കൊച്ചി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും കായലില്‍ വീണ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. മത്സ്യത്തൊഴിലാളികള്‍ രക്ഷപെടുത്തിയ പെണ്‍കുട്ടി ഇപ്പോള്‍ ലേക്ഷോര് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
തിരുവനന്തപുരം വട്ടിയൂര്‍കാവ് വിദ്യപ്ലോട്ടില് രവീന്ദ്രന്റെ മകള്‍ ആരതിയാണ്(21)യാണ് അപകടത്തില്‍പ്പെട്ടത്. തൃക്കാക്കര മോഡല്‍ എഞ്ചിനിയറിംഗ് കോളേജില്‍ എംടെക് വിദ്യാര്‍ത്ഥിനിയാണ്. നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്സ്പ്രസില്‍ നിന്നും എറണാകുളത്തേയ്ക്ക് വരുമ്പോള്‍ കുമ്പളം പാലത്തിലെത്തിയപ്പോഴാണ് ആരതി കായലിലേക്ക് വീണതെന്നാണ് കരുതുന്നത്. ഇന്നലെ രാവിലെ 7.30 ഓടെയാണ് സംഭവം നടന്നത്. തീവണ്ടിയുടെ വാതില്‍പ്പടിയിലിരുന്ന് വിദ്യാര്‍ത്ഥിനി ഭക്ഷണം കഴിക്കുന്നത് യാത്രക്കാരില്‍ ചിലര്‍ കണ്ടതായി പറയുന്നു. എന്നാല്‍ കായലിലേക്ക് വീണത് എങ്ങനെയെന്ന് വ്യക്തമല്ല. പനങ്ങാട് പോലീസ് കേസെടുത്തിട്ടുണ്ട്.
പെണ്‍കുട്ടി കണ്ണുകള്‍ തുറന്നെങ്കിലും അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ശ്വാസകോശത്തില്‍ വെള്ളം കയറിയിരുന്നതായും ഓക്സിജന്റെ അളവ് കുറഞ്ഞ നിലയിലായിരുന്നുവെന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടി ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ന്യൂറോളജിസ്റ്റ് ഡോ.മുരളി കൃഷ്ണ മേനോന്, അത്യാഹിത വിഭാഗം മേധാവി ഡോ.മോഹന്‍ മാത്യു എന്നിവരടങ്ങുന്ന സംഘമാണ് ആരതിയെ പരിശോധിക്കുന്നത്. പിതാവും ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: