പതിഞ്ഞ മട്ടാണ് ഗംഗാധരന് സാറിന്റെ പ്രകൃതത്തിന്. പലരും ശബ്ദവും ആംഗ്യവും കൊണ്ട് സാന്നിദ്ധ്യമറിയിക്കുന്നിടത്തു ഇങ്ങനെയൊക്കെ മതിയോ എന്നു സംശയിച്ചിരിക്കാം പലരും. പക്ഷേ, ഞെട്ടിപ്പിക്കുന്ന, കാണിച്ചും കേള്‍പ്പിച്ചും ഞെട്ടിക്കുന്ന വെടിക്കെട്ടുകള്‍ക്ക് അപ്പോഴത്തെ ജീവത്സാന്നിദ്ധ്യമേ ഉള്ളു. എന്നാല്‍, ചന്ദനത്തിരി എരിയുന്ന ഗന്ധം അങ്ങനെയല്ല, അത് ഏറെയേറെക്കാലം അനുഭവമായി ഉള്ളില്നില്ക്കും. ഡോ. ഗംഗാധരന് സാര്‍ അങ്ങനെയാണ്. ഒരു ചന്ദനഗന്ധം പോലെ.
സംസ്കൃതം സംഭാഷണത്തിനുപയോഗിക്കുകയോ? മലയാളം പാടില്ലെന്നും സ്കൂളില്‍ മലയാളം പറഞ്ഞാല്‍ തല മുണ്ഡനം ചെയ്യുമെന്ന പേടിപ്പിക്കല് നിലനില്‍ക്കുന്ന കാലത്താണ് അങ്ങനെയൊരു ആശയം ഗംഗാധരന് സാര്‍ അവതരിപ്പിച്ചത്. അന്നു സംശയിച്ചവര്‍ ഇന്നു സന്തോഷിക്കുന്നു, അതു സാധ്യമായിരുന്നു, ഇന്ന് അതു ബോധ്യമായി. സൗമ്യ സാന്നിദ്ധ്യമായി ഗംഗാധരന് സാര്‍ ഇന്നും തുടരുകയാണ്, പഠിച്ചും പഠിപ്പിച്ചും.
കേരളത്തിലെ സംസ്കൃത പണ്ഡിതന്മാരില് അഗ്രഗണ്യനാണ് ഡോ.ജി.ഗംഗാധരന് നായര്‍. കോട്ടയം ജില്ലയില്‍ വാഴൂര്‍ ഗ്രാമത്തില്‍ തൈയ്കാത്തു വീട്ടില്‍ 1946 ഒക്ടോബര്‍ രണ്ടിന് ജനിച്ചു. അച്ഛന്: വി.കെ.ഗോപാലപിള്ള. അമ്മ: നാണിക്കുട്ടിയമ്മ. വാഴൂര്‍ ഗവ.എല്‍പി സ്കൂള്‍, വിദ്യാധിരാജ വിലാസം ഹൈസ്കൂള്‍, തിരുവനന്തപുരം ഗവ.സംസ്കൃത കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടി.
സംസ്കൃത കോളേജില്‍നിന്ന് വ്യാകരണത്തില്‍ എംഎ പാസ്സായി (1968). കേരള സര്‍വകലാശാലയുടെ റഷ്യന്‍ വിഭാഗത്തില്‍ പഠിച്ച് എംഎ കരസ്ഥമാക്കി. അതേ സര്‍വകലാശാലയുടെ സംസ്കൃത വിഭാഗത്തില്‍ നിന്ന് ഡോ.വെങ്കട സുബ്രഹ്മണ്യ അയ്യരുടെ ശിക്ഷണത്തില്‍ ഉണാദി സൂത്രങ്ങളെപ്പറ്റി ഗവേഷണം നടത്തി പിഎച്ച്ഡി (1987)ബിരുദവും സമ്പാദിച്ചു.
സ്കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ ചട്ടമ്പി സ്വാമി പരമ്പരയിലെ വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികളില്‍നിന്ന് വ്യാകരണത്തിന്റെയും വേദാന്തത്തിന്റെയും ആദ്യപാഠങ്ങള്‍ ഗ്രഹിച്ചു. പിതാവില്‍ നിന്ന് ആയുര്‍വേദം, ഹോമിയോപ്പതി, പാരമ്പര്യ വിജ്ഞാനം എന്നിവയില്‍ പരിചയം നേടി.
1979-ലാണ് കേരളത്തെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ ആ വഴിത്തിരിവ്. സംസ്കൃത സംഭാഷണ പ്രസ്ഥാനത്തിന് തുടക്കമിട്ടുകൊണ്ട് അദ്ദേഹം ക്ലാസ്സുകള്‍ ആരംഭിച്ചു. ഗംഗാധരന് സാറിന്റെ ശ്രമത്തിന്റെയും പ്രേരണയുടെയും ഫലമായി കേരളത്തില്‍ സംസ്കൃത സംഭാഷണാന്ദോളനം വ്യാപിച്ചു. ദീര്‍ഘകാലം വിശ്വസംസ്കൃത പ്രതിഷ്ഠാനം സംസ്ഥാനാധ്യക്ഷനായിരുന്നു അദ്ദേഹം ഏറെക്കാലം. ഇപ്പോള്‍ രക്ഷാധികാരിയാണ്. അമൃതഭാരതി വിദ്യാപീഠത്തിന്റെ അദ്ധ്യക്ഷസ്ഥാനവും അലങ്കരിക്കുന്നു.
ഗംഗാധരന് സാറിന്റെ കര്‍മ്മമേഖലയുടെ വൈപുല്യം ആരേയും അതിശയിപ്പിക്കുന്നതാണ്. തിരുപ്പതി രാഷ്ട്രീയ സംസ്കൃത വിദ്യാപീഠം സെനറ്റ് മെമ്പര്‍, എറണാകുളം തമ്മനം കുത്താപ്പടി സുകൃതീന്ദ്ര ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് അക്കാദമിക് കൗണ്‍സില്‍ ചെയര്മാന്, തൃപ്പൂണിത്തുറ ശ്രീവാണി ട്രസ്റ്റ് ചെയര്മാന്, ചിന്മയാവിദ്യാലയം മാനേജ്മെന്റ് കമ്മറ്റി പ്രസിഡന്റ്, ചിന്മയാ മിഷന് എജ്യുക്കേഷണല്‍ കളര്ച്ചറല് ട്രസ്റ്റിന്റെ ട്രസ്റ്റി, കല്‍ക്കത്തയിലെ രവീന്ദ്രഭാരതി യൂണിവേഴ്സിറ്റിയിലെ യുജിസിയുടെ അഡ്വൈസറി കമ്മറ്റി നോമിനി, മധ്യപ്രദേശ് രീവോ എ.പി.സിംഹ് യൂണിവേഴ്സിറ്റി ഫാക്കല്‍റ്റി ഓഫ് ഓറിയന്റല്‍ സ്റ്റഡീസ് എക്സ്പെര്‍ട്ട് മെമ്പര്‍, കൊച്ചി സാങ്കേതിക സര്‍വകലാശാല സെനറ്റംഗം, കാലിക്കറ്റ് സര്‍വകലാശാല സംസ്കൃതം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കേരള സര്‍വകലാശാല സംസ്കൃതം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കേരളത്തിലെ വിവിധ കോളേജുകളിലെ വ്യാകരണം പ്രൊഫസര്‍, ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി, കാലടി കേന്ദ്രം ക്യാമ്പസ് ഡയറക്ടര്‍, വ്യാകരണ വിഭാഗം ഡീന്‍, പ്ലാനിങ് ആന്‍ഡ് ഡവലപ്പ്മെന്റ് വിഭാഗം ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
സംസ്കൃതം വ്യാകരണ ചരിത്രം, സംസ്കൃത പ്രബോധിനി, സംസ്കൃത സന്ദീപനി എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. നൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ റിസേര്‍ച്ച് ജേര്‍ണലുകളുടെ അഡ്വൈസര്‍, പോണ്ടിച്ചേരി ഫ്രഞ്ച് ഇന്‍സ്റ്റിറ്റിയൂട്ട് റിസോഴ്സ് പേഴ്സണ്‍ എന്നീ പദവികള്‍ വഹിക്കുന്നു. സംസ്കൃതത്തിലെ എല്ലാ ശാസ്ത്രശാഖകളിലും ഗവേഷകവിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗദര്‍ശിത്വം നല്കി അവരെ പിഎച്ച്ഡി ബിരുദത്തിന് അര്‍ഹരാക്കി. ഇപ്പോള്‍ ആധുനിക സാങ്കേതിക മാധ്യമത്തിലൂടെ ദേശ-വിദേശങ്ങളിലുള്ള ഒട്ടേറെപ്പേരെ സംസ്കൃത ശാസ്ത്ര-ഉപനിഷദ് ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: