തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ വഴി ലഹരി മരുന്നുകള്‍ വിദേശത്തേക്ക് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചു. കെറ്റാമിന്‍, മാന്‍ട്രാക്സ്, കഞ്ചാവ് ഇല, പാമ്പിന് വിഷം, ഉത്തേജക മരുന്നുകള്‍, വിദേശ കറന്‍സികള്‍ തുടങ്ങിയവയാണ് വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോയിലാണ് ഇത്തരത്തിലുള്ള രഹസ്യം കച്ചവടം അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
കാര്‍ഗോ വഴി കയറ്റി അയയ്ക്കുന്ന മത്സ്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയില്‍ കൂടിയാണ് ലഹരി മരുന്നകുളും കടത്തുന്നത്. തമിഴ്നാട്ടിലെ നാഗര്‍കോവില്‍, മധുര, തിരുനെല്‍വേലി, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് മത്സങ്ങളും പച്ചക്കറികളും പാക്ക്ചെയ്ത് ഇവിടെ എത്തുന്നത്. കമ്പനികളുടെ അസോസിയേഷനായ അയാട്ടയുടെ (ഐഎറ്റിഎ) അംഗീകൃത ലൈസന്‍സിയുള്ള സ്വകാര്യ എയര്‍ ലൈസന്‍സ് ഏജന്‍സി വഴി എത്തുന്ന പെട്ടികള്‍ മുഴുവനും കാര്‍ഗോയില്‍ തുറന്ന് പരിശോധിക്കാറില്ല. 50 പെട്ടികള്‍ ഉണ്ടെങ്കില്‍ അഞ്ച് പെട്ടികള്‍ തുറന്ന് പരിശോധിക്കുകയും ബാക്കിയുള്ളവ് സ്ക്രീനിംഗിന് വിടുന്ന റാന്‍ഡം പരിശോധന രീതിയാണ് കാര്‍ഗോ അധികൃതര്‍ നടത്തുന്നത്. ലേസര്‍ രശ്മികള്‍ കടന്നുപോകാത്ത കാര്‍ബണ്‍ പോളിത്തീന്‍ കവറുകളില്‍ ലഹരി വസ്തുക്കള്‍ പാക്ക് ചെയ്തിരിക്കുകയാണെങ്കില്‍ സ്ക്രീനിംഗ് പരിശോധനയിലും കണ്ടെത്താനുള്ള സാധ്യത കുറവാണ്. കസ്റ്റംസില്‍ ബില്‍ ഫയല്‍ ചെയ്യുന്ന സാധനങ്ങളുടെ തൂക്കത്തില്‍ നിന്നു കൂടുതല്‍ അളവില്‍ സാധനങ്ങളാണ് അയാട്ട ഏജന്റുമാരുടെ ഒത്താശയോടെ കടത്തിവിടുന്നത്. ഇത്തരത്തില്‍ കടത്തിവിടുന്ന സാധനങ്ങളുടെ എയര്‍ഫ്രൈറ്റ് ചാര്‍ജ്ജ് ഏജന്റുമാരും ഉദ്യോഗസ്ഥരും വീതിച്ചെടുക്കുകയാണ് പതിവ്. പുലര്‍ച്ചെയുള്ള ദുബായ് വിമാനത്തിലാണ് കള്ളക്കടത്ത് സാധനങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റി അയയ്ക്കുന്നത്. കാര്‍ഗോ വഴി സാധനങ്ങള്‍ അയയ്ക്കുന്നതിന് അയാട്ടയുടെ അംഗീകാരം നിര്‍ബന്ധമാണ്. കയറ്റി അയയ്ക്കുന്ന സാധനങ്ങളുടെ തൂക്കമനുസ്സരിച്ചുള്ള മൂല്യത്തിന്റെ അഞ്ചു ശതമാനമാണ് അയാട്ടയുടെ എയര്‍ലൈന്‍ ഏജന്റുമാര്‍ക്കുള്ള കമ്മീഷന്.
ലഹരി മരുന്നുകള്‍ കള്ളക്കടത്ത് നടത്താന്‍ ഒത്താശ ചെയ്തുകൊടുക്കുന്നതിലൂടെ കസ്റ്റംസ് കാര്‍ഗോ ഉദ്യോഗസ്ഥര്‍ അടക്കമുള്ള എയര്‍ലൈന്‍ ഏജന്റുകള്‍ പ്രതിമാസം ലക്ഷങ്ങളാണ് അനധികൃതമായി സമ്പാദിക്കുന്നത്. സാമ്പാദ്യത്തിന്റെ ഉറവിടത്തെക്കുറിച്ച് സബിഐ അന്വേഷണത്തിലാണ്. പൊതു തെരഞ്ഞെടുപ്പ് അടുത്തതോടെ വിമാനത്താവളത്തിലും കാര്‍ഗോയിലും കേന്ദ്രമന്ത്രാലയത്തിന്റെ ഇടപെടല്‍ കുറഞ്ഞിരിക്കുകയാണ്. കള്ളക്കടത്ത് സാധനങ്ങള്‍ കണ്ടുപിടിക്കാന്‍ ആധുനിക സംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ ഇല്ലാത്തത് ഉദ്യോഗസ്ഥ ലോബികള്‍ക്കും എക്സ്പോര്‍ട്ട് സ്ഥാപനങ്ങള്‍ക്കും മയക്കുമരുന്നുകളും മറ്റും വന്‍ തോതില്‍ അനായാസം കയറ്റി അയയ്ക്കാനുള്ള അവസരമൊരുക്കുകയാണ്.
രാജേഷ് പേട്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: