പ്രായം 93 കഴിഞ്ഞിട്ടും നാലുതലമുറ പിന്നിട്ട ഒരാചാരം സ്വന്തം നെഞ്ചിലേറ്റി നടക്കുകയാണ് പള്ളുരുത്തി മുല്ലോത്ത്കാട് മഠത്തില്‍ രുഗ്മിണിബ്രാഹ്മണിയമ്മ. പള്ളുരുത്തി അഴകിയകാവില്‍ മകരം 1-ന് ആരംഭിച്ച പാട്ടുതാലപ്പൊലിക്ക് 22 ദിനവും ഉച്ചപൂജയ്ക്കുശേഷവും അത്താഴപൂജയ്ക്കുശേഷവും മുറതെറ്റാതെ താളവും ഒഴുക്കും തെറ്റാതെ രുഗ്മിണിയമ്മ ബ്രഹ്മണിപ്പാട്ട് പാടിക്കൊണ്ടേയിരിക്കുന്നു.
ഇതൊരു ജീവിത വ്രതമാണ്, 93 പിന്നിട്ടതിന്റെ ക്ഷീണമോ, വല്ലായ്മയോ ബ്രാഹ്മണി അമ്മയ്ക്കില്ല. അഴകിയകാവ് ഭഗവതിയോടുള്ള അചഞ്ചലമായ ഭക്തി മാത്രമാണ് ഈ അമ്മയ്ക്ക്. ഒമ്പത് വയസില്‍ മുത്തശ്ശിയോടൊപ്പം പാടാന്‍ ക്ഷേത്രത്തിലെത്തുമായിരുന്നത് രുഗ്മിണി അമ്മ ഓര്‍ക്കുന്നു. ഭദ്രകാളിയുടെ സ്തുതി കിണ്ണത്തില്‍ പേനാക്കത്തിക്കൊണ്ട് അമ്മ പാടിത്തുടങ്ങി… ധരണികുലുങ്ങി, ജലധികലങ്ങി, കുലശൈലങ്ങളശേഷമുലഞ്ഞു. ദ്വിഗ്വര പംക്തികളൊന്നു കുലുങ്ങി.
കൈലാസാചലമൊന്നു വിറച്ചു. ഗിരിമകളരനുടെ അരികിലുറച്ചു… അമ്മയുടെ പാട്ട് കണ്ഠത്തില് നിന്നുയര്‍ന്നപ്പോള്‍ ഭക്തരും താളം പിടിക്കാന്‍ തുടങ്ങി. ഭദ്രകാളിയുടെ ജനനം മുതല്‍ ദാരികാ നിഗ്രഹം വരെയുള്ള ഭാഗങ്ങളാണ് ഇവിടെ പാടി വരുന്നത്. ഏതാണ്ട് നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതലാണ് അഴകിയകാവ് ഭഗവതിക്ഷേത്രത്തില്‍ ബ്രാഹ്മണിപ്പാട്ട് പാട് തുടങ്ങിയത്. സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകള്‍ തന്നെ വര്‍ഷം തോറും മാറ്റമില്ലാതെ അനുഷ്ഠാനങ്ങളോടെ നടത്തുന്ന ആചാരമാണ് ബ്രാഹ്മണിപ്പാട്ടുകള്‍. അഴകിയകാവ് ക്ഷേത്രത്തില്‍ ബ്രാഹ്മിണിപ്പാട്ടുകള്‍ പാടാനുള്ള അവകാശം പള്ളുരുത്തി നമ്പ്യാര്‍മഠം തറവാട്ടിലെ സ്ത്രീകള്‍ക്കാണ്. അവിടത്തെ നാലാം തലമുറയില്‍പ്പെട്ടതാണ് രുഗ്മിണിയമ്മ.
കേരളത്തിലെ പുരാതന ക്ഷേത്രങ്ങളില്‍ പലയിടത്തും ബ്രാഹ്മണിപ്പാട്ടുകള്‍ നടക്കുന്നുണ്ട്. പലയിടങ്ങളിലും തലമുറകള്‍ കൈമാറിവരുന്ന ഈ സല്‍കര്‍മ്മം പകരക്കാരില്ലാത്തതിനാല്‍ നിലച്ചു പോയതായി രുഗ്മിണിയമ്മ പറയുന്നു. അഴകിയകാവ് ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലിയോടനുബന്ധിച്ച് നടത്തുന്ന ബ്രാഹ്മണിപ്പാട്ടുകള്‍ ഇന്നും മുടക്കം കൂടാതെ നടക്കുന്നതായി രുഗ്മണിയമ്മ പറഞ്ഞു. തനിക്കുശേഷം ഈ ദൗത്യം മകള്‍ ഗിരിജാ ദേവി ഏറ്റെടുക്കുമെന്നും അമ്മ പറഞ്ഞു. ബ്രാഹ്മണിപ്പാട്ടിന്റെ പിന്നില്‍ ചരിത്രവും അതിശയോക്തി നിറഞ്ഞ കഥകളും പറയുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്കായി മാത്രം ക്ഷേത്രത്തില്‍ നടത്തുന്ന ഈ ഒരാചാരം ചെറുതായി കാണാന്‍ കഴിയില്ലെന്ന് ബ്രാഹ്മണി അമ്മ പറയുമ്പോഴും തലമുറകള്‍ക്കായി നടത്തുന്ന ഈ ഒരാചാരം ഒരിക്കലും മാറ്റമില്ലാതെ തുടരട്ടേയെന്നാണ് പ്രാര്‍ത്ഥനയെന്നും അമ്മ പറഞ്ഞു. ഈ വാക്കുകളില്‍ ഒരു ഭക്തയുടെ നിര്‍മ്മലമായ വിശ്വാസത്തിന്റെ സ്ഫുരണങ്ങള്‍ കാണാം. 900 വര്‍ഷം പഴക്കമുള്ള അഴകിയകാവ് ഭഗവതീക്ഷേത്രത്തിന്റെ പിന്നിലായി സ്ഥിതിചെയ്യുന്ന ദേവസ്വം കൊട്ടാരത്തിന്റെ പിന്നിലെ മുറിയില്‍ ബ്രാഹ്മണിയമ്മ തിരക്കിലാണ്. അമ്മയെ കാണുന്നതിനും അനുഗ്രഹം വാങ്ങുന്നതിനും ഭക്തര്‍ എത്തിക്കൊണ്ടേയിരിക്കുന്നു..
കെ. കെ. റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: