നൂറു യജ്ഞങ്ങള്‍ ചെയ്താല്‍ ഒരാള്‍ക്ക് കിട്ടുന്ന ഫലം ഭക്തിയോടുകൂടി ഒരുതവണ ശ്രീചക്രത്തെ ദര്‍ശിച്ചാല്‍ കിട്ടുമെന്നാണ് പുരാണാഭിപ്രായം. ശ്രീചക്രത്തില്‍ സകല ദേവതാചൈതന്യവും സകലയന്ത്രങ്ങളും അന്തര്‍ഭവിച്ചിരിക്കുന്നു എന്നാണ് വിശ്വാസം. ഭസ്മാസുര നിഗ്രഹത്തിനായി ദേവന്മാരുടെ യാഗാഗ്നിയില്‍ നിന്നും പരാശക്തി ജ്യോതിര്മയമായ ശ്രീചക്രമായിട്ടാണ് ആവിര്‍ഭവിച്ചതെന്നും ശിവന്റേയും ജീവസ്വരൂപിണിയായ ശ്രീശക്തിയുടെയും സംയോഗമാണ് ശ്രീചക്രമെന്നും പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്. ശ്രീചക്രത്തെ പ്രപഞ്ചമായും സ്ത്രീയായും പുരുഷനായും ഗുരുവായും പൂജിച്ചുവരുന്നു. യന്ത്രങ്ങളുടെ അഥവാ ചക്രങ്ങളുടെ രാജാവായും ശ്രീചക്രം അറിയപ്പെടുന്നു.
ഭാരതീയ മന്ത്രം തന്ത്രശാസ്ത്രങ്ങളില്‍ പ്രധാന സ്ഥാനമുള്ള ശ്രീചക്രത്തിന്റെ മഹാരൂപത്തിന് കോഴിക്കോട് ജില്ലയിലെ തൃക്കൂറ്റിശ്ശേരി ഗ്രാമം പിറവി കൊടുത്തിരിക്കുന്നു. വലിപ്പത്തില്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ മേരുചക്രമെന്ന് വിശേഷിപ്പിക്കാവുന്ന ത്രിമാനരൂപിയായ ശ്രീചക്രം തൃക്കുറ്റിശ്ശേരി പാലക്കാട്ടില്ലത്ത് നീലകണ്ഠന് നമ്പൂതിരിയുടെ വീട്ടുമുറ്റത്ത് 144 ചതുരശ്ര അടി വിസ്തീര്‍ണത്തിലും 10 അടി ഉയരത്തിലുമായി ചെമ്പു തകിടില്‍ പൊതിഞ്ഞാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. നാലുവര്‍ഷം നീണ്ടുനിന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നീലകണ്ഠന് നമ്പൂതിരിയുടെ മക്കളായ ശിവപ്രസാദ്, ഹരിപ്രസാദ്, ശ്രീപ്രസാദ് എന്നിവരും അദ്ധ്യാപകനും ചിത്രകാരനുമായിരുന്ന സുഭാഷുമാണ് നേതൃത്വം നല്‍കിയിരുന്നത്. ശ്രീചക്ര മഹാമേരുവിന്റെ സമര്‍പ്പണം ജനുവരി 14, 15, 16 തീയതികളില്‍ നടക്കുന്ന ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടക്കുകയാണ്. സമര്‍പ്പണ ചടങ്ങില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന് ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികളും പ്രമുഖ താന്ത്രിക ആത്മീയാചാര്യന്മാരും പങ്കെടുക്കുന്നുണ്ട്.
ശ്രീചക്രം തന്ത്ര ശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഒരു യന്ത്രമായാണ് കരുതപ്പെടുന്നത്. തത്വശാസ്ത്രപരമായി അത് പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി മുതല്ക്കുള്ള വികാസപരിണാമങ്ങളുടെ ശക്തമായ പ്രതീകമാണ്. തന്ത്രശാസ്ത്രത്തിന്റെ ആവിര്‍ഭാവം അഥര്‍വവേദത്തില്‍നിന്നാണ്. വിജ്ഞാനത്തെ വ്യാപിപ്പിക്കുക എന്നും തന്ത്രശാസ്ത്രത്തെ അര്‍ത്ഥമാക്കുന്നുണ്ട്. ശ്രീചക്രത്തിന്റെ ജ്യാമിതീയ രൂപഘടന അതിസങ്കീര്‍ണമാണ്. ശ്രീചക്രത്തിന്റെ ജ്യാമിതീയ രൂപങ്ങള്‍ ഊര്‍ജ്ജത്തിന്റെ ശക്തിയുടെ നിദാനങ്ങളായി എങ്ങനെ മാറുന്നുവെന്നതിനെക്കുറിച്ച് ഒട്ടനവധി ശാസ്ത്ര ഗവേഷണങ്ങള്‍ തന്നെ നടന്നിട്ടുണ്ടെങ്കിലും അതിലെ സങ്കീര്‍ണമായ ഗണിതവിഭാഗങ്ങളെ അപഗ്രഥിച്ചെടുക്കാന്‍ പൂര്‍ണമായും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ശ്രീചക്രത്തെ സംബന്ധിച്ച് സോവിയറ്റ് ശാസ്ത്രജ്ഞന്മാരായ അലക്സ് ഗുലൈചേവ്, ഐവാന്‍ഗോവല്‍ ഷെന്‍കോ എന്നിവര്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയത് കമ്പ്യൂട്ടറിനുപോലും ശ്രീചക്രത്തിലെ സങ്കീര്‍ണമായ ഭാഗങ്ങളെ അപഗ്രഥിച്ചെടുക്കാന്‍ കഴിയില്ല എന്നാണ്. ശ്രീചക്രം ഊര്‍ജ്ജത്തിന്റെ ശക്തിയുടെ ഏറ്റവും ഉയര്‍ന്ന കേന്ദ്രീകൃത യന്ത്രമായാണ് തന്ത്രശാസ്ത്രത്തില്‍ അറിയപ്പെടുന്നതു തന്നെ.
ശ്രീചക്രത്തെ അപഗ്രഥിക്കുമ്പോള്‍ ലോകാത്ഭുതങ്ങളിലൊന്നായ ഈജിപ്തന്‍ പിരമിഡുകളെ കുറിച്ചും അപഗ്രഥനമാക്കാറുണ്ട്. കാരണം പിരമിഡുകള്‍ ഊര്‍ജ്ജത്തിന്റെ ശക്തിയുടെ കേന്ദ്രങ്ങളാണെന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല ജ്യാമിതീയ രൂപഘടനയില്‍ ശ്രീചക്രവും പിരമിഡുകളും ഏറെ സാമ്യം പുലര്‍ത്തുന്നുമുണ്ടത്രെ. ശ്രീചക്രത്തെ പോലെ തന്നെ ഒട്ടനവധി പരീക്ഷണ നിരീക്ഷണ ഗവേഷണങ്ങള്‍ക്ക് വിധേയമായിട്ടുള്ള ലോകത്തിലെ തന്നെ പ്രധാന പുരാവസ്തുവാണ് പിരമിഡുകള്‍. ഈജിപ്തിലെ പുരാതന രാജാക്കന്മാരുടെ സമാധി സ്തംഭങ്ങളാണ് പൊതുപിരമിഡുകളായി അറിയപ്പെടുന്നത്. ശവശരീരങ്ങള്‍ ജീര്‍ണിക്കാതെയും ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ കേടുവരാതെയും സൂക്ഷിക്കാന്‍ പിരമിഡുകള്‍ക്കുള്ള ശക്തി പ്രസിദ്ധമാണ്. ഇവയ്ക്കുള്ളിലെ വെള്ളത്തിനുപോലും ഒരു പ്രത്യേക ഊര്‍ജ്ജദായക ശക്തിയുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. സൂച്യാഗ്ര ചതുര സ്തംഭാകൃതിയിലുള്ള ഗോപുരങ്ങളാണിവ. ഇവയുടെ ക്ഷേത്രഗണിത മാതൃകയിലുള്ള രൂപങ്ങളാണ് ശക്തിക്ക് നിദാനമെന്നാണ് പറയപ്പെടുന്നത്. എന്നിരുന്നാലും ഈ രൂപങ്ങള്‍ എങ്ങനെ ഇത്രയേറെ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നു എന്ന വസ്തുത ഇന്നും ദുരൂഹമായിത്തന്നെ തുടരുകയാണ്. ഇതുതന്നെയാണ് ശ്രീചക്രത്തിന്റെയും കഥ.
സൃഷ്ടി സ്വരൂപത്തെ പ്രതിനിധാനം ചെയ്യുന്ന ശ്രീചക്രത്തെ ശാക്തോപനിഷത്തായ ഭാവനോപനിഷത്തില്‍ ഇങ്ങനെ പ്രതിപാദിക്കുന്നു.
ബിന്ദു ത്രികോണ വസുകോണ ദശാരയുഗ്മ,
മന്വശ്ര നാഗദള ഷോഡശ കര്‍ണികാരം
വൃത്തത്രയഞ്ച ധരണീ സദന ത്രയഞ്ച-
ശ്രീചക്രമേതദുഭിതം ത്രിപുരാംബികായാഃ
അതായത് ബിന്ദു, ത്രികോണം, അഷ്ടകോണം, അന്തര്‍ദശകോണം, ബഹിര്‍ദശകോണം, ചതുര്ദശ കോണം, അഷ്ടദളം, ഷോഡശദളം, വൃത്തത്രയം, ദ്രപുരത്രയം എന്നിങ്ങനെയായി മധ്യത്തില്‍നിന്നും ക്രമേണ ഭവിക്കുന്നതാണ് ശ്രീചക്ര സ്വരൂപം. കൗള മാര്‍ഗത്തിലും സമയമാര്‍ഗ്ഗത്തിലും വരച്ചുണ്ടാക്കുന്ന ശ്രീചക്രത്തിന് 24 സന്ധികളും 28 മര്മങ്ങളും 43 മൂലകളും ഉണ്ടാകും. ശ്രീചക്രത്തിന്റെ മദ്ധ്യബിന്ദു ബ്രഹ്മനെ പ്രതിനിധാനം ചെയ്യുന്നു. ഒന്‍പത് ത്രികോണങ്ങള്‍ പ്രപഞ്ചോത്പത്തി മുതല്ക്കുള്ള വികാസപരിണാമങ്ങളുടെ മറ്റു ദിശകളെയാണ് സൂചിപ്പിക്കുന്നത്.
ബിന്ദു സര്‍വാനന്ദ മയം എന്ന പേരിലാണറിയപ്പെടുന്നത്. ഇതില്‍ 15 ദേവികള്‍ ഉപാസിക്കുന്നു. ദശാവതാര ദേവികളും രാജരാജേശ്വരിയും ഇതില്‍ വര്‍ത്തിക്കുന്നു. പുറമെയുള്ള ത്രികോണം സര്‍വസിദ്ധിപ്ദഃ ഇതില്‍ പരാപര രഹസ്യയോഗിനികളും ത്രിപുരാംബ എന്ന ഗണേശ്വരിയും വസിക്കുന്നു.
ത്രികോണത്തിനു പുറമെയുള്ള അഷ്ടകോണുകളില്‍ രഹസ്യയോഗിനികള്‍ എന്നറിയപ്പെടുന്ന ദേവിമാരും ത്രിപുരസിദ്ധം എന്ന ചക്രേശ്വരിയും നിലകൊള്ളുന്നു. ഈ അഷ്ടകോണത്തിന് സര്‍വരോഗഹരചക്രം എന്നാണ് പേര്. ഇതിനുപുറമേയുള്ള ആദ്യ ദശകോണം സര്‍വരക്ഷാകരചക്രംഃ ഇതില്‍ നിഗര്‍ഭയോഗിനികളും ത്രിപുരമാലിനി എന്ന ചക്രേശ്വരിയും വസിക്കുന്നു. അതിനുപുറമെയുള്ള ദശകോണം സര്‍വാര്‍ത്ഥ സാധക ചക്രം: അതില്‍ കുളോത്തീജ്ഞാന യോഗിനികളും ത്രിപുരാശ്രീ എന്ന ചക്രേശ്വരിയും വസിക്കുന്നു. ഇതിനു പുറമെയുള്ള ചതുര്‍ദശകോണത്തിന് സര്‍വസൗഭാഗ്യദായചക്രം എന്നാണ് പേര്. ഇതില്‍ സമ്പ്രദായ യോഗിനികള്‍ എന്നറിയപ്പെടുന്ന 14 യോഗിനികല്‍ സ്ഥിതി ചെയ്യുന്നു. കൂടാതെ ചക്രാധിഷ്ഠാന ദേവത ത്രിപുരവാസിനിയുമാകുന്നു. അടുത്തത് അഷ്ടദളപത്മമാണ്. സര്‍വസംശോഭനമെന്നാണ് ഇതറിയപ്പെടുന്നത്. ഇതില്‍ ഗുപ്തരയോഗിനികള്‍ വസിക്കുന്നു. ഇവര്‍ എട്ട് പേരാണ്. ഇവരില്‍ ത്രിപുരേശ്വരിയെന്ന ചക്രേശ്വരിയും വസിക്കുന്നു. ഇതിനുപുറമെയുള്ള ഷോഡശദളത്തിന് സര്‍വാശാപൂരകചക്രം എന്നാണറിയപ്പെടുന്നത്. ഗുപ്തയോഗിനികള്‍ എന്നറിയപ്പെടുന്ന 16 ദേവതകളുടെ സ്ഥാനം ഇവിടെയാണ്. ഇതിന് പുറമെ ഒന്നാം വൃത്തത്രയത്തില്‍ ബ്രഹ്മ ശക്തികളും രണ്ടാം വൃത്തത്തില്‍ വിഷ്ണുശക്തികളും മൂന്നാം വൃത്തത്തില്‍ ശിവശക്തികളും ഉപാസിക്കുന്നു. ഇവയ്ക്കുശേഷം വരുന്ന ഒന്നാം ചതുരശ്രത്തില്‍ ഒമ്പത് സിദ്ധി ദേവതകളും മധ്യചതുരശ്രത്തില്‍ എട്ട് അഷ്ട മാതൃകകളും ബാഹ്യചതുരത്തില്‍ 10 മുദ്രാദേവികളുമാണ് വസിക്കുന്നത്.
ഒരു സാധകന് തന്റെ മനസ്സില്‍ ജഗദാംബയുടെ നാമത്തെ ഓര്‍ക്കുമ്പോള്‍ തന്നെ ബോധശക്തിയുമായി ബന്ധപ്പെടുകയും ശ്രീചക്രത്തില്‍ പ്രതിഷ്ഠിതങ്ങളായിരിക്കുന്ന ശബ്ദശക്തികള്‍ ഇതറിയുകയും ചെയ്യുന്നു. ശ്രീചക്രം പ്രപഞ്ചത്തിലെ നിയാമ ശക്തിയുടെ പ്രതീകമായും മാറുകയാണ്. സമ്പത്ത്, ഐശ്വര്യം എന്നിവക്കായി ഭവനത്തില്‍ വെച്ച് ആരാധിക്കുന്ന ഏറ്റവും വിലപ്പെട്ട യന്ത്രമായും ശ്രീചക്രം മാറിയിട്ടുണ്ട്. ആരാധനയ്ക്കായി ചെമ്പ്, വെള്ളി, സ്വര്‍ണം തുടങ്ങിയ തകിടുകളില്‍ ശ്രീചക്രം ആലേഖനം ചെയ്യപ്പെടുന്നുണ്ട്. സ്വര്‍ണത്തകിടിന് കൂടുതല്‍ വൈശിഷ്ട്യം കല്പ്പിക്കുന്നു. ദീര്‍ഘകാലം അതിന്റെ ശക്തിചൈതന്യം നിലനില്‍ക്കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.
രാജന് ബാലുശ്ശേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: