മനസ്സിനെ നിയന്ത്രിക്കേണ്ടുന്ന ആവശ്യകതയെപ്പറ്റി ലോകത്തിലെ സകല മതങ്ങളും വളരെയേറെ ഘോഷിക്കുന്നതായി നാം കേള്‍ക്കുന്നു. എല്ലാ മതഗ്രന്ഥങ്ങളിലും ഇതൊരു ‘പല്ലവി’യാണെന്ന് തോന്നുന്നു. മനസ്സ് സ്വതേ വിചാരധാരയാണ്. ഒരു പ്രത്യേക മാര്‍ഗത്തിലൂടെ നിരന്തരം ഒഴുകുന്ന വാരിധാര ഒരു നദിയാണെന്നതുപോലെ വിചാരധാരയെന്നത് മനസ്സുമാണ്. ഗാലന് കണക്കില്‍ അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കുന്ന ജലസമൂഹം ബൃഹന്നദിയായി രൂപംകൊള്ളുന്നതുപോലെ പദാര്‍ഥലോകത്തിന് അഭിമുഖമായി ഒരു വ്യക്തിയില്‍ നിന്നും നിരന്തരം വിനിര്‍ഗളിക്കുന്ന വിചാരധാരയാണ് മനസ്സായി രൂപം കൊള്ളുന്നത്. സ്വാഭാവികമായും നദിയുടെ സ്വഭാവം അതിലെ വെളളത്തിന്റെ സ്വഭാവവുമാണ്.
വെള്ളം നിര്മലമാണെങ്കില് നദി നിര്‍മലമാണ്. വെള്ളത്തിന്റെ ഒഴുക്ക് ദ്രുതതരമാണെങ്കില് നദിയും ദ്രുതഗാമിനിയാണ്. ഇതേ ഉപമ മനസ്സിനെ സംബന്ധിച്ചേടത്തോളവും അത്രതന്നെ സത്യമാണ്. ഒരു വ്യക്തിയുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സമയത്തുണ്ടാകുന്ന വിചാരത്തിന്റെ രൂപവും സ്വഭാവവുമാണ് ആ പ്രത്യേക സന്ദര്‍ഭത്തില്‍ ആ വ്യക്തി ഉള്‍ക്കൊള്ളുന്ന മനസ്സിന്റെ രൂപവും സ്വഭാവവും. വിചാരങ്ങള്‍ നല്ലതാണെങ്കില്‍ മനസ്സ് നല്ലതാണ്. വിചാരങ്ങള്‍ പ്രക്ഷുബ്ധങ്ങളാണെങ്കില് മനസ്സും പ്രക്ഷുബ്ധമാണ്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: