ഒരു ക്വിസ് മത്സരത്തില്‍ വിജയിയായാല്‍, അതും റാപ്പിഡ് ക്വിസ് മത്സരത്തിലെ ങ്ങാനുമാണെങ്കില്‍ വിജയി ഒരു പ്രതിഭയായി മാനിക്കപ്പെടും. അപ്പോഴാണ് റിവേഴ്സ് ക്വിസ് പോലൊരു യത്നം. 20 ചോദ്യങ്ങള്‍കൊണ്ട് നമ്മുടെ മനസ്സിലെ ഉത്തരം ചോദ്യകര്‍ത്താവു പറയുന്നത് തീര്‍ച്ചയായും ചെറിയൊരു കാര്യമല്ല. പക്ഷേ, ബുദ്ധിയുടെയും വൈഭവത്തിന്റെയും പരകോടിയായി ഇതിനെയൊക്കെ കാണുന്നവരുണ്ടെങ്കില്‍ അവര്‍ നമിക്കും, നമിക്കണം പ്രഭാകര ശര്‍മ്മക്കു മുന്നില്‍. കാരണം പ്രഭാകര വര്‍മ്മ ഒരു ശതാവധാനിയാണ്.
കമ്പ്യൂട്ടറിനേക്കാള്‍ വേഗത്തില്‍ കണക്കു കൂട്ടിയിരുന്നു ശകുന്തളാ ദേവി. ഒരിക്കല്‍ മാത്രം വായിച്ച പുസ്തകത്തിലെ നെടുങ്കന്‍ വാക്യങ്ങള്‍ ഉദ്ധരിക്കുമായിരുന്ന ചിലരുടെ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പക്ഷേ, ആധുനിക കാലത്തെ ദശരാവണത്വമുള്ള വ്യക്തിത്വത്തെ അങ്ങനെ എത്രപേര്‍ക്കറിയാം എന്നു സംശയമാണ്.
രാവണത്വം ഇവിടെ രാക്ഷസത്വം കൊണ്ടല്ല, മറിച്ച് ഒരു ഉടലിലെ പത്തു തലകളുടെ ഒരേ സമയത്തുള്ള പ്രവര്‍ത്തന ശേഷിയാണെന്നു മാത്രം. അങ്ങനെ പത്തല്ല നൂറുവരെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തല ഉപയോഗിച്ചിരുന്നവരുണ്ടത്രെ. അവരാണ് ശതാവധാനികള്‍. പുരാണത്തിലും ഇതിഹാസത്തിലും മറ്റും ശതാവധാനികളെക്കുറിച്ചു പറയുന്നുണ്ട്. പക്ഷേ, ഇന്ന് ഒന്നിലേറെ കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്യാന്‍ പോയിട്ട് ഒരു കാര്യം പിഴവില്ലാതെ ചെയ്യാനാവാത്തവരാണ് ഒട്ടുമുക്കാല്‍ പേരും. അവര്‍ക്കിടയില്‍ വ്യത്യസ്തനായി നില്ക്കുന്ന ശതാവധാനിയായ പ്രഭാകര വര്‍മ്മയെ പക്ഷേ എന്തുകൊണ്ടാരും കൊണ്ടാടുന്നില്ല എന്നു ചോദിച്ചാല്‍ അതിനു വ്യക്തമായ മറുപടിയില്ല.
ഈ ദശാവധാനത അഭ്യാസംകൊണ്ടു വളര്‍ത്തിയെടുക്കേണ്ട ഒരു ജന്മസിദ്ധമായ കഴിവാണ്. ആ കഴിവ് എല്ലാവരിലും ഉണ്ടെങ്കിലും അതിന് സ്വയം സമര്‍പ്പിക്കാന്‍ മനസുവെക്കുന്നവര്‍ കുറവാണെന്നു മാത്രം. പല മാര്‍ഗ്ഗങ്ങള്‍ ഇതിനുണ്ട്. ഒരു സാഹിത്യ വിനോദമായും ഇതു പരിശീലിക്കാവുന്നതേ ഉള്ളു. പല വിഷയങ്ങളില്‍ ഒരേ സമയം ശ്രദ്ധ ചെലുത്തുവാനുള്ള കഴിവ് വികസിപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. അവധാനം എന്നാല്‍ മനസ്സുവക്കല്‍ എന്നര്‍ത്ഥം. തെലുങ്കു നാട്ടിലാണിതിന് കൂടുതല്‍ പ്രചാരം. ഇതിന്റെ മാധ്യമം സംസ്കൃതമാണ്, അപൂര്‍വമായി തെലുങ്കും.
പത്തു വ്യത്യസ്ത കാര്യങ്ങള്‍ ഒരേ സമയം നിര്‍വഹിക്കുന്നതാണ് ദശാവധാനം. സദസ്യര്‍ പറയുന്ന വിഷയത്തെപ്പറ്റി അവര്‍ പറയുന്ന വൃത്തത്തില്‍ ഓരോ പദ്യം ഉണ്ടാക്കുകയാണ് പ്രധാന പരിപാടി. ഇതില്‍ രണ്ടിനങ്ങള്‍ ദ്രുത കവിതാ നിര്‍മാണം തന്നെ. ഏറ്റവും എളുപ്പത്തില്‍ കവിത നിര്‍മ്മിക്കുക. നിശ്ചിത വിഷയത്തെപ്പറ്റി ഒരു പദ്യമുണ്ടാക്കണമെന്നും അതില്‍ ഓരോ പദ്യവും ഇന്നയിന്ന അക്ഷരങ്ങള്‍ ഇത്രാമത്തേതായി ഉണ്ടായിരിക്കണമെന്നും അവധാനിയോട് സദസ്യര്‍ നിര്‍ദ്ദശിക്കുന്നതാണ് മറ്റൊരിനം. ഇതില്‍ വൃത്തം അവധാനി തിരഞ്ഞെടുക്കുന്നു.
അക്ഷര നിഷേധമാണ് നാലാമത്തെ ഇനം. സദസ്യര്‍ നിശ്ചയിച്ച ഒരു വിഷയത്തെപ്പറ്റി അവധാനി പദ്യമുണ്ടാക്കുന്നു. അതില്‍ അക്ഷരം അയാള്‍ പറയുന്നു. അടുത്ത അക്ഷരം ഇന്നതാവരുത് എന്ന് സദസ്യര്‍ക്ക് പറയാം. അപ്പോള്‍ അവധാനി മറ്റൊരക്ഷരം പറയുന്നു. ഉടന്‍ അടുത്ത അക്ഷരം സദസ്യര്‍ക്ക് നിഷേധിക്കാം. ഇങ്ങനെ പദ്യം പൂര്‍ത്തിയാക്കണം. അതിന് സംഗതമായ അര്‍ത്ഥം ഉണ്ടായിരിക്കുകയും വേണം. അല്ലാതെ ആധുനിക കവികളെന്നു സ്വയം പറയുന്ന ചിലര്‍ എഴുതിവിടുന്ന തോന്യാക്ഷരങ്ങളാവരുത്.
സമസ്യാപൂരണമാണ് അഞ്ചാമത്തെ ഇനം. സമസ്യ എത്രമാത്രം അസംബന്ധമായാലും പൂരണംകൊണ്ട് അതിന് അര്‍ത്ഥസാംഗത്യം വരുത്തിത്തീര്‍ക്കണം. അവധാനിയുടെ ഇഷ്ടപ്രകാരം ഒരു പദ്യമുണ്ടാക്കലാണ് ആറാമത്തെ ഇനം. ഇതിന്റെ ഏതാനും അക്ഷരങ്ങള്‍ അപ്പോഴപ്പോഴായി അയാള്‍ സദസ്യര്‍ക്ക് ചൊല്ലിക്കൊടുക്കുന്നു. സദസ്യര്‍ അവ എഴുതി സൂക്ഷിക്കുന്നു. ഒടുവില്‍ അക്ഷരങ്ങള്‍ മുഴുവനായാല്‍ അവധാനി പൂര്‍ണപദ്യം ചൊല്ലിക്കേള്‍പ്പിക്കുന്നു.
സദസ്യരിലൊരാള്‍ താന്‍ തിരഞ്ഞെടുത്ത ഒരു പദ്യത്തിന്റെ നാലോ അഞ്ചോ അക്ഷരങ്ങള്‍ വീതം ഒരടുക്കും മുറയുമില്ലാതെ അപ്പോഴപ്പോഴായി അവധാനിക്കു പറഞ്ഞുകൊടുക്കുന്നതാണ് മറ്റൊരിനം. പല പ്രകടനങ്ങള്‍ക്കിടക്ക് പലതവണയായി പദ്യത്തിന്റെ അക്ഷരങ്ങള്‍ അപ്പോഴപ്പോഴായി അയാള്‍ സദസ്യര്‍ക്ക് ചൊല്ലിക്കൊടുക്കുന്നു. സദസ്യര്‍ അവ എഴുതി സൂക്ഷിക്കുന്നു. ഒടുവില്‍ അക്ഷരങ്ങള്‍ മുഴുവനായാല്‍ അവധാനി പൂര്‍ണപദ്യം ചൊല്ലി കേള്‍പ്പിക്കുന്നു.
ഈ പ്രകടനങ്ങളെല്ലാം നടന്നുകൊണ്ടിരിക്കെ സദസ്യരിലൊരാള്‍ തന്റെ കൈവശമിരിക്കുന്ന മണി കൊട്ടിക്കൊണ്ടിരിക്കും. ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞാല്‍ എത്ര മണി ശബ്ദം ഉണ്ടായി എന്നും അവധാനി പറയണം. ഇതിനുശേഷം താന്‍ നിര്‍മിച്ച പദ്യങ്ങളും തന്നോട് പറയപ്പെട്ട പദ്യവും അവധാനി ക്രമത്തില്‍ സദസ്യരെ ചൊല്ലികേള്‍പ്പിക്കണം. ശിക്ഷണംകൊണ്ട് മനുഷ്യമേധയുടെ ധാരണാശക്തി എത്രമാത്രം വര്‍ധിപ്പിക്കാമെന്നതിന്റെ അത്ഭുതാവഹമായ പ്രകടനമാണ് ദശാവധാനം.
ദോര്‍ബല്‍ പ്രഭാകര ശര്‍മ്മ ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ കോവ്വൂര്‍ സ്വദേശിയാണ്. ആന്ധ്ര ഗീര്‍വാണ വിദ്യാപീഠത്തിലെ മുന്‍ പ്രിന്‍സിപ്പാളാണ് ഇപ്പോഴവിടുത്തെ പാലകമന്ത്രിയാണ്. പൂര്‍വാന്ധ്രാ സംസ്കൃത ഭാരതീ അധ്യക്ഷനാണ്. കോവ്വൂര്‍ വിഭാഗ് രാഷ്ട്രീയ സ്വയംസേവകസംഘം സംഘചാലകുമണ്. പ്രഭാകരശര്‍മ്മ പലവട്ടം അഷ്ടാവധാനവും ദശാവധാനവും അഷ്ടോത്തര ശതാവധാനവും നടത്തിയ വ്യക്തിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: