കല ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യധര്‍മം നിറവേറ്റുന്നുണ്ടെങ്കില്‍ അത് അനീതിക്കെതിരായ പോരാട്ടമാണ് എന്നത് ഒരു സാര്‍ത്രിയന്‍ വിചാരമാണ്. അല്‍പ്പം ചില തിരുത്തലുക ളോടെയാണെങ്കിലും ഏറെക്കുറെ അംഗീകരിക്കപ്പെടുന്ന നിരൂപണമാണിത്.
കലയും സാഹിത്യവും നിരന്തരമായി ജീവിതത്തെ നവീകരിച്ചുകൊണ്ടിരിക്കുന്നു. എഴുതപ്പെടുന്ന ഓരോ വരിയും പറയപ്പെടുന്ന ഓരോ വാക്കും ഈയര്‍ത്ഥത്തില്‍ സമൂഹത്തെ പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണ്. ഒരു പൂവ് വിരിയുന്നത് ഒരു വസന്തമാകുന്നില്ലെങ്കിലും അത് വസന്തത്തിന്റെ വരവറിയിക്കുന്നതുപോലെ ആഹ്ലാദകരമാണ് ഓരോ കലാകാരന്റെയും അരങ്ങേറ്റം.
യാന്ത്രിക വേഗതയാര്‍ന്ന പുതിയ കാലത്തിന്റെ ജീവിതത്തെ അപനിര്മിക്കുകയും കൂടുതല്‍ സുന്ദരമായി പുനര്‍നിര്‍മാണത്തിന് വിധേയമാക്കുകയും ചെയ്യുമെന്നുള്ള പ്രതീക്ഷയാണത്. കലയുടേയും സാഹിത്യത്തിന്റെയും സാധ്യതകളെ രചനാത്മകമായ വിനിമയഭാഷയായി ഉപയോഗിക്കുക എന്ന ധര്‍മമാണ് സാമൂഹ്യമുന്നേറ്റത്തിനുള്ള മെച്ചപ്പെട്ട ഉപാധികളിലൊന്ന്. വികസനമെന്നത് സംസ്കാരത്തിന്റെയും ജീവിതശീലങ്ങളുടേയും മൂല്യബോധത്തിന്റെയുമൊക്കെ നവീകരണമാണ് എന്നു തിരിച്ചറിയുന്ന പുതിയ കാലത്ത് വിശേഷിച്ചും. ഈയര്‍ത്ഥത്തില്‍ നമ്മുടെ കലോത്സവവേദികളെ നിരീക്ഷിക്കുന്നതില്‍ അക്കാദമിക്-രാഷ്ട്രീയ നേതൃത്വങ്ങള്‍ നിരന്തരമായി പരാജയപ്പെടുന്നത് ദുഃഖകരമാണ്.
മറ്റൊരു കലോത്സവത്തിന്റെ തിരശ്ശീല ഉയരുന്നു. ഇനിയും മാന്വല്‍ പരിഷ്കരിക്കുമെന്നു മന്ത്രിപറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഗൗരവപൂര്‍ണമായ സമീപനം ആരുടെ ഭാഗത്തുനിന്നാണുണ്ടാവുകയെന്നതും ആശങ്കയുണര്‍ത്തുന്നുണ്ട്.
പാരമ്പര്യ-തനതു കലാരൂപങ്ങളുടെ രംഗഭാഷയും സൗന്ദര്യശാസ്ത്രവും ചരിത്ര-സംസ്കാര പഠനത്തിനുള്ള വിനിമയ ഭാഷയായി പരിവര്‍ത്തനം ചെയ്തെടുക്കാവുന്ന മികച്ച അവസരമാണ് സ്കൂള്‍ കലോത്സവ വേദികള്‍. അതിനുള്ള ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ അക്കാദമിക്-ഭരണ നേതൃത്വത്തില്‍നിന്നും ഉണ്ടാകണമെന്നു മാത്രം. കലോത്സവം എന്ന വലിയ മേളനം സംഘടിപ്പിക്കുന്നതിന് പിന്നിലെ പ്രത്യയശാസ്ത്രപരമായ ചോദനയും ഇതുതന്നെയാണ്. പക്ഷേ ദൗര്‍ഭാഗ്യകരമെന്നു തന്നെ പറയേണ്ടിവരും. ഈയൊരു കാര്യത്തില്‍ മാത്രമാണ് നമ്മുടെ കലോത്സവങ്ങള്‍ പരാജയപ്പെടുന്നത്.
പാരമ്പര്യവും തനിമയും നിലനിര്‍ത്തിക്കൊണ്ടുതന്നെ ആധുനികതയുടെ സ്ഥലകാല പരിമിതികള്‍ക്കകത്ത് ഈ കലാരൂപങ്ങളെ അവതരിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് ഇന്ന് സ്കൂള്‍ കലോത്സവങ്ങള്‍ മാത്രമാണ്. ഓര്‍മകളില്‍ നിന്നുപോലും പടിയിറങ്ങാന്‍ തുടങ്ങുന്ന പല കലാരൂപങ്ങളും ചരിത്രത്തിന്റെ തിരുശേഷിപ്പുപോലെ കലോത്സവേദികളില്‍ അരങ്ങേറുന്നു. ഇത്തരം ഓരോ കലാരൂപങ്ങള്‍ക്കു പിന്നിലും ഒരു ജനതയുടെ ഒരു നാടിന്റെ ഒരു സമൂഹത്തിന്റെ അതിജീവന ചരിത്രമുണ്ടാകും. അതൊരു കാലഘട്ടത്തിന്റെ ഓര്‍മപ്പെടുത്തലാണ്. ചരിത്രത്തിന്റെ വലിയൊരു പാഠവും. വിനോദോപാധി എന്ന കലയുടെ പ്രാഥമിക കൃത്യനിര്‍വഹണത്തിന് പുറത്ത് സാമൂഹ്യ സംരചനാത്മകമായ വലിയ ദൗത്യം കൂടി കലോത്സവവേദികളെ അര്‍ത്ഥപൂര്‍ണമാക്കുന്നത് ഇങ്ങനെയാണ്. അരനൂറ്റാണ്ടു പിന്നിട്ട സ്കൂള്‍ കലോത്സവമെന്ന മഹാമേളയില്‍ ഓരോ വര്‍ഷവും പങ്കാളിത്തവും സാങ്കേതികമികവും ഏറിവരുന്നതായാണനുഭവമെങ്കിലും ഈ മഹോത്സവത്തിന്റെ ആത്മസത്തയെ ഇനിയും തിരിച്ചറിയാനോ ഉപയോഗപ്പെടുത്താനോ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.
കലയും സാഹിത്യവും ആവശ്യപ്പെടുന്ന പരിപൂര്‍ണമായ സമര്‍പ്പണം ഒരു കലാകാരന്/കലാകാരിക്ക് തീര്‍ത്തും അസാധ്യമായ നടപ്പുരീതികളാണ് വര്‍ത്തമാനകാല ജീവിതത്തിന്റേത്. അതുകൊണ്ടു കൂടിയാവണം കലോത്സവവേദികള്ക്കപ്പുറത്തേക്ക് നീളുന്ന കലാജീവിതം ഇവിടെയെത്തുന്ന ഏറെക്കുറെ പേര്‍ക്കും അസാധ്യമായി തീരുന്നത്. ഓരോ വര്‍ഷവും അരങ്ങിലെത്തുന്ന വിസ്മയക്കാഴ്ചകള്‍ക്ക് പിന്നിലുള്ള പ്രതിഭകളില്‍ തൊണ്ണൂറ് ശതമാനവും പിന്നീട് ഈ രംഗത്തുനിന്ന് അപ്രത്യക്ഷരാവുകയാണ് പതിവ്. സമ്പദ് കേന്ദ്രിതമായ സാമൂഹ്യവ്യവസ്ഥയുടെ രീതി ശാസ്ത്രങ്ങളോട് കലഹിച്ച് ഈ രംഗത്ത് തുടരുക എന്നത് ഏറെക്കുറെ അസാധ്യമായ സാഹസമാണെന്ന തിരിച്ചറിവാണ് ഇതിനു കാരണം. അവശേഷിക്കുന്ന പത്തുശതമാനമാണ് ടെലിവിഷന്‍, സിനിമ പോലുള്ള വാണിജ്യ മാധ്യമങ്ങള്‍ നല്കുന്ന ഇടം പ്രയോജനപ്പെടുത്തി ഈ രംഗത്ത് തുടരുന്നത്. അങ്ങനെ തൊണ്ണൂറു ശതമാനം പേര്‍ക്കും കല വ്യക്തിനിഷ്ഠമായ ഒരു ജീവിതാനുഭവം പോലുമല്ലാതായിത്തീരുന്നു.
സാര്‍വത്രികമായ വിപണിവത്കരണത്തിന്റെ പ്രത്യയശാസ്ത്ര നിര്‍മിതിയുടെ ഭാഗമായുള്ള മൂല്യവര്‍ധിത ഉത്പന്നമെന്ന സമ്പദ്ശാസ്ത്ര സങ്കല്‍പ്പമാണ് കുറെപ്പേരെയെങ്കിലും കലാമേളക്കെത്തിക്കുന്നത് എന്നതും ആഴത്തില്‍ വിശകലനം ചെയ്യപ്പെടേണ്ട കാര്യമാണ്. അക്കാദമിക് യോഗ്യതകള്‍ക്കപ്പുറത്ത് അധികം യോഗ്യതയായോ ഗ്രേസ് മാര്‍ക്ക് എന്ന അനുഗ്രഹമായോ തീര്‍ന്നേക്കാവുന്ന നേട്ടങ്ങളിലാണ് ഈ വിഭാഗത്തിന്റെ കണ്ണ്. ദാരിദ്ര്യത്തിന്റെ പട്ടിണിവട്ടത്തിലെ ഇല്ലായ്മകളോട് ചെറുത്ത് അനുഷ്ഠാനപരതയോടെ സ്വന്തം കലാരൂപങ്ങളുമായി മേളകള്ക്കെത്തുന്നവരെ മറന്നല്ല ഇത് പറയുന്നത്. നിശ്ചയമായും ഇത്തരക്കാര്‍ക്ക് വാണിജ്യതന്ത്രങ്ങളുടെ ലാഭക്കണ്ണുകളുമായെത്തുന്നവരോട് മത്സരിക്കേണ്ടിയും വരുന്നു. ഇതൊരു ദുര്യോഗമാണ്.
കലാമേളകളെ സംബന്ധിച്ചെങ്കിലും. ക്രമാതീതമായ അപ്പീലുകളും പിന്‍വാതില്‍ കളികളും പണക്കൊഴുപ്പും നിയന്ത്രിക്കപ്പെടേണ്ടതു തന്നെയാണ്. യഥാര്‍ത്ഥ കലാകാരന്/കലാകാരിക്ക് വേദികളില്‍ പലപ്പോഴും മാറ്റുരക്കേണ്ടി വരുന്നത് ഇത്തരം കച്ചവടതാല്പ്പര്യങ്ങളോടാകുമ്പോള് പ്രത്യേകിച്ചും.
കലാപ്രകടനത്തിന്റെ അവതരണ-വിനിമയ ശേഷിയെ പൂര്‍ണമായും വെളിപ്പെടുത്താന്‍ മത്സരക്ഷമത നല്ലതാണെങ്കിലും ഇന്ന് നിലനില്‍ക്കുന്ന പോരാട്ടങ്ങള്‍ അനിവാര്യമാണോയെന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇത്രമാത്രം പോരാടി തെളിയിക്കേണ്ടതുണ്ടോ ഒരു കലാകാരന്/കലാകാരിക്ക് തന്റെ പ്രതിഭ എന്നതാണ് കാതലായ പ്രശ്നം. പ്രത്യേകിച്ചും മത്സരം പണക്കൊഴുപ്പിന്റെയും സ്വാധീനങ്ങളുടേയും വേദി കൂടിയാകുമ്പോള്‍.
കലാതിലക-പ്രതിഭാ പട്ടങ്ങള്‍ ഒഴിവാക്കിയതും ഗ്രേഡിംഗ് സമ്പ്രദായത്തിലേക്ക് വിധി നിര്‍ണയത്തിന്റെ രീതികള്‍ മാറിയതും ഒരുപരിധിവരെ ഇത്തരം മത്സരതീക്ഷ്ണത കുറക്കാന്‍ ഇടയായിട്ടുണ്ടെങ്കിലും ഇപ്പോഴും തുടരുന്ന ഒട്ടേറെ അനഭിലഷണീയ പ്രവണതകള്‍ മാറേണ്ടതുതന്നെയാണ്. ‘എ’ ഗ്രേഡ് നേടുന്ന ഒരു കലാകാരന് ഒന്നാം സ്ഥാനം അല്ലെങ്കില്‍ രണ്ടാം സ്ഥാനം എന്നത് ഒരാവശ്യമേയല്ല. തന്റെ കല എത്രമേല്‍ മഹത്തരവും ആസ്വാദ്യവും ആണെന്നതിനപ്പുറം ഒരു കലാകാരന്/കലാകാരി മറ്റൊരാളെക്കാള്‍ മുകളിലോ താഴെയോ എന്ന് തീരുമാനിക്കപ്പെടുന്നത് എന്തിനുവേണ്ടിയാണ്.
തീര്‍ച്ചയായും അതൊരു തെറ്റായ വിലയിരുത്തല്‍ രീതിയാണ്. അര്‍ത്ഥരഹിതമായ മത്സരബുദ്ധിക്കും പോരാട്ടങ്ങള്‍ക്കും കലോത്സവം വേദിയാകുമെന്നല്ലാതെ ഇതുകൊണ്ട് മറ്റു കാര്യമായ പ്രയോജനങ്ങളൊന്നുമുണ്ടാകാനുമിടയില്ല. വിധി നിര്‍ണയത്തെച്ചൊല്ലി ഉയര്‍ന്നുവരുന്ന പതിവ് പരാതികളുടെ പല്ലവികള്‍ക്ക് വിരാമമിടാനും ഇതൊരു പോംവഴിയാണ്. രണ്ടോ മൂന്നോ വിധികര്‍ത്താക്കളുടെ തൂലികത്തുമ്പിലാണ് തങ്ങളുടെ കലാജീവിതത്തിന്റെ ഭാവിയെന്ന തോന്നല്‍ കലാകാരന്/കലാകാരിക്ക് ഒട്ടും അനുഗുണമല്ല. മത്സരാധിഷ്ഠിതമായ ആധുനിക കമ്പോള വ്യവസ്ഥ മുന്നോട്ടുവെക്കുന്ന വിപണന (മാര്‍ക്കറ്റിംഗ്) ജീവിതശാസ്ത്രത്തിന്റെ ഭാഗം മാത്രമാണ് ഇത്തരം മാര്ക്കിടലുകള്. ചാനലുകളും മറ്റും പിന്തുടരുന്ന റിയാലിറ്റി ഷോകള്‍ ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്. പങ്കെടുക്കുന്ന കലാകാരനെ/കലാകാരിയെ പ്രോത്സാഹിപ്പിക്കുക എന്നതിലുപരി കാണികളെ ആവേശഭരിതരാക്കുകയും വേദിയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള വിപണന സാധ്യതകളെ പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്ന തീര്‍ത്തും കമ്പോളവല്‍കൃതമായ ദൗത്യമാണ് ഇവിടെ നിറവേറ്റപ്പെടുന്നത്. ഇവിടെ കല അവതരിപ്പിക്കുന്നവന്‍/അവള് ഒരു വാണിജ്യോപാധി മാത്രമായി മാറുകയും കലാരൂപത്തിന്റെ ആസ്വാദനത്തിനുപരിയായി മത്സരത്തിന്റെ ഫലപ്രഖ്യാപനത്തിന് അമിതമായ പ്രാധാന്യം കൈവരുകയും ചെയ്യുന്നു. ഇത് കലയുടെ അപനിര്‍മാണമാണ്. മഹത്തായ കലാരൂപങ്ങളുടെ മികവാര്‍ന്ന പ്രകടനങ്ങള്‍ക്ക് ശേഷവും അവതരിപ്പിച്ച കലാകാരനും കലാകാരിയും വിസ്മൃതിയിലാവുകയും സമ്മാനാര്‍ഹമായ സ്കൂളിന്റെയോ സ്ഥാപനത്തിന്റെയോ ബ്രാന്റ് നെയിമില്‍ മാത്രം അറിയപ്പെടുകയും ചെയ്യുക എന്നത് എത്രയോ വലിയ ദുര്യോഗമാണ്.
സ്കൂള്‍ മാനേജ്മെന്റുകള്‍, രക്ഷിതാക്കള്‍, പരിശീലകര്‍, വിധികര്‍ത്താക്കള്‍ ഇവരാണ് യഥാര്‍ത്ഥത്തില്‍ ഈ വാണിജ്യ രീതിശാസ്ത്രത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍. യഥാര്‍ത്ഥത്തില്‍ കലാമേളകള്‍ ഇവര്‍ തമ്മിലുളള മത്സരമായി മാറുന്നതും ഈയര്‍ത്ഥത്തിലാണ്. ഇത്തരം സാഹചര്യത്തില്‍ യഥാര്‍ത്ഥത്തില്‍ പരാജയപ്പെടുന്നത് കലാകാരന്/കലാകാരിയാണ്. അവന്റെ/അവളുടെ കലാപ്രതിഭയാണ്. തിരിച്ചറിയപ്പെടേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ കാര്യമാണിത്.
പുതിയ കാലത്ത് ഈ കലാമേളക്ക് പുതിയ ഉടമസ്ഥരും ഉണ്ടാകുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ സ്കൂള്‍ കലോത്സവം ഒരു പാഠ്യേതര വിദ്യാഭ്യാസ പ്രവര്‍ത്തനം എന്ന നിലയില്‍ നിന്നും കലയുടേയും സാഹിത്യത്തിന്റെയും പരിശീലന പ്രദര്ശനക്കളരി എന്ന പ്രാഥമിക ദൗത്യത്തില്‍ നിന്നും ഏറെ അകന്നുപൊയ്ക്കൊണ്ടിരിക്കുന്നു. കലോത്സവത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളായ ഈ ധാരണകള്‍ക്ക് പകരംവെക്കപ്പെടുന്നത് വര്‍ണക്കാഴ്ചകളുടെ വിരുന്നുത്സവങ്ങളായ മെഗാ ഇവന്റ് എന്ന തീര്‍ത്തും തെറ്റായ പരിപ്രേക്ഷ്യമാണ്. പരസ്യവിപണിയില്‍ നിന്ന് ലഭിക്കുന്ന കോടികളുടെ പണക്കിലുക്കത്തിന്റെ താളത്തില്‍ ഈ ‘മെഗാ ഇവന്റി’നെ കമ്പോളവത്കരിക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങള്‍ പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. ചാനലുകളുടെ മത്സരാധിഷ്ഠിതമായ അതിപ്രസരവും കലോത്സവത്തെ പരസ്യങ്ങളുടെ അകമ്പടിയോടെ വിപണനം ചെയ്യുന്നതില്‍ അവര്‍ പ്രകടിപ്പിക്കുന്ന സാമര്‍ത്ഥ്യവും ഈ കലാമേളയെ തീര്‍ത്തും അരാഷ്ട്രീയവത്കരിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. കഠിന തപസ്യയുടേയും പരിശീലനത്തിന്റേയും അന്തിമവിധിക്കായി അരങ്ങിലെത്തുന്ന കലാകാരന്/കലാകാരി ടെലിവിഷന്‍ സ്ക്രീനിലെ കോമാളിക്കാഴ്ചകളിലൊന്നായി മാറുന്നതിനും കാലം സാക്ഷ്യം വഹിച്ചു. വേദികള്‍ക്കു പുറത്ത് ക്യാമറക്കണ്ണുകള്‍ക്കു മുന്നില്‍ അവര്‍ മിനിസ്ക്രീനിലെ പരസ്യവിപ്ലവത്തിനുവേണ്ടി പലവട്ടം വേഷം കെട്ടിയാടുന്നു. തങ്ങളുടെ കലാരൂപത്തെ ഒരു കെട്ടുകാഴ്ച മാത്രമാക്കി മാറ്റാന്‍ തയ്യാറാവുകയും ചെയ്യുന്നു.
താരതമ്യേന സൃഷ്ടിപരവും രാഷ്ട്രീയവുമായ കലാരൂപങ്ങളും സാഹിത്യവും ടെലിവിഷന്‍ സൃഷ്ടിച്ചെടുക്കുന്ന പുതിയ വരേണ്യമാനങ്ങള്ക്ക് പുറത്താണ്. മണ്ണിന്റെ ഗന്ധമുള്ളതും പാരമ്പര്യത്തോടും ചരിത്രത്തോടും സംസ്ക്കാരത്തോടും ചേര്‍ന്ന് നില്ക്കുന്നതുമായ കലാ-സാഹിത്യ രൂപങ്ങള്‍ക്കൊന്നും അവിടെ വലിയ സ്ഥാനമോ അംഗീകാരമോ ലഭിക്കാതെ പോയപ്പോള്‍ ദൃശ്യ-വര്‍ണ ഭംഗികള്‍ക്ക് മാത്രം മുന്‍തൂക്കമുള്ള കെട്ടുകാഴ്ചകള്‍ സ്ക്രീനില്‍ നിറഞ്ഞാടുകയാണ്. പുതുതലമുറയുടെ കലയിലെയും സാഹിത്യത്തിലെയും രാഷ്ട്രീയമാനങ്ങളെ പൂര്‍ണമായും തമസ്കരിക്കുകയും തൊലിപ്പുറമെ ഇക്കിളിപ്പെടുത്തുന്നതെന്തോ ആണ് കല എന്ന മുദ്രാവാക്യം ആവര്‍ത്തിച്ച് ഉറപ്പിക്കാന്‍ ശ്രമിക്കുകയുമാണ് ടെലിവിഷന്‍. കലയും സാഹിത്യവും ആവശ്യപ്പെടുന്ന ആസ്വാദനപരമായ സ്ഥലകാല നിബന്ധനകള്‍ പാലിക്കാനോ കലാകാരനും ആസ്വാദകരും തമ്മിലുള്ള വ്യക്തിനിഷ്ഠവും സൗന്ദര്യശാസ്ത്രപരവുമായ പാരസ്പര്യത്തെ ബഹുമാനിക്കാനോ ടെലിവിഷന്‍ എന്ന മാധ്യമം തയ്യാറാവുന്നില്ല. എന്നുമാത്രമല്ല തീര്‍ത്തും മര്യാദകെട്ട രീതിയില്‍ ഈ പാരസ്പര്യത്തെ അവമതിക്കുകയും ചെയ്യുന്നു. ടെലിവിഷന്‍ എന്ന മാധ്യമത്തിനും അതിന്റെ അനേകം ചാനലുകളിലായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും കലാമേള മത്സരക്കാഴ്ചയുടെ പൂരപ്പറമ്പ് മാത്രമാണ്.
കലാമേളകളുടെ ആത്മാവിനെ വീണ്ടെടുക്കുകയും അത് ഈ രംഗത്തെ ആയിരം കുരുന്നുപ്രതിഭകള്‍ക്ക് പ്രതീക്ഷയേകുന്ന തരത്തില്‍ പുനഃക്രമീകരിക്കുകയും ചെയ്യേണ്ട ബാധ്യത തീര്‍ച്ചയായും അക്കാദമിക-ഭരണ സംവിധാനത്തിനാണുള്ളത്. സംഘടിത യൂണിയന് പ്രവര്‍ത്തനത്തിനപ്പുറത്ത് അധ്യാപകന് മറ്റെന്തെങ്കിലും സാമൂഹ്യബാധ്യത നിറവേറ്റാനുണ്ടെന്ന് കരുതാത്ത അധ്യാപക സംഘടനകളും കലാമേളകളെ പതിവ് സര്‍ക്കാര്‍ വിലാസം മേളകളിലൊന്ന് മാത്രമായി കാണുന്ന ഉദ്യോഗസ്ഥ-ഭരണ നേതൃത്വവും ഇക്കാര്യത്തില്‍ ദയനീയമായി പരാജയപ്പെടുകയാണ്. ആത്യന്തികമായി ഇതിന്റെ ദുരന്തവിധിക്ക് വിധേയമായി തീരുന്നതാകട്ടെ പുതുതലമുറയും.
ടി.എസ്.നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: