മട്ടാഞ്ചേരി: കൊച്ചി കടപ്പുറവും സമീപപ്രദേശവും പാമ്പും പട്ടിയും മൂലം ഭീഷണിയുയര്‍ത്തുന്നു. കടപ്പുറം കാണുവാനെത്തുന്നവരില്‍ തെരുവ്നായ്ക്കള്‍ ഭീതിയുണര്ത്തുന്നതോടൊപ്പം ഇഴജന്തുക്കള്‍ കടല്‍തീരത്തും ഭീഷണിയായി മാറുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ നാലുപേര്ക്കാര് പാമ്പ് കടിയേറ്റത്. പത്തിലേറെപ്പേരെ തെരുവ്നായ്ക്കള്‍ ഓടിച്ചു. ആറോളം പേര് നാല്ക്കാലികളുടെ ആക്രമണത്തിനും ഇരയായി. പൈതൃക ടൂറിസം കേന്ദ്രമായ ഫോര്‍ട്ടുകൊച്ചി ദേശത്തെ വഴിയോര മേഖലകളില്‍ തെരുവ്നായ്ക്കള്‍ റോഡുകള്‍ കയ്യടക്കി വാഴുന്നത് സ്ഥിരം കാഴ്ചയാണ്.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രായംചെന്ന കാല്‍നട യാത്രക്കാര്‍ക്കും നായശല്യം ഏറെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ആഭ്യന്തര-വിദേശ വിനോദസഞ്ചാരികള്പോലും കൊച്ചി തീരദേശപ്രദേശയാത്രയ്ക്ക് കവചിത വാഹനങ്ങളെയാണ് ആശ്രയിക്കുന്നതെന്ന് ഓട്ടോഡ്രൈവറായ ഫ്രാന്‍സിസ് പറഞ്ഞു. നേരം ഇരുട്ടിയാല്‍ ഇരുചക്രവാഹന യാത്രക്കാരെയും നായക്കൂട്ടം ആക്രമിക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നു. കൊച്ചി കടപ്പുറം, റിവര്‍ റോഡ്, പരേഡ് മൈതാനി, പട്ടാളം, കമലക്കടവ്, 40 അടി റോഡ്, ആശുപത്രിക്കവല, ആസ്പിന്‍വാള്‍ ജംഗ്ഷന് തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍ ഒട്ടേറെപേരെ തെരുവുനായ്ക്കള്‍ ഓടിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. പോത്ത്, പശു, കാള, ആട് തുടങ്ങിയ നാല്ക്കാലികള് റോഡുകള്‍ കീഴടക്കുന്നത് വാഹനയാത്രക്കാര്ക്കൊപ്പം കാല്‍നടയാത്രക്കാര്‍ക്കും യാത്ര ദുരിതമാണുണ്ടാക്കുന്നത്. ഇതിനകം നാല്ക്കാലികളുടെ ആക്രമണം മൂലം ആറുപേരെ പരിക്കുകളോടെ ശുശ്രൂഷ നല്‍കിയതായി റെസിഡന്റ്സ് അസോസിയേഷന് പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി.
കൊച്ചി കടപ്പുറത്തെ നടപ്പാതയിലും കടല്‍ഭിത്തിയിലെ കല്ലുകളിലും വിശ്രമിക്കുന്നവര്‍ക്കും യാത്രക്കാര്‍ക്കും പാമ്പ് കടിയും ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായ ഭീതിയാണുയര്ത്തിയിരിക്കുന്നത്. ശുചീകരണപ്രവര്‍ത്തനം നാമമാത്രമായ കൊച്ചി കടപ്പുറത്ത് വളര്ന്നുനില്ക്കുന്ന പുല്ലുകളും ചെറുചെടികളും മാലിന്യക്കൂമ്പാരങ്ങളും ഇഴജന്തുക്കള്‍ക്ക് സ്വൈരവിഹാരത്തിന് സഹായകരമാകുന്നുണ്ട്. കടപ്പുറത്തിന് സമീപമുള്ള കുട്ടികളുടെ പാര്‍ക്കില്‍ കാട് വളര്‍ന്നതുമൂലം കഴിഞ്ഞമാസം രണ്ടുപേരെ പാമ്പ് കടിയേറ്റ് ചികിത്സയ്ക്ക് വിധേയനാക്കി. പുതുവത്സരാഘോഷത്തിനിടയില്‍ കൊച്ചി കടപ്പുറത്ത് ഒരാള്‍ക്ക് പാമ്പ് കടിയേറ്റു. കഴിഞ്ഞദിവസവും കടപ്പുറത്തെ കച്ചവടക്കാരന് പ്രകാശി(39)നെ പാമ്പ് കടിയേറ്റ് ആശുപത്രിയിലാക്കി.
കൊച്ചി കടപ്പുറവും സമീപപ്രദേശങ്ങളും ഇഴജന്തു-നാല്ക്കാലി ആക്രമണഭീതിയിലാകുന്നത് വിനോദസഞ്ചാരമേഖലയ്ക്ക് കടുത്ത തിരിച്ചടിയാകുമെന്ന് ഹോംസ്റ്റേ ഉടമ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. വിദേശികള്‍ക്കൊപ്പം ആഭ്യന്തര ടൂറിസ്റ്റുകളും കൊച്ചി തീരത്തെ കാഴ്ച കാണുവാനെത്തുന്നതില്നിന്ന് ഒഴിവാക്കുവാന്‍ ഇടയാക്കും. ടൂറിസം-തൊഴില്‍-സംരക്ഷണത്തോടൊപ്പം പ്രാദേശിക ജനജീവിതം സമാധാനപൂര്ണ്ണമാക്കുവാന് പാമ്പ്, പട്ടി, നാല്ക്കാലിശല്യം ഒഴിവാക്കുന്നതിന് അധികൃതര്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് സാമൂഹ്യ സംഘടനകളും ഹോംസ്റ്റേ റെസിഡന്റ്സ് അസോസിയേഷനുകളും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: