കൊച്ചി: ലോക്സഭാ തെരഞ്ഞുപ്പ് മുന്നില്‍ കണ്ട് ആരുമായും സഖ്യം ഉണ്ടാക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ഇത്തരത്തില്‍ ഒരു ചര്‍ച്ചയും ഔദ്യോഗികമായി നടന്നിട്ടില്ലെന്നും പാര്‍ട്ടിയുടെ കേരള ഘടകം വക്താവ് കെ.പി.രതീഷ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തിലും ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 15 ന് ശേഷമായിരിക്കും ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തു. എന്നാല്‍ ഒരു ജനകീയ സമരം വിജയിപ്പിക്കുന്നതിനായി പാര്‍ട്ടിയുടെ വലുപ്പച്ചെറുപ്പം നോക്കാതെ സഹകരിക്കുമെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. സംസ്ഥാന സമിതി യോഗം ഫെബ്രുവരി 15 ന് ശേഷം കൊച്ചിയില്‍ ചേരും.
കേരളത്തില്‍ പാര്‍ട്ടിയുടെ അജണ്ട ജനകീയ വിഷയങ്ങളില്‍ ഇടപെടല്‍ നടത്താന്‍ സാധിക്കുമോ എന്നുള്ളതാണ്. പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ശക്തമാണോ, സമൂഹത്തിന് വേണ്ടി സേവനം ചെയ്യാന്‍ സന്നദ്ധമാണോ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച ശേഷമായിരിക്കും മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളു.
ആം ആദ്മി പാര്‍ട്ടിയിലേക്ക് കെ.എ.ഷാജഹാന്, സി.കെ.ജാനു, ഗീതാനന്ദന് തുടങ്ങിയവര്‍ ചേരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇവരാരുമായും എഎപി ചര്‍ച്ച നടത്തിയിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളെയല്ല കാലങ്ങളായി നിലനിന്ന് പോരുന്ന വ്യവസ്ഥാപിത സമ്പ്രദായങ്ങളെയാണ് ആം ആദ്മി എതിര്‍ക്കുന്നതെന്ന് സംസ്ഥാന കണ്‍വീനര്‍ മനോജ് പത്മനാഭന് പറഞ്ഞു. ദല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പിന്തുണ പാര്‍ട്ടി തേടിയിട്ടില്ലെന്നും അഴിമതിക്ക് കാരണം രാഷ്ട്രീയ കൂട്ടുകെട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: