കൊല്ലം: ജന്മഭൂമി വാര്‍ഷിക പ്രചരണമാസാചാരണം രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ കൊല്ലം ജില്ല വളരെ മുന്നിലെത്തി. ദിവസവും നൂറുകണക്കിനാളുകളെയാണ് ജില്ലയില്‍ വാര്‍ഷിക വരിസംഖ്യാപദ്ധതിയില് ചേര്‍ത്തുകൊണ്ടിരിക്കുന്നത്. ഇതിനുപുറമെ ആശുപത്രികള്‍, സ്കൂളുകള്‍ എന്നിവിടങ്ങളില്‍ പത്രം സ്പോണ്സര് ചെയ്യുന്ന പദ്ധതിയും നടന്നുവരുന്നു.
ആശ്രമങ്ങള്‍, ക്ഷേത്രങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൊക്കെ വാര്‍ഷിക വരിസംഖ്യ ചേര്‍ത്തുകഴിഞ്ഞു. ജന്മഭൂമിയുമായി ബന്ധപ്പെട്ട ബഹുജനസംഘടനകളുടെ ജില്ലയിലെ നേതാക്കളെല്ലാം പ്രചാരണ പരിപാടികള്‍ക്ക് രംഗത്തിറങ്ങി.
ജില്ലയില്‍ വിപുലമായ ഗൃഹസമ്പര്‍ക്കം ആരംഭിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ സമ്പര്‍ക്കം. ജന്മഭൂമിയുടെ സന്ദേശം എല്ലാ വീടുകളിലും ജനങ്ങളിലും എത്തിക്കുന്നതിനുള്ള വിപുലമായ സമ്പര്‍ക്ക പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
മണ്ഡല് കാര്യകര്‍ത്താക്കളും നഗര്‍ കാര്യകര്ത്താക്കളുമടങ്ങിയ സമ്പര്‍ക്ക സംഘത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നൂറോളം പേരാണ് സജീവമായി പങ്കെടുത്തത്. വരും ദിവസങ്ങളിലും ഇത്തരം സംഘങ്ങള്‍ വീടുകള്‍ സന്ദര്‍ശിച്ച് ജന്മഭൂമിയുടെ സന്ദേശം എത്തിക്കുകയും പുതിയ വരിക്കാരെ ചേര്‍ക്കുകയും ചെയ്യും.
എല്ലാ നഗരങ്ങളും ഗ്രാമ കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് സമ്പര്‍ക്കത്തിന് പ്രത്യേക വിഭാഗങ്ങളെ തയ്യാറാക്കിയിട്ടുണ്ട്. എല്ലായിടത്തും മുതിര്‍ന്ന കാര്യകര്‍ത്താക്കളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക യജ്ഞം നടക്കുന്നത്.
പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ പ്രമുഖരുടെ എല്ലാം ആശംസകളുമായിട്ടാണ് പത്രത്തിന്റെ കൊല്ലം ജില്ലാപേജ് പുറത്തിറങ്ങുന്നത്. ജില്ലാകളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സാംസ്കാരിക സംഘടനാ ഭാരവാഹികള്‍ എന്നിവരുടെ ആശംസകള്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു.
ജില്ലയില്‍ നിന്നുള്ള മന്ത്രിയായ ഷിബു ബേബിജോണും ജന്മഭൂമി പ്രചരണത്തിന് ഇന്നലെ ആശംസ നേര്‍ന്നു. മലയാള ദിനപ്പത്രങ്ങളില്‍ ശ്രദ്ധേയമായ ദിനപ്പത്രമാണ് ജന്മഭൂമിയെന്ന് ഷിബു പറഞ്ഞു.ജന്മഭൂമി ദിനപ്പത്രത്തിന്റെ രാഷ്ട്രീയ ആശയങ്ങളോടും അഭിപ്രായങ്ങളോടും വിയോജിപ്പുണ്ടെങ്കിലും ദിനപ്പത്രമെന്ന നിലയില്‍ ജന്മഭൂമി അതിന്റെ സ്ഥാനം കേരളത്തില്‍ ഉറപ്പിച്ചുവെന്ന് നിസംശയം പറയാന്‍ സാധിക്കും.
വര്‍ത്തമാനകാല രാഷ്ട്രീയത്തിലും സാമൂഹ്യ-പരിസ്ഥിതി മേഖലകള്‍ ഉള്‍പ്പെടെയുള്ള നാനാരംഗത്തുമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ജന്മഭൂമിക്ക് സാധിച്ചിട്ടുണ്ട്.അച്ചടിമാധ്യമം നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലഘട്ടമാണിത്. വാണിജ്യാടിസ്ഥാനത്തില്‍ വിജയിപ്പിച്ചെടുക്കാന്‍ പരിശ്രമിക്കുന്ന വേളയില്‍ ജനതാല്പര്യങ്ങളില് നിന്ന് മാധ്യമലക്ഷ്യം ചോര്‍ന്നു പോകുന്നോ എന്ന സംശയം നിലനില്‍ക്കുന്ന വേളയാണിത്. ഒരു ജനകീയ മാധ്യമമായി വളരാന്‍ ജന്മഭൂമി അതിന്റെ എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്ന് ഞാന്‍ കരുതുന്നു.എല്ലാ ഭാവുകങ്ങളും നേരുന്നു.ഷിബു ബേബിജോണ്‍ സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: