കോട്ടയം: മതം മാറിയവര്‍ക്ക് പട്ടികജാതി പദവിയും മറ്റാനുകൂല്യങ്ങളും നല്‍കുന്നത് നിലവിലുള്ള ഭരണഘടനാ വകുപ്പുകള്‍ക്കെതിരാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.
പരിവര്ത്തിതരായവര്ക്ക് പദവിയും സംവരണാനുകൂല്യങ്ങളും നിര്‍ദ്ദേശിക്കുന്ന രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് തള്ളിക്കളയുക, ഭൂരഹിത ജനസമൂഹത്തിന് കാലവിളംബം കൂടാതെ ഭൂമിവിതരണം ചെയ്യുക എന്നീ ആവശ്യമുന്നയിച്ച് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ കോട്ടയം പൊലിസ് മൈതാനിയില്‍ നടന്ന സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജാതിവ്യവസ്ഥ ഹിന്ദുസമാജത്തിന്റെ ഭാഗമായതിനാല്‍ സംവരണം ഹിന്ദുക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം. പരിവര്‍ത്തിത സമൂഹങ്ങള്‍ക്ക് പദവി സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലായിരിക്കെ കമ്മീഷന്റെ ശുപാര്‍ശകള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നത് ശരിയല്ല.
ഭൂരഹിത ജനസമൂഹത്തെ മൂന്നുസെന്റ് ഭൂമിയിലൊതുക്കി വഞ്ചിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അര്‍ഹതപ്പെട്ട ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഭൂരഹിതര്‍ക്ക് നിഷേധിച്ച് കയ്യേറ്റക്കാര്‍ക്കും ഭൂമാഫിയകള്‍ക്കും സഹായനിലപാട് സ്വീകരിക്കുകയാണ് സര്‍ക്കാര്‍. ഇതിനെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: