ഞാന്‍ തയാര്‍, നിങ്ങളോ എന്നൊരു ചോദ്യം മുമ്പ് ഒരു ചാനലില്‍ നിന്ന് ഉയര്‍ന്നു കേട്ടിരുന്നു. അതൊരു മത്സരക്കളിയുടേതായിരുന്നു. സ്വതന്ത്രഭാരതത്തിലെ മറ്റൊരു മത്സരക്കളിക്ക് അരങ്ങുണര്‍ന്നുകഴിഞ്ഞു. തന്ത്രങ്ങളും തത്വങ്ങളും റെഡി. ഇനിയൊരു അവതാരകന്, നേതാവ്, താരം ഒക്കെ വേണം. കുറച്ചുകാലമായി അടക്കം പറഞ്ഞു പോരുന്ന ഒരു പേരുകാരന് സ്വയം സന്നദ്ധനായി മുന്നോട്ടുവന്നതാണ് ഈ വാരത്തിലെ വിശേഷം. ഞാന്‍ പാര്‍ട്ടിയുടെ ശിപായി എന്നാണ് ഉരിയാടിയിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ അതു ശരിയുമാണ്. പറഞ്ഞ ജോലി ചെയ്യലത്രേ ശിപായിയുടെ കര്‍ത്തവ്യം. സ്വയം ചിന്തിച്ച് പ്രവര്‍ത്തിക്കാന്‍ അധികാരമില്ല. അഥവാ ഉണ്ടായാല്‍ തന്നെ വേണ്ട സ്ഥലത്ത് വേണ്ടത് ഉണ്ടായാല്‍ മാത്രമേ അത് സാധിതപ്രായമാവൂ. ആ നിലയ്ക്ക് ആ വഴിക്ക് ചിന്തിക്കേണ്ടതില്ല.
നയിക്കേണ്ടവന് എപ്പോഴും തലയുയര്‍ത്തിപ്പിടിച്ചു തന്നെ നടക്കണം, അല്ലെങ്കില്‍ യാത്ര ചെയ്യണം. അതിനെതിരുനില്‍ക്കുന്ന ഏതു നിയമത്തെയും പുച്ഛിച്ചുതള്ളണം. ഇതാണ് നേതാവിന്റെ ഒന്നാംപാഠം. ഡീന്‍ കുര്യാക്കോസ് നാട്ടിലുള്ള ഇളമുറക്കാരുടെ കാലിന്റെ ബലം പരിശോധിക്കാന്‍ നടത്തുന്ന യാത്ര ഒരു വിധത്തില്‍ മുമ്പോട്ട് പോവുമ്പോള്‍ ആധുനിക ഇന്ത്യയെ നയിക്കാന്‍ ജന്മനാ കരാറെടുത്തിരിക്കുന്നയാള്‍ക്ക് അടങ്ങിയിരിക്കാനാവുന്നതെങ്ങനെ. സാധാ നടത്തം അണികള്‍ ആയിക്കൊള്ളും. അവരു നടക്കുന്നുണ്ടോ എന്നറിയാന്‍ മുകളില്‍ നിന്ന് നോക്കണം. ചക്കാത്തിന് സര്‍ക്കാറു വണ്ടി കിട്ടിയാല്‍ അതിന്റെ മുകളില്‍ കയറുകതന്നെ. അങ്ങനെയാണ് ഋഷിരാജസിംഹന്‍ വാളുംപരിചയുമായി നാട്ടാരെ നിയമം അനുസരിപ്പിക്കാന്‍ നോക്കുന്ന നാട്ടില്‍ വണ്ടിക്കു മുകളില്‍ കയറി ഇളമുറത്തമ്പുരാന് നമ്പരിട്ടത്. നാളെ എങ്ങനെയാവും നാട്ടുകാരെ നയിക്കുക എന്നതിന്റെ സാമ്പിള്‍ വെടിക്കെട്ടുകണ്ട നമ്മള് ഭാഗ്യവാന്മാര്. ഇതാ ഞങ്ങള്‍ വന്നു, ഇതാ ഞങ്ങള്‍ക്കു പോവണം എന്നാണല്ലോ കേന്ദ്രന്റെ ആധാര്‍ കാര്‍ഡ് എന്ന പണം ചോര്‍ത്തല്‍ കാര്‍ഡിന്റെ പരസ്യം. അവര്‍ വരട്ടെ, പോകട്ടെ. നമുക്കു നമ്മുടെ നാടിനെ മുന്നോട്ടു കൊണ്ടുപോകാം; കെട്ടുകാഴ്ചയില്ലാതെ.
കവിതയെഴുതിയും നോവല്‍, കഥ, ലേഖനങ്ങള്‍ തുടങ്ങിയവ എഴുതിയും ജീവിക്കുന്നതുപോലെ ചിത്രം വരച്ചും ജീവിക്കാം എന്നു പറഞ്ഞത് അടുത്തിടെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ സി.എന്‍. കരുണാകരനാണ്. ആ മഹാചിത്രകാരനുമായി സി.ടി. തങ്കപ്പന് നടത്തിയ അഭിമുഖം ഈയാഴ്ചത്തെ (ജനു. 19) മാതൃഭൂമി ആഴ്ചപ്പതിപ്പില്‍. തന്റെ പരിമിതിക്കുള്ളിലാണ് ചിത്രത്തിന്റെ തുടക്കവും ഒടുക്കവും എന്ന് വിശ്വസിക്കുന്നയാളായിരുന്നു കരുണാകരന്. കാഴ്ചക്കാരനെ ഭ്രമാത്മകമായ ഒരു ലോകത്തേക്ക് നിശ്ശബ്ദമായി കൂട്ടിക്കൊണ്ടുപോയി പ്രകൃതിയുടെ താളവും സൗന്ദര്യവും കാട്ടിക്കൊടുക്കാനുള്ള കരവിരുത് അദ്ദേഹത്തിനുണ്ടായിരുന്നു. ചിത്രങ്ങളില്‍ ത്രിമാനസ്വഭാവം ബോധപൂര്‍വ്വം ഒഴിവാക്കുന്നതാണോ എന്ന ചോദ്യത്തിന് കരുണാകരന്റെ മറുപടി നോക്കുക: എന്റെ ചിത്രങ്ങള്‍ ഫ്ളാറ്റാണ്. കാന്‍വാസ് നമുക്ക് ലഭിക്കുന്ന പരിമിതമായ ഏരിയയാണ്. ഏകതല സ്വഭാവമുള്ള ഒരു മീഡിയത്തില്‍ വരകളും വര്‍ണങ്ങളും കൊണ്ട് ഭ്രമാത്മകമായ ഒരന്തരീക്ഷം സൃഷ്ടിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. പ്രകൃതിയില്‍ നിന്ന് ഉത്തേജനം ഉള്‍ക്കൊണ്ട് വരയ്ക്കുമ്പോഴാണ് ത്രിമാന സ്വഭാവമുള്ള ചിത്രങ്ങള്‍ ഉണ്ടാകുന്നത്. ഞാന്‍ പ്രകൃതിയില്‍ നിന്ന് ഒന്നും നേരിട്ട് സ്വീകരിക്കുന്നില്ല. എന്റെ ചിത്രം തുടങ്ങുന്നതും അവസാനിക്കുന്നതും എന്റെ പരിമിതിയില്‍ നിന്നാണ്. പരിമിതി അറിഞ്ഞവര്‍ പാരാവാരം സ്വപ്നം കണ്ട് അതില്‍ ലയിക്കുന്നു. അല്ലാത്തവര്‍ മറ്റുള്ളവരെ പഴിച്ചുകൊണ്ടേയിരിക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ ചിത്രം വരച്ചും ജീവിക്കാം എന്നാണ് തലക്കെട്ട്. ചിത്രത്തെയും ചിത്രകാരനെയും അറിഞ്ഞുകൊണ്ടുള്ള അഭിമുഖം.
ചോദ്യം തീരെ നിസ്സാരം. നിങ്ങള്‍ വിമാനയാത്രക്കാര്ക്കൊപ്പമോ സാധാരണ വാഹനയാത്രക്കാര്ക്കൊപ്പമോ? വിമാനയാത്രക്കാരുടെ കൂടെ ചേരുകയത്രേ നന്ന്. സ്റ്റാറ്റസ് സിംബല്‍ എന്നൊരു പുന്നാരത്തം മാത്രമല്ല അതിന്റെ പിന്നാമ്പുറത്തുള്ളത്. നല്ല സ്വയമ്പന്‍ റിസര്‍വ് ബാങ്ക് കടലാസും കിട്ടും. സാധാരണ യാത്രക്കാര്ക്കൊപ്പമെങ്കില് അതുണ്ടാവില്ല. പിന്നെ വിമാനമാണെങ്കില്‍ പറന്നുയരാനും തിരിച്ചിറങ്ങാനും ഇച്ചിരി മണ്ണ് മതി. ശേഷിച്ച സമയമത്രയും വായുവിന്റെ കൂടെയല്ലേ. ആറന്മുള വിമാനത്താവളത്തിനു വേണ്ടി കച്ചകെട്ടിയവരുടെ മാനോനില എങ്ങനെയെന്നതിന്റെ പശ്ചാത്തലത്തില്‍ ശ്രീരംഗനാഥന് കെ.പി.യുടെ ഒരു മറുപടിയും വായിക്കാം മാതൃഭൂമിയില്‍. സത്യത്തെ എത്ര നാള് മടിശ്ശീലകൊണ്ടു മൂടിവെക്കാം? എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ആറന്മുളയപ്പനും ആറാട്ടുകടവും ആര്‍ത്തുവിളിക്കുന്ന ആള്‍ക്കൂട്ടവും ഇല്ലെങ്കില്‍ എന്ത്, കോര്‍പ്പറേറ്റ് കൂലിപ്പടയും ഭരണകൂടമാഫിയയും സജീവമല്ലേ എന്ന ചിന്താഗതിക്ക് ശക്തികിട്ടിയാല്‍ പിന്നെയൊന്നിനും സ്ഥാനമുണ്ടാവില്ല. അതിനെക്കുറിച്ച് ഭംഗിയായിത്തന്നെ ശ്രീരംഗനാഥന് പറയുന്നു.
വിദ്യാഭ്യാസം ~ഒരര്‍ത്ഥത്തില്‍ ഒരഭ്യാസമായി മാറിക്കഴിഞ്ഞു എന്നു പറഞ്ഞാല്‍ ഇടിക്കാന്‍ വന്നേക്കല്ലേ. കാര്യങ്ങളുടെ പോക്ക് ആ വഴിക്കാണ്. സ്വയംഭരണ കോളേജുകള്‍ക്ക് സ്വേച്ഛയ്ക്കനുസരിച്ച് എന്തും ചെയ്യാനുള്ള അധികാരം നല്കാന് മടികാണിക്കാത്ത നാട്ടില്‍ വിദ്യാഭ്യാസത്തിന് എന്ത് പ്രാധാന്യമാണുള്ളത്. വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പ്രവര്‍ത്തകനും സര്‍ഗസമ്പന്നനായ എഴുത്തുകാരനുമായ സുകുമാരന്‍ പെരിയച്ചൂര്‍ അതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. വസ്തുതകളും രേഖകളും യാഥാര്‍ത്ഥ്യങ്ങളും സമഞ്ജസമായി ലയിച്ചുകിടക്കുന്ന സുകുമാരന്റെ ലേഖനം കലാകൗമുദി (ജനു.19) ആഴ്ചപ്പതിപ്പില്‍. അവധി അഭ്യാസം എന്ന മൂന്ന് പേജ് ലേഖനം ഈ മേഖലയിലെ നിരുത്തരവാദപരമായ സമീപനം തുറന്നു കാട്ടുന്നു. വിദ്യാര്‍ത്ഥികളെ നേര്‍വഴിക്കു നയിക്കാന്‍ ധാര്‍മ്മികമായി അധികാരമുള്ള അധ്യാപകര്‍ തന്നെ അവധി അഭ്യാസത്തിന്റെ വക്താക്കളായി മാറുന്ന ദുഃഖസത്യത്തിലേക്കാണ് സുകുമാരന്‍ വിരല്‍ചൂണ്ടുന്നത്. നോക്കുക: നമ്മുടെ വിദ്യാഭ്യാസരംഗം ഇപ്പോള്‍ പഠിപ്പിക്കുന്നത് ‘അവധി അഭ്യാസം’ ആണ്. ഒരു സാധാരണ വിദ്യാര്‍ത്ഥി മുതല്‍ ജീനിയസ് വിദ്യാര്‍ത്ഥി വരെ നേരം പുലര്‍ന്നാല്‍ പത്രം നോക്കുന്നതും ടി വി കാണുന്നതും സ്കൂളിന് അവധിയുണ്ടോ എന്നറിയാനാണ്. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായാല്‍ തിരുവനന്തപുരം നഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിക്കുന്ന സുഖവാര്ത്തയ്ക്കുവേണ്ടിയാണ് ഓരോ അധ്യാപകനും ആഗ്രഹിക്കുന്നത്. ഇത്തരക്കാരുടെ ആഗ്രഹം നിറവേറപ്പെടുമ്പോള്‍ തികഞ്ഞ ആഭാസമായി വിദ്യാഭ്യാസരംഗം തരംതാഴുന്നു. മഹാന്മാരുടെ ജയന്തിക്കും സമാധിക്കും വരെ അവധിക്കാര്ത്തുവിളിക്കുകയും അതൊരു അഭിമാന പ്രശ്നമായി ഉന്നയിക്കുകയും ചെയ്യുന്ന സമൂഹത്തില്‍ സുകുമാരന്റെ വാദഗതികള്‍ വേറിട്ടുനില്ക്കുന്നു. അത് സഫലമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കയല്ലാതെ മറ്റെന്ത് ചെയ്യാന്‍.
കരുതിവെപ്പും കാരുണ്യവുമുള്ളവരുടെ ഉള്ളില്‍ കവിത ഉറവപൊട്ടുമെന്നാണ് പറയാറ്. പല രാഷ്ട്രീയ നേതാക്കളും കവിതയുടെ വഴിയിലേക്ക് തിരിയുന്നത് അവരില്‍ കവിത കാരുണ്യമായി തുള്ളിത്തുളുമ്പുമ്പോഴാണ്. കവിതയുടെ രസതന്ത്രം അറിഞ്ഞാലും ഇല്ലെങ്കിലും കവിത കലാപത്തെ ഇല്ലാതാക്കുന്നതത്രെ. അതുകൊണ്ടുതന്നെ അതൊരു വരദാനമാണ്. അത്തരമൊരു വരദാനം കിട്ടിയ കവിയാണ് കെ.കെ. മനോജ്. അദ്ദേഹത്തിന്റെ പച്ചിലകളുടെ അസ്തമയങ്ങള്‍ എന്ന കവിതാസമാഹാരം ജീവിതത്തെ ചൂടും ചൂരുമുള്ള ഒരു സംസ്കാരത്തിലൂടെ നോക്കിക്കാണുന്നു. 41 കവിതകളിലൂടെ മനോജ് നിര്‍ധാരണം ചെയ്യുന്നത് മനുഷ്യാവസ്ഥകളുടെ നിമ്ന്നോത സമസ്യകളാണ്. കൂട്ടില്‍ നിന്ന് മൃഗം നോക്കുമ്പോള്‍ പുറത്തൊരു മൃഗത്തെ കാണുന്ന അവസ്ഥയും അപ്രിയസത്യങ്ങള്‍ പറയാതിരിക്കുക എന്ന് ശാസ്ത്രം, ലോകം എത്ര ശാന്തം. എന്ന അവസ്ഥയും വായനക്കാരില്‍ ഉളവാക്കുന്ന വികാരം പറഞ്ഞറിയിക്കാന്‍ പറ്റാത്തതത്രേ. കവിതയുടെ കൂമ്പടയുന്നു എന്നു പരിതപിക്കുന്നവരുടെ നേരെ ധൈര്യത്തോടെ നീക്കിനിര്‍ത്താന്‍ ഇതാ നമുക്കൊരു കെ.കെ. മനോജ്.
കെ മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: