കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ കോവിലകത്തെ വലിയ തമ്പുരാനായി ചിറയ്ക്കല്‍ കോവിലകത്തെ രാമവര്‍മ്മതമ്പുരാന്‍ സ്ഥാനമേറ്റു. വലിയ തമ്പുരാനായിരുന്ന കെ. ഗോദവര്‍മ്മരാജയുടെ വിയോഗത്തെ തുടര്‍ന്നാണ് കോവിലകത്തെ ഏറ്റവും മുതിര്‍ന്ന അംഗമായ രാമവര്‍മ്മതമ്പുരാന്‍ ചുമതലയേറ്റത്. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കോട്ടകോവിലകത്ത് ഇന്നലെ രാവിലെ 9.30ഓടെയാണ് അധികാരമേല്‍ക്കല്‍ നടന്നത്. അസുഖബാധിതനായ ഗോദവര്‍മ്മരാജ താല്‍ക്കാലികമായി ചുമതലയേല്‍പ്പിച്ച സുരേന്ദ്രവര്‍മ്മ പുതിയ വലിയ തമ്പുരാന് അധികാരദണ്ഡ് കൈമാറിയാണ് ചടങ്ങ് നിര്‍വ്വഹിച്ചത്.
താലപ്പൊലി മഹോത്സവമുള്പ്പടെ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ഇനി പുതിയ വലിയ തമ്പുരാന് നേതൃസ്ഥാനിയാകും. കെ.പി.ധനപാലന് എം.പി, ടി.എന്‍. പ്രതാപന് എംഎല്‍എ, ദേവസ്വം മാനേജര്‍ സുനില്‍ കര്‍ത്ത, ക്ഷേത്രം കോയ്മ, ഒ.കെ.യോഗം ഭാരവാഹികള്‍, ക്ഷേത്രോപദേശകസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ അധികാരമേല്‍ക്കല്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഗോദവര്‍മ്മരാജയുടെ വിയോഗത്തെത്തുടര്‍ന്നുള്ള പുല ഈ മാസം 22ന് തീര്‍ന്നതിനുശേഷം പുതിയ വലിയ തമ്പുരാന് പാരമ്പര്യ രീതിയില്‍ സ്ഥാനാരോഹണം നടത്തും. തൃക്കുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വാതില്കാപ്പവര് സന്നിധിയില്‍ തുശനിലവെച്ച് വെള്ളികിണ്ടി സമര്‍പ്പിച്ചാണ് ചടങ്ങ് നിര്‍വ്വഹിക്കുക. രാജഭരണം ഇല്ലാതായതോടെ അരിയിട്ടുവാഴ്ച മുതലായ ചടങ്ങുകള്‍ നടത്താറില്ല. ഊരകം കടലാശ്ശേരി തെക്കേടത്ത് കടലായിലില് നാരായണന് നമ്പൂതിരിയുടേയും ചിറയ്ക്കല്‍ കോവിലകത്ത് കുഞ്ഞുകുട്ടി തമ്പുരാട്ടിയുടേയും ഏക മകനാണ് രാമവര്‍മ്മതമ്പുരാന്‍. പന്തളം കൊട്ടാരത്തിലെ മംഗളം തമ്പുരാട്ടി ഭാര്യയും ഐഷാ വര്‍മ്മ മകളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: