കൊച്ചി: അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന കൊച്ചിയില്‍ കൂടുതല്‍ ടോയ്ലെറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൊച്ചി കോര്പറേഷന് നഗരത്തില്‍ സ്ഥാപിച്ച ബയോ ടൊയ്ലെറ്റുകള് നോക്കുകുത്തികളായിട്ട് മാസങ്ങള്‍ ഏറെയാകുന്നു. സാമ്പത്തികലാഭം ഇല്ലാത്തതിനാല്‍ ഏറ്റടുത്ത് നടത്താന്‍ ആരും മുന്നോട്ട് വരുന്നില്ലായെന്ന് നഗരസഭ ന്യായവാദം നിരത്തുമ്പോഴും ഇത് ഏറ്റെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ച സന്നദ്ധ സംഘടനയോട് ക്രിയാത്മകമായി ഇതുവരെ പ്രതികരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടുമില്ല.
കോണ്‍ഫെറേഷന്‍ ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ(സിഐഎ) വിനിതാ വിഭാഗമായ ഇന്ത്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്കാണ്(ഐഡബ്ലൂഎന്) നഗരത്തിലെ ബയോ ടൊയ്ലെറ്റുകള് ഏറ്റെടുത്ത് നടത്താന്‍ താല്പര്യമുണ്ടെന്ന് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അടുത്ത അഞ്ചുവര്‍ഷത്തേക്ക് ടൊയ്ലെറ്റുകള് ഏറ്റെടുക്കാമെന്നും കോര്പറേഷന് അനുവാദം നല്കിയാല് സിഐഎയുടെ സ്രോതസുപയോഗിച്ച് ഇതിന്റെ പ്രവര്‍ത്തനത്തിനായി പണം സ്വരൂപിക്കാന്‍ കഴിയുമെന്നും ഐഡബ്ലൂഎന് അധികൃതര്‍ മേയര്‍ ടോണി ചമ്മണിയെ അറിയിച്ചിരുന്നു.
ദിവസവും നഗരത്തിലെത്തുന്ന സ്ത്രീകള്‍ പ്രഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സംവിധാനങ്ങളില്ലാതെ പ്രയാസപ്പെടുമ്പോഴും ഐഡബ്ലൂഎന്നിന്റെ നിര്‍ദേശം കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ നഗരസഭാ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഐഡബ്ലൂഎന്നിന്റെ അപേക്ഷ ഔദ്യേഗികമായി നഗരസഭക്കു ലഭിച്ചിട്ടുണ്ടെന്നു പറയുന്നുണ്ടെങ്കിലും പുതിയ നര്‍ദേശം കമ്മിറ്റിയിലും കൗണ്‍സിലിലും ഉടന്‍ പാസാക്കുമെന്നല്ലാതെ കൃത്യമായൊരു തീയതി പറയാന്‍ നഗരസഭക്ക് കഴിയുന്നില്ല.
2012 ജൂണിലാണ് പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത്. ഫോര്‍ട്ട് കൊച്ചി, വൈറ്റില, കച്ചേരിപ്പടി, നോര്‍ത്ത് ടൗണ്‍ഹാള്‍, പാലാരിവട്ടം, എറണാകുളം മാര്‍ക്കറ്റ് എന്നീ ആറ് സ്ഥലങ്ങളിലായിരുന്നു ബയോ ടൊയ്ലെറ്റുകള് സ്ഥാപിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ടൊയ്ലെറ്റ് സംവിധാനം ഒരുക്കുന്നതിനൊപ്പം മാലിന്യങ്ങള്‍ ജൈവികമായി സംസ്കരിക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമായിരുന്നു. ടൊയ്ലെറ്റ് ഉപയോഗിക്കുന്നവരില്‍ നിന്ന് ചെറിയൊരു തുക ഈടാക്കിക്കൊണ്ടായിരുന്നു പ്രവര്‍ത്തനം. എന്നാല്‍ പദ്ധതി തുടങ്ങി രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ബയോ ടൊയ്ലെറ്റുകളുടെ പ്രവര്‍ത്തനം അവതാളത്തിലായി.
ടോയ്ലെറ്റുകളുടെ പ്രവര്‍ത്തനം ലാഭകരമാല്ലെന്ന് ചൂണ്ടിക്കാട്ടി ടെന്‍ഡര്‍ നല്കിയ ആള് പിന്‍വാങ്ങുകയായിരുന്നു. ഡിഫന്‍സ് റിസര്‍ച്ച് ഓര്ഗനൈസേഷന് വികസിപ്പിച്ച സാങ്കേതിക വിദ്യയുപയോഗിച്ച്് ഏഴ് ലക്ഷം രൂപ മുതല്‍ മുടക്കിയാണ് ഓരോ ടൊയ്ലെറ്റും സ്ഥാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: