‘ഞാന്‍ അറിഞ്ഞത് എന്തൊക്കെയാണെന്ന് അയാളോട് പറഞ്ഞാല്‍ അതെന്റെ മരണത്തിലെ കലാശിക്കൂ’ അന്താരാഷ്ട്ര പ്രശസ്തനായ എഴുത്തുകാരനും കേന്ദ്ര മന്ത്രിയുമായ ശശി തരൂരിന്റെ റയട്ട് (കലാപം) എന്ന നോവലിലെ നായകന് ലക്ഷ്മണിന് ഒരു അമേരിക്കന്‍ സുന്ദരിയുമായുണ്ടായ പ്രണയത്തെയും അവിഹിത ബന്ധത്തെയും കുറിച്ചു ഭാര്യ ഗീത പറയുന്ന വാക്കുകളാണിത്.
ഒരു വിദേശ പത്രപ്രവര്‍ത്തകയുമായി തന്റെ ഭര്‍ത്താവിനുള്ള പ്രണയത്തെപ്പറ്റി താന്‍ അറിഞ്ഞ കാര്യങ്ങള്‍ ലോകത്തോടു വിളിച്ചുപറയും മുന്‍പ് സുനന്ദ പുഷ്കര്‍, കലാപം എന്ന നോവലില്‍ തന്റെ ഭര്‍ത്താവ് തരൂര്‍ എഴുതിയ ഈ വരികള്‍ വായിച്ചിട്ടുണ്ടാകുമോ? നോവലിലെ നായിക പ്രിസില്ല തന്റെ മരണത്തിനു മുന്‍പ് കളക്ടറായ കാമുകന് ലക്ഷ്മണിനോടു പറയുന്നുണ്ട്: ‘അതേ,നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു. എന്റെ അവസാനശ്വാസം വരെയും നിങ്ങളെ ഞാന്‍ സ്നേഹിക്കും. എന്നാല്‍ എന്നോടൊപ്പം എന്നുമുണ്ടാകുമെന്ന് ഒരുറപ്പും നല്കാന് നിങ്ങള്‍ക്കാവുന്നില്ലല്ലോ’ എന്ന്. പ്രിസില്ലയ്ക്ക് ലക്ഷ്മണ് നല്കാഞ്ഞ ആ ഉറപ്പ് നോവലിസ്റ്റ് സ്വജീവിതത്തില്‍ ഭാര്യക്കും നല്കിയില്ലെന്നുണ്ടോ?
ആ ഉറപ്പ് ലഭിച്ചാലും ഇല്ലെങ്കിലും സുനന്ദ പുഷ്കര്‍ അറിഞ്ഞ സത്യങ്ങള്‍ അവരുടെ ജീവന് എടുത്തുകഴിഞ്ഞു….. ഇനി ഒന്നേ അറിയേണ്ടതുള്ളൂ, ആരാണ് അവരുടെ മരണത്തിന് ഉത്തരവാദി? അത് എന്നെങ്കിലും സംശയാതീതമായി വെളിപ്പെടുമോ? അതോ കലാപത്തിലെ നായിക പ്രിസില്ല ഹാര്‍ട്ടിന്റെ മരണത്തിലെന്നപോലെ ആ സത്യം ഒരിക്കലും പുറത്തു വരില്ലെന്നായിരിക്കുമോ?
എഴുതിയത് ഭാവനാതലം വിട്ടു എഴുത്തുകാരന്റെജീവിതത്തിലേക്ക് അനുഭവമായി ചേക്കേറുന്നതിനെയാണല്ലോ അറം പറ്റുക എന്നു പറയുന്നത്. ഇപ്പോള്‍ സുനന്ദപുഷ്കറിന്റെ അസ്വാഭാവിക മരണവും വിവാദങ്ങളും കലാപം (റയട്ട്) എന്ന നോവല്‍ ശശി തരൂരിന് അറം പറ്റലായോ? ദുരൂഹതയുടെ കാര്യത്തിലും വഴിവിട്ട പ്രണയത്തിന്റെ കാര്യത്തിലുമൊക്കെ അത്രയ്ക്ക് അത്ഭുതാവഹമായ സാമ്യമുണ്ട് സുനന്ദ പുഷ്കറിന്റെ മരണവും നോവലിലെ നായിക പ്രിസില്ല ഹാര്‍ട്ടിന്റെ മരണവും തമ്മില്‍. റയട്ട് വായിക്കുന്ന ആര്‍ക്കും അതിലെ നായകനായ സലില്‍ഗഡ് ജില്ലാ കളക്ടര്‍ വി.ലക്ഷ്മണനില്‍ എഴുത്തുകാരന്റെ പ്രതിരൂപത്തെ കാണാതിരിക്കാനാവില്ല..
1989 ലെ ഒരു ഹിന്ദു മുസ്ലിം കലാപത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു പ്രണയഗാഥ എന്ന നിലയിലാണ് ഇതിവൃത്തം ഇതള്‍ വിരിയുന്നതെങ്കിലും രാമജന്മഭൂമി പ്രക്ഷോഭത്തെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമം നോവലില്‍ ഉടനീളമുണ്ട്.
1989 ഒക്ടോബര്‍ രണ്ടിന് ദി ന്യൂയോര്‍ക്ക് ജേര്‍ണലിന്റെ ലേറ്റ് എഡിഷനില്‍ വന്ന ഒരു വാര്‍ത്തയില്‍ നിന്നാണ് നോവലിന്റെ തുടക്കം. നീലക്കണ്ണുള്ള വെളുത്തുമെലിഞ്ഞ ഇരുപത്തിനാലുകാരിയായ അമേരിക്കന്‍ സുന്ദരി പ്രിസില്ല ഹാര്‍ട്ട് ന്യൂ ദല്‍ഹിക്ക് കിഴക്കുമാറിയുള്ള ഒരു പട്ടണത്തില്‍ വച്ച് കൊല്ലപ്പെട്ടു എന്നാണ് ആ വാര്‍ത്ത. പ്രിസില്ലയും ലക്ഷ്മണും തമ്മില്‍ അവിഹിത വേഴ്ച്ചകള്‍ അരങ്ങേറിയിരുന്ന ഉത്തര്‍പ്രദേശില്‍ യമുനയുടെ കരയിലുള്ള ഒരു പഴയ സൗധത്തിലെ സണ്‍സെറ്റ് റൂമില്‍ തന്നെയാണ് പതിനാറു കുത്തുകള്‍ ഏറ്റ നിലയില്‍ അവളുടെ മൃതദേഹം കണ്ടെത്തുന്നത്.
ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിനി ആയ പ്രിസില്ല അവളുടെ ഗവേഷണത്തിന്റെ ഭാഗമായാണ് ഇന്ത്യയിലേക്ക് വരുന്നത്. കൊക്കോ കോളയുടെ സെയില്‍സ് എക്സിക്യുട്ടീവ് ആയി അവളുടെ പിതാവ് റുഡ്യാര്‍ഡ് ഹാര്‍ട്ട് 1970 കളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നു. അന്ന് കുട്ടിയായിരുന്ന പ്രിസില്ല അമ്മ കാതറിനയ്ക്കൊപ്പം ഇന്ത്യയില്‍ താമസിച്ചിരുന്നു. അതാണ് ഗവേഷണത്തിന്റെഭാഗമായുള്ള വിവരശേഖരണത്തിന് അവള് ഇന്ത്യ തന്നെ തിരഞ്ഞെടുക്കാനുള്ള കാരണം. ഹെല്പ് അസ് എന്ന അമേരിക്കന്‍ സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകകൂടിയായ അവള് ഉത്തരേന്ത്യന്‍ വനിതകള്‍ക്കിടയില്‍ ജനസംഖ്യാ നിയന്ത്രണത്തെയും കുടുംബാസൂത്രണത്തെയും പറ്റി ബോധവല്‍ക്കരണവും നടത്തുന്നു. അങ്ങനെയാണ് അവള് സലില്‍ഗഡ് ജില്ലാ കളക്ടര്‍ ലക്ഷ്മണിനെ ആദ്യം പരിചയപ്പെടുന്നത്. പത്തു മാസത്തെ വിവരശേഖരണത്തിനൊടുവില്‍ അവള് അമേരിക്കയിലേക്ക്. മടങ്ങാന്‍ തീരുമാനിക്കുന്നു. എന്നാല്‍ രതിയില്‍ അതീവ സമര്‍ത്ഥയായ പ്രിസില്ലയെ അമേരിക്കയിലേക്ക് മടങ്ങാന്‍ ല ക്ഷ്മണ്‍ സമ്മതിക്കുന്നില്ല.
എന്നാല്‍ അയാള്‍ മനസ്സാലെ വെറുക്കുന്ന ഭാര്യ ഗീതയെ ഒഴിവാക്കി തന്നെ വിവാഹം ചെയ്യാനുള്ള പ്രിസില്ലയുടെ ആവശ്യം ആറുവയസ്സുകാരിയായ മകള്‍ രേഖയെ മുന്‍നിര്‍ത്തി അയാള്‍ അഗീകരിക്കുന്നുമില്ല;രേഖയെ താന്‍ നിയമപ്രകാരം ദത്തെടുത്ത് സ്വന്തം മകളെപ്പോലെ വളര്‍ത്തിക്കൊള്ളാം എന്നു പ്രിസില്ല പറയുന്നുണ്ടെങ്കിലും. പ്രിസില്ലയും ലക്ഷ്മണും തമ്മിലുള്ള ബന്ധം ഭാര്യ ഗീത അറിയുമ്പോള്‍ ഏത് ഇന്ത്യന്‍ കുടുംബത്തിലും ഉണ്ടാകുന്ന പൊട്ടിത്തെറി അവരുടെ കുടുംബത്തിലും സംഭവിക്കുന്നു. ഇവിടെയും അത്ഭുതകരമായ ഒരു സാമ്യം കാണാം. തരൂരും മെഹര്‍ തരാറും തമ്മിലുള്ള ട്വീറ്റുകളാണ് സുനന്ദയ്ക്ക് അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ തെളിവായി ലഭിച്ചതെങ്കില്‍ ലക്ഷ്മണും പ്രിസില്ലയും എഴുതിയ കത്തുകളാണ് ഗീതയ്ക്കു തെളിവായി ലഭിച്ചത്.
ഭര്‍ത്താവിനെ കാമുകിയില്‍ നിന്നകറ്റാന്‍ അവരുടെ ട്വീറ്റുകള്‍ പരസ്യമാക്കുകയാണ് സുനന്ദ ചെയ്തതെങ്കില്‍, ഗീത താന്ത്രികനായ ഒരു സ്വാമിജിയെ സമീപിച്ച് ഒരു പൂജയിലൂടെ വിദേശ കാമുകിയായ വടയക്ഷിയെ ഉച്ചാടനം ചെയ്ത് ഭര്‍ത്താവിനെ തന്നിലേക്ക് ആവാഹിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. സുനന്ദയും ഒരു പക്ഷേ ഭര്‍ത്താവിനെയും കൊണ്ട് ലക്ഷദീപത്തിനെത്തിയതും ഇങ്ങനെയൊരു അദൃശ്യ ശക്തിയുടെ ഇടപെടല്‍ ഉദ്ദേശിച്ചാവാം. പക്ഷേ പ്രിസില്ലയെപ്പോലെ പറയരുതാത്ത കാര്യങ്ങള്‍ പറയുംമുമ്പേ മരണത്തിലൊടുങ്ങാനായിരുന്നു വിധി. സുനന്ദയും ശശി തരൂരും തമ്മിലുള്ള ബന്ധം പുറംലോകം അറിയുന്നത് ഐപിഎല്‍ വിവാദത്തിലൂടെ ആണെങ്കില്‍ പ്രിസില്ലയുടെ ഇന്ത്യയിലേക്കുള്ള വരവിലും പ്രണയത്തിലും കൊക്കോകോളയുടെ ഒരു വിദൂര സ്പര്ശമുണ്ടെന്നതും ഒരു സാമ്യമാണ്. എന്താവാം സുനന്ദ ഒടുവില്‍ ലോകത്തോട് വിളിച്ചുപറയാന്‍ കൊതിച്ചത്? അത് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞതുപോലെ ക്രിക്കറ്റ് വാതുവയ്പ്പുകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യങ്ങളായിരുന്നോ!!!
പ്രിസില്ലയുടെ മരണത്തിനു പിന്നിലെ രഹസ്യങ്ങള്‍ അനാവരണം ചെയ്യാനും കൊലയാളിയെ കണ്ടെത്താനും പിതാവ് നടത്തുന്ന ശ്രമങ്ങളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ഒരു ഡസന്‍ കഥാപാത്രങ്ങള്‍ മാത്രമേ ഈ നോവലില്‍ ഉള്ളൂ. കളക്ടറോട്, ഉള്ളാലെ നീരസമുള്ള ജില്ലാ പോലീസ് സൂപ്രണ്ട് കഥാപാത്രങ്ങളില്‍ മുഖ്യസ്ഥാനത്തുണ്ട്. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയില്‍ ഉണ്ടായ ഒരു കലാപത്തെക്കുറിച്ച് സുഹൃത്തായ ഐഎഎസ് ഓഫീസര്‍ ഹര്‍ഷ് മന്ഥന് എഴുതിയ മറക്കപ്പെട്ടവര്‍ (ഫൊര്ഗെട്ടെന് പീപ്പിള്‍) എന്ന ലേഖന സമാഹാരവും (ഇതുപിന്നീട് കേള്‍ക്കാത്ത ശബ്ദങ്ങള്‍-അണ്‍ഹേര്‍ഡ് വോയിസെസ്സ്-എന്ന പേരില്‍ പെന്ഗ്വിന് പ്രസിദ്ധീകരിച്ചു)ദക്ഷിണാഫ്രിക്കയില്‍ കറുത്തവര്‍ഗ കലാപകാരികളാല്‍ ആമി ബെയ്ല് എന്ന അമേരിക്കന്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതും കൂട്ടിച്ചേര്‍ത്താണ് താന്‍ ഈ നോവല്‍ രചിച്ചതെന്നു തരൂര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സംഭവങ്ങളുമായി ചേര്‍ത്തുവച്ച് ഈ നോവല്‍ വായിക്കുമ്പോള്‍ ഒരു പൂര്‍വ്വ കഥിത മരണത്തിന്റെ പുരാവൃത്തം പോലെയാണ് അത് അനുവാചകന് അനുഭവപ്പെടുക.
അമേരിക്കയിലേക്ക് തിരിക്കുന്നതിനു നാലുദിവസം മുന്‍പേ 1989 സെപ്റ്റംബര്‍ 30 ശനിയാഴ്ച്ചയാണ് പ്രിസില്ല കൊല്ലപ്പെടുന്നത്.
ഇന്ത്യയില്‍ താന്‍ സ്നേഹിക്കുന്ന എകസ്ഥലമായ യമുനാതീരത്തെ തങ്ങളുടെ രാസകേളീ നികുഞ്ജം വിട്ടുപോകുന്നതിനേക്കാള്‍ അവിടെ വച്ചു മരിക്കുന്നതാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നു സിന്‍ഡിക്ക് എഴുതിയ കത്തില്‍ പ്രസില്ല പറയുന്നതിന് പ്രവചന സ്വഭാവമുണ്ട്, അതുപോലെ ഒരു പ്രവചന സ്വഭാവമുണ്ടായിരുന്നല്ലോ തനിക്കും തരൂരിനും ഇടയില്‍ വിവാഹമോചനം ഉണ്ടാവില്ല എന്ന സുനന്ദയുടെ ട്വീറ്റിനും!!!
ആരാണ് പ്രസില്ലയുടെ കൊലയാളി? കുടുംബ ജീവിതം കുട്ടിച്ചോറാക്കിയ കാമുകിയെ കളക്ടര്‍ കലാപത്തിന്റെ മറവില്‍ കൊലപ്പെടുത്തുകയായിരുന്നോ? അതോ കളക്ടറെ കുടുക്കാന്‍ തെളിവുകള്‍ ഏറെ കയ്യിലുള്ള പോലീസ് സൂപ്രണ്ട്കലാപത്തിന്റെ മറവില്‍ അവളെ കൊലപ്പെടുത്തിയതാണോ? അതോ കലാപകാരികളായിരുന്നോ അവളുടെകൊലയാളികള്? ജനസംഖ്യാ നിയന്ത്രണത്തില്‍ അവള് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ വിറളി പൂണ്ടവര്‍ അവളെ കലാപം മറയാക്കി വധിക്കുകയായിരുന്നോ?
ഡയറികുറിപ്പുകള്‍, പത്രക്കുറിപ്പുകള്‍, കുത്തിക്കുറിപ്പുകള്, ഫ്ലാഷ്ബാക്ക്, അഭിമുഖസംഭാഷണങ്ങള്‍ എന്നിവയിലൂടെ പ്രിസില്ലയുടെ മരണത്തിനു പിന്നിലെ സംഭവങ്ങള്‍ ഒന്നൊന്നായി അനാവരണം ചെയ്യുന്ന ഈ നോവലില്‍ കൊലപാതകി ആരാണെന്ന് വായിച്ചെടുക്കാനുള്ള സ്വാതന്ത്ര്യം വായനക്കാരന് വിട്ടിരിക്കുകയാണ് തരൂര്‍.
യഥാര്‍ഥത്തില്‍ ജാപ്പനീസ് ക്ലാസ്സിക് കൃതിയായ ‘റാഷമോണ്‍’ന്റെ അതേ മാതൃകയിലാണ് തരൂര്‍ റയട്ട് എഴുതിയിരിക്കുന്നത് എന്ന് പല നിരൂപകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1927ല്‍ മുപ്പത്തിയഞ്ചാം വയസ്സില്‍ ആത്മഹത്യ ചെയ്ത പ്രതിഭാധനനായ ജാപ്പനീസ് എഴുത്തുകാരന് ഋയുനോസുകെ അകുതഗാവ (Ryunosuke Akutagawa)യുടെ റാഷമോണ്‍, ഇന്‍ എ ഗ്രേവ് എന്നീ കഥകള്‍ ചേര്‍ത്താണ് വിശ്രുത ജാപ്പനീസ് സംവിധായകന് അക്കിര കുറസോവ റാഷമോണ്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമൊരുക്കിയത്. ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവം അതിനു ദൃക്സാക്ഷികളായ ഒരു മരം വെട്ടുകാരന്, ഒരു പുരോഹിതന്, പീഡനത്തിനു ഇരയായ പെണ്‍കുട്ടി, അവളുടെ വൃദ്ധമാതാവ് എന്നിങ്ങനെ ഏഴു പേരുടെ സാക്ഷ്യങ്ങളിലൂടെ അവതരിപ്പിച്ചിട്ടും യഥാര്‍ത്ഥ കൊലയാളിയെ കണ്ടെത്താനാകാതെ പോകുന്നതാണ് റാഷമോണിന്റെ ഇതിവൃത്തം. “All truth is relative, with the corollary there is no truth at all.” എന്നാണ് ഋയുനോസുകെ അകുതഗാവ നിരീക്ഷിക്കുന്നത്. ആ നിരീക്ഷണം റയട്ടില്‍ തരൂരും അതേപോലെ സ്വീകരിച്ചിരിക്കുകയാണ്.
ഒരുപാട് സംശയങ്ങള്‍..ഒരുപാട് ദുരൂഹതകള്‍…ഒന്നിനു പുറകെ ഒന്നായി ഒരുപാട് അന്വേഷണങ്ങള്‍… പക്ഷേ സത്യം പുറത്തുവരുന്നത് അസംഭവ്യമാണ് (the impossib-iltiy of knowing the truth ) എന്ന നിഗമനത്തിലേക്കാണ് റയട്ട് എന്ന നോവല്‍ വായനക്കാരെ എത്തിക്കുന്നത്. സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ഒരു ശരാശരി ഭാരതീയന് എത്തിനില്‍ക്കുന്നതും ആ നിലപാടില്‍ തന്നെയല്ലേ?!!
അക്ഷയ് കൃഷ്ണ കുഴിമറ്റം
പ്രതികരിക്കാൻ ഇവിടെ എഴുതുക: