കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്. ഗൗരി ഭരിച്ചീടും എന്നൊരു ശ്ലോകന്‍ മുമ്പ് ഉയര്‍ന്നിരുന്നു. അത് നല്ലൊരു കാര്യമല്ലേ എന്ന് സ്ത്രീ ശാക്തീകരണം എന്ന പുന്നാരവാക്ക് ആള്വോള് പറയുന്നതിനു മുമ്പ് തന്നെ ഒട്ടുവളരെ പേര് കരുതിയിരുന്നു. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല. കാരണമെന്താ? മേപ്പടി ഗൗരിയമ്മയെ ആത്യന്തികമായി അംഗീകരിക്കാന്‍ വിപ്ലവ പ്രസ്ഥാനക്കാരുടെ മൂത്താശാന്മാര്ക്ക് സാധിച്ചില്ല. ശ്രീനാരായണീയരുടെ പേരില്‍ മുതലക്കണ്ണീര് കുടുകുടാ ഒഴുക്കുമെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ യ്യി അവിടെയിരിയെടാ എന്നാണ് ശൈലി. ചിലരെ ഒതുക്കാനും തളര്‍ത്താനും മറ്റുചിലരെ അണികളെ പ്രകോപിപ്പിക്കാതെ ഉയര്‍ത്താനും പാര്‍ട്ടിക്കുള്ള വിരുതില്‍ നമിക്കുക. ആ വിരുതില്‍ ഏത് ഗൗരിയമ്മയും വീണുപോകും. വീണത് വിദ്യയാക്കാനുള്ള കൗശലം ഇല്ലാത്തതിനാല്‍ കേരം തിങ്ങും കേരള നാട് ഇന്നും കെ.ആര്. ഗൗരിയമ്മയെ കാത്തിരിക്കുന്നു. പണ്ടത്തെ ചില സംഭവങ്ങള്‍ ഓര്‍മ്മ വരുമ്പോള്‍ അത് പറയുന്നു. വാസന ചുണ്ണാമ്പ് കൂട്ടി മുറുക്കുന്നതിന്റെ ഒരു സുഖം അവര്‍ നുണയുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ കേരളകൗമുദി (ജനു. 08) പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ കണ്ട് കരളു നിറയെ ആനന്ദിക്കുക. ആനന്ദമത്രേ ഇക്കാണായ ജീവിതത്തില്‍ നമുക്കു കിട്ടുന്ന ആകെക്കൂടിയുള്ള ഒരു സുഖം. (ആത്മീയ വാദക്കാര്‍ തല്ക്കാലം ക്ഷമിച്ചേക്കിന്).
ചില ഓര്‍മ്മകള്‍ ചിലര്‍ക്ക് സുഖിക്കുമ്പോള്‍ മറ്റു ചിലര്‍ക്ക് രസിച്ചേക്കില്ല. എങ്കിലും ചില ഓര്‍മ്മകള്‍ക്ക് വല്ലാത്ത ശക്തിയാണ്. അത് സമൂഹത്തെ ബാധിക്കുന്നതു കൂടിയാവുമ്പോള്‍. മാധ്യമം ആഴ്ചപ്പതിപ്പ് പുതുവര്‍ഷപ്പതിപ്പിലെ ചില വിഭവങ്ങള്‍ ഓര്‍മ്മയുടെ സുഖവും ദുഃഖവും ഉള്‍പ്പെടെയുള്ള വിചാരവികാരങ്ങളുടെ ഒരു പെരുമഴക്കാലമാണ്. കുത്തിയൊഴുക്കില്‍ ചിലരെക്കുറിച്ചുള്ള സങ്കല്പങ്ങള് കടപുഴകി വീഴുന്നു; ചിലവ തളിര്‍ക്കുന്നു; പൂക്കുന്നു. അകം തുറന്ന് അഷിതയെന്ന അഭിമുഖം ഇത്തരത്തിലുള്ള ഒന്നാണ്. അഭിനേത്രിയും അവതാരികയുമായ ടി. പാര്‍വതിയാണ് അഷിതയുടെ മനസ്സിലൂടെ തൂലികയുമായി പോവുന്നത്. ഒരു പ്രമുഖ ജേര്‍ണലിസ്റ്റ് അഷിതയെക്കുറിച്ച് സാന്ദര്‍ഭികമായി പറഞ്ഞതിന്റെ ഉള്ളറകളില്‍ നിന്ന് ആരംഭിച്ച അഭിമുഖം കൃതജ്ഞതയുടെ വേലിയിറമ്പിലാണ് അവസാനിക്കുന്നത്. അഷിത അതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: കൃതജ്ഞത ദുഃഖത്തിന്റെ മോതിരമാറ്റത്തിനും സന്തോഷത്തിന്റെ വരണമാല്യത്തിനും ഒടുവിലിപ്പോള്‍ ഈ പ്രപഞ്ചത്തില്‍ ഒറ്റപ്പെടല്‍ എന്നൊന്നില്ല ഒന്നായിത്തീരല്‍ മാത്രമേയുള്ളൂ എന്ന മന്ത്രദീക്ഷക്കും ഉള്ളം വിങ്ങുന്ന കൃതജ്ഞത. അത്രമാത്രം. മനോഹരമായ അഭിമുഖം. അഷിതയെ അമ്മയെന്നാണ് പാര്‍വതി വിളിക്കുന്നത്. അമ്മ മനസ്സിന്റെ ഊഷ്മളമായ തലോടല്‍ അഭിമുഖത്തിലും ചിത്രശലഭങ്ങള്‍ക്ക് ഒരുമ്മ എന്ന അഷിതയുടെ കഥയിലും അനുഭവിക്കാം.
പ്രചോദിത വാര്ധക്യങ്ങളെക്കുറിച്ചും പ്രഗല്ഭരുടെ വിലയിരുത്തല്‍ മാധ്യമത്തിലുണ്ട്. പേരുകേട്ടവരുടെ വാര്‍ധക്യങ്ങളിലൂടെ അഭിരമിക്കുമ്പോള്‍ ഒരു പാവം കര്‍ഷകന്റെ വാര്‍ധക്യം വന്നിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആശിച്ചുപോകും; തീര്‍ച്ച.
ഒരു നോവലിന്, അല്ലെങ്കില്‍ നോവലിസ്റ്റിന് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയെന്താ? തലമുറകള്‍ പേര്‍ത്തും പേര്‍ത്തും അദ്ദേഹത്തെ ഓര്‍ക്കുക, കഥാപാത്രങ്ങളെ സ്മരിക്കുക. കാലികാവസ്ഥകളുടെ വനസ്ഥലികളിലൂടെ നിശ്ശബ്ദമായി നടക്കുക. ഒ.വി. വിജയന് അത് സാധിച്ചു. മനുഷ്യാവസ്ഥകളുടെ സങ്കീര്‍ണതകളെ കണ്ണീരിലും ചോരയിലും ലയിപ്പിച്ച് അനുഭൂതിദായകവും പ്രചോദനാത്മകവുമായ സൃഷ്ടികള്‍ അദ്ദേഹം രചിച്ചതിന്റെ പിന്നില്‍ വാസ്തവത്തില്‍ ഈ പ്രപഞ്ചത്തോടുള്ള പ്രണയമാണ്; സ്നേഹമാണ്. അതാണിപ്പോള്‍ തസ്രാക്ക് ഗ്രാമത്തില്‍ കഥാപാത്രങ്ങളായി ഇതള്‍ വിരിയുന്നത്. ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാപാത്രങ്ങളെയും പ്രകൃതിയെയും കല്ലില്‍ കൊത്തിയെടുത്ത നൂറ്റിയാറ് റിലീഫുകള്‍ പാലക്കാട് ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ പണിപ്പുരയില്‍ പൂര്‍ത്തിയായി. ഇതിനെക്കുറിച്ചാണ് ഭാഷാപോഷിണി (ജനു) നമ്മോട് പറയുന്നത്. വി.കെ. രാജന്റെ നേതൃത്വത്തിലുള്ള ആറു കലാകാരന്മാരാണ് ഈ വെല്ലുവിളി ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഖസാക്കിലെ കഥാപാത്രങ്ങള്‍: കല്ലില്‍ കൊത്തിയ ഇതിഹാസ ശില്പ്പങ്ങള് എന്ന തലക്കെട്ടില്‍ വി.ആര്. സന്തോഷ് വിശദമായി എഴുതുന്നു. വി.കെ. രാജനുമായുള്ള ഒരു ചെറിയ അഭിമുഖവും ഇതിന് തുടര്‍ച്ചയായി ഉണ്ട്. ഖസാക്ക് പൂര്‍ത്തിയായപ്പോള്‍ എന്തു തോന്നുന്നു എന്ന ചോദ്യത്തിന് വി.കെ. രാജന്റെ മറുപടി: ഇതൊരു വര്‍ക്ക് മാത്രമാണ്. സാധ്യമായവ ചെയ്യാനായി. ഇനിയും സാധ്യതകള്‍ തെളിയും. ഖസാക്ക് പൂര്‍ണമായി ആര്‍ക്കും കീഴടങ്ങുന്നില്ല എന്ന് മനസ്സ് എപ്പോഴും പറയുന്നു. നമുക്കും അത് ശരിയെന്ന് തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ അപ്പുക്കിളി നമ്മോടൊപ്പമുണ്ട്.
മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി കിട്ടിയത് എങ്ങനെ മനസ്സിലായി എന്ന് സുഹൃത്തിനോട് ചോദ്യം. ഭാഷാപോഷിണി (ജനു)യില്‍ ബിനു കരുണാകരന് ആംഗലേയത്തില്‍ ഢലായമിമറ എന്ന് 81 വരി കവിത എഴുതിക്കണ്ടപ്പോള്‍ എന്ന് ടിയാന്റെ മറുപടി. പശ്പിമഘട്ടം കേറിക്കടന്നും ഇംഗ്ലണ്ടിന് സ്വത്വം കൈക്കലാക്കി നമ്മുടെ മണിമുറ്റത്തും പ്രതിഷ്ഠിക്കാം എന്നതില്‍ ആത്മവിശ്വാസത്തിന്റെ ഹിമാലയമാണോ ഉയര്‍ന്നു നില്‍ക്കുന്നത്? അതേ ലക്കത്തില്‍ സി.വി. ഗോവിന്ദന്റെ ഒരു കവിത. പേര്: അകലെ. ഒടുവിലത്തെ മൂന്നു വരി ഇങ്ങനെ:
ഞാന്‍ നിന്നെ കാണുന്നില്ല
നീയെന്ന കാണുന്നുണ്ട്
മതി, എനിക്കതു മതി.
ഇവിടെ ബിനു കരുണാകരന് പക്ഷേ, അങ്ങനെയല്ല.
നീയെന്നെ കണ്ടില്ലെങ്കിലും
ഞാന്‍ നിന്നെ കാണും
മതി, എനിക്കതത്രേ പഥ്യം.
ആതിഥ്യമര്യാദ വേണ്ടുവോളമുള്ള നമുക്കതില്‍ വിഷമവുമില്ല. ആതിഥേയന് പട്ടിണി കിടന്നാലും അതിഥി കൊഴുത്തു വരട്ടെ.
പഴികേട്ട് കേട്ട് പോലീസുദ്യോഗസ്ഥരും അവരുടെ കുടുംബവും മടുത്തു എന്നു പറഞ്ഞത് പെന്ഷന് പറ്റിയ ഒരു സീനിയര്‍ ഉദ്യോഗസ്ഥനാണ്. അതിന്റെ കാരണം തിരക്കിയിരുന്നോ എന്ന ചോദ്യത്തിന് ഡ്യൂട്ടിക്കാലത്തെ മുഖഭാവമായിരുന്നു മറുപടി. കാര്യമെന്തായാലും കേരള പോലീസിന് ക്രൂരതയുടെ മുഖമുണ്ട്. ബ്രിട്ടീഷ് വാഴ്ചയുടെ കൊമ്പുകള്‍ പല ഉദ്യോഗസ്ഥരുടെയും തലയില്‍ അലങ്കാരമായി നില്ക്കുന്നതു കാണാം. പക്ഷേ, മനുഷ്യത്വത്തിന്റെ മഹാരൂപങ്ങളായ പോലീസ് ഉദ്യോഗസ്ഥരും അനവധി. നന്മ കാണാന്‍ ആര്‍ക്കും സമയമില്ലാത്തതുകൊണ്ട് അത് ജനശ്രദ്ധയില്പെടുന്നില്ല എന്നു മാത്രം.
നാദാപുരം എസ്.ഐ എം.ആര്.ബിജു കേരള പോലീസിന്റെ അഭിമാനമാവുന്നത് നന്മയുടെ പ്രകാശം പരത്തിയതുകൊണ്ടാണ്. ഔദ്യോഗിക ആവശ്യത്തിന് ഒരു വീട്ടില്‍ എത്തിയ അദ്ദേഹം നെഞ്ചുപൊട്ടുന്ന അനുഭവത്തിനാണ് സാക്ഷ്യം വഹിച്ചത്. ഗൃഹനാഥന് അനാഥത്വത്തിന്റെ വറചട്ടിയില്‍ കുടുംബത്തെ ഉപേക്ഷിച്ച് ഈ ലോകത്ത് നിന്നു പോയി. പറക്കമുറ്റാത്ത നാല് മക്കള്‍. അതില്‍ മൂന്നു പേര് പെണ്മക്കള്. രോഗിയായ വീട്ടമ്മ. മുകളില്‍ ആകാശം കാണുന്ന കൂര. ഔദ്യോഗിക ഉത്തരവാദിത്തം ദൂരെയെറിഞ്ഞ് മനുഷ്യത്വത്തിന്റെ കൈത്താങ്ങായി അവിടെ ആ ഉദ്യോഗസ്ഥന്. തന്റെ കൈവശമുള്ള കുറച്ചു രൂപ താല്‍ക്കാലികാശ്വാസത്തിന് നല്കി കൂടുതല്‍ ക്രിയാത്മക നടപടികളിലേക്ക് കടന്നു അദ്ദേഹം. ജനകീയ പോലീസ്-പൊതുജന-വ്യാപാരി കൂട്ടുകെട്ടിലൂടെ വില്യാപ്പള്ളി കടമേരി കുറ്റിവയലില്‍ വലിയവീട്ടില്‍ ജാനുവിന്റെയും കുട്ടികളുടെയും ജീവിതത്തിലേക്ക് വെളിച്ചം കടന്നു വരുന്നു. എന്തിന് ബിജു ഇത്തരം ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടു? തന്നെപ്പോലെ തന്റെ അയല്‍ക്കാരനെയും കരുതണമെന്ന സ്നേഹത്തിന്റെ എക്കാലത്തെയും വികാരമാണ് അദ്ദേഹത്തെ അതിന് പ്രാപ്തനാക്കിയത്.
ദൈവികസ്പന്ദനങ്ങള് ചിലര്‍ക്ക് പിറവിയില്‍ തന്നെ കിട്ടുമെന്ന് പറയാറുണ്ട്. നിശ്ചയമായും ബിജുവിന് അത് കിട്ടിയിട്ടുണ്ട്. അത്തരമൊരു മകനെ സമൂഹത്തിന് നല്കിയ രക്ഷിതാക്കള്‍ എത്ര പുണ്യവാന്മാരായിരിക്കും. സ്നേഹത്തിന്റെ സന്ദേശം പ്രാവര്‍ത്തികമാക്കിയ ബിജുവിന്റെ മുമ്പില്‍ കാലികവട്ടത്തിന്റെ ഹൃദയം നിറഞ്ഞ വന്ദനം.
ബിജു ഇതൊക്കെ ചെയ്യുന്നതിനും മുമ്പാണ് നമ്മുടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കലാകൗമുദി (ജനു. 12)ക്ക് അഭിമുഖം നല്‍കിയത്. വി.ഡി. ശെല്‍വരാജ് അതിന് നല്കിയ തലക്കെട്ട് ഇങ്ങനെ: മാവോയിസ്റ്റുകളെയും സാമ്പത്തിക കുറ്റവാളികളെയും നേരിടും. രാഷ്ട്രീയ കുറ്റവാളികളുടെ കാര്യത്തില്‍ മൗനമെന്തുകൊണ്ടെന്ന് നമുക്കറിയില്ല. ഏതായാലും ഒരു കാര്യം അദ്ദേഹം പറയുന്നു. അതിങ്ങനെ വായിക്കാം. പോലീസിന് പഴയ രീതിയില്‍ ക്രൂരമുഖവുമായി പ്രവര്‍ത്തിക്കാനാവില്ല. ജനങ്ങളോടൊപ്പം സൗഹൃദത്തോടെ കഴിഞ്ഞാലേ എന്തു നടക്കുന്നു എന്നറിയാനാകൂ. ക്യാമറ വച്ചതുകൊണ്ടു മാത്രം തീവ്രവാദിയേയും സാമൂഹികവിരുദ്ധരെയും കണ്ടെത്താനാകില്ല. നമുക്ക് ശക്തിയായി പറയാം. എം.ആര്. ബിജുമാര്‍ പോലീസ് സേനയില്‍ സമൃദ്ധമാവട്ടെ. ഒരു ക്യാമറയും വേണ്ട, എ.കെ. 47ഉം വേണ്ട. ഒന്നുമില്ലെങ്കിലും സ്നേഹത്തിന് കീഴടക്കാന്‍ പറ്റാത്തതെന്തുണ്ട് എന്നു ചോദിച്ച മഹാത്മാഗാന്ധിയുടെ നാട്ടുകാരല്ലേ നമ്മള്.
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: