പെണ്‍കരുത്തിനെ കുറിച്ച് പറയുന്നവര്‍ തീര്‍ച്ചയായും രമ്യ എന്ന 27 വയസുകാരിയെ കുറിച്ച് അറിഞ്ഞിരിക്കണം. എഴുപുന്ന പഞ്ചായത്തില്‍ 15-ാം വാര്‍ഡില്‍ ചരിതം തുരുത്തില് ഗോപികയുടെയും ശോഭനയുടെയും ഏകമകളാണ് രമ്യ. വിവാഹിത. രണ്ട് കുട്ടികളുടെ അമ്മ. ചീനവല ഉപയോഗിച്ചുള്ള മീന്‍ പിടിത്തമാണ് തൊഴില്‍. ഈ ജോലി ആണ്‍കരുത്തിനു മാത്രം വഴങ്ങുന്നതാണെന്ന് പറയുന്നവര്‍ക്കൊരു വെല്ലുവിളി. പ്രതിസന്ധികളേറെ തരണം ചെയ്താണ് രമ്യ ഇന്നത്തെ ജീവിതം നയിക്കുന്നത്.
പ്ലസ് ടു വരെ പഠിച്ചിട്ടുണ്ടെങ്കിലും സ്വയം തൊഴില്‍ ചെയ്യുകയാണ് രമ്യ; കായികാധ്വാനം ഏറെ ആവശ്യമായിവരുന്ന ചീനവല ഉപയോഗിച്ചുള്ള മീന്‍ പിടിത്തം. സ്വന്തമായി രണ്ട് ചീന വലകള്‍ വീടിന് സമീപത്തെ കായലില്‍ സ്ഥാപിച്ചിട്ടുണ്ട്. രാത്രിയിലാണ് ജോലിയെങ്കിലും അതില്‍ സന്തോഷം കണ്ടെത്തുന്നുണ്ടെന്ന് രമ്യ പറയുന്നു.
വൈകുന്നേരങ്ങളില്‍ ജോലി തുടങ്ങും. ഭാരമുള്ള ചീനവല ഒറ്റയ്ക്ക് ഉയര്‍ത്തി വെള്ളത്തില്‍ ആഴ്ത്തും. നിശ്ചിത ഇടവേളകളില്‍ വലിയ വടം വലിച്ച് ചീനവല ഉയര്‍ത്തും. തുടര്‍ന്ന് മീന്‍ കോരി കൈയിലെടുത്ത് തടിപ്പാലത്തിലൂടെ വേഗത്തില്‍ ഓടിച്ചെന്ന് അഭ്യാസിയെപ്പോലെ ചീനവലയുടെ കള്സാന്തി (മീന്‍ കോരുന്ന ഇടം)യില്‍ നില്ക്കും. വലയുടെ അടിത്തട്ടില്‍ കുരുങ്ങിയ മത്സ്യങ്ങളെ എടുത്ത് ബോള്‍സില്‍ ശേഖരിക്കും. വീണ്ടും ചീനവല വെള്ളത്തില്‍ താഴ്ത്തിയിടും. അല്പം ആയാസകരമായ ജോലിയാണെങ്കിലും വീട്ടുചെലവിനും മറ്റുമുള്ള പണം ഇതില്‍ നിന്നും കണ്ടെത്തുന്നുണ്ട്. രണ്ട് വലകള്‍ ഉള്ളതുകൊണ്ട് മാറിമാറി പണികള്‍ ആവര്‍ത്തിക്കുന്നു. ഇതു നേരം പുലരുംവരെ തുടരും. രമ്യയ്ക്കൊപ്പം ഭര്‍ത്താവ് പ്രജിത്തും കൂട്ടിനുണ്ടാകും.
ചെറുപ്പത്തിലെ തന്നെ പരന്ന വായനശീലമുള്ള രമ്യ അടുത്തുള്ള എസ്സിബി 953-ാം നമ്പര്‍ സഹകരണ സംഘത്തിന്റെ കീഴിലുള്ള വായനശാലയിലെ ലൈബ്രേറിയന്‍ കൂടിയാണ്. പുസ്തകങ്ങളെ ഏറെ സ്നേഹിക്കുന്ന രമ്യയ്ക്ക് ഇവിടെ നിന്നും തുച്ഛമായ വേതനമാണ് ലഭിക്കുന്നതെങ്കിലും ആരോടും പരാതിയില്ല. അക്ഷരങ്ങള്‍ക്ക് കണക്ക് പറയുന്നത് ശരിയല്ലല്ലോ എന്നാണ് രമ്യയുടെ കമന്റ്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന മൂത്ത കുട്ടി ഐശര്യയുടെയും രണ്ടാമത്തെ മകന് അനന്തകൃഷ്ണന്റെയും കാര്യങ്ങളും വീട്ടുജോലിയും ചെയ്ത് സന്തോഷത്തോടെ ജീവിക്കുമ്പോഴായിരുന്നു രമ്യയുടെ ജീവിതം താളം തെറ്റിയത്.
രമ്യയുടെ ഭര്‍ത്താവ് പ്രജിത്തിന് കല്‍പ്പണിയാണ് ജോലി. ജോലിക്കിടയില്‍ സംഭവിച്ച അപകടമാണ് രമ്യയുടെ ജീവിതത്തില്‍ ഇരുള് നിറച്ചത്. കെട്ടിടം പണിക്കിടയില്‍ മുകളിലത്തെ നിലയില്‍ നിന്ന് പ്രജിത്ത് വീണു. നട്ടെല്ലിനും മറ്റും ഗുരുതരമായി പരിക്കേറ്റു. പിന്നെ മാസങ്ങളൊളം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ മാറി മാറി ചികിത്സ. വീട്ടുചെലവും ചികിത്സയും, കുട്ടികളുടെ പഠിപ്പും തുടങ്ങി ചെലവുകള്‍ കൂടിവന്നെതോടുകൂടി രമ്യയുടെ ഉപജീവനം തന്നെ പ്രശ്നത്തിലായി.
ഒരു ചീനവല മാത്രം കൊണ്ട് ചെലവ് നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ രമ്യ പട്ടിക ജാതി വികസന വകുപ്പില്‍ നിന്ന് ഒന്നരലക്ഷം രൂപ വായ്പയെടുത്ത് മറ്റൊരു ചീനവല കൂടി വീടിനോടു ചേര്‍ന്ന് സ്ഥാപിച്ചു. അങ്ങനെ എല്ലാത്തിനുമുള്ള പണം ഇതില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
ഇപ്പോള്‍ ഭര്‍ത്താവിന്റെ അസുഖമെല്ലാം മാറി. രമ്യക്ക് എല്ലാ പിന്തുണയും നല്കി പ്രജിത്ത് കൂടെയുണ്ട്. സാധാരണ ചീനവല ഉപയോഗിച്ച് മീന്‍ പിടിക്കുന്നത് പുരുഷന്മാരുടെ തൊഴിലല്ലേ എന്ന് ചോദിക്കുമ്പോള്‍ പെണ്ണിന് കടന്ന് ചെല്ലാനാകാത്ത ഏത് വഴിയാണുള്ളതെന്ന് നിറഞ്ഞ സന്തോഷത്തോടെ രമ്യ തിരിച്ചു ചോദിക്കുന്നു…
കെ. പി. അനിജാമോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: