ചിത്ര-ശില്പകലയുടെ പൂര്‍ണ്ണത തേടിയലയുന്ന ആരും അവസാനം ചെന്നെത്തുന്നത് ശിവഗംഗയെന്ന അപുര്‍വ്വ കലാകാരനിലായിരിക്കും. കേരളം കണ്കുളിര്ക്കെകണ്ടും ഇന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നവയുമായ അപൂര്‍വ്വസൃഷ്ടികളാണ് ശിവഗംഗയുടെത്. ആയിരത്തിലേറെ എണ്ണഛായാചിത്രങ്ങള്‍ എണ്ണമറ്റ ശില്പങ്ങള് ക്ഷേത്രഗോപുരങ്ങള്‍ തുടങ്ങി ശിവഗംഗയുടെ അനന്തമായ ക്യാന്‍വാസ് നീളുകയാണ്. നേട്ടങ്ങള്‍ക്ക് വേണ്ടിയോ പുരസ്ക്കാരങ്ങള്ക്കായോ ആരുടെയും പുറകെപോകാതെ തന്റെ ഗ്രാമീണതയില്‍ ഒതുങ്ങികൂടുകയാണ് ചിത്രകലയിലെ ഈ ജ്ഞാനതപസ്സി. വരയില്‍മാത്രമല്ല രൂപത്തിലും ജ്ഞാനതേജസ്സ്പകരുന്ന ലാളിത്യമാണ് ശിവഗംഗയുടെത്.
കേരളത്തിന്റെ നവോത്ഥാന കാഹളമായിമാറിയ വിശാലഹിന്ദുസമ്മേളനത്തിലും വിശ്വഹിന്ദുപരിഷത്തിന്റെ ഏകാത്മതായാത്രകളിലും നിറഞ്ഞ് നിന്നത് ശിവഗംഗയുടെ ചിത്രങ്ങളായിരുന്നു. 1982ലെ വിശാലഹിന്ദുസമ്മേളനത്തില്‍ പണ്ഡിറ്റ് കറുപ്പന്, അയ്യന്‍കാളി, ശ്രീ നാരായണ ഗുരുദേവന്, ചട്ടമ്പിസ്വാമികള്‍ എന്നിവരുടെ ഛായാചിത്രങ്ങള്‍ വരച്ചതിന് ഡോ.കരണ്‍സിംഗ് പൊന്നാട അണിയിച്ച് അനുമോദിച്ചിരുന്നു.
എഴുപത്തിരണ്ടോളം ദേവാലയങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള അപ്പൂപ്പന് കണ്ണന്‍കുഞ്ഞിയാണ് ചിത്രശില്പകലാരംഗത്ത് ശിവഗംഗയുടെ വഴികാട്ടിയും ഗുരുവും. 1974 മുതലാണ് ശില്പകലാരംഗത്തേക്ക് ശിവഗംഗ തിരിയുന്നത്. 1976ല്‍ കാലടി ശിവരാത്രി മണല്പുറത്ത് ശിവക്ഷേത്രം നിര്‍മ്മിച്ചത് ഏറെ പ്രശംസപിടിച്ച് പറ്റിയിരുന്നു. 1978ല്‍ കാഞ്ചികാമകോടി പീഠത്തിന്റെ ആദിശങ്കരകീര്‍ത്തിസ്തംഭത്തിന് കമാനം ഉണ്ടാക്കി. കാഞ്ചി ആചാര്യന്മാരായ ജയേന്ദ്രസരസ്വതിസ്വാമികളുടെയും, ഗുരു ചന്ദ്രശേഖരസരസ്വതിസ്വാമികളുടെയും ഛായാചിത്രങ്ങളുടെ പൂര്‍ണ്ണതകണ്ട് സന്തോഷം തോന്നിയ ജയേന്ദ്രസരസ്വതിസ്വാമികള്‍ ശിവഗംഗയെ പൊന്നാടചാര്‍ത്തി ദക്ഷിണനല്‍കി ആദരിച്ചു. 1990 മുതലാണ് മുഴുവന്‍ സമയവും ശില്പകലക്കായി ഉഴിഞ്ഞ് വച്ചത്. നിരവധിക്ഷേത്രങ്ങളില്‍ ദ്വാരപാലകന്മാര്, മറ്റൂര്‍ നീലംകുളങ്ങര ക്ഷേത്രം, മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം ക്ഷേത്രം തുടങ്ങി നിരവധിക്ഷേത്രങ്ങളിലെ അലങ്കാരഗോപുരങ്ങള്‍ ശിവഗംഗയുടെ കരസ്പര്‍ശത്താല്‍ വിരിഞ്ഞതാണ്.
ചങ്ങനാശ്ശേരി തിരുവെങ്കിടപുരം ക്ഷേത്രത്തിലെ അനന്തശയനം ഏറെ പ്രശംസപിടിച്ച് പറ്റിയതാണ്. ക്ഷേത്രപ്രവേശനവിളംബരത്തിന്റെ 50-ാം വാര്‍ഷികവേളയില്‍ വരച്ച കേളപ്പജിയുടെ ചിത്രം ഇന്നും അനശ്വരമായിനിലനില്ക്കുന്നു. ശിവജിപുരം ശ്രീ ലളിതാംബികാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാചിത്രം, കോട്ടയം പൊന്നരിക്കുളം ക്ഷേത്രത്തിലെ ദുര്‍ഗ്ഗാദേവി, ഐരാപുരം ശിവപുരിക്ഷേത്രത്തിലെ പ്രതിഷ്ഠാ ചിത്രം, വാര്യാട്ട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ചിത്രങ്ങള്‍, ആര്‍എസ്എസ് കാര്യാലയങ്ങളില്‍ ഡോക്ടര്‍ ഹെഡ്ഗേവാറിന്റെയും ഗുരുജിയുടെയും ചിത്രങ്ങള്‍, പ്രാന്തകാര്യാലയത്തില്‍ ദാദാജി പരമാര്‍ത്ഥിന്റെ ചിത്രം, അങ്കമാലി, പാലാരിവട്ടം, ഒക്കല്‍, മലയാറ്റൂര്‍, മൂക്കന്നൂര്‍, പൂതംകുറ്റി, കിടങ്ങര് എന്നിവിടങ്ങളിലെ ഗുരുമണ്ഡപങ്ങളിലെ ശ്രീ നാരായണ ഗുരുദേവവിഗ്രഹങ്ങള്‍, കാലടയിലെ അയ്യപ്പശരണകേന്ദ്രത്തിലെ അയ്യപ്പവിഗ്രഹം, പറവൂര്‍ കോട്ടക്കകം ക്ഷേത്രത്തിലെ ശില്പങ്ങള്, കലൂര്‍ പാവക്കുളം ക്ഷേത്രത്തിലെ 12അടി വിഗ്രഹം, തൃശൂര്‍ ചിറക്കല്‍ ക്ഷേത്രത്തില്‍ സപ്തമാതൃക്കള്‍, കാലടി ആശ്രമം സ്ക്കൂളില്‍ സരസ്വതി വിഗ്രഹം തുടങ്ങി അനന്തമായി നീളുകയാണ് ഈ നിര. കഴിഞ്ഞ പതിനെന്ന് വര്‍ഷമായി ഗണേശോത്സവത്തിനുള്ള വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.
കാലടി ശ്രീശങ്കരാ കോളേജിലെ ഭാരതീതീര്ത്ഥഓഡിറ്റോറിയത്തില് ശ്രീശങ്കരാചാര്യരും ശിഷ്യന്മാരും ശാരദാംബ, അഭിനവ വിദ്യാതീര്‍ത്ഥസ്വാമികള്‍, ഭാരതീതീര്‍ത്ഥ സ്വാമികള്‍ എന്നിവരുടെ മനോഹരമായ ശില്പങ്ങള് എവരെയും ആകര്‍ഷിക്കുന്നതാണ്. പഴങ്ങനാട് സമരിയന്‍ ആശുപത്രിയിലെ നല്ലസമരിയാക്കാരന്‍ ശില്പം, നിരവധി പള്ളികളില്‍ യേശുദേവന്, മാതാവ്, മലയാറ്റൂര്‍ ദര്ശനആശ്രമത്തില് ഏഴ് അടിയുള്ള കൊച്ച് ത്രേസ്യ തുടങ്ങിയവ ക്രൈസ്തവമേഖലയിലെ അംഗീകാരമായി നിലനില്ക്കുന്നു. ഏഴടി മൂന്നടി വലിപ്പത്തിലുള്ള അന്ത്യാത്താഴം പൂര്‍ത്തിയായി കഴിഞ്ഞു.
മറ്റൂര്‍ തിരുവെള്ളമാന്‍ ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന ആര്യാംബയുടെ 12 അടിയിലുള്ള ശില്പമാണ് ഇപ്പോള്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്നത്. പറഞ്ഞതിനേക്കാള്‍ ഏറെ പറയാനുള്ള സൃഷ്ടികളാണ് ശിവഗംഗക്കുള്ളത്. 20വര്‍ഷത്തോളം ഫോട്ടോഗ്രാഫിയിലും അത്ഭുതങ്ങള്‍ പകര്‍ത്തി. പിന്നീട് കണ്ണിന് ബുദ്ധിമുട്ട്മൂലം നിര്‍ത്തുകയായിരുന്നു. സിമന്റ്,പ്ലാസ്റ്ററോപാരീസ് വര്‍ക്കുകളാണ് കൂടുതല്‍.
അങ്കമാലിക്കടുത്ത് തുറവൂര്‍ പഞ്ചായത്തില്‍ ശിവജിപുരം സ്വദേശിയാണ്. ഭാര്യ ശുഭ. മക്കള്‍ കൃഷ്ണനുണ്ണി,കൃഷ്ണവേണി.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: