ഹാമില്ട്ടണ്: സെഡന്‍ പാര്‍ക്കിന്റെ ആകാശം ഇന്നലെ തെളിഞ്ഞു മങ്ങിയും നിന്നു. ഇടയ്ക്കിടെ താഴത്തെ പുല്‍ത്തകിടിയിലേക്ക് മഴമുത്തുകള്‍ കോരിയിടാനും അതു മറന്നില്ല. ചില്ലുതോരണം പോലെ പെയ്തുവീണ ആ തുള്ളികള്‍ മഹേന്ദ്ര സിങ് ധോണിയെയും കൂട്ടരെയും അഗ്നിസ്ഫുലിംഗങ്ങള്‍ പോലെ പൊതിഞ്ഞു. ഒടുവില്‍ മഴയുടെ മോഹങ്ങള്‍ പെയ്തൊഴിയുമ്പോള്‍ ധോണിപ്പട ഏകദിന ക്രിക്കറ്റിന്റെ രാജസിംഹാസനത്തില്‍ നിന്ന് കുടിയിറക്കപ്പെട്ടു. മഴ അലോസരപ്പെടുത്തിയ രണ്ടാം ഏകദിനത്തില്‍ ഡക്വര്‍ത്ത് ലൂയിസ് നിയമത്തിന്റെ കണക്കുകളില്‍ ന്യൂസിലാന്റിനോട് 15 റണ്‍സിന് മുട്ടുകുത്തി ഇന്ത്യ (117 പോയിന്റ്) ഏകദിന ക്രിക്കറ്റില്‍ രണ്ടാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയെ മറികടന്ന് ഓസ്ട്രേലിയ (118) ഒന്നാം സ്ഥാനത്ത് കയറി. ഹാമില്‍ട്ടണില്‍ ആദ്യം ബാറ്റ് ചെയ്ത കിവികള്‍ 42 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് അടിച്ചെടുത്തത്. മഴനിയമ പ്രകാരം ഇന്ത്യയുടെ ലക്ഷ്യം 297 ആയി പുതുക്കി നിശ്ചയിച്ചു. 41.3 ഓവറില്‍ 9ന് 277 എന്ന നിലയില്‍ ഇന്ത്യ നില്‍ക്കെ വീണ്ടും മഴയെത്തി. ഡി/എല്‍ നിയമപ്രകാരം ഇന്ത്യയ്ക്ക് ജയിക്കണമെങ്കില്‍ 293 റണ്സിലെത്തേണ്ടിയിരുന്നു. ഫലം ന്യൂസിലാന്റ് അധികം ആയാസപ്പെടാതൊരു ജയം. ഇതോടെ പരമ്പരയില്‍ 2-0ന് മുന്നിലെത്താനും ന്യൂസിലാന്റിന് കഴിഞ്ഞു.
കെയ്ന്‍ വില്യംസണ് (77), റോസ് ടെയ്ലര് (57), കോറി ആന്ഡേഴ്സന് (17 പന്തില്‍ 44), മാര്ട്ടിന് ഗുപ്റ്റില്‍ (44) എന്നിവര്‍ ന്യൂസിലാന്റിന്റെ ബാറ്റിങ് ഹീറോകള്‍. ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് ഷാമി മൂന്ന് ഇരകളെ കണ്ടെത്തി. വിരാട് കോഹ്ലിയും (78) ധോണിയും (56) അജിന്‍ക്യ രഹാനെയും (36)സുരേഷ് റെയ്നയും (35) പോരാടിയെങ്കിലും ഇന്ത്യയെ വിജയതീരമണയ്ക്കാന്‍ സാധിച്ചില്ല. ടിം സൗത്തി (4 വിക്കറ്റ്) ഇന്ത്യയുടെ ബാറ്റിങ് നിരയെഏറെ വലച്ചു. വില്യംസണ് കളിയിലെ കേമന്‍.
ശിഖര്‍ ധവാനും (12) രോഹിത് ശര്‍മ്മയും (20) മികച്ച തുടക്കം നല്കാന് വീണ്ടും പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ അടിപതറിയതാണ്. എന്നാല്‍ കോഹ്ലി താളംകാത്ത നിമിഷങ്ങളില്‍ ധോണിക്കൂട്ടം വിജയത്തിലേക്കാണെന്ന് തോന്നിച്ചു. ഏഴ് ബൗണ്ടറികളും രണ്ടു സിക്സറുകളും കോഹ്ലിയുടെ ബാറ്റില്‍ നിന്നൊഴുകി. റെയ്നയും രഹാനെയും നന്നായി തുടങ്ങിയെങ്കിലും വലിയ ഇന്നിങ്സുകള്‍ കളിക്കുന്നതില്‍ വീഴ്ചവരുത്തി. ഏഴു തവണ പന്ത് അതിര്‍ത്തികടത്തിയും ഒരു തവണ ഗ്യാലറിയില്‍ എത്തിച്ചും ധോണി ക്രീസ് വാണപ്പോഴും ഇന്ത്യ ജയിക്കുമെന്ന വിശ്വാസം നിലനിന്നു. പക്ഷേ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ന്യൂസിലാന്റ് കളി കൈവിടാതെ സൂക്ഷിച്ചു. ധവാനെയും രോഹിത്തിനെയും കോഹ്ലിയെയും കൂടാരം പൂകിച്ച സൗത്തിയായിരുന്നു ഏറെ അപകടം വിതച്ചത്. തല്ലുകൊണ്ടെങ്കിലും ധോണിയുടെയും രവീന്ദ്ര ജഡേജയുടെയും സുപ്രധാന വിക്കറ്റുകളടക്കം മൂന്നുപേരെ പുറത്താക്കിയ ആന്‍ഡേഴ്സനും ന്യൂസിലാന്റിന് തുണയേകി.
നേരത്തെ, ടോസ് നേടിയ ധോണി ന്യൂസിലാന്റിനെ ബാറ്റിങ്ങിന് വിളിച്ചപ്പോള്‍ ശുഭ പ്രതീക്ഷയായിരുന്നു. എന്നാല്‍ മാര്ട്ടിന് ഗുപ്റ്റിലും(44) ജെസി റൈഡറും (20) ആതിഥേയര്‍ക്ക് ഭേദപ്പെട്ട തുടക്കം നല്കി. റൈഡറെ വീഴ്ത്തി മുഹമ്മദ് ഷാമി ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് കണ്ടത് ബ്ലാക്ക് ക്യാപ്സിന്റെ സമഗ്രാധിപത്യം. രണ്ടാം വിക്കറ്റില്‍ ഗുപ്റ്റിലും വില്യംസണും 89 റണ്‍സ് സ്വരൂക്കൂട്ടി. അഞ്ച് ഫോറുകളും ഒരു സിക്സറും പറത്തിയ ഗുപ്റ്റിലിനെ റെയ്ന ഷാമിയുടെ കൈകളില്‍ എത്തിക്കുമ്പോള്‍ ഈ കൂട്ടുകെട്ടിനും അന്ത്യം. പിന്നെ ടെയ്ലറും വില്യംസണും ഒത്തുചേര്‍ന്നു. ഇരുവരും മോശമാക്കിയില്ല. 60 റണ്‍സ് ടീം സ്കോറിലെത്തിച്ചു. 34-ാം ഓവറില്‍ മഴ ചാറിയപ്പോള്‍ കിവികളുടെ സ്കോര്‍ 170ആയിരുന്നു. ചെറിയ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ ബൗളര്‍മാരെ ടെയ്ലറും ആന്‍ഡേഴ്സനു റോഞ്ചിയുമൊക്കെ ചേര്‍ന്ന് കണക്കിന് ശിക്ഷിച്ചു. ഭുവനേശ്വര്‍ കുമാറും ആര്. അശ്വിനും ഇഷാന്ത് ശര്‍മ്മയും രവീന്ദ്ര ജഡേജയുമെല്ലാം നിറയെ തല്ലുവാങ്ങി. ആന്ഡേഴ്സന് അഞ്ച് പടുകൂറ്റന്‍ സിക്സറുകള്‍ പൊക്കി. അവസാന 8.4 ഓവറില്‍ 101 റണ്‍സാണ് ന്യൂസിലാന്റ് വാരിക്കൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: