ക് ചില വെളിപാടുകള്‍ ഉണ്ടാവും. കേട്ടിട്ടില്ലേ ബുദ്ധന് ആയത് ഉണ്ടായത് ഒരു മരച്ചോട്ടില്‍ വെച്ചാണ്. മറ്റു ചിലര്‍ക്ക് വേറെ സ്ഥലത്തുവെച്ചും. ഒഞ്ചിയത്തെ സഹോദരന് അത് എവിടെ വെച്ചാണെന്ന് ബോധ്യമില്ലെങ്കിലും ഉണ്ടായി എന്നത് സത്യമാണ്. അതിനെ പാര്‍ട്ടി ഭാഷയില്‍ നയവ്യതിയാനം എന്നു പറയും. അത്തരം വ്യതിയാനികളെ തൊട്ടാവാടിമുള്ളുകൊണ്ടു പോലും തോണ്ടാറില്ല. അത് ഈ പാര്‍ട്ടിയുടെ ശൈലിയല്ല.
ഏതോ കാരണവശാല്‍ എന്തിന്റെയോ പേരില്‍ (ഒറപ്പാണേ, പാര്‍ട്ടിനയത്തിന്റെ പേരിലല്ല) ആരൊക്കെയോ എന്തൊക്കെയോ ചെയ്തു. ജനസേവനം മാത്രം ലക്ഷ്യമിടുന്നതിനാല്‍ ഏത് നട്ടപ്പാതിരക്കും സഖാക്കള്‍ റോട്ടിലും തോട്ടിലും ഒക്കെയുണ്ടാകും. നിരീക്ഷണം പാര്‍ട്ടി പരിപാടിയാണ്. അങ്ങനെയുള്ള ഒരു വേളയിലാണ് ഒഞ്ചിയത്തെ സഹോദരനെ ആരോ എന്തൊക്കെയോ ചെയ്യുന്നത് കണ്ടത്. അരുത് കാട്ടാളരേ എന്നു പറഞ്ഞ് പിടിച്ചു മാറ്റാനും പ്രശ്നം തീര്‍ക്കാനും പോയവരെ കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. അങ്ങനെയാണ് സകല ജനങ്ങള്‍ക്കും പ്രിയങ്കരനായ കുഞ്ഞനന്തന് (കാലന് എന്ന് ചില പോലീസ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ടെന്ന് അസൂയാലുക്കള്‍ പറയുന്നത് വിശ്വസിക്കരുത്. സ്നേഹത്തിന്റെ ആള്രൂപമാണല്ലോ യമധര്മ്മന്.
അതുകൊണ്ടാവാം അങ്ങനെ ഓമനപ്പേരു വീണത്), മനോജന് എന്ന ട്രൗസര്‍ മനോജന്, കെ.സി. രാമചന്ദ്രന് എന്നിവര്‍ കൊലയാളികളുടെ ലിസ്റ്റില്പ്പെട്ടുപോയത്. വലതുപക്ഷ അജണ്ടയുടെ ക്രൂരയാഥാര്‍ത്ഥ്യം വാസ്തവത്തില്‍ തിരിച്ചറിയേണ്ടതാണ്. ചിലരൊക്കെ ആയത് മനസ്സിലാക്കിയതിന്റെ ആനന്ദം പാനൂരില്‍ പങ്കുവെച്ചത് കണ്ടിരിക്കുമല്ലോ. മേല്‍സൂചിപ്പിച്ച ധീരസഖാക്കളെ കേസില്‍പ്പെടുത്തി ജയിലിലേക്കയച്ചതില്‍ പാര്‍ട്ടിക്ക് ഒട്ടും വിഷമമില്ല എന്നു മാത്രമല്ല വന്‍ ആഹ്ലാദമാണുള്ളത്. ആ ഹര്‍ഷപുളകിത സംഭവഗതിയുടെ ഓര്‍മയില്‍ തുള്ളിച്ചാടി എത്രയെത്ര അമിട്ടും കതിനയും പടക്കവുമാണ് പൊട്ടിച്ചത് എന്നറിയുമോ? പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഒഞ്ചിയത്തെ സംഭവഗതികള്‍ ഒട്ടൊന്നുമല്ല സഹായിച്ചത്. ഇനിയും അത്തരം സംഭവങ്ങള്‍ നാടുമുഴുക്കെ ഉണ്ടാവുമെന്നും പടര്‍ന്നു പന്തലിച്ച് മൊത്തം സമൂഹത്തിന് തണല്‍ നല്‍കുമെന്നും കട്ടായം പറഞ്ഞുകൊണ്ട് അടുത്തയാഴ്ച ഇതേ ചാനലില്‍ ഇതേ സമയം കാണാം.
സംഗതി എന്തൊക്കെയായാലും ടിപി വധം എന്നു കേള്‍ക്കുമ്പോള്‍ സിപിഎമ്മിനെയാണ് ബഹുഭൂരിപക്ഷവും ഓര്‍ക്കുന്നത്. അതെന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. ചെങ്കൊടിത്തണലിലേക്ക് ആയിരങ്ങള്‍ അണിചേരുമ്പോള്‍ തന്നെയാണ് ഇങ്ങനെ സംഭവിക്കുന്നതും. അതിലേക്ക് വെളിച്ചം വീശുന്ന രണ്ട് സൂപ്പര്‍ ലേഖനങ്ങള്‍ നിങ്ങള്‍ക്ക് ജനു. 29 ലെ മാതൃഭൂമി പത്രത്തില്‍ വായിക്കാം. ടിപി വധം മാത്രം പശ്ചാത്തലമാക്കി എം.പി. വീരേന്ദ്രകുമാര്‍ എഴുതിയ കൊല്ലിച്ചവര്‍ക്ക് ശിക്ഷ ലഭിച്ച ആദ്യ വിധി ആണ് ആദ്യത്തേത്. കവിയും പ്രഭാഷകനും അഭിഭാഷകനുമായ പി.എസ്.ശ്രീധരന്‍പിള്ളയുടെ ലേഖനമാണ് അടുത്തത്. അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ ആത്മപരിശോധന വേണം എന്നാണ് തലക്കെട്ട്. ടിപി വധത്തില്‍ തങ്ങള്‍ക്ക് പങ്കേയില്ലെന്ന് സിപിഎം പറയാനുള്ള കാരണമാണ് ശ്രീധരന് പിള്ള ചൂണ്ടിക്കാട്ടുന്നത്. നോക്കുക: ക്രിമിനല്‍ കേസില്‍ ഗൂഢാലോചന തെളിയിക്കുക അത്യന്തം ദുഷ്കരമാണ്. ഒരു ക്രിമിനല്‍ സംഭവത്തിന്റെ ‘റൂട്ട്’ ഗൂഢാലോചനയും ‘ഫ്രൂട്ട്’ കൊലയും എന്നാണ് സുപ്രീംകോടതി ഒരിക്കല്‍ വിശേഷിപ്പിച്ചത്. വേര് അദൃശ്യവും ഫലം ദൃശ്യവുമെന്നാണ് ഇതിലൂടെ അര്‍ത്ഥമാക്കിയത്. കൊലയെന്ന സംഭവം സാക്ഷികളിലൂടെ തെളിയിക്കാനാവുമ്പോള്‍ ഗൂഢാലോചന സാഹചര്യങ്ങളില്‍ നിന്ന് അനുമാനിക്കപ്പെടുകയാണ് പതിവ്. എന്നാല്‍ ചന്ദ്രശേഖരന് കേസിലെ വധഗൂഢാലോചന വ്യക്തമായി തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തി. തെളിയിക്കപ്പെട്ട പ്രസ്തുത ഗൂഢാലോചനയിലെ കുറ്റാരോപിതരില്‍ സിപിഎം നേതാക്കളായ മൂന്നു പേരുടെ പങ്ക് തെളിയിക്കപ്പെടുകയും അവര്‍ക്ക് ജീവപര്യന്തം തടവ്ശിക്ഷ നല്‍കുകയും ചെയ്തിരിക്കയാണ്.
നേരത്തെ മറ്റ് ചിലരുടെ പങ്ക് സംശയാതീതമായി തെളിയിക്കാനാവാത്തതിനാല്‍ അവരെ സംശയത്തിന്റെ ആനുകൂല്യം നല്കി കോടതി വിട്ടയച്ചിരുന്നു. ഇപ്രകാരം വിട്ടയച്ച പ്രതികളെ ഉയര്‍ത്തിക്കാട്ടിയാണ് സിപിഎം തങ്ങളെ കുറ്റവിമുക്തരാക്കിയെന്ന് അവകാശപ്പെടുന്നത്. അങ്ങനെ അവകാശപ്പെടാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുള്ളതുപോലെ അങ്ങനെയല്ലെന്ന് പറയാന്‍ നാട്ടുകാര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അത് വകവെച്ചു കൊടുക്കാത്തതിനാലാണല്ലോ ഒഞ്ചിയങ്ങള്‍ ഉണ്ടാവുന്നത്. ഇനി വീരേന്ദ്രകുമാര്‍ പറയട്ടെ: പാര്‍ട്ടിയുടെ തിട്ടൂരങ്ങളെ ചോദ്യം ചെയ്യുന്നവരോട് സിപിഎം കാണിക്കുന്ന അസഹിഷ്ണുതയുടെ ഏറ്റവും അവസാനത്തെ ഇരയാണ് ടി.പി. ചന്ദ്രശേഖരന്. സിപിഎമ്മിന്റെ നേതൃത്വത്തിലും കാര്‍മികത്വത്തിലും നിരവധി കൊലപാതകങ്ങള്‍ കേരളത്തില്‍ അരങ്ങേറിയിരുന്നുവെങ്കിലും ടി.പി. ചന്ദ്രശേഖരന് വധത്തിന് ലഭിച്ച രാഷ്ട്രീയ, സാമൂഹിക പ്രാധാന്യം കൂടുതല്‍ ശ്രദ്ധയാര്‍ജിച്ചു. തന്റെ ആയുസ്സിലെ സുദീര്‍ഘകാലം സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ടി.പി. ചന്ദ്രശേഖരന്. ദശകങ്ങളോളം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ് അവസാനം അദ്ദേഹത്തിന്റെ ജീവനെടുക്കാന്‍ ഗൂഢാലോചന നടത്തിയത്. ഇവിടെ ദേശാഭിമാനി ജനു. 29ന് കൊടുത്ത തലക്കെട്ട് ഒന്നുകൂടി നമുക്ക് വായിക്കാം. പാനൂരിനെ ചുവപ്പിച്ച് മഹാസംഗമം, ചെങ്കൊടിത്തണലിലേക്ക് ആയിരങ്ങള്‍. മാറോടണയ്ക്കാനോ മാറു പിളര്‍ക്കാനോ? കാലം കണക്കു പറയട്ടെ.
വര്‍ഗബഹുജനങ്ങളെ എന്നും കാത്തുസൂക്ഷിക്കാന്‍ ബാധ്യതപ്പെട്ട പാര്‍ട്ടിക്ക് അതിന്റേതായ ഒരു ശൈലിയുണ്ട്; തകര്‍ക്കാന്‍ പറ്റാത്ത ശൈലി. അതിനെതിരുനില്‍ക്കുന്നവര്‍ എതിരാളികളല്ല; ശത്രുക്കള്‍. അത്തരം ശത്രുക്കളെ ഏത് ശൈലിയില്‍ ഉന്മൂലനം ചെയ്യണമെന്നതിനെക്കുറിച്ചും തികഞ്ഞ ബോധ്യമുണ്ട്. അത്യാവശ്യം തെളിവുകള്‍ ചികഞ്ഞെടുത്ത് കോടതിയെ ബോധ്യപ്പെടുത്തിയതിനാല്‍ ഒഞ്ചിയം ശൈലി തിരിച്ചറിഞ്ഞു, പണികിട്ടി. ഇതില്‍ നിന്ന് ബംഗാള്ശൈലിയിലേക്ക് മാറാന്‍ ആലോചനയുണ്ട്. അവിടെ ഇമ്മാതിരി ഏര്‍പ്പാടൊന്നും ഇല്ല. വലിയ കുഴികുഴിച്ച് ഒന്നോ രണ്ടോ ചാക്ക് ഉപ്പും ചേര്‍ത്ത് ശത്രുവിനെ അതിലിട്ട് മൂടും. സോ സിമ്പ്ല്, ഗ്രേറ്റ്. അത് സുന്ദരമായി നടപ്പാക്കിയതിന്റെ സുഖം പത്തുമുപ്പതു കൊല്ലമായി അനുഭവിക്കുകയായിരുന്നു. പിന്നെയൊരു പെണ്ണൊരുത്തിയിറങ്ങി സകലതും തകര്‍ത്തു. എന്നാലും ക്ലച്ച് പിടിക്കാതിരിക്കില്ല. ഒഞ്ചിയത്തും വാസ്തവത്തില്‍ അങ്ങനെ ചെയ്താല്‍ മതിയായിരുന്നു. പക്ഷേ, ഒരു പ്രശ്നമുണ്ട്. വംഗനാട്ടില്‍ കാക്കത്തൊള്ളായിരം ഹെക്ടര്‍ സ്ഥലം വെറുതെ കിടക്കുകയാണ്. എന്തും എവിടെയും ആകാം. ഇവിടെ അഞ്ചുസെന്റ് സ്ഥലത്ത് അഞ്ഞൂറ് വീടാണ്. അത് മറികടക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സമീപഭാവിയില്‍ ഉന്മൂലനം ഉച്ചി വരെ എന്ന ശ്ലോകനുമായി യാത്രയ്ക്കുള്ള ഏര്‍പ്പാട് ചെയ്യുന്നുണ്ട്. എവിടെയെങ്കിലും വേസ്റ്റ്ലാന്റ് ഉണ്ടോ എന്ന് അങ്ങനെ അറിയാം. മുഷിയരുത്, വീണ്ടും ദേശാഭിമാനി തലക്കെട്ടിലേക്ക് തിരിച്ചുപോകാം: ചെങ്കൊടിത്തണലിലേക്ക് ആയിരങ്ങള്‍!
തികച്ചും അവിശ്വസനീയം എന്നു വേണമെങ്കില്‍ പറയാം. ഒരു പുസ്തകപ്രകാശനത്തിന് (അതും ലേഖനസമാഹാരം) അഞ്ഞൂറിലധികം പേരുടെ കനപ്പെട്ട സദസ്സ്. വേദിയില്‍ മലയാളത്തിന്റെ പ്രൗഢതേജസ്സും ജ്ഞാനപീഠപുരസ്കൃതനുമായ എം.ടി, എഴുത്തും പ്രസംഗവും പാണ്ഡ്യത്യവും കളിചിരിയുമായി ആര്‍ത്തുല്ലസിക്കുന്ന വ്യക്തിത്വമായ വീരേന്ദ്രകുമാര്‍, സ്മാരക ശിലകളില്‍ അക്ഷരതേജസ്സ് നിറച്ചുകൊടുത്ത പുനത്തില്‍, കഥയുടെ ക്ഷീരബല കൈവശമുള്ള പാറക്കടവ്, പ്രോജ്വലസംഘടനയുടെ സംസ്ഥാന അധികാരിയായ ഗോപാലന്‍കുട്ടി മാസ്റ്റര്‍, ദേശാഭിമാനിയുടെ നാവും പത്രപ്രവര്‍ത്തകരുടെ സംഘടനയുടെ അധ്യക്ഷനുമായ പ്രേംനാഥ്, മനോരമയുടെ ദാമോദരന്‍, മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രന്, ലിപി അക്ബര്‍, ബാര്‍ അസോസിയേഷന് പ്രസിഡന്റ് അശോക്കുമാര്, കഥാസാമ്രാജ്യത്തിലെ താരകം സുധീര തുടങ്ങി ഒട്ടേറെ പേര്. പുസ്തകം: വിളക്കുകാലുകള്‍ എവിടെ? പ്രസാധനം: ലിപി പബ്ലിക്കേഷന്‍സ്. ഇനി ഇതൊന്നുമല്ല കാര്യം. രണ്ടു മൂന്ന് പേരുടെ വാക്കുകള്‍ കേള്‍ക്കുക: ഞാന്‍ മനസ്സില്‍ കരുതിയതും എഴുതണമെന്ന് വിചാരിച്ചതും സങ്കല്‍പ്പിച്ചതുമായ വിഷയങ്ങളെക്കുറിച്ചാണ് ശ്രീധരന് പിള്ള എഴുതിയിരിക്കുന്നത്. വളരെയേറെ കൃതാര്‍ത്ഥതയോടെയാണ് ഞാനിത് പ്രകാശനം ചെയ്തത്. പുസ്തകമാക്കുന്നതിനു മുമ്പ് ഡിടിപി ചെയ്ത കോപ്പി മുഴുവന്‍ ഞാന്‍ വായിച്ചു (എം.ടി). ഭാരതം രക്ഷപ്പെടണമെങ്കില്‍, കേരളം രക്ഷപ്പെടണമെങ്കില്‍ ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ കൂട്ടമായി ബിജെപിയില്‍ ചേരണം. മാറിനില്‍ക്കരുത്. എനിക്കത് മനസ്സിലായി. എന്നെ ബിജെപിയില്‍ കൊണ്ടുവന്നത് ശ്രീധരന്‍പിള്ളയാണ് (പുനത്തില്‍ കുഞ്ഞബ്ദുള്ള). ഞങ്ങള്‍ക്ക് ഏതൊരു പ്രശ്നമുണ്ടായാലും ഏതു വിഷയത്തെക്കുറിച്ചായാലും ആദ്യം വിളിക്കുന്നത് ശ്രീധരന് പിള്ളയെയാണ്. അദ്ദേഹത്തിന്റെ ഉപദേശം കിട്ടിയാല്‍ എല്ലാമായ അനുഭവമാണ് (കെ.പ്രേംനാഥ്, ദേശാഭിമാനി). രാഷ്ട്രീയ-മത-വിശ്വാസങ്ങള്‍ക്കപ്പുറം സ്നേഹത്തിന്റെ നറുനിലാവില്‍ ഒത്തുചേര്‍ന്നവര്‍ ആഹ്ലാദാരവങ്ങളോടെ അതൊക്കെ ഹൃദയത്തിലേക്കാവാഹിച്ചു. ഒരു സംഘടനാ പ്രവര്ത്തകന് എങ്ങനെ ജനഹൃദയങ്ങളില്‍ ഇങ്ങനെ കയറിപ്പറ്റാനായി എന്ന് നിരന്തരം ചിന്തിക്കുക. അങ്ങനെ ആയിത്തീരാന്‍ മനസ്സ് തുറന്നിടുക. സാര്ഥകവഴികളിലൂടെയുള്ള യാത്രയില്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമായ വസ്തുതകള്‍ മൂശയിലിട്ട് പത്തരമാറ്റാക്കിയതിന്റെ നിറസാക്ഷ്യമായ 27-ാമത്തെ പുസ്തകമാണ് ശ്രീധരന്‍പിള്ളയുടെ വിളക്കുകാലുകള്‍ എവിടെ? വിളക്കു കൈവശമുള്ള ആര്‍ക്കും അത് ചോദിക്കാം.
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: