കൊച്ചി: ഏലൂര്‍ വ്യവസായമേഖലയിലെ മാലിന്യം തള്ളുന്നതുമൂലം പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കൊച്ചി നഗരത്തിലെ കുടിവെള്ള സ്രോതസായ പെരിയാര്‍ മലിനമാകുന്നത് നഗരത്തിലെ കുടിവെള്ള വിതരണത്തെയും ബാധിക്കും. ജില്ലയിലെ പ്രധാന ശുദ്ധജല സ്രോതസായ പെരിയാറില്‍ ഉപ്പുവെള്ളം കയറാതിരിക്കാനാണ് പ്രതിവര്‍ഷം ലക്ഷങ്ങള്‍ ചെലവാക്കി താല്‍ക്കാലിക ബണ്ട് നിര്‍മ്മിക്കുന്നത്. ഇക്കഴിഞ്ഞ സീസണില്‍ ഓരുവെള്ളം കയറാതിരിക്കുവാന്‍ പുറപ്പിള്ളിക്കാവില്‍ ആരംഭിച്ച മണല്‍ ബണ്ട് നിര്‍മ്മാണം കഴിഞ്ഞയാഴ്ചയിലാണ് ഭാഗികമായെജകിലും പൂര്‍ത്തിയായത്. ഓരുവെള്ള സീസണ് ആരംഭിച്ചാല്‍ ഈ പ്രദേശങ്ങളിലെ കാര്‍ഷികമേഖല നശിക്കും. വിളകള്‍ നശിക്കും. മാഞ്ഞാലി, കുന്നുകര, വെളിയത്തുനാട്, ചെങ്ങമനാട്, ചാലാക്ക, ചെറിയതേക്കാനം, അടുവാശ്ശേരി, കരുമാലൂര്‍, കടുങ്ങല്ലൂര്‍, ആലങ്ങാട്, വരാപ്പുഴ എന്നിങ്ങനെ വിപുലമായ കാര്‍ഷികമേഖലയിലെ കൃഷിക്കാരും ദുരിതത്തിലാകും.
ജില്ലയിലെ ആലുവ, മുപ്പത്തടം, ചൊവ്വര, ഏലൂര്‍, കളമശ്ശേരി തുടങ്ങിയ കേന്ദ്രങ്ങളിലെ കുടിവെള്ള പമ്പിംഗിനെയും ഉപ്പുവെള്ളം ബാധിക്കും. ഏലൂര്‍, എടയാര്‍ മേഖലയിലെ വ്യവസായങ്ങളിലെ ബോയിലറുകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതാകും. ഉല്‍പ്പാദനം നിര്‍ത്തിവെയ്ക്കേണ്ടി വരും.
ഓരുവെള്ള ഭീഷണി മാത്രമല്ല പെരിയാറിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞാല്‍ വന്‍തോതില്‍ മത്സ്യം ചത്തുപൊങ്ങുവാന്‍ ഇടവരും. വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറയുന്നത് മൊത്തം മത്സ്യസമ്പത്തിനും കുടിവെള്ളത്തിനും പ്രതികൂലമാണ്. എന്നാല്‍ ഇറിഗേഷന്‍ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പാതാളത്ത് സ്ഥിരം ബണ്ട് നിര്‍മ്മാണം നടക്കുന്നതിനിടയില്‍, ഓരുവെള്ളം കയറാതിരിക്കുവാനുള്ള താല്‍ക്കാലിക ബണ്ട് അതേ സ്ഥലത്തുതന്നെ, ഒരുതുള്ളി വെള്ളം തുറന്നുവിടാന്‍ കഴിയാത്തവിധം കെട്ടിയതിനാല്‍ മാലിന്യങ്ങള്‍ ബണ്ടിന്റെ മുകളില്‍ അടിഞ്ഞുകൂടുകയും വന്‍തോതില്‍ മത്സ്യം ചത്തുപൊങ്ങുകയും ചെയ്തിരിക്കുകയാണ്. ബണ്ടിന് മുകളിലുള്ള ചില വ്യവസായങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണബോര്‍ഡ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് വിശദീകരണം നല്കുമ്പോഴും മത്സ്യം ചത്തുപൊങ്ങുന്നത് തുടരുകയാണ്. പുഴ മലിനമാകുന്നതിന് കാരണമായവരെ കണ്ടെത്തി ശിക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സ്റ്റാന്റിംഗ് കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന് കണ്‍വീനര്‍ കെ.എന്‍.ഗോപിനാഥ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: