ആലുവ: ഒറീസ സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാദൃശ്യമുള്ള നാല് പേരെ പൊലീസ് ഇന്നലെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. ഇന്നലെ പത്രങ്ങളില്‍ വന്ന രേഖാചിത്രം കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ നല്കിയ വിവരമനുസരിച്ചാണ് നാല് പേരെയും വിളിച്ചു വരുത്തിയതെന്ന് സി.ഐ ബി. ഹരികുമാര്‍ പറഞ്ഞു.
കടുങ്ങല്ലൂര്‍, മുപ്പത്തടം, തായിക്കാട്ടുകര, കമ്പനിപ്പടി ഭാഗങ്ങളിലുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ യുവതി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും പ്രതികളാണെന്ന് കണ്ടെത്തിയില്ല. എപ്പോള്‍ വിളിച്ചാലും സ്റ്റേഷനില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശത്തോടെ പിന്നീട് ഇവരെ വിട്ടയച്ചു. യുവതിയുടെ മാതാപിതാക്കള്‍ തിങ്കളാഴ്ച്ച രാത്രിയോടെ ആലുവയിലെ ആശുപത്രിയിലെത്തിയിട്ടുണ്ട്.
പ്രതികള്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ന കാര്‍ ഏതെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും പൊലീസ് പറയുന്നു. യുവതിയുടെ ഭര്‍ത്താവ് അംബാസിഡര്‍ കാറാണെന്നാണ് പറഞ്ഞത്. എന്നാല്‍ യുവതി നല്കിയ മൊഴിയില്‍ ഇന്ഡിക്കയെന്നും പറയുന്നു. അതേസമയം, സംഭവ ദിവസം രാവിലെ റെയില്‍വേ ഗുഡ്ഷെഡ് പരിസരത്ത് ആളില്ലാതെ കണ്ടെത്തിയ വാഗണര്‍ കാറിന്റെ ചക്രത്തിന്റെ കാറ്റ് ആ.പി.എഫുകാര്‍ അഴിച്ചുവിട്ടിരുന്നു. എന്നാല്‍ ടയര്‍ പഞ്ചറായെന്ന് ധരിച്ച് ഉടമകള്‍ ടയര്‍ മാറ്റിയിട്ട് കാര്‍ കൊണ്ടുപോയത് കാറ്റ് അഴിച്ചുവിട്ട ആര്.പി.എഫുകാരും ശ്രദ്ധിച്ചില്ല.
പരിസരവാസികള്‍ നല്കിയ വിവരമനുസരിച്ച് കടുങ്ങല്ലൂര്‍ സ്വദേശിയായ വാഗണര്‍ ഉടമയെ പൊലീസ് ഇന്നലെ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. ട്രെയിനില്‍ വരുന്ന ബന്ധുവിനെ കൊണ്ടുപോകാന്‍ വന്നതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: