കൊച്ചി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നാമാവശേഷമാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. മോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും കാരാട്ട് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ പോലും കോണ്‍ഗ്രസിന് സാധിക്കില്ല. എറണാകുളം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും ബദലായി 14 കക്ഷികളുടെ കൂട്ടായ്മക്ക് മൂന്നാഴ്ചക്കുള്ളില്‍ പ്രാഥമിക രൂപമാകുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഒക്ടോബര്‍ 13ന് ദല്‍ഹിയില്‍ നടന്ന സമ്മേളനത്തിന് ശേഷം ഈ പാര്‍ട്ടികളുമായി തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നിര്‍ണായക ശക്തിയാകുമെന്നും കരാട്ട് പറഞ്ഞു. എന്നാല്‍ ആം ആദ്മി ഇടത് പക്ഷത്തിന് ബദല്‍ അല്ല. കോണ്‍ഗ്രസ്-ബിജെപി ഇതര മതേതര കൂട്ടുകെട്ടാണ് ആവശ്യമെന്നും കരാട്ട് അഭിപ്രായപ്പെട്ടു.
ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയിലും യുപിഎ സര്‍ക്കാരിലുമുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു. നരേന്ദ്രമോദിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. ദല്‍ഹിയില്‍ ആം ആദ്മി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും മറ്റ് പാര്‍ട്ടികള്‍ക്ക് പകരമാകുമെന്ന് കരുതുന്നില്ല. ഇടത് വലതുപക്ഷ ചിന്താഗതിക്കാരും ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നുണ്ട്. ആം ആദ്മി പാര്‍ട്ടിയുമായി ധാരണയുണ്ടാക്കുന്ന കാര്യം ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമേ പരിഗണിക്കൂവെന്ന് കാരാട്ട് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ദേശീയമാനമുള്ളതിനാല് കേരളത്തില്‍ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചാവില്ല ഇടുതുപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുക. കേരളത്തില്‍ നിലവിലുള്ള സംഘടനാപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും വിഭാഗീയതയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കാരാട്ട് പറഞ്ഞു. സോളാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ സിപിഎം ഇപ്പോള്‍ ഈ വിഷയത്തില്‍ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികള്‍ക്കാണ് പാര്‍ട്ടി ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നതെന്ന് കാരാട്ട് പറഞ്ഞു. ആര് എം പി നേതാവ് ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി തലത്തില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയായില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ പത്രദൃശ്യ മാധ്യമങ്ങളില്‍ കൂടി നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ മാത്രമല്ല സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ കൂടി നടത്തുന്ന വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളും അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും കരാട്ട് വ്യക്തമാക്കി.
ദല്‍ഹി ഉള്‍പ്പെടെയുള്ള പല പ്രധാന നഗരങ്ങളിലും ഇടത്പക്ഷത്തിന് വേണ്ട വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടുന്ന പതിവ് ഇടത്പക്ഷത്തിനില്ല. രാജ്യം കടുത്ത വിലക്കയറ്റത്തെ അഭിമുഖീകരിക്കുകയാണ്. എല്ലാ സേവനങ്ങളും ലഭ്യമാകണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണെന്ന നിലപാടിനെ സിപിഐ തുടക്കം മുതല്‍ എതിര്‍ക്കുന്നതായും കാരാട്ട് പറഞ്ഞു. പല സേവനങ്ങള്‍ക്കും നല്‍കിവന്ന സബ്സിഡി വന്‍തോതില്‍ വെട്ടിക്കുറച്ചു. എല്‍പിജി സിലിണ്ടര്‍ ലഭ്യമാവണമെങ്കില്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശവും അംഗീകരിക്കാനാവില്ല. പാര്‍ലമെന്റ് അംഗീകാരം ആധാറിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്ററി കമ്മിറ്റി ആധാര്‍ നടപ്പാക്കാനുള്ള ശുപാര്‍ശ തള്ളുകയാണുണ്ടായത്.
പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം സംബന്ധിച്ച് കസ്തൂരി രംഗന് കമ്മീഷന്റേയും മാധവ ഗാഡ്ഗില്‍ കമ്മീഷന്റേയും റിപ്പോര്‍ട്ട് സംബന്ധിച്ച് വിശദമായ പഠനം ആവശ്യമാണെന്നും പല പ്രധാന വസ്തുതകളും ഈ റിപ്പോര്‍ട്ടുകളില്‍ ഇല്ല എന്നും കാരാട്ട് പറഞ്ഞു. കസ്തൂരി രംഗന് റിപ്പോര്‍ട്ട് മുന്നോട്ട് വച്ചിരിക്കുന്ന ശുപാര്‍ശകളില്‍ പല പ്രശ്നങ്ങളുമുണ്ട്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: