ബാങ്കോക്ക്: തായ്ലന്ഡില് പ്രധാനമന്ത്രി യിങ്ലക് ഷിനവത്ര രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷ പ്രവര്‍ത്തകര്‍ക്കുനേരെ വീണ്ടും ആക്രമണം. തലസ്ഥാനമായ ബാങ്കോക്കിലെ വിജയ സ്മാരകത്തിനുസമീപം നടന്ന രണ്ടു സ്ഫോടനങ്ങളിലും വെടിവയ്പിലും 28 പേര്‍ക്കു പരിക്കേറ്റു.
അജ്ഞാതരായ ചിലര്‍ സ്ഫോടകവസ്തു എറിഞ്ഞശേഷം ഓടിയെന്നും അവരെ പിന്തുടരാന് ശ്രമിച്ചവര്‍ക്കുനേരെ വീണ്ടും സ്ഫോടകവസ്തു എറിയുകയാണുണ്ടായതെന്നും പ്രതിപക്ഷ മുന്നണി നേതാക്കള്‍ അറിയിച്ചു. പ്രക്ഷോഭകര്‍ക്കുനേരെ മുന്‍പും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും 38 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തായ്ലന്ഡ് രാഷ്ട്രീയത്തെ ഒരു വ്യാഴവട്ടമായി നിയന്ത്രിക്കുന്ന ഷിനവത്ര സഹോദരങ്ങളുടെ ആധിപത്യം അവസാനിപ്പിക്കാനുള്ള ശ്രമമാണ് പ്രക്ഷോഭകര്‍ നടത്തുന്നത്. മുന്‍ പ്രധാനമന്ത്രി തക്സിന് ഷിനവത്രയുടെ സഹോദരിയാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി യിങ്ലക് ഷിനവത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: