ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിയെ പരിഹസിച്ച് കിരണ്‍ബേദി വീണ്ടും രംഗത്ത്. ആംആദ്മിക്ക് വോട്ട് ചെയ്യുന്നത് കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്ന് ബേദി പരിഹസിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള കഴിവ് നരേന്ദ്രമോദിക്കാണെന്ന് ബേദി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.
അഴിമതിക്കെതിരെ രംഗത്തെത്തിയ കേജ്രിവാളിനും ഹസാരെക്കുമൊപ്പം നിന്ന കിരണ്‍ബേദി ആദ്യമായാണ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നത്. പരിചയസമ്പന്നരല്ലാത്തവരുടെ നിലപാടുകള്‍ രാജ്യത്തിന് ഗുണകരമാവില്ലെന്ന് പ്രതികരിച്ച ബേദി നേരത്തെ കേജ്രിവാളിനെയും ആംആദ്മിയേയും പരോക്ഷമായി വിമര്‍ശിച്ചിരുന്നു.
ഗുജറാത്തില്‍ മികച്ച ഭരണം കാഴ്ച്ചവെക്കുന്ന മോദിക്ക് കൂടുതല്‍ കാര്യങ്ങള്‍ രാജ്യത്തിനുവേണ്ടി ചെയ്യാനാവും. അതുകൊണ്ടു തന്നെ തന്റെ വോട്ട് മോദിക്കാണെന്ന് ബേദി വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ നിലനില്‍പ്പ് പരിചയസമ്പന്നനായ അദ്ദേഹത്തിന്റെ കരങ്ങളിലാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇപ്പോള്‍ ആംആദ്മിക്കെതിരായ നിലാപാട് പ്രത്യക്ഷത്തില്‍ തന്നെ കിരണ്‍ബേദി വ്യക്തമാക്കിയിരിക്കുന്നു. കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തിലേറിയ ആംആദ്മിക്ക് വോട്ട് ചെയ്യുന്നത് കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്ന് ബേദി പരസ്യമായി പരിഹസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: