എന്താണ് ഏകാന്തത
എന്ന് മാത്രം എന്നോട് ചോദിക്കരുത്.
അത് എന്തെന്ന് ആകാശത്തോട് ചോദിക്കൂ..
കടലിനോടും മലകളോടും ചോദിക്കൂ
കൂട്ട്കൂടിയിട്ടും
കൂട്ടം തെറ്റി പറക്കേണ്ടി വരുന്ന
കിളികളുടെ ഗതികേടിനോട് ചോദിക്കൂ
പറഞ്ഞു തരും.
ഒറ്റയ്ക്ക് പൊരി വെയിലത്ത്
നടക്കേണ്ടി വരുന്നവന്റെ
നിഴലിനോടും ചോദിക്കൂ.
മഴയോട് കാറ്റിനോട് മഞ്ഞിനോട്
മാറി മാറി ചോദിക്കൂ.
കൈ പിടിച്ചു നടത്താമെന്ന്
വാഗ്ദാനം നല്കി
പെരുവഴിയില്‍ കൈവിട്ട
സൗഹൃദങ്ങളോട് ചോദിക്കൂ.
വിശദീകരിച്ചു തരും.
മുന്നില്‍ നിന്ന് ചിരിച്ചു,
മാറില്‍ അമര്‍ത്തി ശ്വാസം മുട്ടുവോളം
പുണര്‍ന്ന്
പിന്നീട് കൈവിട്ടു തിരിഞ്ഞപ്പോള്‍
പുറകില്‍ നിന്ന് കുത്തിയ
ബന്ധങ്ങളെന്ന
കത്തികളോട് ചോദിക്കൂ.
സ്വര്‍ഗ്ഗങ്ങള്‍ ചൂണ്ടിക്കാട്ടി
നട്ടെല്ലിനെ ഏണിപ്പടിയാക്കി
ചവിട്ടിക്കയറിപ്പോയ
പാദങ്ങളോട് ചോദിക്കൂ.
എഴുതിത്തരും.
ഒറ്റക്കൊരു പേമാരിയില്‍
ഇരുട്ടില്‍ കുഴിയില്‍ തള്ളിയ
വഴികളോടും,
കത്തിക്കരിച്ചു ചാരമാക്കി
അകന്നു പോയ തീഷ്ണതകളോടും
മഴവില്ലു പോലെ വന്നു
വെയിലുണര്ന്നപ്പോള്
മാഞ്ഞു പോയ പ്രണയത്തോടും
വെറുപ്പിനോടും പകയോടും ചോദിക്കൂ
വരച്ചു തരും.
എന്നോട് മാത്രം ചോദിക്കരുത്.
ഒറ്റയ്ക്ക് നടക്കാമെന്ന് തീരുമാനിച്ച
വലിയൊരാള്ക്കൂട്ടമാണ് എന്ന്
സ്വയം വിശ്വസിച്ചു വിശ്വസിച്ചു
ചുരുങ്ങിപ്പോയൊരു
നിഴല്‍ മാത്രമാണ് ഞാന്‍.
വരച്ച ചിത്രങ്ങളെല്ലാം
ചിറകു വെച്ച് പറന്നു പോയ
ഒഴിഞ്ഞ തെളിഞ്ഞ കാന്‍വാസ്
മാത്രമാണ് ഞാന്‍.
എനിക്കെങ്ങനെ പറയാന്‍ പറ്റും
എന്താണ് ഏകാന്തത എന്ന്..!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: