ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ലഭിച്ച ഒരു വാര്‍ത്ത പ്രശസ്ത ഹിന്ദി പത്രപ്രവര്ത്തകന് ദീനാനാഥ മിശ്രയുടെ ദേഹാവസാനമായിരുന്നു. അതേപ്പറ്റി കൂടുതല്‍ വിശദമായി ഒന്നും അറിയാന്‍ കഴിഞ്ഞില്ല. എന്നാല്‍ സ്നോഹോഷ്മളതയുടെ ഏറെ സ്മരണകള്‍ ആ പേര് ഉയര്‍ത്തി വിട്ടു. 1959 ല്‍ നാഗ്പൂരില്‍ നടന്ന തൃതീയ വര്‍ഷ സംഘപരിശീലന ശിബിരത്തില്‍ ഒരുമിച്ചുണ്ടായിരുന്ന ആളാണ് ദീനാനാഥജി. അദ്ദേഹവും ഞാനും ഒരേ ചര്‍ച്ചാ വിഭാഗത്തിലായിരുന്നു. അന്നത്തെ തമിഴ്നാട് പ്രാന്ത(അന്ന് കേരളം പ്രത്യേക പ്രാന്തമായിട്ടില്ല)ത്തില്‍നിന്ന് പരിശീലനത്തിനെത്തിയ എല്ലാവരും മലയാളികളായിരുന്നു. എം.എ.സാര്‍, മോഹന്‍ജി, സി.പി.ജനാര്ദ്ദനന്, ഞാന്‍, ചെന്നൈയില്‍നിന്നുള്ള ടി.ബാലന്-പൊക്കം കൂടുതലുള്ള ബാലന് ടാള്‍ ബാലന് എന്നും ഞങ്ങള്‍ പേര് നല്‍കിയിരുന്നു. പ്രാന്തപ്രമുഖനായി ചെന്നൈ നഗര പ്രചാരകന് ശിവറാം ജോഗ്ലേക്കര് എന്നീ അഞ്ചു പേരായിരുന്നു ആകെയുണ്ടായിരുന്നത്. ഹിന്ദി അറിയുന്നവര്‍ക്കുള്ള ചര്‍ച്ചാ വിഭാഗമാണ് ഞാന്‍ സ്വീകരിച്ചത്. മോഹന്‍ജിയും കൂട്ടത്തിലുണ്ടായിരുന്നു. ചര്‍ച്ചാ പ്രമുഖനായി ഞങ്ങള്‍ക്ക് ലഭിച്ചത് ശിബിര കാര്യവാഹ് കൂടിയായിരുന്ന വസന്തറാവു ഭാഗവതിനെ ആയിരുന്നു.
ചര്‍ച്ചാ ഗടയിലെ ഏറ്റവും വലിയ ആള് ദീനനാഥ് മിശ്ര എന്ന രാജസ്ഥാന്‍കാരനായിരുന്നു. പത്തൊമ്പതോ ഇരുപതോ വയസ്സു പ്രായം തോന്നിച്ച അദ്ദേഹം തുള്ളിത്തുളുമ്പുന്ന ശരീര പ്രകൃതിയായിരുന്നു. ഹിന്ദി സാഹിത്യത്തില്‍ ബിരുദ പഠനം കഴിഞ്ഞ് ശിബിരത്തിന് വന്നതാണ്. കേരളത്തില്‍ നിന്ന് ഹിന്ദി പഠിച്ച ആളെന്ന നിലയ്ക്ക് അദ്ദേഹത്തിന് എന്നോട് താല്‍പ്പര്യമുണ്ടായി. രാജസ്ഥാനില്‍നിന്ന് പരിശീലനത്തിനു വന്നവരുടെ നടത്തം ഒരു പ്രത്യേക തരത്തില്‍ കുലുങ്ങിക്കുലുങ്ങിയാണെന്ന് അന്ന് ശ്രദ്ധിച്ചിരുന്നു. ദീനനാഥജിയുടെ ശരീരം ആകെ മൊത്തം മാംസളമായിരുന്നതിനാല് നടക്കുമ്പോള്‍ ഓരോ മാംസപേശിയും ഓളം വെട്ടുമായിരുന്നു. നിലത്തു പടിഞ്ഞിരിക്കുമ്പോള്‍ കൂടുതല്‍ തറ വിസ്താരമെടുക്കുന്നതും കാണാന്‍ രസകരമായിരുന്നു. പ്ലിന്ത് ഏറിയാ കൂടുതലുള്ളവരെ നാം പ്ലിന്തന്മാരെന്ന് വിളിക്കുന്നത് ദിനാനാഥജിക്ക് തികച്ചും യോജിച്ചിരുന്നു. അങ്ങേയറ്റത്തെ നര്മബോധത്തിനുടമകൂടിയായിരുന്നു അദ്ദേഹം. തന്നെക്കുറിച്ചു തന്നെ നര്‍മം കലര്‍ത്തിയാണ് സംസാരിക്കുക. ബൗദ്ധിക്കുകളെല്ലാം ശ്രദ്ധാപൂര്‍വം കേള്‍ക്കുന്ന സ്വഭാവവുമുണ്ടായിരുന്നു. നാഗ്പൂരിലെ കത്തുന്ന ചൂടില്‍ ആയിരുന്നു ബൗദ്ധിക് പരിപാടികള്‍ നടക്കുക. ഞങ്ങള്‍ പോയ വര്‍ഷം ചില ദിവസങ്ങളില്‍ 46 ഡിഗ്രി വരെ ഊഷ്മാവ് ഉയര്‍ന്നു. രാമച്ചം കെട്ടിയിട്ട്, വലിയ മണ്ജാറുകളില് സൂക്ഷിച്ചിരുന്ന തണുത്ത വെള്ളം സമൃദ്ധമായി കുടിക്കുക മാത്രമാണ് ചൂടിനെ നേരിടാനുള്ള വഴി. എന്നിട്ടും ഒരു ദിവസം എന്റെ ശരീരം തടിച്ചു നീരുവന്നു വീര്‍ത്തു. ആരോഗ്യ വിഭാഗില്‍ പോയി കുത്തിവെപ്പെടുത്ത് ഒരുനാള്‍ വിശ്രമിച്ചശേഷമേ സാദാ പരിപാടികളില്‍ പങ്കുചേരാനായുള്ളൂ. പൂജനീയ ഗുരുജി ശിബിരത്തിലുള്ള അവസരമായിരുന്നതിനാല്‍ അദ്ദേഹം വന്നു കണ്ട് ആശ്വസിപ്പിച്ചു. ദീനാനാഥജിക്ക് ആ ചൂടൊന്നും അത്ര പ്രശ്നമായില്ല. രാജസ്ഥാനിലെ 50 ഡിഗ്രിയോടടുക്കുന്ന ഊഷ്മാവ് അദ്ദേഹത്തിന് സുപരിചിതമാണ്. അദ്ദേഹത്തിന്റെ ബൗദ്ധിക് നോട്ടുകള്‍ വായിക്കാന്‍ അവസരം തരുമായിരുന്നു. കൈയക്ഷരത്തിന്റെ വടിവ് മനോഹരമായിരുന്നു. ചര്‍ച്ചകളിലും മറ്റും പങ്കെടുക്കുമ്പോള്‍ ആശയങ്ങള്‍ ഭംഗിയായി അവതരിപ്പിക്കാനും കഴിയുമായിരുന്നു.
അക്കാലത്ത് ഇന്നത്തേതുപോലെ കക്ഷി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ശിബിരത്തില്‍ പങ്കെടുക്കുന്നവരില്‍ കാണാനുണ്ടായിരുന്നില്ല. ശിബിരത്തില്‍ വായിക്കാന്‍ പത്രങ്ങളുമില്ലായിരുന്നു. നാഗ്പൂരില്‍നിന്നു പ്രസിദ്ധീകരിച്ച തരുണ ഭാരത് എന്ന മറാഠി പത്രവും യുഗധര്‍മ എന്ന ഹിന്ദി പത്രവും ചിലപ്പോള്‍ കണ്ടിരുന്നു. ഇംഗ്ലീഷ് പത്രമായ ഹിതവാദ എന്ന പത്രം ചിലപ്പോള്‍ കാണാന്‍ കിട്ടി. രാജാജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര പാര്‍ട്ടി പ്രഖ്യാപിച്ച വിവരം വൈദ്യവിഭാഗില് കഴിഞ്ഞയവസരത്തില്‍ ഡോക്ടര്‍മാര്‍ സംസാരിച്ചതു കേട്ടാണറിഞ്ഞത്. ദീനാനാഥജിക്ക് രാഷ്ട്രീയത്തത്തില്‍ താല്‍പ്പര്യമുള്ളതായി മനസ്സിലായി. രാജസ്ഥാനില്‍ ജനസംഘത്തിന്റെ നേതാക്കളായിരുന്ന ഭൈരണ്‍ സിംഗ്ജിയോട് അങ്ങേയറ്റത്തെ ആദരവ് കാട്ടിയിരുന്നു.
തൃതീയ വര്‍ഷ ശിബിരം കഴിഞ്ഞ് പിരിഞ്ഞശേഷം ഒരിക്കല്‍ കത്തിടപാടുണ്ടായി. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം നാഗ്പൂരില്‍ ഡോക്ടര്‍ജിയുടെ സ്മൃതി മന്ദിര ഉദ്ഘാടനത്തിനുപോയപ്പോള്‍ ലഭിച്ച ഇടവേളകളില്‍ കുലുങ്ങിക്കുലുങ്ങി നടന്നുവരുന്ന ദീനാനാഥജിയെ കണ്ടു. അദ്ദേഹം എംഎ ബിരുദമെടുത്തു. പത്രപ്രവര്‍ത്തനം തൊഴിലാക്കാനുള്ള ശ്രമത്തിലായിരുന്നു.
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ജനസംഘത്തിന്റെ സംസ്ഥാന ചുമതല ലഭിച്ചപ്പോള്‍, ഭാരതീയ കാര്യ സമിതിയുടെ യോഗങ്ങളില്‍ പങ്കെടുക്കേണ്ടതായി വന്നു. പരമേശ്വര്‍ജിയും രാജേട്ടനുമൊരുമിച്ചു ചെയ്ത യാത്രകളിലാണ് പുതിയ ആളുകളെ കാണാനും അവരുടെ പ്രശ്നങ്ങള്‍ അറിയാനും അവസരം ഉണ്ടായത്. രാജസ്ഥാനിലെ സംഘടനാ കാര്യദര്‍ശിയായിരുന്ന ലലിത് ചതുര്‍വേദി സംഘപ്രചാരകനും ദിനാനാഥജിയുടെ സുഹൃത്തുമായിരുന്നു. ലലിത്ജിയുടെ തടിച്ചു തുളുമ്പി കുലുങ്ങി നടക്കുന്ന ശീലക്കാരന്‍ തന്നെ. മിക്ക രാജസ്ഥാന്കാരുടേയും ശീലമാണത് എന്നു തോന്നുന്നു. ജസ്വന്ത് സിംഗിനെപ്പോലത്തെ മുന്‍ പട്ടാളക്കാരെ മാത്രമേ അങ്ങനെയല്ലാതെ കണ്ടുള്ളൂ.
ഒന്നുരണ്ടുവര്‍ഷങ്ങള്‍ക്കുശേഷം ഒരു യോഗത്തില്‍ ദല്‍ഹിയില്‍ പോയ അവസരത്തില്‍ ഉച്ചതിരിഞ്ഞു നടത്താറുള്ള പത്ര സംവാദത്തിനെത്തിയവരുടെ കൂട്ടത്തില്‍ ദീനാനാഥ്ജിയെ കണ്ടു. അദ്ദേഹം പാഞ്ചജന്യ വാരികയുടെ പത്രാധിപ സമിതിയില്‍ ചേര്ന്നുവെന്നറിഞ്ഞു. അടല്‍ജിയുടെ പ്രസംഗങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ പാര്‍ലമെന്റ് ലൈബ്രറിയില്‍നിന്ന് സമ്പാദിച്ചു നല്‍കുക മുതലായ ജോലികള്‍ ചെയ്തുവന്നു. കാര്യസമിതിയില്‍ തയ്യാറാക്കപ്പെടുന്ന ഇംഗ്ലീഷ് പ്രമേയങ്ങളും മറ്റു രേഖകളും ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യാനും അദ്ദേഹത്തെ ഏല്പ്പിക്കാറുണ്ടായിരുന്നത്രേ.
അടിയന്തരാവസ്ഥക്കുശേഷം ജന്മഭൂമി പുനരാരംഭിച്ച് അടുത്ത വര്‍ഷം പത്രത്തിന്റെ ചില ആവശ്യങ്ങള്‍ക്കായി ദല്‍ഹിയില്‍ പോയപ്പോള്‍ ഒരിക്കല്‍ കൂടി ദീനാനാഥജിയെ കാണാന്‍ അവസരമുണ്ടായി. അദ്ദേഹം പത്രപ്രവര്‍ത്തകനെന്ന നിലയ്ക്ക് കൂടുതല്‍ പ്രസിദ്ധനായിക്കഴിഞ്ഞു. അടിയന്തരാവസ്ഥക്കാലത്തെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പശ്ചാത്തലമാക്കിക്കൊണ്ട് ദീനാനാഥ്ജി തയ്യാറാക്കിയ ഇംഗ്ലീഷ് പുസ്തകം വളരെ പ്രസിദ്ധമായിത്തീര്‍ന്നു. ദല്‍ഹിയില്‍ കണ്ടു സംസാരിച്ചതിന്റെ ഫലമായി ജന്മഭൂമിക്ക് ആഴ്ചയില്‍ ഒരു രാഷ്ട്രീയ ഡയറി എഴുതാന്‍ അദ്ദേഹം തയ്യാറായി. ഫണിഭൂഷണ്‍ മിശ്ര എന്ന പേരിലാണ് എഴുതിയത്. ഡിടിപി, ടൈപ്പിംഗ് രീതികളില്ലാതിരുന്ന അക്കാലത്ത് കൈപ്പടയില്‍ തന്നയാണ് അവ അയച്ചത്. മനോഹരമായ കൈപ്പടയ്ക്ക് ഒരുവിധത്തിലുള്ള ഉടവും സംഭവിച്ചിരുന്നില്ല. ദല്‍ഹിയിലെ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകളും അതിന്റെ പ്രത്യാഘാതങ്ങളും ഉള്‍ക്കാഴ്ച തരും വിധത്തില്‍ അദ്ദേഹം എഴുതി. അനാവശ്യമായ വളച്ചുകെട്ടുകളും അത്യുക്തിയില്ലാത്ത ഋജുവായ പ്രതിപാദനരീതിയും തെളിഞ്ഞ കാഴ്ചപ്പാടുകളും ആ ലേഖനങ്ങളുടെ സവിശേഷതകളായിരുന്നു. പിന്നീട് അത് അദ്ദേഹത്തിന്റെ സിന്‍ഡിക്കേറ്റഡ് കോളമായി സംഘധാരയിലുള്ള മറ്റു പത്രങ്ങളിലും വന്നിരുന്നു. വളരെ നിസ്സാരമായ പ്രതിഫലനമാണദ്ദേഹം ആവശ്യപ്പെട്ടത്. ഒരു ലേഖനത്തിന് 20 രൂപ. തപാല്‍ ചെലവു പോലും അദ്ദേഹം തന്നെ വഹിച്ചുവന്നു. ലേഖനങ്ങളെപ്പറ്റി നല്ല അഭിപ്രായമായിരുന്നു വായനക്കാര്‍ക്ക്. ജന്മഭൂമിക്ക് വേണ്ടി ധാരാളം നര്‍മലേഖനങ്ങള്‍ എഴുതിയിരുന്ന കെ.ജി.വാധ്യാരുടെ മറ്റൊരു തൂലികാ നാമമാണത് എന്നും ചിലര്‍ വിചാരിച്ചു. വാധ്യാര്‍ജി കൃഷ്ണകുമാര്‍ ശര്‍മ എന്ന പേരിലാണെഴുതിയിരുന്നത്.
ദീനാനാഥ്ജി ദല്‍ഹിയില്‍ പത്രരംഗത്ത് ഉയര്‍ന്നുവന്നു. ബിജെപിയുടെ പ്രതിനിധിയായി ഒരുതവണ രാജ്യസഭയിലും അംഗമായി. പിന്നീട് ഞങ്ങള്‍ക്ക് ബന്ധപ്പെടാന്‍ അവസരമുണ്ടായില്ല. ഓര്‍മയില്‍ ഊഷ്മളമായി നില്ക്കുന്ന ഒട്ടേറെ വ്യക്തിത്വങ്ങളില്‍ ഒന്നാണ് ദീനാനാഥജിയെന്ന ഫണിഭൂഷണ്‍ മിശ്രയുടേത്.
പി നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: