തിരുവനന്തപുരം: എറണാകുളം ലൂലു മാള്‍, ബോള്‍ഗാട്ടി പ്രശ്നങ്ങളില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് സി.പി.എം സമിതി. എം.എ യൂസഫലിയെപ്പോലെയുള്ള വ്യവസായികള്‍ക്കെതിരെയുള്ള നിലപാട് തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുമെന്നതിനാല്‍ ഒഴിവാക്കണമെന്നും എറണാകുളം ജില്ലാകമ്മിറ്റിയോട് സംസ്ഥാന സമിതി നിര്‍ദേശിച്ചു.
ലുലുമാളിന്റെയും ബോള്‍ഗാട്ടി പാലസിന്റെയും ഭൂമി കയ്യേറ്റത്തെക്കുറിച്ച് സി.പി.എം എറണാകുളം ജില്ലാകമ്മിറ്റി പരസ്യനിലപാട് സ്വീകരിച്ചത് നേരത്തേ വിവാദമായിരുന്നു. ജില്ലാകമ്മിറ്റിയുടെ നിലപാട് തള്ളിക്കൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ അന്ന് രംഗത്ത് വരികയും ചെയ്തിരുന്നു. പി.രാജീവ്, കെ.ചന്ദ്രന്‍പിള്ള എന്നിവര്‍ അംഗങ്ങളായ ഒരു കമ്മിഷനെ വച്ച് ജില്ലാ കമ്മിറ്റി ഈ വിഷയങ്ങള്‍ പരിശോധിച്ചിരുന്നു. ചില ക്രമക്കേടുകള്‍ ഈ സമിതി കണ്ടെത്തുകയും ചെയ്തു. ഈ വിഷയം സംസ്ഥാന സമിതിയുടെ പരിഗണനയ്ക്ക് വന്നപ്പോഴാണ് വിവാദങ്ങള്‍ വേണ്ടെന്ന് സംസ്ഥാന സെക്രട്ടറി തന്നെ നിലപാടെടുത്തത്.
പരസ്യപ്രസ്താവനകളും വിവാദങ്ങളും പാര്‍ട്ടിക്ക് ദോഷമാണെന്നാണ് പൊതുവിലയിരുത്തല്‍. കമ്മിഷന്റെ കണ്ടെത്തലുകളെക്കുറിച്ച് ചര്‍ച്ചയൊന്നും ഉണ്ടായില്ല. ബോള്‍ഗാട്ടി കണ്വെന്ഷന് സെന്ററിനു വേണ്ടി ന്യായവിലയ്ക്കല്ല ഭൂമി വാങ്ങിയതെന്നും ലുലു മാളിനു വേണ്ടി തോട് കയ്യേറിയെന്നും ലുലുമാള്‍ ഗതാഗത പ്രശ്നം ഉണ്ടാക്കുന്നു എന്നെല്ലാമായിരുന്നു എറണാകുളം ജില്ലയിലെ സി.പി.എം നേതാക്കളുടെ ആരോപണം.
യൂസഫലിയുടെ ബോള്‍ഗാട്ടി ഇടപാട് വഴി പോര്‍ട്ട് ട്രസ്റ്റിന് നഷ്ടമുണ്ടായെന്ന് ജില്ലാകമ്മിറ്റി നിയോഗിച്ച കമ്മീഷന് കണ്ടെത്തിയിരുന്നു. ലുലു മാള്‍ മൂലമുണ്ടാകുന്ന ഗതാഗത കുരുക്കിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലുലുവിനെതിരായി സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി ദിനേശ് മണി നിലപാട് ആവര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു.
നിയമാനുസൃതമായാണ് യൂസഫലി ഭൂമി വാങ്ങിയതെന്നും ഇക്കാര്യത്തില്‍ ജില്ലാനേതൃത്വം അനാവശ്യവിവാദമാണ് ഉണ്ടാക്കിയതെന്നുമാണ് പിണറായി വിജയന് വിശദീകരിച്ചിരിക്കുന്നത്. ഇതോടെ യൂസഫലിക്കെതിരായ നിലപാട് ഔദ്യോഗികമായി തന്നെ തിരുത്തിയിരിക്കുകയാണ് സി.പി.എം നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: