ഇന്ന് റിപ്പബ്ലിക് ദിനമാണ്. ജനങ്ങള്‍ക്കായി ഭരണാധികാരികളുടെ ആശംസകളും ഗവണ്മെന്റ് പരസ്യങ്ങളും മാധ്യമങ്ങളിലാകെ നിറയുന്ന ദിവസം. ഇതൊക്കെയും സത്യമാകുന്നുവോ? ഫലപ്രദമാകുന്നുവോ എന്ന് ആരും ഗൗരവപൂര്‍വം വിലയിരുത്തുന്നതായി തോന്നാറില്ല.
ഇന്ത്യ ഒരു പരമാധികാര ജനകീയ റിപ്പബ്ലിക് ആയിട്ട് ആറുപതിറ്റാണ്ടിലേറെ കഴിഞ്ഞിരിക്കുന്നു. അതിനിടയില്‍ പ്രശംസാര്‍ഹങ്ങളായ പല നേട്ടങ്ങളും നാം കൈവരിച്ചിട്ടുണ്ടെന്നത് സത്യമാണ്. എങ്കിലും ലക്ഷ്യത്തെ വിസ്മരിച്ചും തെറ്റായ വഴികളിലൂടെ സഞ്ചരിച്ചും നാം വരുത്തിവെച്ച കുഴപ്പങ്ങള്‍ അതിഭീകരമാണ് എന്ന വസ്തുതയും നിഷേധിക്കാന്‍ കഴിയുന്നതല്ല.
ശക്തവും വിപുലവുമായ പ്രകീര്ത്തിതവുമായ ഒരു ഭരണഘടന നമുക്കുണ്ട്. “ഇന്ത്യയിലെ ജനങ്ങളായ നാം” എന്നു തുടങ്ങുന്ന അതിന്റെ ആമുഖത്തില്‍ തന്നെ കൃത്യമായ ലക്ഷ്യസൂചന കാണാം. എല്ലാ പൗരന്മാര്ക്കും നീതി, അവസരസമത്വം, മതാനുഷ്ഠാന സ്വാതന്ത്ര്യം എന്നിവ അതുറപ്പു നല്കുന്നു.
അതിനകത്തുനിന്നുകൊണ്ട് വ്യക്തിയുടെ അന്തസ്സും വ്യക്തികള്‍ തമ്മിലുള്ള സാഹോദര്യവും രാഷ്ട്രത്തിന്റെ അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുമെന്നും അത് പ്രഖ്യാപിക്കുന്നു. പക്ഷെ ഇന്നത്തെ മാധ്യമങ്ങളില്‍ നിറയുന്ന കാഴ്ചകളും വാര്‍ത്തകളും നോക്കൂ. എന്തൊരു വൈരുദ്ധ്യം കണ്ടും കേട്ടും നമ്മുടെ മനഃസാക്ഷി മരവിച്ചുപോകുന്നില്ലേ?
എന്താണിതിന് കാരണം? ലളിതമാണതിനുത്തരം! നമ്മെ സ്വാതന്ത്ര്യത്തിലേക്കും ആത്മവിശുദ്ധിയിലേക്കും നയിച്ച മഹാത്മാക്കളുടെ വാക്കുകളില്‍നിന്നും കാഴ്പ്പാടുകളില്നിന്നും ഭരണം കയ്യേറ്റവര് ഏറെ അകന്നുപോയി എന്നതുതന്നെ. ഈ അകല്‍ച്ചയ്ക്ക് കാരണമാകട്ടെ, അതിരറ്റ സ്വാര്‍ത്ഥമോഹങ്ങളും സുഖതൃഷ്ണകളുമാണ്. ഇവിടെ ഗാന്ധിജിയില്‍നിന്നുള്ള ഒരു ഉദ്ധരണിയാവാം!
“ഒരു ജനാധിപത്യവാദി തികച്ചും നിസ്വാര്‍ത്ഥനായിരിക്കണം. തന്റെയോ തന്റെ കക്ഷിയുടെയോ പേരിലല്ല, ജനാധിപത്യത്തിന്റെ വഴിയിലൂടെ മാത്രമേ അയാള്‍ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ സ്വപ്നം കാണുവാന്‍ പോലുമോ പാടുള്ളൂ.”
പക്ഷെ, വാര്‍ത്തകള്‍ ശ്രദ്ധിക്കൂ. നമ്മുടെ നേതാക്കളും ഭരണാധികാരികളും അങ്ങനെയാണോ? ജനങ്ങളെ മറന്നുകൊണ്ടുള്ള അധികാര ദുര്‍വിനിയോഗത്തിന്റെയും അഴിമതികളുടേയും ക്രൂരതകളുടേയും കഥകളാണെങ്ങും! വ്യക്തിളുടെ സ്വാര്‍ത്ഥത മൂലം പാര്‍ട്ടികള്‍ തന്നെ പലതായി പിളര്‍ന്നു സംഘര്‍ഷം വളര്‍ത്തുന്നു. അവര്‍ ജനങ്ങളെ മറക്കുന്നു! ജനങ്ങള്‍ക്ക് കഷ്ടനഷ്ടങ്ങള്‍ സമ്മാനിക്കുന്നു.
ഒരു നല്ല ജനാധിപത്യ രാഷ്ട്രത്തിന്റെ നാലു മേന്മകള് ഗാന്ധിജി എടുത്തുപറഞ്ഞിട്ടുണ്ട്. നാലു കുറവുകളെയാണ് അദ്ദേഹം മേന്മകളായി കാണുന്നത്. ആ കുറവുകള്‍ നോക്കൂ.
1.പോലീസ് സംരക്ഷണം ആവശ്യമാകുന്ന ഘട്ടങ്ങള്‍ കുറവാകണം.
2.ജയിലുകളും അതില്‍ കുറ്റവാളികളും കുറവായിരിക്കണം.
3.കോടതികളും അവിടുത്തെ കേസുകളും കുറവായിരിക്കണം.
4.ആശുപത്രികളില്‍ രോഗികളുടെ എണ്ണവും കുറഞ്ഞിരിക്കണം.
ഹാവൂ! ഇന്നത്തെ അവസ്ഥയെന്താണ്? ഇവയെല്ലാം കൂടിക്കൂടി വരികയല്ലേ? എത്ര പോലീസുണ്ടായാലും കോടതികളുണ്ടായാലും ജയിലുകളുണ്ടായാലും ആശുപത്രിയുണ്ടായാലും കാര്യങ്ങള്‍ നേരെ ചൊവ്വേ നടക്കില്ല എന്നു ഉറപ്പായിരിക്കുന്നു! കഷ്ടം!
ഇതിനോട് ചേര്‍ത്ത് ചിന്തിക്കാന്‍ ഗാന്ധിജി മറ്റൊരു കാര്യം കൂടി വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ സ്വബോധം നഷ്ടപ്പെട്ടവരായി അക്രമികളായി നിരന്തരം കലഹിക്കുകയും കോടതിയില്‍ പോവുകയും ചെയ്യുന്നുവെങ്കില്‍ അവര്‍ അടിമകളാണ്; സ്വതന്ത്രരല്ല.
അതെ. ഗാന്ധിജി പറഞ്ഞ ആ സത്യത്തെ മാനിക്കുകയാണെങ്കില്‍ നാം ഇന്ന് അടിമകളാണ്. അഹിംസയിലൂടെ നിസ്വാര്‍ത്ഥതയിലൂടെ മനുഷ്യസ്നേഹത്തിലൂടെ ലളിത ജീവിതത്തിലൂടെ അദ്ദേഹം ബ്രിട്ടീഷുകാരില്‍നിന്ന് നേടിത്തന്ന സ്വാതന്ത്ര്യം നാം ഇന്നു കളഞ്ഞുകുളിച്ചിരിക്കുകയാണ്. പെരുകുന്ന മദ്യശാലകള്‍ എല്ലാ തിന്മകളേയും പെരുപ്പിച്ചുകൊണ്ടും ഇരിക്കുന്നു. ജനങ്ങളും പോലീസും ഏറ്റുമുട്ടുന്നു. ഭരണാധികാരികള്‍ തന്നെ കുറ്റവാളികളായി ജയില്‍ നിറയ്ക്കുന്നു! നിലവിളികളും ചൂഷണങ്ങളുമെല്ലാം പെരുകുന്ന ഈ അശാന്തിയുടെ ദിനങ്ങളില്‍ നാം ഗൗരവപൂര്‍ണമായ ആത്മചിന്തനത്തിന് വിധേയരായേ പറ്റൂ.
“യഥാ രാജാ തഥാ പ്രജാ” എന്നൊരു ചൊല്ലുണ്ട്. രാജാവ് നന്നായെങ്കില്‍ പ്രജകളും നല്ലവരായിരിക്കുമെന്നാണ് അര്‍ത്ഥം. അച്ഛന് സ്വന്തം മക്കളെയെന്നപോലെ രാജാവ് പ്രജകളെ രക്ഷിച്ചു എന്നുപറയുന്ന പുരാണകഥകള്‍ നമുക്കുണ്ട്. ഇന്ന് പക്ഷെ ഒരുപാടു രാജാക്കന്മാരുണ്ട്. മന്ത്രിമാരും നേതാക്കളും ഉള്‍പ്പെടുന്ന അവരെ രാജാക്കന്മാരായി വാഴാന്‍ വിടുന്നതു പ്രജകളാണിന്ന്.
അതിനാല്‍ പ്രജകള്‍ നന്നായാലേ രാജാക്കന്മാര് നന്നാകൂ എന്നതാണ് പുതിയ ജനാധിപത്യ സൂചന. അതൊരു വലിയ സൂചനയാണ്. ജനങ്ങള്‍ പരമാവധി നന്മയുള്ളവരായി രാജാക്കന്മാരായ നേതാക്കളെ നിയന്ത്രിക്കാനും തിരുത്താനും കരുത്തുള്ളവരായിത്തീരണം. അത്തരത്തില്‍ ജാഗ്രതയുള്ളവരായിരിക്കാന്‍ അന്തസ്സിന് വേണ്ടി; ആത്മാഭിമാനത്തിനുവേണ്ടി, രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കുവേണ്ടി! ജയ് ഹിന്ദ്!
പി.ഐ.ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: