കോട്ടയം: ഭാവിതലമുറകളുടെ നിലനില്‍പ്പിന് ഭാരതീയ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് കെ.സി.കണ്ണന് പറഞ്ഞു. കോട്ടയം വടവാതൂരില്‍ സ്വാമി ത്രൈലോക്യാനന്ദജി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസപദ്ധതിയില്‍ ഭാരതീയമായ മൂല്യങ്ങള്‍ പകര്‍ന്നുകൊടുത്താല്‍ വരുംതലമുറ വഴിതെറ്റാതിരിക്കും. ആദ്ധ്യാത്മികവും സാംസ്കാരികവുമായ അറിവുകള്‍ ലഭിക്കാതെ കുട്ടികളുടെ സര്‍ഗ്ഗവാസനകളെ തളച്ചിട്ട് കേവലം പുസ്തപ്പുഴുക്കളായി മാറ്റുകയാണ് ഇന്നത്തെ കുട്ടികളെ. ലോകത്തിന് നേതൃത്വം കൊടുക്കേണ്ട ഒരു രാഷ്ട്രത്തിന്റെ ഇന്നത്തെ തലമുറയുടെ സ്ഥിതിയാണിത്. സ്വയം ശപിച്ചുകൊണ്ട് ഇപ്പോഴത്തെ തലമുറ മിണ്ടാതിരിക്കുകയാണ്. പുതിയ തലമുറ വഴിതെറ്റുന്നതില്‍ പഴയതലമുറയ്ക്കും ഉത്തരവാദിത്വമുണ്ട്, അദ്ദേഹം വിശദീകരിച്ചു.
രാഷ്ട്രമെന്നത് മുറിച്ചുമാറ്റപ്പെട്ട അതിരുകളോടുകൂടിയ ഒരുതുണ്ടു ഭൂമി മാത്രമല്ല, അത് സാംസ്കാരികമായ ഒരു ഖണ്ഡമാണ്. സംസ്കാരികമായ ഈ ഖണ്ഡത്തെ അധികാരത്തിലിരിക്കുന്ന ഏതാനും ചില ആളുകള്‍ക്ക് ഒരു മേശയ്ക്കു ചുറ്റുമിരുന്ന് മുറിച്ചുമാറ്റാവുന്നതോ ഇല്ലായ്മ ചെയ്യാന്‍ പറ്റുന്നതോ അല്ല. ഋഷിമാര്‍ ശ്രദ്ധാ ഭക്തിയോടുകൂടി ഈശ്വരനോടു പ്രാര്‍ത്ഥിച്ചതിന്റെ പരിണിതഫലമായി പ്രപഞ്ചത്തില്‍ സൃഷ്ടിക്കപ്പെട്ട സാംസ്കാരിക ഖണ്ഡങ്ങളാണ് രാഷ്ട്രം. ഏതു രാഷ്ട്രത്തിന്റെയും ആത്മാവ് ആ നാടിന്റെ സംസ്കൃതിയാണ്. അതിനെ നിലനിര്‍ത്തുക എന്നതാണ് ആ നാടിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും ചുമതല. അതു നടപ്പാക്കാന്‍ കഴിയാതെ പോയാല്‍ ആ രാഷ്ട്രം നശിച്ചുനാമാവശേഷമാവും.
ഭാരതീയരെന്ന നിലയില്‍ നമ്മുടെ ചുമതല ഭാരതത്തിന്റെ ആത്മാവിനെ ആവിഷ്കരിക്കുകയാണ്. അപ്പോള്‍ രാഷ്ട്രത്തിന് ആത്മാവുണ്ടോ എന്ന ചോദ്യമുയരും. ഓരോ വ്യക്തിക്കും ആത്മാവുള്ളതുപോലെ രാഷ്ട്രത്തിനും ആത്മാവുണ്ട്. ലോകരാഷ്ട്രങ്ങളെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തിയവര്‍ പറയുന്നതും ഇതാണ്.
വേദങ്ങളിലും ഇതുതന്നെ പറയുന്നു. സംസ്കൃതിയെപ്പറ്റി, രാഷ്ട്രത്തെപ്പറ്റി അറിയുമ്പോഴാണ് ഒരാള്‍ താന്‍ ആരാണെന്ന് മനസ്സിലാക്കുന്നത്. താനാരാണെന്ന ബോദ്ധ്യം കുട്ടികളിലുണ്ടാക്കാന്‍ ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ ബാലസംസ്കാര കേന്ദ്രങ്ങള്‍ക്കു കഴിയും. സംസ്കാര കേന്ദ്രങ്ങള്‍ ഹിന്ദുസമാജത്തിന് ഒരുമിച്ചു കൂടാനുള്ള കേന്ദ്രമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വടവാതൂരിലാരംഭിച്ച ബാലസംസ്കാരകേന്ദ്രം ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ.കൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന രക്ഷാധികാരി പ്രൊഫ.സി.എന്‍.പുരുഷോത്തമന് അദ്ധ്യക്ഷത വഹിച്ചു. സ്വാമി ത്രൈലോക്യാനന്ദജിയുടെ ഛായാചിത്രം ബാലസംസ്കാര കേന്ദ്രം ചെയര്മാന് ആമേട വാസുദേവന്‍ നമ്പൂതിരി അനാച്ഛാദനം ചെയ്തു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തി. ബാലഗോകുലം സംസ്ഥാന നിര്വ്വഹാകസമിതിയംഗം സി.സി.ശെല്വന്, ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ ഡോ.ഇ.പി.കൃഷ്ണന് നമ്പൂതിരി, ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എന്‍.ഗോപാലകൃഷ്ണന്, ബിഎംഎസ് ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്, തപസ്യ ജില്ലാ സെക്രട്ടറി പി.ജി.ഗോപാലകൃഷ്ണന്, വിജയപുരം ഗ്രാമപഞ്ചായത്തംഗം കെ.കെ.പത്മകുമാരി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: