തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ ആറുവര്‍ഷത്തിലൊരിക്കല്‍ നടത്താറുള്ള ലക്ഷദ്ദീപം 56 ദിവസമായി നടന്നുവരുന്ന മുറജപത്തിന്റെ സമാപന ദിവസമായ നാളെ നടക്കും. ഭക്തജനങ്ങളുടെ ക്രമാതീതമായ വര്ദ്ധനവുകാരണം സൗജന്യ പാസ് മുഖേനയുള്ള ക്രമീകരണമാണ് ലക്ഷദ്ദീപം കാണാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇരുപതിനായിരത്തോളം പേര്‍ക്കാണ് ഇതുവരെ പാസ് നല്‍കിയത്. വൈകുന്നേരം 5 മണിയ്ക്കുശേഷം പ്രവേശനം അനുവദിക്കും. ആറ് പ്രവേശന കവാടങ്ങള്വഴിയായിരിക്കും പ്രവേശനം ഉണ്ടായിരിക്കുക. ചെമ്പകത്തുമൂട് നടവഴികൊട്ടാരം അതിഥികളെയും തിരുവാമ്പാടി നടവഴി ക്ഷണിക്കപ്പെട്ട അതിഥികളെയും ശ്രീപാദം ഇടവഴി ജപക്കാര്‍, യോഗക്ഷേമസഭക്കാര് എന്നിവരെയും പ്രവേശിപ്പിക്കും. വടക്കേനട, പടിഞ്ഞാറെ നട, തെക്കേനട എന്നിവിടങ്ങളിലൂടെയാണ് പാസ് കൈവശമുള്ള ഭക്തജനങ്ങളെ കടത്തിവിടുന്നത്. പ്രവേശിക്കേണ്ടത് ഏതു നടയിലൂടെയാണെന്നും അകത്തുകയറിക്കഴിഞ്ഞാല് ഏതുഭാഗത്താണ് നില്‍ക്കേണ്ടതെന്നും പാസില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ മുഴുവന്‍ കല്‍തൂണുകളിലും നടകളിലും കുലവാഴകള്കൊണ്ട്അലങ്കരിക്കും. വൈദ്യുതി ബള്‍ബുകള്‍ കത്തിച്ചിരുന്ന ക്ഷേത്ര ചുറ്റമ്പലത്തിലുള്ള വിളക്കുകളും ആറ് വലിയ കമ്പവിളക്കുകളും ബള്‍ബുകള്‍ മാറ്റി എണ്ണ ഒഴിച്ചു കത്തിക്കും. എട്ട് മണിക്ക് ഗരുഡവാഹനത്തിലുള്ള ശീവേലി ആരംഭിക്കും. മൂലംതിരുനാള്‍ രാമവര്‍മ്മയും രാജകുടുംബാംഗങ്ങളും മൂന്ന് പ്രദക്ഷിണത്തിലും അകമ്പടി സേവിക്കും. കുതിര, കാള എന്നിവയും ശീവേലിയോടൊപ്പം ഉണ്ടാകും. ഭക്തജനങ്ങള്‍ നില്ക്കുന്ന ഓരോ ബ്ലോക്കിലും കുടിവെള്ളം ലഭ്യമാക്കുന്നതാണ്. രാത്രി9.30ന് ശീവേലി കഴിഞ്ഞതിനുശേഷം മാത്രമേ പുറത്തേക്ക് പോകാന്‍ അനുവദിക്കുകയുള്ളു. ഒരു സ്ഥലത്തുതന്നെ മൂന്ന് മണിക്കൂറോളം നില്‍ക്കേണ്ടിവരുമെന്നതിനാല്‍ പ്രായാധിക്യമുള്ളവരെയും അസുഖബാധിതരായവരെയും കൊച്ചുകുട്ടികളെയും ലക്ഷദീപത്തില്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് ഉചിതമായിരിക്കും. നാളെ ഉച്ചയ്ക്കുശേഷം ക്ഷേത്രദര്‍ശനം ഉണ്ടായിരിക്കുന്നതല്ല ക്ഷേത്രത്തില്‍ പടിഞ്ഞാറെ നടയില്‍ സേവാഭാരതിയുടെയും തെക്കേനടയില്‍ ഫോര്‍ട്ട് ഗവണ്മെന്റ് ആശുപത്രിയുടെയും കിഴക്കേനടയില്‍ അയ്യപ്പസേവാസമാജത്തിന്റെയും വടക്കേനടയില്‍ ശിവസേനയുടെയും ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ ആംബുലന്‍സ് സര്‍വീസ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15, 16 തീയതികളിലും ലക്ഷദ്ദീപവും പൊന്നും ശീവേലിയും ഉണ്ടായിരിക്കും. 15ന് രാവിലെ ഒരു കുട്ടിയാനയെ നടയ്ക്കിരുത്തല്‍ ചടങ്ങ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: