വസന്തകാലമായാല്‍ വളളുവനാടിന് ഉത്സവമാണ്. പതിവുതെറ്റാതെ വസന്തത്തില്‍ വല്ലരികള്‍ പൂക്കുമ്പോള്‍ ദേശക്കാവുകളില്‍ അലറിയും പാലയും പൂക്കുന്നു. അരയാല്‍ത്തറയിലെ കല്‍വിളക്കുകളില്‍ ഉത്സവദീപങ്ങള് തെളിയുകയായി. അതെ, ഉത്സവമുറ്റങ്ങള്‍ വളളുവനാട്ടില്‍ ഉണരുകയായി. പരശുരാമന് പ്രതിഷ്ഠിച്ച നൂറ്റെട്ട് കാവുകളാല് സമൃദ്ധമായ വളളുവനാട്ടിലെ കര്‍ഷകഗ്രാമങ്ങളില്‍ കൂട്ടായ്മയുടെ നാട്ടുത്സവങ്ങള്‍ക്ക് കൊടിയേറിത്തുടങ്ങി. നിളാതടത്തിലെ പാടശേഖരങ്ങള്‍ കൊയ്തൊഴിഞ്ഞതോടെയാണ് വളളുവനാടിന്റെ ഹൃദയക്ഷേത്രങ്ങളില്‍ പൂരപ്പുറപ്പാടിന് തുടക്കമായത്. വരരുചിപ്പഴമ പേറുന്ന ഐതിഹ്യങ്ങളും ഗോത്ര പാരമ്പര്യത്തിന്റെ സമ്പന്നതയും വള്ളുവനാട്ടിലെ ഉത്സവങ്ങള്‍ക്ക് പൊലിമകൂട്ടുന്നു.
മണ്ഡലമാസം പിറക്കുന്നതോടെ തുടങ്ങുന്ന അയ്യപ്പന്‍വിളക്കുത്സവങ്ങളോടെയാണ് ക്ഷേത്രമുറ്റങ്ങള്‍ ഉണരുന്നത്. മണ്പണികഴിഞ്ഞ് ചാണകം മെഴുകി മുഖം മിനുക്കിയ മുറ്റത്ത് നിറപറയും നിലവിളക്ക് കൊളുത്തിയും പഴയ തറവാട്ടു മുത്തശ്ശിമാര്‍ ഇന്നും മുറതെറ്റാതെ പൂരത്തെ വരവേല്‍ക്കുന്നു. കിഴക്ക് പുലരി തെളിയുന്നതിനുമുമ്പുതന്നെ പൂരാഘോഷങ്ങള്‍ക്ക് തുടക്കമാവും. പിന്നെ നാടുകാക്കുന്ന തട്ടകത്തമ്മയെ കണ്ടുവണങ്ങാന്‍ നാനാദിക്കില്‍ നിന്നെത്തുന്ന ഭക്തരുടെ തിരക്ക്. . . അന്ന് പകലിന്റെ വെയിലസ്തമിക്കുന്നതും രാവിന്റെ തിരിയണയുന്നതും ദേശക്കാരറിയാറില്ല. കാരണം ഉരുക്കളെ കാത്ത് ഇരുവിളകള്‍ കെടാതെ നോക്കി നല്ല വിളവ് തന്ന തട്ടകത്തെ നല്ലമ്മയ്ക്ക് ഇന്നുത്സവമാണ്. . . . താന്‍ നട്ട നുരികളില്‍ നിന്ന് നൂറുമേനി കൊയ്ത കര്‍ഷകനിന്നുത്സവമാണ്. . .
വ്യത്യസ്തമായ ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഓരോ ഉത്സവത്തിനു പിന്നിലുമുണ്ട്. കുന്നത്തുകാവില് നിന്നെടുത്ത് മുളയങ്കാവില്‍ വേലമുളയ്ക്കുന്നു എന്നാണ് പട്ടാമ്പി, പടിഞ്ഞാറങ്ങാടി ഭാഗങ്ങളില്‍ പറയുക. പാലക്കാട്ടുകാരാണെങ്കില്‍ ആദിപുതുശ്ശേരി, അന്ത്യം കോങ്ങാടെന്നൊരു ചൊല്ലുമുണ്ട്. കൂടാതെ പാടൂര്‍ ജനനം മംഗലം മരണം എന്നൊരു പഴമൊഴിയും ഇവിടുത്തുകാരുടെ കാതിലുണ്ട്. എല്ലാം പൂരങ്ങളുടെ ആദ്യവസാനങ്ങളെപ്പറ്റി.
കൂട്ടായ്മയുടെ കരുത്തിലാണ് ഓരോ നാട്ടുത്സവങ്ങളും നടക്കുന്നത്. ഒത്തൊരുമയുടെ പൂരംകൂടിയാണിത്. കാഴ്ചവട്ടങ്ങളൊരുക്കി അവര്‍ കാത്തിരിക്കുന്നതും ഈ പൂരത്തിനുവേണ്ടി യാണ്. നാടും വീടും വിട്ട് മറുനാടുകളില്‍ ജീവിതം നയിക്കുന്നവര്‍ക്ക് സ്വന്തം തട്ടകത്തെ പൂരം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരോര്‍മ്മയാണ്.
ഓണവും വിഷുവും മറ്റ് ആണ്ടറുതികളും മാറ്റിവെച്ച് ദേശത്തെ പൂരത്തിനാണവര്‍ നാട്ടിലെത്തുക. കുടുംബത്തോടൊത്തുചേരാനും ഗതകാലസ്മരണകള്‍ പങ്കുവെയ്ക്കുവാനും ഉളള നേരംകൂടിയാണവര്‍ക്ക് പൂരക്കാലം. പട്ടാമ്പി, കൂറ്റനാട്, കുമരനെല്ലൂര്‍ മേഖലകളില്‍ താലപ്പൊലികള്‍ക്കാണ് പ്രാധാന്യം. കല്ലടത്തൂര്ക്കാവ്, വേങ്ങശ്ശേരി, മുക്കാരത്തിക്കാവ്, ഇളവാതില്ക്കല്, ആമക്കാവ്, പുല്ലാനിക്കാവ്, മുലയംപറമ്പ് തുടങ്ങിയ താലപ്പൊലികള്‍ പ്രസിദ്ധമാണ്. വളളുവനാട്ടിലെ പൂരങ്ങളുടെ പൂരമാണ് ചിനക്കത്തൂര്‍പൂരം.
വളളുവനാട്ടിലെ ഏഴുദേശങ്ങളുടെ ഹൃദയോത്സവമാണ് ചിനക്കത്തൂരമ്മയുടെ പൂരം. മാഘമാസത്തിലെ മകംനാളിന്റെ സുകൃതം. നെടുങ്ങനാടന്‍ പഴമ ഐതിഹ്യപടിക്കെട്ടു കളിറങ്ങുന്ന നാള്. ബ്രഹ്മയാമത്തില്‍ വിവിധ ദേശങ്ങളില്‍ നിന്നെത്തുന്ന പൂതന്‍ തിറകളും കുമ്മാട്ടിയും ചിനക്കത്തൂര്‍ ഭഗവതിയുടെ മുന്നിലെത്തുന്നതോടെ പൂരക്കാഴ്ചകള്‍ക്ക് തുടക്കമാവും. ഉച്ചയ്ക്കാണ് ചിനക്കത്തൂര്‍ തട്ടകത്തിലെ ഏഴുദേശങ്ങളില്നിന്നുളള പൂരപ്പുറപ്പാട്. കാവുമുറ്റത്ത് 16 കുതിരക്കോലങ്ങള്‍ ഇരുപന്തികളിലായി അണിനിരക്കുന്നതോടെ മാമാങ്കസ്മൃതികളുണര്ത്തുന്ന കുതിരക്കളിയ്ക്ക് തുടക്കമാവും. തുടര്‍ന്ന് തേരും തട്ടിന്മേല്കൂത്തും പിറകെ എണ്ണമറ്റ കലാരൂപങ്ങളും ക്ഷേത്രാങ്കണത്തിലെത്തുന്നു. കിഴക്കും പടിഞ്ഞാറും നിന്നെത്തുന്ന ഗജവീരന്മാര് മൈതാനത്തിലെത്തുന്നതോടെ ആനപ്പൂരമാരംഭിയ്ക്കും. കുംഭവെയില്‍ കനല്വിതറിയ വഴികളിലൂടെ ആവേശത്തിരയിളക്കി പൂരപ്പറമ്പിലേയ്ക്കൊഴുന്ന പുരുഷാരം. പിന്നെ ഇരുവരികളിലായി കേരളത്തിലെത്തന്നെ പ്രമുഖ വാദ്യകലാകാരന്മാര് അണിനിരക്കുന്ന പാണ്ടിമേളം. വൈകിട്ട് വിവിധ ദേശക്കാരുടെ ഗംഭീര വെടിക്കെട്ട്. പിറ്റേന്ന് രാവിലെ ആനപ്പൂരം, കുതിരകളി, തേര്, തട്ടിന്മേല് കൂത്ത് എന്നിവ ഒഴിക്കല്ക്കൂടി ദേവിയുടെ സന്നിധാനത്തിലെത്തി പിരിയുന്നതോടെയാണ് പൂരം സമാപിക്കുക. വിദേശികളടക്കം ജനസഹസ്രങ്ങളാണ് പൂരപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തുക.
തമിഴകത്തുനിന്ന് അതിഥിയായെത്തിയ കമ്പരാമായണം കഥപാടി രാമായണേതിഹാസത്തിന്റെ വശ്യസൗന്ദര്യം നിഴല്‍രൂപമായി ഇതള്‍ വിരിക്കുന്ന പാവകൂത്ത് വളളുവനാട്ടിലെ ദേവീക്ഷേത്രോത്സവങ്ങളുടെ പ്രത്യേകതയാണ്. പ്രകൃതി വര്‍ണ്ണങ്ങളാല്‍ കളമെഴുതിയുണ്ടാക്കിയ പഞ്ചവര്ണ്ണരൂപങ്ങളെ സാക്ഷിനിര്‍ത്തി പൂരത്തോടൊപ്പം ദേവീക്ഷേത്രങ്ങളില്‍ നടത്തുന്ന കളമെഴുത്തുപാട്ടും പ്രസിദ്ധമാണ്.
പൂരത്തിനുമുന്നോടിയായി ദേശത്തിലെ വിവിധ സമുദായക്കാര്‍ക്ക് അവകാശപ്പെട്ട കലാരൂപങ്ങളും തട്ടകത്തമ്മയെ വണങ്ങി ദേശത്തെ വീടുകളിലെത്തും. മൂക്കന് ചാത്തനാണ് ആദ്യമെത്തുക. പിന്നെ ദേശത്തറയില്‍ നിറഞ്ഞാടാനെത്തുക പൂതന്‍-തിറ വേഷങ്ങള്‍. മയില്‍പ്പീലി കൂന്തലും കിരീടവുംവെച്ച് പാടവരമ്പുകള്‍ താണ്ടി ഇടവഴികളിലൂടെ പൂതന്‍, ഒപ്പം ചെമ്പട്ടു ഞൊറിഞ്ഞുടുത്ത് ചിട്ടയായ അനുഷ്ഠാനത്തിന്റെ മനോബലവുമായി മെയ്യില്‍ ഭാരിച്ച ശിരോലങ്കാരങ്ങള്‍ പേറിയ തിറവേഷങ്ങളും. ഇടശ്ശേരിയുടെ പൂതപ്പാട്ട് ഉറക്കുപാട്ടായി കേട്ട നിളാതടഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് തുടികൊട്ടും ചിലമ്പൊലികളുമായെത്തുന്ന പൂതന്‍ എന്നും ആവേശമാവാറുണ്ട്. ദേശത്തെ വീടുകളില്‍ കയറി വടികൊട്ടികളിക്കാന് പിന്നെ നായാടികളും വരും. തട്ടകവാസികളുടെ കര്‍മ്മദോഷങ്ങള്‍ സ്വയമേറ്റ് ശിരസ്സുവെട്ടി രക്തം വീഴ്ത്തി അരിയും നെല്ലും വാരിയെറിഞ്ഞ് ദേശമക്കള്‍ക്ക് നന്മനേരുന്ന കോമരവും പൂരത്തിന്റെ തീഷ്ണ സാന്നിദ്ധ്യമാണ്. ദേശത്തെ പറയെടുപ്പിനായി ദേവിയുടെ പ്രതീകമായ കോമരം വീടുകളിലെത്തും.
ഉത്സവപ്പറമ്പുകള്‍ക്ക് പരിചിതരായ കുറെ സ്ഥിരം കാഴ്ചക്കാരുമുണ്ട്. ആനകളുടെ തലയെടുപ്പിനെപ്പറ്റിയും ലക്ഷണങ്ങളെപ്പറ്റിയും ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞ് ആനപ്പൂരത്തിന് പിമ്പേ ഗമിക്കുന്ന ആനക്കമ്പക്കാര്‍. പൂമുളളി കേശവനും മംഗലാംകുന്ന് ഗജകേസരിമാരും എല്ലാം വളളുവനാടിനുമാത്രം സ്വന്തം. തട്ടിയും തലോടിയും അവര്‍ക്കുചുറ്റിലും ആരാധകരേറെ. പഞ്ചവാദ്യത്തിനും പഞ്ചാരിമേളത്തിനും തായമ്പകയ്ക്കും ഒപ്പം വട്ടംകൂട്ടുന്ന മേളക്കമ്പക്കാര്‍. ചെര്‍പ്പുളശ്ശേരി ശിവനും മനമക്കാവ് രാജനും കോങ്ങാട് വിജയനും വെളളിനേഴി നടരാജനും തൃത്താല പൊതുവാളും കൊട്ടിക്കയറ്റിയ താളഗോപുരങ്ങള്‍. തമിഴ്നാട്ടില്‍നിന്നും മറ്റു ദൂരദേശങ്ങളില്‍ നിന്നും പൂരക്കാലമായാല്‍ എത്തുന്ന വഴിവാണിഭക്കാര്‍. ആലുവ പൊരി, ഈന്തപ്പഴം തുടങ്ങി ഐസ് വരെ വില്‍ക്കുന്ന കച്ചവടക്കാര്‍. സോപ്പ്, ചീപ്പ്, കണ്ണാടി മുതല്‍ വള, മാല, ബലൂണ്‍ വരെ വില്ക്കുന്നവരും ഓരോ ഉത്സവത്തിന്റെയും നിറസാന്നിദ്ധ്യമാണ്. കൂടാതെ ഓര്‍മ്മകളില്‍ മറഞ്ഞ പൂരക്കാഴ്ചകളെ ക്കുറിച്ച് കുറെയുണ്ട് പഴമക്കാര്‍ക്ക് പറയാന്‍. വാനില്‍ തീ വില്ലു കുലയ്ക്കുന്ന കതിനകളെപ്പറ്റി ഉത്സവത്തിനിടയില്‍ ഇടഞ്ഞ കരിവീരന്റെ പരാക്രമങ്ങളെക്കുറിച്ചും കുംഭവെയില്‍ തളര്‍ത്തുമ്പോള്‍ ആശ്വാസമായി വേപ്പിലയും പച്ചമുളകും ചേര്‍ത്ത് പടിപ്പുരകളിലെ മരപ്പാത്തികളില്‍ ഏതോ തറവാട്ടുകാരണവര്‍ കാത്തുവെച്ച സംഭാരം.
പൊങ്ങച്ചങ്ങളുടെ പുറംകാഴ്ചകളില്‍ വിശ്വസിക്കുന്ന പുതിയ കാലത്ത് ഉത്സവത്തിലെ പണക്കൊഴുപ്പുകൂടി വരുന്നുണ്ട്. എങ്കിലും പുതിയ തലമുറയ്ക്ക് ഉത്സവക്കമ്പം കുറഞ്ഞിട്ടില്ല. ‘ചെണ്ടപ്പുറത്ത് കോലുവീഴുന്നോടത്തെല്ലാം നീയുണ്ടാവും.’ ഒരു വളളുവനാട്ടുകാരനെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ഈ ചൊല്ല് ഇണങ്ങും. മകരം തൊട്ട് ഇടവപ്പാതിവരെ നീണ്ടുനില്‍ക്കുന്ന താളമേളങ്ങള്‍ക്കൊപ്പം ആര്‍പ്പുവിളികളുമായി യുവാക്കളുടെ നിറസാന്നിദ്ധ്യമുണ്ട്. അനുദിനം യാന്ത്രികമായി വരുന്ന ജീവിതം ചലിപ്പിക്കാനുളള ഊര്‍ജ്ജം നല്കുന്ന അവസരങ്ങളാണ് ഇത്തരം ഉത്സവക്കൂട്ടായ്മകള്. എല്ലാം മറന്ന് ഒന്നാകാനും പുതിയ കര്‍മ്മകാണ്ഡങ്ങള്‍ തുടങ്ങാനും ഈ ആഹ്ലാദവേളകള്‍ക്ക് കഴിയുന്നുണ്ട്.
നെറ്റിപ്പട്ടംകെട്ടി പൊന്നണിഞ്ഞ് നില്ക്കുന്ന സഹ്യന്റെ മക്കളാണ് പൂരത്തിന്റെ തറവാടിത്തം വിളിച്ചോതുന്നത്. പഞ്ചവാദ്യം, പാണ്ടിമേളം, പഞ്ചാരി ഉള്‍പ്പെടെയുളള മേളഘോഷങ്ങള്‍ ഉത്സവങ്ങള്‍ക്ക് ഗരിമ പകരുന്നു. പഞ്ചവാദ്യമാണ് ആനയെഴുന്നളളിപ്പിന്റെ സാമ്പ്രദായിക അകമ്പടിവാദ്യം. എന്നാല്‍ യുവാക്കള്‍ക്ക് ഹരമായ ശിങ്കാരിമേളവും തകിലും ഇപ്പോള്‍ പൂരംവരവിനും കാവടിക്കും അകമ്പടിയാവാറുണ്ട്. കൂടാതെ ബാന്റ് വാദ്യം, വര്‍ണ്ണച്ചിറകുകളാല്‍ വസന്തം തീര്‍ത്ത് പൂക്കാവടികള്‍, അടിയാള താളങ്ങളുടെ അകമ്പടിയോടെ കെട്ടുകാളകള്‍, മേലാസകലം കരിവാരിപ്പൂശി തലപറിച്ചുവലിച്ചെറിഞ്ഞ് രുദ്രയായെത്തുന്ന കരിങ്കാളികള്‍, പറയച്ചെണ്ടകളുടെ മേളക്കൊഴുപ്പുമായി ഗോത്രസ്മൃതികളുണര്‍ത്തുന്ന നാടന്‍ കലാരൂപങ്ങളും വളളുവനാട്ടിലെ വേലകള്‍ക്ക് നിറം ചാര്‍ത്തുന്ന കാഴ്ചകളാണ്.
ഉച്ചവെയില്‍ വിയര്‍പ്പൊഴുക്കിയ വഴികളിലൂടെ വിവിധ ആഘോഷങ്ങളോടെ പൂരപറമ്പിലേക്കൊഴുകുന്ന പുരുഷാരം. ഒടുവില്‍ പടിഞ്ഞാറ് അസ്തമയം മഞ്ഞച്ചേല ചുറ്റുമ്പോള്‍ ആടിത്തിമര്‍ത്ത് തിറയും പൂതനും തെയ്യവും ദേവിയെ വണങ്ങി ആചാരം ചൊല്ലിപ്പിരിയുമ്പോള്‍ ദീപാരാധന തുടങ്ങുകയായി. നട തുറക്കുമ്പോള്‍ മേമ്പൊടിയായി ആകാശത്ത് കരിമരുന്നിന്റെ ഇടിമുഴക്കങ്ങള്‍. . .തീരുന്നില്ല ഈ പൂരക്കാഴ്ചകള്‍.
ദീപാരാധനയ്ക്കുശേഷം ഇരട്ടുതീണ്ടാത്ത സന്ധ്യയ്ക്ക് ദേവിക്കു മുമ്പില്‍ കേളി, പറ്റ്, വാദ്യങ്ങള്‍ പിന്നെയൊരു ഇരട്ടത്തായമ്പക. പുറത്തൊരുക്കിയ പ്രത്യേക വേദിയിലപ്പോള്‍ നാടകം, ബാലെ, നൃത്തനൃത്യങ്ങള്‍, ഗാനമേള തുടങ്ങിയ കലാപരിപാടികള്‍. അന്നു കണ്ണടയ്ക്കാത്ത ദേശത്തിരുനടയിലേയ്ക്ക് പൂരത്തിന്റെ രാത്രിപ്പൊലിമയായി നിരയായൊഴുകിയെത്തുന്ന ആയിരത്തിരിദീപങ്ങള് . . . അടയാറില്ലന്ന് തട്ടകവാസികളുടെ മിഴികള്‍.
ഒടുവില്‍ തീവെട്ടികളുടെ അകമ്പടികളോടെ രാത്രി എഴുന്നളളിപ്പ് കാവുകയറുമ്പോള് ദൃശ്യവിസ്മയം തീര്‍ത്ത് വെടിക്കെട്ട് വീണ്ടും. അതുകഴിഞ്ഞ് തിടമ്പിറക്കി ആചാരംചൊല്ലി മാരാരുടെ ചെണ്ടയുടെ താളത്തിനൊത്ത് പൂരംകൊടിയിറങ്ങുമ്പോള് അപ്പുറത്ത് ചമയങ്ങളഴിച്ചുവെച്ച് അകന്നകന്നുപോകുന്ന ചങ്ങലക്കിലുക്കങ്ങള്‍. . . ‘പൂരം കഴിഞ്ഞ പൂരപ്പറമ്പുപോലെ’ എന്ന പഴമൊഴിപോലെ ശൂന്യമായ മനസ്സിലപ്പോള്‍ നഷ്ടബോധവും നിരാശയും. അടുത്ത പൂരത്തിനുകാണാം. അവസാനത്തെ അതിഥി, പൂരം കൊടിയിറക്കിയ തന്ത്രിയും വിടചൊല്ലി. ഇനിയൊരു പൂരത്തിനു തിരിച്ചുവരാനായി. അപ്പോള്‍ കാവുതഴുകിയെത്തിയ കാറ്റുപറയും ‘പൂരം കഴിഞ്ഞു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: