കൊച്ചി: 35-ാമത് ദേശീയ ഗെയിംസിന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി എത്തിയ ഗെയിംസിന്റെ ഭാഗ്യ ചിഹ്നമായ ‘അമ്മു വേഴാമ്പലി’ന് കൊച്ചി നഗരത്തില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്കി. കൊച്ചിയിലെ മാധവ ഫാര്‍മസി ജംഗ്ഷനില്‍നിന്നും സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്കൂളിലേയും ഗവ. ഗേള്‍സ് ഹൈസ്കൂളിലേയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വര്‍ണ്ണശബളമായ ഘോഷയാത്രയോടെയാണ് സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്കൂളിലേക്ക് ആനയിച്ചത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വി.എം.മുഹമ്മദ് റഫീക്ക് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസര്‍ കൂടിയായ ട്രാഫിക് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ.എസ്.ബേബി വിനോദ്, സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് ബേബി തദേവൂസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് ഐപിഎസിന്റെ ആശയത്തില്‍ അനില്‍ കാരേറ്റ് സംവിധാനം ചെയ്ത് കേരളാ പോലീസ് ഒരുക്കിയിട്ടുള്ള ‘കളിക്കുന്ന കുട്ടികള്‍ക്കായി ഭാരതം കാത്തിരിക്കുന്നു’ എന്ന നാടകവും അവതരിപ്പിച്ചു. നാടകത്തിന്റെ ഉദ്ഘാടനം സെന്റ് ആല്‍ബര്‍ട്ട്സ് ഹയര്‍സെക്കന്ററി സ്കൂളിലെ പ്രിന്‍സിപ്പല്‍ മോണിക്ക സെബീന നിര്‍വഹിച്ചു. ഉച്ചകഴിഞ്ഞ് കൊച്ചി സിറ്റിയിലെ രണ്ടാമത്തെ വേദിയായ ഗവ. ഗേള്‍സ് ഹൈസ്കൂളിലും നാടകം അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: