പഴയ സഹപ്രവര്‍ത്തകരെ കാണുന്നതും അവരോടൊപ്പം പുരാവൃത്തങ്ങള്‍ കൈമാറി സമയം ചെലവഴിക്കുന്നതും ആനന്ദകരമായ അനുഭവങ്ങളാണ്.
ചിലപ്പോള്‍ യാദൃശ്ചികമായി അത്തരം സന്ദര്‍ഭങ്ങള്‍ വന്നുചേരാറുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലത്തും സമയത്തുമാണ് അത്തരം സമാഗമങ്ങള്‍ ഉണ്ടാവുക. തൊടുപുഴയിലെ രണ്ടാം തലമുറ സംഘപ്രവര്ത്തകരില്പ്പെടുന്ന ഉല്ലാസ് കുമാറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അങ്ങനത്തെ അവസരമുണ്ടായി. ഉല്ലാസിന്റെ അച്ഛന് ദാമോദരന്‍ പിള്ള തൊടുപുഴയിലെ ആദ്യകാല സ്വയം സേവകരില്പ്പെടുന്ന ആളാണ്. 1956-ല്‍ എം.എ സാര്‍ അല്‍പ്പകാലം തൊടുപുഴയില്‍ പ്രചാരകനായിരുന്ന കാലത്ത് ശാഖയിലേക്ക് ആകര്ഷിച്ചയാളായിരുന്നു പിള്ള. സ്വന്തം ജ്യേഷ്ഠന്റെ ഹോട്ടലിന്റെ കാര്യങ്ങളുമായി കഴിഞ്ഞ അദ്ദേഹം തികച്ചും സ്വാഭാവികമായ രീതിയില്‍ സംഘത്തില്‍ പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കുശേഷം അദ്ദേഹം ആകസ്മികമായാണ് അന്തരിച്ചത്. അന്ന് കേവലം ബാലനായിരുന്ന ഉല്ലാസ് വളരെ വിഷമിച്ചാണ് വളര്‍ന്നത്. ഉന്മേഷവാനും ഉല്ലാസവാനുമായി സ്വന്തം നാമധേയത്തെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ സദാ കാണപ്പെടുന്ന അദ്ദേഹം ഒരു ബാങ്കില്‍ ജീവനക്കാരനാണ്. മകളുടെ വിവാഹം ക്ഷണിക്കാന്‍ വീട്ടില്‍ വന്നപ്പോഴാണ് ആള് അത്രക്ക് പ്രായത്തിലെത്തിയെന്ന് ഓര്‍മിച്ചത്.
വിവാഹം സാധാരണ മട്ടില്‍ തന്നെയായിരുന്നു. അവിടെയെത്തി പരിചിതരായ ചിലരുമായി സംസാരിച്ചു നില്ക്കവേ ‘തൊടുപുഴക്കാരന് നാരായണ’നെ തിരക്കി ഒരു വൃദ്ധനെത്തി. പണ്ട് പ്രചാരകനും ജനസംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയും ജന്മഭൂമിയില് പതിവായി എഴുതിയിരുന്ന ആളുമായ നാരായണനെയാണ് അന്വേഷിച്ചത്. പത്തുപതിനഞ്ചുവര്‍ഷം മുമ്പ് അദ്ദേഹം ആ ജോലിയൊക്കെ വിട്ടുകഴിഞ്ഞു എന്നു പറഞ്ഞപ്പോഴാണ് അദ്ദേഹം തേടി വന്ന ആള് തന്നെയാ ഞാന്‍ എന്നു തിരിഞ്ഞത്. “ഞ്ഞാന്‍ വാഴൂര്‍ പ്രഭാകരന്” എന്നു പറഞ്ഞപ്പോള്‍ ആ മുഖത്തെ തിളക്കത്തിന് എന്തു വിവരണമാണ് പറയേണ്ടതെന്നറിയില്ല.
പ്രഭാകരനെ മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല. വയസ്സ് 81 കഴിഞ്ഞുവെന്നു പറഞ്ഞപ്പോള്‍, അതിനനുസരിച്ച പ്രായം ആ മുഖത്തു കാണാന്‍ കഴിഞ്ഞില്ല.
കോട്ടയം ജില്ലാ പ്രചാരകനായി പ്രവര്‍ത്തിച്ച 1964-67 കാലത്തായിരുന്നു അദ്ദേഹത്തെ അടുത്തറിഞ്ഞത്. തികഞ്ഞ നര്‍മബോധവും അവസരോചിതമായ പെരുമാറ്റവും വര്‍ത്തമാനവും അദ്ദേഹത്തിന്റെ സ്വഭാവമാണ്. അന്നവിടെ താലൂക്ക് പ്രചാരകനായിരുന്ന ജി.അപ്പുക്കുട്ടനുമൊരുമിച്ച് നടത്തിയ അനന്തമായ പദയാത്രകള്ക്കിടയില് പലപ്പോഴും പ്രഭാകരന്റെ വീട്ടില്‍ താമസിച്ചു. ചാമംപതാല്‍ എന്ന സ്ഥലത്താണ് അവസാനം കണ്ടതെന്ന് മങ്ങിയ ഓര്‍മയുണ്ട്.
ഒരിക്കല്‍ അന്ന് ക്ഷേത്രീയ പ്രചാരകനായിരുന്ന മാനനീയ യാദവറാവു ജോഷിയുടെ ഒരു ബൈഠക്കിലെ കാര്യങ്ങള്‍ പ്രത്യേകിച്ചും ഓര്‍മയിലുണ്ട്. പ്രാന്തപ്രചാരക് മാനനീയ ഭാസ്കര്‍ റാവുജി യാദവറാവുജിയെ അനുഗമിച്ചിരുന്നു. ബൈഠക്കുകളില്‍ ജോഷിജി പലവിധ കുസൃതി ചോദ്യങ്ങളും മറ്റും ഉന്നയിക്കുമായിരുന്നു.
കാര്യകര്‍ത്താക്കളുടെ മനസ്സിനെ പ്രചോദിപ്പിക്കുന്നവയും പ്രകോപിപ്പിക്കുന്നവയുമായ അന്വേഷണങ്ങള്‍ സാമാന്യക്കാരെ നന്നായി കുഴക്കുന്നവയായിരുന്നു. അത്തരം ചോദ്യങ്ങള്‍ പലപ്പോഴും ഉത്തരംമുട്ടിക്കുന്നവയുമായിരുന്നു. അവ അന്തരീക്ഷത്തെ ചിലപ്പോള്‍ വീര്പ്പുമുട്ടിക്കുന്നവയുമാവും. വൈക്കം ഉദയാനപുരത്തെ സുരേന്ദ്രന് യാദവറാവുജിയുടെ ഒരു ചോദ്യത്തിന്റെ അടിസ്ഥാനം തന്നെ ശരിയല്ല എന്നുറച്ചുനിന്നു. പിന്നീട് സുരേന്ദ്രനെ ഭാസ്കര്‍ റാവുജി പറഞ്ഞ് ആശ്വസിപ്പിച്ചു. ആ അന്തരീക്ഷം കനത്തു നില്ക്കവേ യാദവറാവുജി മറ്റൊരു പ്രശ്നമെടുത്തിട്ടു. അപ്പോള്‍ പ്രഭാകരന് ഉറക്കെ “അതൊരു ചോദ്യമാ” എന്നുപറഞ്ഞതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു യാദവറാവുജിയെ അത് പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ അദ്ദേഹവും ചിരിയില്‍ പങ്കുചേര്‍ന്നു അന്തരീക്ഷം വീണ്ടും ലാഘവം നിറഞ്ഞതായി. ബൈഠക്കിനിരുന്ന മുറിയില്‍ സ്ഥലം കുറവായപ്പോള്‍ ഞെരുങ്ങിയിരിക്കേണ്ടിവന്നു. മുമ്പിലിരുന്നയാള് തന്നെ മുഖത്തേക്കിരിക്കാന് ഇടയായപ്പോള്‍ “ഇരിക്കുന്നേടം ചിരിക്കുന്നേടത്ത് വെക്കാതെ” എന്നു പ്രഭാകരന് പറഞ്ഞതും വലിയപ്പൊട്ടിച്ചിരിക്ക് വഴിയൊരുക്കി. അര നൂറ്റാണ്ടിനുശേഷം നേരിട്ടു കണ്ടതിന്റെ സന്തോഷം പറയാന്‍ വയ്യ. തൊടുപുഴയിലെ മുതിര്‍ന്ന പ്രവര്ത്തകന് കെ.എസ്.സോമനാഥന് കോട്ടയം ജില്ലയില്‍ ആത്മബന്ധവും കുടുംബ ബന്ധവുമുണ്ട്. പ്രഭാകരന് അടിയന്തരാവസ്ഥക്കാലത്ത് സമരം ചെയ്തു തടവില്ക്കിടന്നയാളാണ്. കോട്ടയത്തുനിന്ന് ആദ്യം ജയില്വാസമനുഭവിച്ചവരില് സോമനാഥനുമുണ്ടായിരുന്നു. പക്ഷേ അവര്‍ക്ക് നേരില്‍ പരിചയമോ സമ്പര്‍ക്കമോ ഉണ്ടാവാന്‍ അവസരം ലഭിച്ചില്ല എന്നത് വിസ്മയകരമായി തോന്നി.
പഴയ സഹപ്രവര്‍ത്തകരായ താനൂരിലെ ജയചന്ദ്രനെയും തിരൂരിലെ അഡ്വ.കെ.കെ.രാധാകൃഷ്ണനേയും കാണാന്‍ അവസരം ലഭിച്ചു. കുടുംബസഹിതം കോഴിക്കോട് യാത്ര കഴിഞ്ഞു മടങ്ങും വഴിക്കാണവരെക്കണ്ടത്. മടക്കയാത്ര ശരിക്കും ആസ്വദിച്ചു. ചേളാരി കഴിഞ്ഞ് ചെനക്കലങ്ങാടി, വള്ളിക്കുന്നുവഴിയുള്ള മനോഹരമായ റോഡിലൂടെ യാത്ര ചെയ്തപ്പോള്‍ നാലുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആ വഴിക്ക് കാല്‍നടയായി സഞ്ചരിച്ചത് ഓര്‍മവന്നു. കടലുണ്ടിയില്‍ തീവണ്ടിയിറങ്ങി അവിടത്തെ നളരാജനുമൊത്ത് റെയില്‍ പാലം താണ്ടി പുഴകളും പാടങ്ങളും കുണ്ടനിടവഴികളും ചവിട്ടി ഏതാണ്ട് നാല് മണിക്കൂറെടുത്ത യാത്രയായിരുന്നു അത്. ചേളാരിയില്‍നിന്ന് പത്തുമിനിട്ടുകൊണ്ടാണിത്തവണ വള്ളിക്കുന്നിലെത്തിയത്. താനൂരിലെ മുക്കോലയ്ക്കടുത്ത് ജയചന്ദ്രന്റെ തറവാട്ടു വീട്ടിലെത്തിയപ്പോള്‍ കാലം സ്തംഭിച്ചു നില്ക്കുന്ന വഴിയിലൂടെയും തൊടികളിലൂടെയുമാണ് പോകുന്നതെന്ന് തോന്നി കാര്‍ സഞ്ചരിക്കാന്‍ വീതിയുള്ള വഴിയുണ്ടെന്നതാണ് വ്യത്യാസം. അവിടെ വൈദ്യുതിയും എത്തിയിട്ടുണ്ട്. 45 വര്‍ഷങ്ങള്‍ക്കപ്പുറം അവിടെ പോയപ്പോള്‍ വൈദ്യുതി കമ്പികള്‍ വലിക്കുന്ന ജോലി ആരംഭിച്ചതേയുള്ളൂ. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജയചന്ദ്രന് ഫോണില്‍ വിളിച്ച് കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത് ഈ പംക്തികളില്‍ വിവരിച്ചിരുന്നു. കരള്‍ സംബന്ധമായി ഗുരുതര പ്രശ്നങ്ങള്ക്കപ്പുറമെ തുടയെല്ല് പൊട്ടിയ ദുരിതവുമുണ്ട്. നടക്കാനും അടുത്ത മുറിയില്‍ പോകാനും സഹായ ഉപകരണങ്ങള്‍ വേണം. അമൃത ആസ്പത്രിയില്‍ കരള്‍ മാറ്റല്‍ ശസ്ത്രക്രിയ ചെയ്യാന്‍ ഒരുങ്ങുകയാണ് മുപ്പതുലക്ഷത്തിനുമേല് ചെലവു വരുമത്രേ. സൗജന്യമായ കരള്‍ദാനം ചെയ്യാന്‍ ആളെ കിട്ടിയത് ഭാഗ്യം. കൗമാരം മുതല്‍ നിരന്തരമായ മാനസിക ശാരീരിക, സിദ്ധാന്തപര സംഘര്‍ഷങ്ങളിലൂടെ കടന്നുവന്ന ജയചന്ദ്രന്, പിരിയുമ്പോള്‍ കണ്ണീര് നിറഞ്ഞ ആശ്ലേഷം നല്കി. പോലീസിന്റെ വെടിയുണ്ട ശരീരത്തില്‍ കയറിയിറങ്ങിയ കാലത്തേക്ക് ഓര്‍മകള്‍ തിരിച്ചുപോയി. ശസ്ത്രക്രിയ വിജയകരമായി അദ്ദേഹം ആരോഗ്യവാനായി വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല.
താനൂരില്‍നിന്ന് തിരൂരിലേക്ക് കടന്നപ്പോള്‍ അവിടം തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറിയിരിക്കുന്നു. പഴയ സ്ഥലങ്ങളൊന്നും മനസ്സിലാക്കാന്‍ തന്നെ സാധിച്ചില്ല. അഡ്വ.കെ.കെ.രാധാകൃഷ്ണനെ കാണാന്‍ വളരെക്കാലമായി ആഗ്രഹിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അഭിഭാഷകവൃത്തിക്ക് അരനൂറ്റാണ്ടു തികഞ്ഞ വേളയില്‍ കേരളത്തിലെ അത്യുന്നത നിയമജ്ഞ, നീതി പീഠാധിപതികളും, രാഷ്ട്രീയ സംഘ പ്രമുഖരും പങ്കെടുത്ത് ഗംഭീരമായ അനുമോദന സഭ നടന്നിരുന്നു. അതില്‍ പങ്കെടുക്കാനുള്ള നിര്‍ബന്ധപൂര്‍വമായ ക്ഷണത്തെ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങളുടെ സൗഹൃദത്തെ പുരസ്ക്കരിച്ചു ഒരു കുറിപ്പ് അയച്ചുകൊടുത്തിരുന്നു.
രാധാകൃഷ്ണന് വക്കീലിന്റെ വീടായിരുന്നു അടിയന്തരാവസ്ഥയ്ക്ക് മുമ്പ് തിരൂര്‍ യാത്രാവേളയില്‍ എന്റെ സ്വന്തം വീടുപോലെ ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ കുടുംബം എന്നെ സഹോദര നിര്‍വിശേഷം ആദരിച്ചു. രാധാകൃഷ്ണന്റെ അഭിവന്ദ്യ പിതാവ് പ്രശസ്ത സ്വാതന്ത്ര്യസമര ഭടനും ഗാന്ധിയന്‍ ചിന്തയില്‍ അടിയുറച്ച കേളപ്പജിയുടെ അടുത്ത അനുയായിയുമായിരുന്നു. പുന്നക്കല്‍ കുട്ടിശങ്കരന് നായര്‍ ആരുടെ അന്യായത്തിന് മുന്നിലും പതറാത്ത ധീരനുമായിരുന്നു. മലപ്പുറം ജില്ലാ രൂപീകരണത്തിന്റെ പിന്നിലെ ദുരുദ്ദേശത്തെ കണ്ടറിഞ്ഞു ജനങ്ങള്‍ക്ക് താക്കീത് നല്കുന്നതില് മുന്നിലുണ്ടായിരുന്നു കുട്ടിശങ്കരന് നായര്‍. മാപ്പിള ജില്ലാ വിരുദ്ധ സമിതിയിലെ പ്രമുഖ അംഗവുമായി. ലഹളയുടെ അന്‍പതാം വാര്‍ഷികത്തില്‍ അതിനെ സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കാനും ലഹളത്തലവന്മാര്ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സ്വാതന്ത്ര്യസമര പെന്ഷന് അനുവദിക്കാനും അന്നത്തെ കേരള സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തി. അതിനായി കേരളത്തിലെ ഭരണകക്ഷിക്കാര്‍ കേന്ദ്രത്തിന് മുന്നില്‍ നിവേദനങ്ങളുമായി പോയി. കേന്ദ്രം അതിന് തുനിഞ്ഞേക്കുമെന്ന സാധ്യതയും ഉയര്‍ന്നു. ലഹളക്കാരുടെ ആക്രമണത്തിനിരയായവരില്‍ ജീവനോടെ അവശേഷിച്ച 18 പേരെ പങ്കെടുപ്പിച്ചുകൊണ്ട് അക്കാലത്ത് കോഴിക്കോട് ഒരു കണ്വെന്ഷന് നടത്തപ്പെട്ടു. ആ നിസ്സഹായരെയാണ് സഹായിക്കേണ്ടതെന്നും ആലി മുസല്യാരെയും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ളവരെ സ്വാതന്ത്ര്യ സമരസേനാനികളായി തന്നോടൊപ്പം കരുതുന്നിതിനോട് യോജിപ്പില്ലെന്നും അവര്‍ക്ക് സ്വാതന്ത്ര്യസമര ഭടന്മാരുടെ പദവി നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണെങ്കില്‍ തനിക്ക് ലഭിച്ച താമ്ര പത്രവും പെന്‍ഷനും തിരിച്ചേല്‍പ്പിക്കാന്‍ അനുവദിക്കണമെന്നും കുട്ടിശങ്കരന് നായര്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് കത്തെഴുതി. അതിന് ഫലമുണ്ടാകുകയും ചെയ്തു. അങ്ങാടിപ്പുറം തളി ക്ഷേത്ര സമരത്തിന്റെ തീരുമാനം കേളപ്പജി എടുത്തതും അങ്ങോട്ട് പുറപ്പെട്ടതും പുന്നക്കല്‍ വീട്ടില്‍ നിന്നായിരുന്നു. കാലം ചെന്നപ്പോള്‍ ആ തറവാട്ടു ഭവനം ഇന്നില്ലാതായി എന്നു രാധാകൃഷ്ണന് വക്കീല്‍ പറഞ്ഞു. അവിടം മുഴുവന്‍ മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. മാറ്റത്തിന് സാക്ഷിയായി വക്കീല്‍ അവിടെ കഴിയുന്നു.
പി.നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: