മട്ടാഞ്ചേരി: പൊതുമേഖലാ എണ്ണക്കമ്പനികള്‍ സബ്സിഡി പാചകവാതക സിലിണ്ടറുകള്‍ക്ക് ഇൗടാക്കുന്നത് വ്യത്യസ്ത വിലകളെന്ന് പരാതി. ഫോര്‍ട്ടുകൊച്ചിയില്‍ വിതരണം ചെയ്ത ഗ്യാസ് സിലിണ്ടറുകള്‍ക്കാണ് കമ്പനികള്‍ വ്യത്യസ്ത വിലകള്‍ ഈടാക്കിയത്. 14.2 കി.ഗ്രാം തൂക്കംവരുന്ന ഗാര്‍ഹിക ഉപഭോക്തൃ സിലിണ്ടറുകള്‍ക്ക് ഭാരത്ഗ്യാസ് ഡിസംബര്‍ 29ന് ഈടാക്കിയത് 1012.86 രൂപയാണ്. ഇതില്‍ 50.64 രൂപ വാറ്റ് നികുതിയും 15 രൂപ വിതരണനിരക്കും ഏജന്‍സി തൊഴിലാളി കൂലി 21.50 രൂപയുമടക്കം 1100 രൂപയില്‍ 526 രൂപ സബ്സിഡി കിഴിച്ച് 574 രൂപയാണ് ഈടാക്കുന്നത്.
ഇതേസമയം എച്ച്പിസി ഗ്യാസ് സിലിണ്ടറിന് ഈടാക്കുന്നത് 423.33 രൂപയും നികുതി 21.17 രൂപയും തൊഴിലാളിക്കൂലി 25.50 രൂപയുമടക്കം 470 രൂപ മാത്രവും. രണ്ട് കമ്പനിക്കാരുടെയും ബില്ല് വിലയിലെ അന്തരം 104 രൂപയാണ്. വിലയിലെ വ്യത്യസ്തതയിലൂടെ പെട്രോളിയം കമ്പനികള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണെന്നും വിവേചനം നടത്തുകയാണെന്നും ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. വ്യത്യസ്ത കമ്പനികള്‍ ഉപഭോക്താക്കളില്‍നിന്ന് വ്യത്യസ്ത വിലകള്‍ ഈടാക്കിക്കൊണ്ട് നടത്തുന്ന പകല്‍ക്കൊള്ളക്കെതിരെ ബോധവല്‍ക്കരണത്തിന് ഉപഭോക്തൃ സംഘടനകള്‍ തയ്യാറെടുക്കുകയാണ്.
ആധാര്‍ കാര്‍ഡിന്റെ പ്രശ്നപരിഹാരത്തിന്റെ കഷ്ടതകള്‍ക്കിടയില്‍ അധികവില ഈടാക്കുന്ന പെട്രോളിയം കമ്പനികള്‍ക്കെതിരെ സമരപരിപാടികള്‍ നടത്തുമെന്ന് റെസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളും പറഞ്ഞു. നിത്യോപയോഗ സാധന വിലവര്‍ധനവിന്റെ തീവ്രതയ്ക്കിടയില്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്കുമേല്‍ പെട്രോളിയം കമ്പനികള്‍ അധിക സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഉപഭോക്തൃ സംഘടനകള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: